Current Date

Search
Close this search box.
Search
Close this search box.

റൂഹ് അഫ്‌സ; ആത്മാവിന്റെ മാധുര്യം

ഇടക്കൊക്കെ ആ വലിയ മനുഷ്യനെ ഓര്‍മ വരും. നന്മ നിറഞ്ഞ വാര്‍ത്തകള്‍ കാണുമ്പോള്‍, ഹൃദ്യമായ പുഞ്ചിരി കാണുമ്പോള്‍, വഴിയില്‍ മനസ്സ് നിറക്കുന്നൊരു സംഭവത്തിന് സാക്ഷിയാകുമ്പോള്‍ ഒക്കെ. അന്നേരം ഉള്ളിലൊരു ഉറവ പൊടിയും. ലോകത്തോട് മുഴുവന്‍ സ്‌നേഹം തോന്നും. അദ്ദേഹത്തിന് നല്ലത് വരുത്തണേ എന്ന് പടച്ചോനോട് പ്രാര്‍ത്ഥിക്കും.

അയാള്‍ നിസാമുദ്ദീന്‍ ദര്‍ഗക്കടുത്തു കണ്ട, എനിക്ക് പേരറിയാത്ത ഒരു റൂഹ് അഫ്‌സ വില്‍പനക്കാരനായിരുന്നു. ജുബ്ബയും പൈജാമയും തൊപ്പിയുമിട്ട ഒരു ഉത്തരേന്ത്യന്‍ മുസ്ലിം. ഏറെ മനോഹരമായി ക്ഷമിക്കാനറിയുന്ന അത്ഭുത മനുഷ്യന്‍.

വെയിലിന്റെ ആളല്‍ മാറാത്ത, ചൂട് കനത്തു നിന്ന ഒരു വൈകുന്നേരമാണ് ഞങ്ങള്‍ നിസാമുദ്ധീന്‍ ഔലിയയുടെ ഖബറിടത്തിലെത്തുന്നത്. സ്വപ്ന സാഫല്യമെന്നോണം ഒരു എത്തിപ്പെടല്‍.

ഒന്നിനുമല്ല. അവിടെയെത്തുന്ന അനേകം ആളുകളെ കാണാന്‍, ഗസല്‍ കേള്‍ക്കാന്‍, അടുത്തുള്ള പള്ളിയില്‍ നമസ്‌കരിക്കാന്‍, പൂക്കളും തിരികളും മണക്കുന്ന തെരുവില്‍ കുറച്ചു നേരം നില്‍ക്കാന്‍, ചരിത്രത്തിന്റെ തിരു ശേഷിപ്പുകള്‍ നേരിട്ട് കണ്ട് ഹൃദിസ്ഥമാക്കാന്‍…

ദല്‍ഹിയിലെ താമസ സ്ഥലത്ത് നിന്ന് രണ്ടു മെട്രോയും പിന്നെയൊരു സൈക്കിള്‍ റിക്ഷയും താണ്ടിയാണ് യാത്രാ സംഘം അങ്ങോട്ടെത്തുന്നത്. കനലില്‍ ചവിട്ടിയെന്നോണം മനുഷ്യര്‍ പരക്കം പായുന്ന വഴികള്‍…

എല്ലായ്‌പ്പോഴുമെന്ന പോലെ അന്നും ദര്‍ഗ സജീവമായിരുന്നു. പനിനീര്‍ പൂക്കളും തസ്ബീഹ് മാലകളും മറ്റെന്തൊക്കെയോ സാധനങ്ങളും സേവനങ്ങളും വില്‍പനക്ക് വെച്ച ഇടവഴിയുടെ ഒടുക്കം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നഗരം പണിത, മനസ്സുകള്‍ക്ക് വഴി കാട്ടിയ, ആത്മീയ ഗുരു അന്ത്യ വിശ്രമം കൊള്ളുന്നു. മരണത്തിന് ശേഷവും ആയിരങ്ങള്‍ക്ക് തണലേകുന്ന പുണ്യം.. പറഞ്ഞു തരാന്‍ അറിയാത്ത വികാരങ്ങള്‍ കൊണ്ട് അകം തുടുത്തു.

കൈ പിടിച്ച് കൂടെ നടന്നിരുന്ന മകള്‍ പെട്ടെന്ന്, കാരണമൊന്നുമില്ലാതെ ഛര്‍ദിക്കാന്‍തുടങ്ങി. എന്റെ കുഞ്ഞിനെന്തു പറ്റി റബ്ബേ എന്ന ആധിയായിരുന്നു എനിക്ക്. അതൊരു പൊതു സ്ഥലമാണെന്നും ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍പ്പുണ്ടെന്നും പരിസരബോധമുണ്ടായത് പിന്നെയും കുറച്ചു നേരം കഴിഞ്ഞാണ്. അരികത്തുണ്ടായിരുന്ന വഴിയോര കച്ചവടക്കാരന്റെ ചെരിപ്പും വസ്ത്രത്തിന്റെ അറ്റവും നനഞ്ഞിരിക്കുന്നു. വല്ലായ്ക തോന്നി. അറിയാവുന്ന ഹിന്ദിയില്‍ ക്ഷമ ചോദിച്ച്, കൈയ്യില്‍ കരുതിയ കുപ്പിയിലെ ഇത്തിരി വെള്ളം കൊണ്ട് അവിടെ വൃത്തിയാക്കാന്‍ ശ്രമിക്കവെ ചെറു പുഞ്ചിരിയാലേ വേണ്ടെന്ന് വിലക്കി. കുറച്ചപ്പുറത്തു നിന്ന് വലിയൊരു കാനില്‍ വെള്ളം ചുമന്നു കൊണ്ട് വന്ന് അദ്ദേഹം തന്നെ അവിടെ വൃത്തിയാക്കി. തരി പോലും ദേഷ്യമോ അറപ്പോ ആ മുഖത്ത് കണ്ടില്ല.
എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അയാള്‍ പുഞ്ചിരിച്ചു. അമ്പരപ്പോടെയും ജാള്യതയോടെയും അതിനേക്കാള്‍ ക്ഷീണത്തോടെയും നിന്നിരുന്ന മകളെ സ്‌നേഹത്തോടെ തലോടി. ഒരു ഗ്ലാസില്‍ റൂഹ് അഫ്‌സ പകര്‍ന്നു നല്‍കി.

റൂഹ് അഫ്‌സ എന്നാല്‍ ആത്മാവിന്റെ മാധുര്യം എന്നോ മറ്റോ ആവണം അര്‍ഥം. നന്നെച്ചുരുങ്ങിയത് അദ്ദേഹം അതിനെ നിര്‍വചിക്കുന്നത് അങ്ങനെയാണല്ലോ.

ജീവന്‍ ഒടുങ്ങും വരെ ആരോടും, ഒരിക്കലും ഒരിടത്തും എത്ര പ്രകോപിതയായാലും ദേഷ്യപ്പെടാനോ അക്ഷമ കാണിക്കാനോ അവകാശമില്ലാതായ പോലെയാണ് എനിക്ക് തോന്നിയത്. അതില്‍ കുറഞ്ഞതൊന്നും ഈ അനുഭവത്തിന് പകരം വേണ്ടതില്ലെന്നു റബ്ബ് അവശ്യപ്പെടുന്ന പോലെ.. അതു തന്നെയായിരിക്കണം എന്നെ അന്നവിടെയെത്തിച്ചതിന്റെ പൊരുള്‍…

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles