Current Date

Search
Close this search box.
Search
Close this search box.

അപ്പോഴാണ് കഅ്ബിലൂടെ ‘ബാനത് സുആദ്’ എന്ന് തുടങ്ങുന്ന കവിത വെളിപ്പെട്ടത്

ഇപ്പോൾ ഞാൻ നിൽക്കുന്നത് മഹാകവി ഇംറു ൽഖൈസിന്റെ നാട്ടിലാണ്. നജ്ദ് പ്രദേശത്ത് ഇന്നത്തെ സുഊദി അറേബ്യയിലെ അൽഖാസിം പ്രവിശ്യയിലെ ഒരു ഗ്രാമമാണിത്.

ജാഹിലിയഃ എന്ന് മുസ്ലിം ചരിത്രകാരന്മാർ വിളിക്കുന്ന ഇസ്ലാം പൂർവ അറേബ്യയിലെ ക്ലാസിക് കാവ്യപാരമ്പര്യത്തിലെ ഏറ്റവും മികച്ച മാതൃകകളാണ് തൂക്കിയിടപ്പെട്ട ഭാവഗീതങ്ങൾ (suspended odes) എന്നും വിശേഷിപ്പിക്കപ്പെടാറുള്ള സബ്ഉൽ മുഅല്ലഖാത് അഥവാ സപ്തകാവ്യങ്ങൾ (seven poems). ഏഴ് കവികളിൽ ഏറ്റവും പ്രമുഖൻ ഇംറു ൽഖൈസ് എന്നറിയപ്പെടുന്ന ജുൻദ് ബ്നു ഹുജ്ർ അൽകിന്ദി തന്നെ. ലബീദ്, ത്വറഫഃ, സുഹൈർ ബ്നു അബീസുൽമ, അൻതറ ബ്നു ശദ്ദാദ്, ആമിർ ബ്നു കുൽഥൂം, അൽഹാരിഥ് ബ്നു ഹില്ലിഥ എന്നിവരാണ് സപ്തകവികളിൽ മറ്റുള്ളവർ. അന്നാബിഗഃ, അൽഅഅ്ശാ, ആബിദ് ബ്നു ൽഅബ്രാസ് എന്നിവരെയും ഇവർക്കൊപ്പം തലയെടുപ്പുള്ളവരായി പരിഗണിക്കാറുണ്ട്.

ഒരു പരിധിവരെ തികഞ്ഞ അരാജകത്വത്തെ, ചിലപ്പോൾ ഇസ്ലാം വിരുദ്ധ അധാർമിക വ്യക്തിവാദത്തെപ്പോലും പ്രതിനിധീകരിക്കുന്ന സപ്തകാവ്യങ്ങൾ തുടർന്ന് ഇസ്ലാമിക പാരമ്പര്യത്തിനകത്ത് തന്നെ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു എന്നത് സർഗാത്മകതയോടും കവിതയോടുമുള്ള ഇസ്ലാമിന്റെ ക്രിയാത്മക നിലപാടിനെ അടയാളപ്പെടുത്തുന്നു.

ഇംറു ൽഖൈസിൻ്റെ ജന്മനാടിൻ്റെ ഒരു വിദൂരവീക്ഷണമാണിത്

പ്രവാചകൻ്റെ സമകാലികനായ ഉമയ്യത്ത് ബ്നു അബിസ്സൽത് സർഗധനനായ കവിയും ആഴമുള്ള പണ്ഡിതനുമായിരുന്നെങ്കിലും നബിയോട് കടുത്ത ശത്രുത വച്ചു പുലർത്തിയിരുന്നു. എന്നിട്ടും അയാളുടെ കവിത കേട്ടപ്പോൾ പ്രവാചകൻ, ‘ബോധിയായിരിക്കുന്നു അദ്ദേഹത്തിൻ്റെ കവിത, ചിത്തം പ്രബുദ്ധമായിട്ടില്ലെങ്കിലും’ എന്ന് പ്രതികരിച്ചത്രേ.

മുഅല്ലഖാത്തിൽപ്പെട്ട മറ്റൊരു കവിയായ സുഹൈർ ബ്നു അബീസുൽമയെ പലപ്പോഴും പ്രവാചകൻ ആദരവോടെ പരാമർശിച്ചിട്ടുണ്ട്. സുഹൈറിൻ്റെ മകനും നബിയുടെ സമകാലികനുമായ കഅ്ബ് ബ്നു സുഹൈറും മികച്ച കവിയായിരുന്നെങ്കിലും നബിക്കും അനുയായികൾക്കുമെതിരെ നിരന്തരം വിദ്വേഷമിളക്കിവിട്ടു കൊണ്ടിരുന്നു. ഒടുക്കം മക്കാവിജയത്തിന് ശേഷം വെറുപ്പും വിദ്വേഷവും ഇളക്കിവിടാൻ ശ്രമിച്ചതിൻ്റെ പേരിൽ വധശിക്ഷ പ്രഖ്യാപിക്കപ്പെട്ടവരിൽ കഅ്ബും ഉൾപ്പെട്ടിരുന്നു. ഇതേത്തുടർനുണ്ടായ ഒളിവുജീവിതം കഅ്ബില്‍ ചിന്തകളുടെ സംഘർഷം സൃഷ്ടിച്ചിരിക്കണം. ആശങ്കയോടെയെങ്കിലും അദ്ദേഹം പ്രവാചകനെ സമീപിച്ചു.

ഒരുത്തരീയം കൊണ്ട് മുഖം മറച്ച് നബിയുടെ അടുത്തുചെന്ന അദ്ദേഹം, പ്രവാചകരേ, കഅ്ബ് ബ്നു സുഹൈർ താങ്കളുടെ അടുത്തു വന്നാൽ അദ്ദേഹത്തിന് മാപ്പ് നൽകുമോ എന്ന് ചോദിച്ചുവത്രേ. ആളെ തിരിച്ചറിഞ്ഞ റസൂലുല്ല ശാന്തനായി പ്രതിവചിച്ചത് തനിക്കൊരു കവിത കേൾപ്പിച്ചു തരാമെങ്കിൽ എന്നായിരുന്നത്രേ.

അപ്പോഴാണ് കഅ്ബിലൂടെ ‘ബാനത് സുആദ്’ എന്ന് തുടങ്ങുന്ന, ഖസീദതുൽ ബുർദഃ (Ode of the Mantle ഉത്തരീയത്തിൻ്റെ ഭാവഗീതം) എന്ന കവിത വെളിപ്പെട്ടത്.

“സുആദ് പോയി
എൻ്റെ ഹൃദയത്തെ സ്തംഭിപ്പിച്ചു കൊണ്ട്
അവളുടെ അടയാളങ്ങളിൽ നഷ്ടപ്പെട്ടുപോയെൻ മനം
മോചനം സാധ്യമല്ലാത്ത വിധം ബന്ധിതമായ്
എനിക്കെന്തായിരുന്നു, പ്രാതവിരഹം കൊണ്ടെനെ
ദുഃഖിതനാക്കിയ സുആദ്?
നൈർമല്യമേറിയൊരു ഗീതം,
കണ്ണുകളിലെ ആലസ്യം,
അല്ലെങ്കിൽ കണ്ണിന് ചാരുതയേറ്റുന്ന സുറുമ?
കൊടുംശൈത്യവുമായി കലർന്ന വീഞ്ഞു തുള്ളികൾ പോലെയാ-
ണവളുടെ പാർശ്വദന്തങ്ങൾ ആർദ്ര മന്ദസ്മിതത്താൽ നനഞ്ഞ്
വെളിപ്പെടുന്നത്
മലയിടുക്കിൽ നിന്നുറവെടുത്ത, താഴേക്ക് ചരിഞ്ഞൊഴുകുന്ന,
വിശുദ്ധമായൊരരുവി
പുലരിയിലെയിളംകാറ്റിനാൽ ശീതളിമയാർജിച്ചു
കാറ്റിലത് സ്ഫുടം ചെയ്യപ്പെട്ടു
പിന്നെയൊരു നിശാചാരിയുടെ മഴക്കൊപ്പം
ജലപാതമായൊഴുകി…..”
(ഇതൊരു വികലവിവർത്തനമാണ്. Michael Anthony Sellsൻ്റെ ഇംഗ്ലീഷ് പരിഭാഷയോട് ഞാൻ ചെയ്ത അപരാധം).

പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും തീവ്രതയെയാണ് കവി അനുഭവപ്പെടുത്തുന്നത്. കാവ്യം മുന്നോട്ട് പോകവേ, അനുരാഗത്തിൻ്റെയും അഭിലാഷത്തിൻ്റെയും ഉത്തുംഗതയിൽ കഅ്ബിൻ്റെ സുആദിലേക്ക്, അനശ്വരപ്രണയത്തിൻ്റെ ഭാവമായ കാമുകിയിലേക്ക് പ്രവാചകൻ ആവാഹിക്കപ്പെടുന്നു. മഞ്ഞും വീഞ്ഞും കൊണ്ട് നനഞ്ഞ സുആദിൻ്റെ പുഞ്ചിരിയിൽ നബിയുടെ ദയാർദ്രമന്ദസ്മിതം വെളിപ്പെടുന്നു. മലയിടുക്കിലെ ഉറവിൽ നിന്നും പ്രവാചക പ്രണയത്തിൻ്റെ അരുവിയൊഴുകുന്നു. നബിസവിധത്തിലേക്കുള്ള കവിയുടെ സങ്കട ഹരജിയായും അത് മാറുന്നു.

അങ്ങനെ ലക്ഷണമൊത്ത ആദ്യ പ്രവാചകപ്രകീർത്തനകാവ്യമായി കഅ്ബിൻ്റെ ഖസീദഃ അടയാളപ്പെടുന്നു. ആലാപനത്തിൻ്റെ പ്രവാഹം നിലച്ചപ്പോൾ നബി തൻ്റെ ഉത്തരീയം (ബുർദഃ) അഴിച്ച് കവിയെ അതുകൊണ്ട് പുതപ്പിക്കുന്നു. അങ്ങനെയാണ് അത് ബുർദയുടെ കാവ്യം (ഖസീദതുൽ ബുർദഃ) ആയത്. (ഇതേ പേരിൽ, പിൽക്കാലത്ത് ഇമാം ബൂസ്വിരിയും ഒരു കാവ്യം രചിച്ചിട്ടുണ്ട്).

ബാല്യത്തിൽത്തന്നെ കവിതകളെഴുതിത്തുടങ്ങിയ ഇംറുൽഖൈസ് നജ്ദിലെ കിൻദ രാജവംശത്തിലായിരുന്നത്രേ ജനിച്ചത്. മദോന്മത്തനായി ജീവിച്ചിരുന്ന ഇംറിനെ പിതാവായ രാജാവ് പുറത്താക്കിയെന്നും പറയപ്പെടുന്നു. എന്നാൽ കവിതയിൽ അദ്ദേഹം ഒരു സാമ്രാജ്യം സൃഷ്ടിച്ചു.

“ഒഴുകുന്ന കണ്ണീരിൽ നിന്നാവണം എൻ്റെ ദുഃഖങ്ങൾക്ക് ശമനമുണ്ടാവുക, ഈയേകാന്തതയിൽ കണ്ണുനീരല്ലാത്ത മറ്റെന്ത് പ്രതീക്ഷയാണെനിക്കുള്ളത്?”
പുറത്താക്കപ്പെട്ട് വിജനമരുഭൂമിയിൽ അലയുമ്പോൾ ഇംറ് പാടി.

“പ്രണയത്തിൻ്റെ നാളുകളെക്കുറിച്ചോർക്കുമ്പോൾ
കണ്ണുനീരെൻ്റെ നെഞ്ഞിനെ നനയ്ക്കുന്നു.
ഒഴുകിയൊഴുകിയതെൻ്റെ വാളുറയെപ്പോലും അലിയിച്ചു കളഞ്ഞു.
അത്രമേലാർദ്രമായിരുന്നെൻ്റെ പ്രണയം.”

പ്രണയത്തെത്തന്നെ അദ്ദേഹം ഇങ്ങനെയും അടയാളപ്പെടുത്തുന്നു:
“യൗവനത്തോടെ അവസാനിക്കുന്നതാണ് മനുഷ്യരുടെ ചാപല്യങ്ങൾ.
എന്നാൽ എന്റെ ഹൃദയം നിന്നെ സ്നേഹിക്കുന്നത് നിർത്തുന്നില്ല.
പ്രണയത്തിൻ്റെ ദുരന്തത്തെപ്പറ്റി കൈപ്പേറിയ ഉപദേശങ്ങൾ തന്നിട്ടുണ്ട് പല മുന്നറിയിപ്പുകാരും.
ഉപദേശകരിൽ നിന്ന് പിന്തിരിയാനാണ് പ്രണയം എന്നെ പ്രേരിപ്പിച്ചത്.”

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles