Culture

കേരളത്തിലെ ജൂത ചരിത്രം പറയുന്ന ‘ഹിബ്രു പണ്ഡിറ്റ്’

ലോകത്ത് ശ്രദ്ധയാകര്‍ഷിക്കപ്പെട്ട വ്യത്യസ്ത ഭാഷകളിലെ കലിഗ്രഫി രൂപങ്ങലില്‍ സെമിറ്റിക്ക് ഭാഷാ ഗണത്തില്‍ പെട്ട അറബി ഭാഷക്ക് പ്രത്യേകമായ സ്ഥാനം കല്‍പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബൈബളിക്കല്‍ ഭാഷയായി ലോകത്ത് അറിയപ്പെട്ട ഹിബ്രു ഭാഷയുടെ കലാവിഷകാരങ്ങള്‍ തികച്ചും അറിയപ്പെടാത്ത വസ്തുതകളായി നിലനില്‍ക്കുന്നവയാണ്. ലോകത്തെ സെമിറ്റിക്ക് ഭാഷകളില്‍ അറബി, സുറിയാനി, അരാമിക് ഭാഷകളോടൊപ്പം എണ്ണപ്പെടുന്ന ഭാഷയാണ് ഹിബ്രു. ഇന്നത്തെ ഇസ്രായേലിന്റെ ഔദ്യോഗിക ഭാഷ. മുന്‍കാല പ്രവാചകന്മാരായ ദാവൂദ് (ഡേവിഡ്) ഈസ (യേശു) തുടങ്ങിയവര്‍ക്ക് ഇറക്കപ്പെട്ട ദൈവിക ഗ്രന്ഥങ്ങളായ സബൂര്‍, ഇന്‍ജീല്‍ എഴുതപ്പെട്ടത് ഹിബ്രു ഭാഷയിലാണ്.

ഇടത്ത് നിന്ന് വലത്തോട്ട് എഴുതുന്ന സെമിറ്റിക് ഭാഷകളില്‍ അറബി ഭാഷയോട് ഏറെ സാദൃശ്യമുള്ള ഉച്ചാരണ ശൈലികളാല്‍ സമ്പന്നമാണ് പ്രസ്തുത ഭാഷ. ഉദാഹരണമായി അറബി ഭാഷയിലെ തുടക്കത്തിലുള്ള അക്ഷരങ്ങളില്‍ പെട്ടതാണ് അലിഫ്, ബാ, എന്നിവ, സമന രീതിയില്‍ ഉച്ചാരണ ശബ്ദങ്ങള്‍ തന്നെയാണ് ഹിബ്രു ഭാഷക്കും മേല്‍ പറഞ്ഞ അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോഴും ലഭിക്കുന്നത്. ഹിബ്രുവില്‍ അലിഫ്, ബെയ്ത്ത്….എന്നിങ്ങനെ പോവുന്നു ആ അക്ഷരങ്ങളുടെ ഉച്ചാരണ ശൈലികള്‍. മുന്‍പ് ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും തൗഫീകിനെ അടുത്തറിയാന്‍ കഴിഞ്ഞത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. കേരളത്തില്‍ ഹിബ്രു ഭാഷ സ്വായത്തമാക്കിയ തൗഫീക്ക് സകരിയയെന്ന ഭാഷ സ്നേഹിയെ അടുത്തറിഞ്ഞാല്‍ കേരളത്തിലെ പ്രത്യേകിച്ച് കൊച്ചിയിലെ ജൂതന്മാരുടെ ജീവിതങ്ങളെ കൂടുതല്‍ അടുത്തറിയാം.

കൊച്ചിയിലെ ജൂതരുടെ സൗഹൃദ വലയത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത തൗഫീക്ക് സകരിയ കൊച്ചി പള്ളുരുത്തി വെളി സ്വദേശിയാണ്. രണ്ടാം ക്ലാസ്സ് മാത്രം മത പഠനം കൈമുതലുള്ള തൗഫീക്ക് കൊച്ചിയിലെ ഹിബ്രു ഭാഷ പണ്ഡിതനാണ്. വീട്ടിലേക്കു ക്ഷണിച്ച് വിഭവ സമൃദ്ധദമായ ഭക്ഷണം നല്‍കിയ തൗഫീക്ക് കൊച്ചിയിലെ പഴയ ജൂത ശേഷിപ്പുകളുടെ കഥ പറച്ചില്‍ ആരംഭിച്ചു. AD 1344 ല്‍ കൊച്ചിയിലേക്ക് ആദ്യമായി ഇന്നത്തെ ജൂതന്മാരുടെ പഴയ തലമുറ വന്നതായി പറയപ്പെടുന്നു. അതിന് മുന്പ് തന്നെ അവരുടെ സാന്നിധ്യം കേരളത്തില്‍ പ്രത്യേകിച്ച് കൊടുങ്ങല്ലൂര്‍, പറവൂര്‍, മാള തുടങ്ങിയ ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി ചില ചരിത്ര രേഖകള്‍ വരച്ചിടുന്നു. ഇന്ന് ആ തലമുറയിലെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കൊച്ചി മട്ടാഞ്ചേരിയിലുള്ള ജൂത തെരുവില്‍ താമസിക്കുന്നത്. നിലവില്‍ ദുബായിലെ താജ് ഹോട്ടലിലെ ഷെഫ് ജോലിയില്‍ മുഴുകുമ്പോഴും നാട്ടില്‍ തൗഫീക്ക് എന്ന ഭാഷ പരിജ്ഞാനിയെ അന്വേഷിച്ചെത്തുന്നവര്‍ നിരവധിയാണ്.

ലേഖകന്‍ തൗഫീഖ് സക്കരിയ്യക്കൊപ്പം.

സിനിമ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, തിരക്കഥാകൃത്തുകള്‍, മത പണ്ഡിതര്‍ തുടങ്ങി വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ കൊച്ചിയുടെ സ്വന്തം ഹിബ്രു പണ്ഡിറ്റിനെ തേടി വരാറുണ്ട്. ഈ അടുത്ത് മരണപ്പെട്ട ആ ജൂത കുടുംബത്തിലെ, കേരളത്തില്‍ അവശേഷിച്ച ഏറ്റവും പ്രായം കൂടിയ ജൂതവംശജ സാറ കോഹനെ നമ്മളാരും മറക്കാന്‍ ഇടയില്ല. സാറ കൊഹന്‍ മരിച്ച വിവരമറിഞ്ഞ് ഒരു ദിവസത്തെ ലീവിന് തൗഫീക്ക് കൊച്ചിയിലെത്തി അവരുടെ വസിയത്ത് പ്രകാരമുള്ള ചടങ്ങുകള്‍ തീര്‍ത്താണ് മടങ്ങിയത്. സാറയുടെ മരണാനന്തര ചടങ്ങുകളിലേക്ക് ക്ഷണിക്കപ്പെട്ട രണ്ടു മലയാളികളില്‍ ഒരാള്‍ തൗഫീക്കും കുടുംബവുമായിരുന്നു. അന്ന് ഇന്ത്യയിലെ ഇസ്രായേലിന്റെ കോണ്‍സുലെറ്റ് ജനറലായ ആന്റിയുടെ സഹോദരിയുടെ പേരക്കുട്ടിയുടെ പ്രസഗം മലയാളത്തിലേക്ക് തര്‍ജിമ ചെയ്തത് തൗഫീക്ക് സകരിയ ആയിരുന്നു.

മദ്രസ കാലയളവില്‍ അഹലുല്‍ കിതാബിനെ (People of the Book)കുറിച്ച് അധ്യാപകന്‍ പറഞ്ഞ വിവരണങ്ങളാണ് തോറാത്തിന്റെയും ഇന്‍ജീലിന്റെയും ഭാഷയായ ഹിബ്രു ഭാഷയിലേക്ക് തൗഫീകിനെ അടുപ്പിച്ചത്. പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങുന്നതിന് പൂര്‍വകാല പ്രവാചകന്മാര്‍ക്ക് ഇറക്കപെട്ട പ്രസ്തുത ഗ്രന്ഥങ്ങളുടെ ഉള്ളടക്കം, ഭാഷ തുടങ്ങിയവ അറിയാനുള്ള ആഗ്രഹം തൗഫീക്കിനെ ആ ഭാഷയോട് കൂടുതല്‍ അടുപ്പിച്ചു. പിന്നീട് സ്വന്തമായുള്ള കണ്ടെത്തലുകളും അന്വേഷണങ്ങളുമായിരുന്നു. പതിയെ ഹിബ്രു എഴുതാനും ആരംഭിച്ചു. പിന്നീട് ആ എഴുത്തുകളെ കലാപരമായി ആവിഷ്‌കരിക്കാന്‍ ശ്രമം നടത്തി. അങ്ങനെ കൊച്ചിയില്‍ ഹിബ്രു കലിഗ്രഫിയുടെ പ്രദര്‍ശനം നടത്തി കേരളത്തില്‍ ആദ്യമായി വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം സമ്മാനിച്ചു. ഇന്നും തന്റെ ജോലിയോടൊപ്പം ഹിബ്രു കാലിഗ്രഫി ജീവിതത്തിന്റെ സുപ്രധാന ഭാഗമായി കൊണ്ട് നടക്കുന്ന വ്യക്തിയാണ് തൗഫീക്ക്. ബൈബിളിന്റെയും മറ്റു പൗരാണിക ഗ്രന്ഥങ്ങളുടെയും ഉള്ളടക്കം ഇസ്ലാമുമായി എത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ അവരുടെ ഭാഷ സായത്തമാക്കുകയെ നിവൃത്തിയുള്ളൂവെന്ന് ഇദ്ദേഹം അടിവരയിട്ടു പറയുന്നു.

ഖുര്‍ആനില്‍ വിവരിച്ചിട്ടുള്ള ആയത്തുകളുടെ മര്‍മ്മം ഒരു മുസ്ലിമിന് അതെ രീതിയില്‍ മനസ്സിലാകണമെങ്കില്‍ അറബി ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഒരു മുസ്ലിമും ഖുര്‍ആന്‍ അറബി ഭാഷയിലല്ലാതെ പാരായണം ചെയ്യാറില്ല. ഇത് പോലെ തന്നെയാണ് മറ്റു മതങ്ങളെ നമ്മള്‍ സമീപിക്കേണ്ട രീതിയും അദ്ദേഹം വിശദീകരിച്ചു. ഹിബ്രു ഭാഷ പഠിച്ച് ജൂതന്മാരോട് അവരുടെ ശൈലിയില്‍ മറുപടി പറയാന്‍ പ്രവാചകന്‍ സൈദ് ബിന്‍ സാബിതിനെ പ്രോത്സാഹിപ്പിച്ചത് ഭാഷ പഠനത്തെ ഇസ്ലാം എത്ര മേല്‍ പ്രാധാന്യത്തോടെയാണ് കാണുന്നു എന്നതിന് തെളിവാണ്.

തുടര്‍ന്ന് സൈദ് വളരെ ഉത്സാഹത്തോടെ ഹിബ്രു പഠിക്കുകയും കേവലം പതിനഞ്ചു ദിവസത്തിനുള്ളില്‍ അതില്‍ പ്രാവീണ്യം നേടുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് നബിക്ക് വേണ്ടി ജൂതന്മാര്‍ക്ക് കത്തെഴുതുന്നതും അവരുടെ കത്തുകള്‍ വായിച്ചു പ്രവാചകനെ കേള്‍പ്പിച്ചിരുന്നതും അദ്ദേഹമാണ്. പിന്നീട് നബിയുടെ കല്പനപ്രകാരം പതിനേഴ് ദിവസത്തിനുള്ളില്‍ സുറിയാനി ഭാഷ കൂടി പഠിച്ച് സൈദ് ബിന് സാബിത് പ്രവാചകന്റെ ദ്വിഭാഷിയായി. ഹിബ്രു കലിഗ്രഫിയോടൊപ്പം അറബി കാലിഗ്രാഫി കൂടി പഠിച്ചെടുത്ത തൗഫീക്ക് നിരവധി ആര്‍ട്ട് എക്സിബിഷനുകള്‍ നടത്തി കൊച്ചിയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു.

അറബി എഴുത്തു രീതികളിലെ പ്രധാന ശൈലിയായ ഖത്തു കൂഫിയില്‍ വരച്ച അറബി-ഹിബ്രു ഭാഷകള്‍ ചേര്‍ത്ത് കൊണ്ടുള്ള കാലിഗ്രാഫി തൗഫീക്കിന്റെ അപൂര്‍വ്വം കലാവിഷകരങ്ങളില്‍ ഒന്നാണ്. ലോകത്തിലെ പ്രധാന യൂണിവേഴ്‌സിറ്റികളിലൊന്നായ കൈറോ യൂണിവേഴ്‌സിറ്റിയില്‍ ഇദ്ദേഹത്തിന്റെ മേല്‍ വിവരിച്ച കലിഗ്രാഫി ഇസ്ലാമിക് ആര്‍ടിനു കീഴില്‍ സുപ്രധാന പാഠ ഭാഗമായി തെരഞ്ഞെടുത്തിരുന്നു. മട്ടാഞ്ചേരിയില്‍ ഇന്ന് അവശേഷിക്കുന്ന ജൂത കുടുംബങ്ങളെ വളരെ അടുത്ത് അറിയുന്ന തൗഫീകിന്റെ കൈവശം കേരളത്തിലെ ജൂതചരിത്രം പറഞ്ഞു തരുന്നു വലിയ ഒരു ഗ്രന്ഥ ശേഖരം തന്നെയുണ്ട്. കൊച്ചിയിലെ ഇസ്ലാമിക ചരിത്ര രേഖകളെ വിശദമായി പഠന വിധേയമാക്കിയ ഇദ്ദേഹം കൊച്ചിയിലെ പഴയ കാല മീസാന്‍ കല്ലുകളില്‍ കൊത്തിവെച്ച തമിഴ്, ഹിബ്രു വിശകലനം ചെയ്തു വസ്തുതകള്‍ വിവരിച്ചു കൊടുക്കാറുണ്ട്.

Facebook Comments
Related Articles

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.
Close
Close