Current Date

Search
Close this search box.
Search
Close this search box.

  കേകാവൂസ് തന്റെ മകന്‍ ഗീലാന്‍ശാഹിന് നല്‍കിയ നാല്‍പ്പത്തിനാല് ഉപദേശങ്ങൾ

ഖാബൂസ്‌നാമ - 1

മധ്യകാലഘട്ടത്തില്‍ ഇറാന്റെ ഭാഗമായിരുന്ന ജുര്‍ജാന്‍, ത്വബിരിസ്ഥാന്‍ കേന്ദ്രീകൃതമായി ഭരിച്ചിരുന്ന സിയാരി ഭരണകൂടത്തില്‍പ്പെട്ട രാജാവായിരുന്നു കേകാവൂസ്. വിശ്രുത ഭരണാധികാരി സുല്‍താന്‍ ഖാബൂസിന്റെ പേരമകനും ഇസ്‌കന്തര്‍ രാജാവിന്റെ മകനുമായ കേകാവൂസ് അധികാരത്തില്‍ വരുമ്പോള്‍ അവര്‍ സല്‍ജൂക്കികളുടെ സാമന്തന്മാരായിട്ടായിരുന്നു ത്വബിരിസ്ഥാന്‍ ഭരിച്ചിരുന്നത്. കേകാവൂസിന്റെ യൗവനത്തില്‍ ത്വബിരിസ്ഥാന്‍ ഭരിച്ചിരുന്നത് തന്റെ അമ്മാവന്‍ മനൂശീറിന്റെ പുത്രന്‍ അനൂശിര്‍വാനായിരുന്നു.
അക്കാലത്ത് കേകാവൂസ് ലോകം ചുറ്റാനിറങ്ങി. ഒരുപാട് കാലം മധ്യേഷ്യയില്‍ ചുറ്റി സഞ്ചരിച്ചു. എട്ടു വര്‍ഷത്തോളം ഗസ്‌നിയില്‍ താമസിക്കുകയും അക്കാലത്ത് സുല്‍താന്‍ മഹ്‌മൂദുല്‍ ഗസ്‌നിയുടെ പുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു. ആ ബന്ധത്തിലാണ് അദ്ദേഹത്തിന് ഗീലാന്‍ശാഹ് എന്ന പുത്രന്‍ പിറക്കുന്നത്. തന്റെ യാത്രക്കിടയില്‍ ഹജ്ജ് തീര്‍ഥാടനവും കഴിഞ്ഞ് തിരിച്ചെത്തിയ കേകാവൂസ് അനൂശിര്‍വാന്റെ മരണാനന്തരം ക്രി. 1050 ല്‍ ത്വബിരിസ്ഥാന്റെ അധികാരം ഏറ്റെടുത്തു.
സ്തുത്യര്‍ഹവും സമാധാനപൂര്‍ണവുമായ കാലഘട്ടമായിരുന്നു കേകാവൂസിന്റെത്. മികച്ച ഭരണാധികാരി എന്നതിനപ്പുറം നല്ലൊരു കവി കൂടിയായിരുന്നു അദ്ദേഹം.  അറുപത്തിമൂന്നാം വയസ്സില്‍ കേകാവൂസ് തന്റെ മകന്‍ ഗീലാന്‍ശാഹിന് നല്‍കിയ നാല്‍പ്പത്തിനാല് ഉപദേശങ്ങളുടെ സമാഹാരമാണ് ഖാബൂസ്‌നാമ. യോദ്ധാക്കളായിരുന്ന തന്റെ പ്രപിതാക്കന്മാരുടെ സുവര്‍ണ പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞതിനുശേഷം ഇഹപര വിജയത്തിന് നീ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ എന്നു പറഞ്ഞാണ് കേകാവൂസ് മകന്‍ ഗീലാന്‍ശാഹിന് പുസ്തക രൂപത്തില്‍ ഖാബൂസ് നാമ സമ്മാനിക്കുന്നത്.
വിശ്വാസം, മതം, ആത്മീയത, വികാരങ്ങള്‍, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി മനുഷ്യ ജീവിത വ്യവഹാരത്തിന്റെ പല അടരുകളെയും ചേര്‍ത്തുവച്ചുള്ള ഖാബൂസ്‌നാമ കേകാവൂസ് പറഞ്ഞതുപോലെത്തന്നെ സ്വന്തം മകന് വേണ്ടി മാത്രമുള്ളതല്ല. മറിച്ച്, അന്ത്യനാള്‍വരേക്കും ഓരോ മക്കളും ഹൃദയത്തില്‍ ഉള്‍ക്കൊണ്ട് അനുവര്‍ത്തിക്കേണ്ട കാര്യങ്ങളാണത്. ചുരുക്കത്തില്‍, അനേകം ഉപമകളും ഇസ്‌ലാമിക ചരിത്രത്തില്‍നിന്നുള്ള ആകര്‍ശകമായ കഥകളും തുന്നിച്ചേര്‍ത്തുള്ള ഉപദേശങ്ങള്‍ ഖാബൂസ്‌നാമക്ക് നല്‍കാവുന്ന മനോഹര ഉപദേശഗ്രന്ഥമെന്ന വിശേഷണം കൂടുതല്‍ അര്‍ഥവത്താക്കുന്നുണ്ട്.
 അല്ലാഹുവിനെ അറിയുക
ലോകത്ത് സൃഷ്ടിക്കപ്പെട്ടതും ഇനി സൃഷ്ടിക്കപ്പെടാനിരിക്കുന്നതുമായ ഒരാള്‍ക്കുംതന്നെ തന്റെ സൃഷ്ടിപ്പിനെക്കുറിച്ചോ സ്രഷ്ടാവിനെക്കുറിച്ചോ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധ്യമായിട്ടില്ല. നിന്റെ സ്രഷ്ടാവിനെ അറിയാന്‍ മാത്രം ശക്തനല്ല നീ. അതറിയാന്‍ യാതൊരു മാര്‍ഗവുമില്ല. എന്നാല്‍, അതല്ലാത്തതെല്ലാം അറിയപ്പെട്ട കാര്യങ്ങളുമാണ്. അല്ലാഹു നിന്റെ ജ്ഞാനപരിതിക്കപ്പുറം നില്‍ക്കുമ്പോള്‍ മാത്രമാണ് നീ ശരിക്കും അല്ലാഹുവിന്റെ മഹത്വം മനസ്സിലാക്കുന്നത്.
ഒരു കാര്യം അറിയുക എന്നാല്‍ ശൂന്യമായൊരു പ്രതലത്തില്‍ കൊത്തുപണി ചെയ്യുന്നതുപോലെയാണ്. അതറിയാന്‍ ശ്രമിക്കുന്ന ജ്ഞാനി അതിലെ കൊത്തുപണിക്കാരനും. ആ ശൂന്യമായ പ്രതലത്തില്‍ കൊത്തുപണി സാധ്യമാകുംവരെ അയാള്‍ക്ക് അതില്‍ ഒരു ഇതിഹാസരൂപവും കൊത്തിയെടുക്കാന്‍ സാധിക്കില്ല. കല്ലിനെക്കാള്‍ മെഴുകില്‍ കൊത്തുപണി നടത്തലാണ് ആയാസമെന്ന് നിനക്കറിയാമല്ലോ? അതുകൊണ്ടാണ്, സീലുകളെല്ലാം കല്ലിനുപകരം മെഴുകില്‍ പതിക്കപ്പെടുന്നത്. അതിനാല്‍, നിന്റെ സ്രഷ്ടാവിന്റെ അസ്തിത്വത്തെ കണ്ടെത്താന്‍ നീ കിണഞ്ഞു പരിശ്രമിക്കേണ്ട. പകരം, നിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക.
നിര്‍മിതയില്‍ ശ്രദ്ധിച്ചാല്‍തന്നെ അതിന്റെ നിര്‍മാതാവിനെ മനസ്സിലാക്കാന്‍ സാധിക്കും. സ്രഷ്ടാവിന്റെ മാര്‍ഗത്തെ അറിയാന്‍ ശ്രമിച്ച് സംശയങ്ങളിലകപ്പെട്ട് സ്വയം വഴികേടിലാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം, ഈ ദുനിയാവ് എന്ന് പറയുന്നത് പൂര്‍ണമായി അടക്കപ്പെട്ടതാണ്. അതിന്റെ പരിതിയോ അതിര്‍ത്തിയോ മറികടക്കാന്‍ സാധ്യമല്ല. അതുകൊണ്ട് അക്കാര്യങ്ങള്‍ ആലോചിച്ച് നീ ഭ്രമചിത്തനാകരുത്.
സ്രഷ്ടാവ് ഈ ഭൂമിയില്‍ തയ്യാറാക്കിയിട്ടുള്ള സംവിധാനങ്ങളിലേക്കും അവന്റെ അനേകം അനുഗ്രങ്ങളിലേക്കും നോക്കുക. അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ച് അന്വേഷിച്ച് നടക്കരുത്. കാരണം, ജനപഥത്തില്‍നിന്ന് മാര്‍ഗഭ്രംശം സംഭവിച്ചവരെല്ലാം വിലക്കപ്പെട്ട വഴികളിലൂടെ അപഥ സഞ്ചാരം നടത്തിയവരാണ്. നബി(സ്വ) പറഞ്ഞിട്ടുണ്ട്: ‘അല്ലാഹുവിന്റെ സംവിധാനങ്ങളില്‍ ചിന്തിക്കുക. അതല്ലാതെ അവന്റെ അസ്തിത്വക്കുറിച്ച് ആലോചിക്കാന്‍ ശ്രമിക്കരുത്.’ അല്ലാഹുവിന്റെ റസൂലിന് തന്നെ അല്ലാഹു അതിന് അനുവാദം നല്‍കിയിട്ടില്ലെങ്കില്‍ പിന്നെ നാം ഒരിക്കലും അതിന് ധൈര്യപ്പെടരുത്.
അല്ലാഹുവിന്റെ എത്ര നാമവും വിശേഷണവും വച്ച് നീ പ്രാര്‍ഥിച്ചാലും അതെല്ലാം നിന്റെ ന്യൂനതയും അശക്തതയും മാത്രമേ അറിയിക്കൂ. കാരണം, അല്ലാഹു അര്‍ഹിക്കുന്ന രൂപത്തില്‍ നിനക്ക് ഒരിക്കലുംതന്നെ അവനെ സ്തുതിക്കാന്‍ സാധ്യമല്ല. അല്ലാഹുവിനെ യഥായോഗ്യം സ്തുതിക്കാന്‍തന്നെ സാധ്യമല്ലാത്ത നീ പിന്നെ അവന്റെ അസ്തിത്വത്തെക്കുറിച്ച പൊരുളിനെക്കുറിച്ച് എങ്ങനെ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കാനാണ്?
വ്യംഗ്യാര്‍ഥത്തില്‍ ഈ ഭൂമിയിലുള്ള സകലതും അല്ലാഹുവിന്റെ പരിരക്ഷയിലാണുള്ളത്. അല്ലാഹു ഏകാനാണെന്ന് മനസ്സിലാക്കിയവരെല്ലാം ശിര്‍ക്കില്‍നിന്ന് മുക്തരാണ്. യഥാര്‍ഥത്തില്‍ അല്ലാഹു മാത്രമാണ് ഏകന്‍. അവനല്ലാത്തതെല്ലാം അസ്തിത്വപരമായിതന്നെ പല വിശേഷണങ്ങളെയും ശരീരംപോലെ കൂടിച്ചേരലുകളെയും സ്വീകരിക്കുന്നവയാണ്. വേര്‍പ്പെടുത്തി എണ്ണംപോലെ രണ്ടാക്കാം. വിശേഷണത്തിലും രണ്ടോ രണ്ടില്‍ കൂടുതലോ ആകാം. സംയോജനത്തില്‍ സ്വഭാവവും രൂപവുംപോലെ രണ്ടാകാം. വൈരുദ്ധ്യത്തില്‍ സ്വത്തവും ഗുണവുംപോലെ രണ്ടാകാം. ഉല്‍പത്തിയില്‍ വേരും ശിഖരങ്ങളുംപോലെ രണ്ടാം. ഘടകാംശവും പദാര്‍ത്ഥവുംപോലെ ഒന്ന് മറ്റൊന്നിന്റെ ഉത്പന്നമാകാം. അളവില്‍ പ്രതലംപോലെ രണ്ടാകാം. വിപുലീകരണത്തില്‍ സമയത്തെപ്പോലെ രണ്ടാകാം. പരിമിതിയില്‍ ആശയവും തെളിവുംപോലെ രണ്ടാകാം. സാധ്യതയില്‍ വ്യക്തികത സ്വഭാവംപോലെ രണ്ടാകാം. ചിന്തയില്‍ ഒന്നിന്റെ അസ്തിത്വത്തിലും അസ്തിത്വമില്ലായ്മയിലുമുള്ള സംശയംപോലെ രണ്ടാകാം. ഏറ്റവും ഒടുവില്‍, ഒരു വസ്തുവും അതിന്റെ സംഭാഷണവുംപോലെ രണ്ടാകാം.
മേല്‍പ്പറയപ്പെട്ടതെല്ലാം മനുഷ്യന്‍ ദ്വൈതഭാവം സ്വീകരിക്കുമെന്നതിന്റെ വ്യക്തമായ അടയാളങ്ങളാണ്. അല്ലാഹുവാണെങ്കില്‍ ഇതിനെല്ലാം അപ്പുറമാണ്. അവനെപ്പോലെ മറ്റാരുമില്ല. നിന്റെ ചിന്തയില്‍ വരുന്നതൊന്നുംതന്നെ അല്ലാഹുവല്ലെന്ന് മനസ്സിലാക്കുക. എല്ലാതരം പങ്കുകാരില്‍നിന്നും സദൃശ്യരില്‍നിന്നും മുക്തനാണ് അവന്‍.

പ്രവാചകന്മാരുടെ സൃഷ്ടിപ്പും പ്രവാചകത്വവും

മകനേ, ഇഹലോകം അല്ലാഹു തന്റെ ആവശ്യത്തിനുവേണ്ടിയോ എന്നാല്‍ വെറുതെയോ പടച്ചതല്ലെന്ന് നീ മനസ്സിലാക്കണം. തന്റെ നീതിക്കനുസൃതമായാണ് അല്ലാഹു അതിനെ സൃഷ്ടിച്ചിട്ടുള്ളത്. തന്റെ യുക്തി അനുസരിച്ചാണ് അത് സംവിധാനിച്ചിട്ടുള്ളത്. ഉണ്മയാണ് ഇല്ലായ്മയെക്കാള്‍ നല്ലതെന്ന അവന്റെ അറിവാണത്. ഉന്മൂലനത്തെക്കാള്‍ നല്ലത് ജീവിതമാണെന്നും നാശത്തെക്കാള്‍ നല്ലത് വര്‍ധനവാണെന്നും തിന്മയെക്കാള്‍ നല്ലത് നന്മയാണെന്നുമുള്ള അവന്റെ ജ്ഞാനമാണത്.

ഇതിനെല്ലാത്തിനും അവന്‍ സാധിക്കുന്നവനും എല്ലാത്തിനെക്കുറിച്ചും അറിയുന്നവനുമാണ്. തന്റെ ജ്ഞാനത്തിന് വിരുദ്ധമായതോ ഉണ്ടാവല്‍ അനുജിതമായതോ അവന്‍ ഉണ്ടാക്കുകയില്ല. അവന്‍ ഉണ്ടാക്കുന്നതെല്ലാം അവന്റെ നീതിയാണ്. എല്ലാം അവന്റെ യുക്തിയും തന്ത്രവും അനുസരിച്ചാണ് തയ്യാര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ഇഹലോകത്തെയും അവന്‍ അതിനേറ്റവും അനുയോജ്യമായ രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്.

സൂര്യനില്ലാതെ വെളിച്ചം നല്‍കാനും മേഘമില്ലാതെ മഴ വര്‍ഷിക്കാനും കഴിവുള്ളവനാണ് അല്ലാഹു. രാശികള്‍ക്ക് അനുസൃതമായല്ലാതെ വസ്തുക്കളുടെ സ്വഭാവമാറ്റത്തിനും സാധിക്കുന്നവനാണ് അവന്‍. പക്ഷെ, എല്ലാം അവന്റെ യുക്തിക്ക് അനുസൃതമായപ്പോള്‍ എല്ലാത്തിനും അവന്‍ മാധ്യമങ്ങള്‍ വച്ചു. ശാന്തതയുടെയും നാശത്തിന്റെയും കാരണമായി മാധ്യമത്തെ വച്ചു. ആ മാധ്യമം ഇല്ലാതാകുന്നപക്ഷം അതിന്റെ കൃത്യതയും സ്ഥാനവും തെറ്റും. കൃത്യതയില്ലാത്തിടത്ത് ഘടനയുണ്ടാവില്ല. അതുകൊണ്ട് എല്ലാം ഘടനയിലാകേണ്ടതുണ്ട്. അതിന് മാധ്യമവും ആവശ്യമുണ്ട്. അതുകൊണ്ടാണ് ഭരണാധികാരിയും ഭരിക്കപ്പെടുന്നവനും ഉണ്ടാകുന്നത്. നല്‍കുന്നവനും നല്‍കപ്പെടുന്നവനും ഉണ്ടാകുന്നത്. ഈ ദ്വൈതം അല്ലാഹുവിന്റെ ഏകത്വത്തിന്റെകൂടി തെളിവാണ്.

അതിനാല്‍, നിങ്ങള്‍ ലക്ഷ്യത്തെ കാണാതെ മാധ്യമത്തെയോ മാര്‍ഗത്തെയോ മാത്രം മനസ്സിലാക്കാന്‍ ശ്രമിക്കരുത്. മാര്‍ഗത്തെക്കുറിച്ച് കുറഞ്ഞോ കുടുതലോ ആയി മനസ്സിലാക്കാനും ശ്രമിച്ചക്കരുത്. മറിച്ച്, എല്ലാത്തിനെയും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം. ഭൂമി വിത്ത് മുളപ്പിച്ചില്ലായെങ്കില്‍ അതിന് ഭൂമിയെ പഴിക്കരുത്. നക്ഷത്രങ്ങള്‍ നീതി പുലര്‍ത്തിയില്ലായെങ്കില്‍ അവയെ കുറ്റപ്പെടുത്തരുത്.

വിളകളെക്കുറിച്ച് ഭൂമിക്ക് അറിയാവുന്നതുപോലെത്തന്നെ നക്ഷത്രങ്ങള്‍ക്ക് നീതിയെക്കുറിച്ചും അനീതിയെക്കുറിച്ചും അറിയാം. നീ നല്ല വിത്ത് വിതച്ചാല്‍ മോശപ്പെട്ട വിള നല്‍കാന്‍ ഭൂമിക്ക് കഴിയില്ല. നക്ഷത്രവും അതുപോലെയാണ്. നന്മ, തിന്മയുടെ കാര്യത്തില്‍ അവക്ക് യാതൊരു കഴിവുമില്ല. ലോകം യുക്തിപൂര്‍വമാണ് സൃഷ്ടിക്കപ്പെട്ടത് എന്നിരിക്കെ അവയില്‍ ഓരോന്നും കൃത്യമായ ഘടനയിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

