Current Date

Search
Close this search box.
Search
Close this search box.

കശ്മീരിലെ സുജൂദോർമകൾ…

ഒന്ന്

സ്നേഹത്തിന്, മനുഷ്യനാവുക എന്നതിന്, യാത്ര പോവുന്നതിന്റെ പൊരുളിന് പുതിയ അർഥം പഠിപ്പിച്ചു തന്ന ദേശമായിരുന്നു കശ്മീർ. ഒരിക്കലെങ്കിലും പോയി അവിടെയുള്ളവരോട് ഇടപഴകിയവർക്ക് പിന്നീടെങ്ങനെയാണ് നല്ലവരാവാതിരിക്കാൻ പറ്റുക എന്നൊരു ആശ്ചര്യം ഓരോരുത്തരിലും ആ നാട് ബാക്കിവെക്കുന്നുണ്ട്.

ദാലിൻ്റെ തീരത്താണ് പ്രസിദ്ധമായ ഹസ്രത്ത് ബാൽ മസ്ജിദ്. പ്രവാചകൻ്റെ തിരു കേശം സൂക്ഷിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന, ഭംഗിയുള്ള, പുരാതനമായ, വലിയ പള്ളി. ഏറെ വൃത്തിയോടെ പരിപാലിക്കപ്പെടുന്ന ഇടം. ദൂരെ നിന്ന് അതിൻ്റെ വെളുത്ത മിനാരം നോക്കുമ്പോൾ നമ്മളുള്ളത് യമുന നദിയിലും ആ കാണുന്നത് താജ്‍മഹലുമാണെന്ന് നിമിഷ നേരത്തേക്ക് സ്ഥലകാല വിഭ്രമപ്പെടും. 

മുഗളരെ കുറിച്ച് ഓർക്കുകയായിരുന്നു. ആഗ്ര പോലെ, ഡൽഹി പോലെ, കശ്മീർ പോലെ, പാകിസ്ഥാൻ പോലെ, ഉസ്ബെക്കിസ്ഥാൻ പോലെ കടന്നുചെന്ന നാടുകളിലെല്ലാം ഉദ്യാനങ്ങളും സത്രങ്ങളും മനോഹരമായ കെട്ടിടങ്ങളും ദേവാലയങ്ങളും എന്തിന്, ശവകുടീരങ്ങൾ പോലും ഏറ്റവും ഭംഗിയിൽ തീർത്തുവെച്ച ഒരു കൂട്ടം രാജാക്കന്മാർ!!  കശ്മീരിൽ ആയിരുന്നതിൻ്റെ രണ്ടാം ദിവസമാണ് ഞങ്ങൾ അവിടെയെത്തിയത്. പ്രാവുകൾ കുറുകുന്ന മുറ്റവും പ്രവേശന കവാടവും കടന്ന് അകത്തേക്ക് കയറവേ മഞ്ഞുകാലത്തുടക്കത്തിൻ്റെ  നേർത്ത തണുപ്പിനോപ്പം സുഖമുള്ളതെന്തോ വന്ന് പൊതിഞ്ഞു. 

ചിലർ പുറത്തെ പുൽത്തകിടികളിൽ വട്ടം കൂടിയിരുന്ന് സംസാരിക്കുകയും മറ്റു ചിലർ ദാൽ തടാകത്തിലെ ഭംഗിയുള്ള ശിക്കാരകളിലേക്ക് നോക്കിയിരിക്കുകയും ചെയ്യുന്നുണ്ട്. നക്ഷത്രക്കണ്ണുള്ള, വിരിഞ്ഞു നിൽക്കുന്ന പൂക്കളേക്കാൾ കൗതുകമുണർത്തുന്ന കുട്ടികൾ ആരുടെയും കണ്ണുരുട്ടൽ ഭയക്കാതെ ഓടിക്കളിക്കുന്നു. പിന്നെയും കുറേ പേരുണ്ട് അവിടെ. അഴകുള്ള അകത്തളങ്ങളിൽ നിസ്കരിക്കുന്നവർ, വന്നതിന്റെ ഓർമയ്ക്കായി ഫോട്ടോകളെടുക്കുന്നവർ, സാധനങ്ങൾ വാങ്ങുന്നവർ, പ്രാവുകൾക്ക് ഭക്ഷണം വിതറിക്കൊടുക്കുന്നവർ… ഇക്കാഴ്ച്ചകളിലെല്ലാം യാത്രാനന്ദം തിരിച്ചറിയുന്ന ഞങ്ങൾ പുഞ്ചിരിയോടെ തെല്ലു മാറിയിരുന്നു. 

അനേകം കവാടങ്ങളിലൊന്നിൽ നിന്ന് ഒരുമ്മ പടവുകളിറങ്ങി വരുന്നുണ്ട്. പ്രായവും അറിവുമുള്ളവരോടുള്ള ആദരവോടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ചിരിച്ചു. അവരെ അകത്തു കയറ്റി പുറത്ത് കാവലിരുന്നവൾ എന്ന പോലെ എന്നെ മാടിവിളിച്ച് കൈയ്യിലെ പൊതിയിൽ സൂക്ഷിച്ച മധുരം പകർന്നു തന്നു. അവധിക്ക് നാട്ടിലെത്തുന്ന കൊച്ചു മക്കളെ കാത്തിരിക്കുന്ന സ്നേഹനിധിയായ മുത്തശ്ശിയെ പോലൊരു ധന്യതയായിരുന്നു അത്.

സ്നേഹത്തോടെയെന്തെങ്കിലും തിരിച്ചു പറയാനുള്ള ഭാഷയറിയാത്ത ഞാനും, ഭംഗിയോടെ ജീവിക്കാൻ ഭാഷയെന്തിന് എന്ന് തിരിച്ചറിവുള്ള അവരും – ലോകത്തിലെ എഴുനൂറ് കോടി മനുഷ്യരിലെ, എത്തിപ്പെടാൻ ആഴ്ചകളോളം യാത്ര ചെയ്യേണ്ടുന്നത്ര വിരുദ്ധ ദേശങ്ങളിലെ, ഇനിയൊരിക്കൽ കാണാൻ ഏറ്റവും ചെറിയ ശതമാനത്തിന്റെ അംശം പോലും സാധ്യതയില്ലാത്ത രണ്ടു പേർ- പ്രവാചകന്റെ പേരിലുള്ള ആ ദേവാലയ മുറ്റത്ത് സ്നേഹത്തോടെ ചേർന്നു നിൽക്കുന്നു!! കണ്ണിൽ നിന്നുറ്റിവീണ നീർത്തുള്ളികൾക്ക് മദീനത്തെ കാരക്കാ മധുരമായിരുന്നു അപ്പോൾ.

രണ്ട്

മസ്ജിദുകൾ അഴകുള്ളതാകാൻ അതിൽ തക്ബീറുകൾക്കൊപ്പം കുഞ്ഞുങ്ങളുടെയും  പൂക്കളുടേയും ചിരി നിറഞ്ഞു നിൽക്കണമെന്ന് തിരിച്ചറിവുണ്ടായ ഒരു വലിയ മനുഷ്യനുണ്ടായിരുന്നിരിക്കണം കശ്മീരിൽ. നന്മ നിറഞ്ഞ അയാളെ ആ നാട്ടുകാർക്കെല്ലാം ഇഷ്ടവുമായിരിക്കണം.  അങ്ങനെയാവും മറ്റെല്ലായിടത്തും കാർക്കശ്യത്തിന്റെ ഇരുമ്പ്പൂട്ടുള്ള പള്ളികളും, കശ്മീരിൽ വിശാലമായ ഭംഗിയുള്ള ഉദ്യാനങ്ങളുള്ള ദേവാലയങ്ങളുമുണ്ടായത്. ഭംഗിയും ഭക്തിയുമുള്ളവ

1394 ൽ സുൽത്താൻ സിക്കന്ദർ ഷാഹ് നിർമിച്ച 1,46000 സ്ക്വയർ ഫീറ്റിൽ പരന്നുകിടക്കുന്ന വലിയ പള്ളിയാണ് ഗ്രീനഗർ ജമാ മസ്ജിദ്. ഒരേസമയം 3333 പേരെ ഉൾക്കൊള്ളുന്നത്രയും വലുത്! അകത്ത്, മറ്റെവിടെയും കാണാത്ത തരത്തിൽ ദേവതാരു മരത്തിൻ്റെ തടിയിൽ തീർത്ത നീളമേറിയ 346 തൂണുകളുണ്ട്. പൂക്കളുടെ കാലമായിരുന്നു അത്. പേരറിയാപ്പൂക്കളുടെയും മുത്തുകൾ പോലുള്ള കുട്ടികളുടെയും സന്തോഷം കണ്ട് നിറഞ്ഞ മനസ്സോടെ ഞങ്ങൾ അകത്തു കയറി. 

അകത്തെ അസംഖ്യം മരത്തൂണുകളിലൊന്നിനടിയിൽ ദൈവ ചിന്തയിൽ മുഴുകിയിരുന്ന ഒരാൾ ഞങ്ങളോട് ഭംഗിയിൽ പുഞ്ചിരിച്ചു. മകൾ, അദ്ദേഹത്തിൻ്റെ വിരലുകൾക്കിടയിൽ താളത്തിൽ ചലിച്ച തസ്ബീഹ് മാലയിലേക്ക് കൗതുകത്തോടെ നോക്കി. പൊടുന്നനെ അവർക്കിടയിൽ വാക്കുകൾ വേണ്ടാത്ത ഒരു ഭാഷ രൂപപ്പെടുകയും അവരതിൽ വാചാലരാവുകയും ചെയ്തു. 

ആദ്യമായി കാണുന്നവരോട് പോലും എത്ര മനോഹരമായാണ് ആ നാട് സ്വാഗതം പറയുന്നത്!!! ചിലപ്പോഴെങ്കിലും ചിരി ആലിംഗനത്തിന്റെ മറുവാക്കാകുന്നത് അറിയുകയായിരുന്നു. ഉള്ളിൽത്തൊടുന്ന അനുഭവങ്ങൾ …

മൂന്ന്

നിങ്ങൾ എപ്പോഴെങ്കിലും ഭിക്ഷുക്കൾ സന്തോഷത്താൽ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? അവരുടെ മക്കൾ ആഹ്ലാദത്തോടെ തുള്ളിച്ചാടി ആഘോഷിക്കുന്നത് കണ്ടിട്ടുണ്ടോ? കണ്ണുകളിൽ ദയനീയതക്ക് പകരം സാധാരണത്വം തിളങ്ങുന്നത് കണ്ടിട്ടുണ്ടോ? തെരുവിൽനിന്ന് പോലും ആട്ടിയോടിക്കപ്പെടുന്ന വിഭാഗത്തിൻ്റെ ആത്മ വിശ്വാസത്തോടെയുള്ള ആ ഇരിപ്പാണ് കശ്മീരിലെ അഖുണ്ട് മുല്ല ശാഹ് ദർഗയെ മറക്കാനാകാത്ത അനുഭവമാക്കുന്നത്. ആ കാഴ്ചകൾക്ക് എന്തൊരു ചേലായിരുന്നു!!

മലമുകളിലെ ഏറ്റവും ഉയരെയാണ് ദർഗയുള്ളത്. താഴെ നിന്ന് നോക്കിയാൽ അനന്തതയിലേക്കെന്ന വണ്ണം എണ്ണിയാലൊടുങ്ങാത്ത പടവുകൾ. അവയിൽ ഓരോന്നിലും ഭിക്ഷുക്കളിരിക്കുന്നുണ്ട്. ആളുകൾ അവർക്ക് മുന്നിൽ ഭംഗിയായി വിരിച്ച  തുണികളിൽ അരിയോ മറ്റെന്തൊക്കെയോ ഇട്ടു കൊടുക്കുന്നു. മുകളിൽ ചിറകടിക്കുന്ന അസംഖ്യം പ്രാവുകൾക്കുള്ള തീറ്റ കൈയ്യിൽ കരുതി ആളുകൾ പടവുകൾ കയറുന്നു.

ഏറെ ക്ലേശപ്പെട്ടാണ് ഞങ്ങൾ കയറിയത്. ജനിച്ചിട്ട് ആഴ്ചകൾ മാത്രം പ്രായമായ കുഞ്ഞിനെയുമെടുത്ത് വേഗത്തിൽ കയറി വരുന്ന ഒരു സ്ത്രീയെ കണ്ടപ്പോൾ, ശരി തെറ്റുകൾക്കപ്പുറത്ത് പ്രയാസങ്ങളെ എളുപ്പമാക്കുന്ന വിശ്വാസത്തിൻ്റെ ശക്തിയെ കുറിച്ചാണ് ആലോചിച്ചത്. അസംഭവ്യം എന്ന് കരുതുന്നവയെ പോലും വിശ്വാസം കൊണ്ട് എത്ര പെട്ടെന്നാണൊരാൾക്ക് ചെയ്യാൻ കഴിയുന്നത്! സ്വപ്നത്തില് വഴിദൂരം താണ്ടാതെ നിമിഷങ്ങൾ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന പോലൊരു അത്ഭുതം തന്നെയാണതും.

ദർഗയോട് ചേർന്ന് സ്ത്രീകൾക്കായി വലിയൊരു പള്ളിയുണ്ട്. പട്ടാളത്തിൻ്റെ വലിയ ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ഇതിനോട് ചേർന്നാണ്. താഴെ ഷാജഹാൻ്റെ മകൻ  ദാരാശികൊവ് തൻ്റെ ആത്മീയ ഗുരുവിന് വേണ്ടി നിർമ്മിച്ച മസ്ജിദും ദർസ് വിദ്യാർഥികൾക്ക് താമസിച്ച് പഠനം നടത്താനുള്ള സംവിധാനവുമുണ്ടായിരുന്നു. ദൗർഭാഗ്യവശാൽ അവയൊക്കെ ഇന്ന് നശിപ്പിക്കപ്പെട്ടു. നമസ്കാരം നിരോധിച്ചിരിക്കുന്നു. താക്കോൽ സൂക്ഷിപ്പുകാരനെ കണ്ടുകിട്ടിയതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് അകത്തു കയറാൻ സാധിച്ചത്. സുജൂദ് ചെയ്തിരുന്ന ഇടങ്ങൾ തകർക്കപ്പെട്ടത് കാണുന്നതിനോളം വേദന മറ്റെന്തുണ്ട്?! 

വിശാലമായ മുറ്റത്ത് തണൽ വിരിച്ചു നിൽക്കുന്ന ചിനാർ മരത്തിന് താഴെ കാണുന്ന ശ്രീനഗർ നഗരത്തെ നോക്കിയിരിക്കുമ്പോൾ റബ്ബേ എന്നൊരു നിശ്വാസം ഉതിരും. ഈ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്താ ഇങ്ങനെ എന്ന് ആത്മരോഷം തോന്നും. ബംഗാളിൽ, ശ്രീനഗറിൽ, മറ്റു പലയിടത്തും സംരക്ഷണത്തിൻ്റെ പേരിൽ അവർ നശിപ്പിച്ച മുസ്ലിം പൈതൃകങ്ങൾ എത്രയാണ്!!!

നാല്

വീട്ടിൽനിന്ന് പുറപ്പെട്ടു പോന്നിട്ട് ആഴ്ചകൾ പിന്നിട്ടതിൻ്റെയും അടങ്ങാത്ത അലച്ചിലിൻ്റെയും എല്ലാ ക്ഷീണത്തോടെയുമാണ് ഞങ്ങൾ ഗ്രീനഗറിൽ നിന്ന് ജമ്മു താവി റെയിൽവേ സ്റ്റേഷനിലേക്ക് തിരികെയെത്തിയത്. മനസ്സിലാകാത്ത അനേകം ഭാഷകളിലെ ബഹളങ്ങുടെ പേരാണത്. അങ്ങനെയാണ് ആത്മീയ ഗുരുകൂടിയായ യാത്രാ സംഘത്തിലെ മുതിർന്നയാൾ കുറച്ചപ്പുറത്തുള്ള പള്ളിയിലേക്ക് പോകാമെന്ന് നിർദേശം വെച്ചത്. 

അമ്പലവും ആളുകളും സന്യാസിമാരും കച്ചവടക്കാരും കന്നുകാലികളുമെല്ലാo ചേർന്ന് ഭീമാകാരനായ ജീവിയെപോലെ നിരന്തരം ചലിക്കുന്ന, സദാ തിരക്കുള്ള റെയിൽവേ സ്റ്റേഷൻ തെരുവിന്റെ അങ്ങേ അറ്റത്തായിരുന്നു ആ പള്ളി -ഉമർ ജമാ മസ്ജിദ്. ശബ്ദത്തെ ഗേറ്റിന് പുറത്തു നിർത്തുന്ന എന്തോ ഒരുമായാജാലമറിയാമായിരുന്നു അതിന്. തികഞ്ഞ ശാന്തതയാണ് കോമ്പൗണ്ടിനുള്ളിൽ. ഗേറ്റ് തുറന്നാൽ കാണുന്ന ഉദ്യാനത്തിന് ചുറ്റും പള്ളിയുടെ തന്നെ ഭാഗമായ കെട്ടിടങ്ങളുണ്ട്. 

അന്നൊരു വ്യാഴാഴ്ചയായിരുന്നു. സുന്നത്ത് നോമ്പ് എടുത്തിരുന്ന ഉസ്താദിന് ഇഫ്താറിനുള്ള വിഭവങ്ങളുമായി തൊപ്പിയും പൈജാമയുമിട്ട ഒരാൺകുട്ടി പോകുന്നുണ്ട്.  ഒരുവശത്ത് ദർസും, അതിൻ്റെ ഏറ്റവും അറ്റത്ത് ഉസ്താദിൻ്റെ കുടുംബത്തിന് താമസിക്കാനുള്ള മുറിയുമായിരുന്നു. എത്ര മഹത്തരമായ സംവിധാനം!! 

ഏറ്റവും വൃത്തിയോടെ പരിപാലിക്കപ്പെട്ടിരുന്ന ഉദ്യാനത്തിൽ പൂക്കൾക്കരികിലെ പുൽത്തകിടിയിലിരുത്തി മഗ്‌രിബിന് ശേഷം മുതിർന്ന ഒരാൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നു. എന്ത് ഭംഗിയായിരുന്നു ആ കാഴ്ച്ചക്ക്. യാത്രാ സംഘത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാൻ വലിയൊരു മുറി തുറന്നു തന്നു. അങ്ങനെ ഒരാശ്വാസം കൂടി ഉൾച്ചേർന്നതാണല്ലോ പ്രവാചകൻ പഠിപ്പിച്ച മസ്ജിദുകൾ.

കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും നല്ല മനുഷ്യ നിർമിത വസ്തു എന്താണെന്നുള്ള ചോദ്യത്തിന് എൻ്റെ ഉത്തരമാണ് കശ്മീരിലെ പള്ളികൾ. കെട്ടിടത്തിൻ്റെ ഭംഗി മാത്രമായിരുന്നില്ല അത്. കുഞ്ഞുങ്ങൾ കളിച്ചോട്ടെ എന്ന വിചാരിക്കുന്ന, പുരുഷന്മാർക്കുള്ള അതേ സംവിധാനം തന്നെ സ്ത്രീകൾക്കും ഒരുക്കുന്ന, മറ്റുള്ളവർ പള്ളിയിൽ കയറി എന്ത് ചെയ്യുന്നു എന്ന് അപരന്റെ ഇഖ്ലാസിനെ ചുഴിഞ്ഞന്വേഷിക്കാത്ത സമാധാനത്തിൻ്റെ ഇടങ്ങളായിരുന്നു അവയെല്ലാം എന്നതുകൊണ്ട് കൂടിയാണ്. 

ജീവശ്വാസവും നീന്താനുള്ള ജലപ്പരപ്പും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ ഹൃദയ വിശാലതയെക്കുറിച്ചോർക്കുമ്പോൾ പേരറിയാത്തൊരു വികാരം മനസ്സിനെ മഥിക്കുന്നു. കൂടുതൽ കൂടുതൽ നല്ലവളാകാതിരിക്കാൻ കാരണങ്ങൾ ഇല്ലാതെയാവുന്നു!

 

Related Articles