നിന്റെ ചുറ്റം കണ്ണോടിച്ചു നോക്കൂ. ഈ ലോകത്തിന്റെ ഭംഗി നിനക്ക് ആസ്വദിക്കാം. സസ്യങ്ങള്‍, മൃഗങ്ങള്‍, അന്നപാനീയങ്ങള്‍, വസ്ത്രങ്ങള്‍, മറ്റനേകം നല്ല വസ്തുക്കള്‍… ഖുര്‍ആന്‍ വിശദീകരിച്ചതുപോലെ എല്ലാം കൃത്യമായ യുക്തിയുടെ അടിസ്ഥാനത്തിലാണ്: ‘ഭുവന-വാനങ്ങളും അവയ്ക്കിടയിലുള്ളതും നാം വിനോദമായി പടച്ചതല്ല; സത്യനിഷ്ഠമായി തന്നെയാണതു രണ്ടും സൃഷ്ടിച്ചിട്ടുള്ളത്.’ (ദുഖാന്‍: 38, 39). അല്ലാഹു തന്റെ അനുഗ്രങ്ങളൊന്നുംതന്നെ വിനോദമായി പടച്ചതല്ലെന്ന് നീ അറിഞ്ഞുകഴിഞ്ഞാല്‍ നീ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. ആ അനുഗ്രങ്ങളുടെ അവകാശങ്ങള്‍ വീട്ടാതിരിക്കാന്‍ പാടില്ല.

എന്നാല്‍, ആ അനുഗ്രഹങ്ങളുടെ അവകാശം എന്ന് പറയുന്നത് അത് അതിന് യോഗ്യരായ ആളുകള്‍ക്ക് നല്‍കലാണ്. അതാണ് നീതി എന്നിരിക്കെ ജനപഥം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അത് ആസ്വദിക്കാനാണ്. ജനപഥം സൃഷ്ടിക്കപ്പെട്ടതോടെ അനുഗ്രങ്ങളുടെ പരിപൂര്‍ണത സാധ്യമായി. അതുകൊണ്ടുതന്നെ, ജനപഥത്തിന് കൃതമായ രാഷ്ട്രീയവും ഘടനയും ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. എന്നാല്‍, ഉപദേശ-നിര്‍ദേശങ്ങളില്ലാത്ത രാഷ്ട്രീയവും ഘടനയും അനാഗരികമാണ്.

തനിക്ക് ലഭിച്ച അനുഗ്രഹങ്ങളുടെ ദാതാവിന് നന്ദിയര്‍പ്പിക്കാന്‍ അറിയാതെ ഒരാള്‍ യാതൊരു നീതിയും ഘടനയുമില്ലാതെ ഭക്ഷണം കഴിച്ചാല്‍ അത് ദാതാവിന്റെ ന്യൂനതയായിപ്പോകും. അല്ലാഹുവാണെങ്കില്‍ അതില്‍നിന്നെല്ലാം പരിശുദ്ധനാണുതാനും. അവന്‍ വിഡ്ഢികള്‍ക്കും സത്യനിഷേധികള്‍ക്കും അന്നം നല്‍കി. അല്ലാഹു ന്യൂനതയില്‍നിന്നെല്ലാം പരിശുദ്ധനാണെന്നിരിക്കെ അവന്‍ മനുഷ്യനെയും വിഡ്ഢിയോ അജ്ഞനോ ആക്കിയില്ല. പകരം, അവരെ ഓര്‍മിപ്പിച്ചു: ‘ജിന്നുകളെയും മാനവരെയും എന്നെ ആരാധിക്കാന്‍ മാത്രമേ ഞാന്‍ സൃഷ്ടിച്ചിട്ടുള്ളൂ.’ (ദാരിയാത്: 56).

അതോടൊപ്പം പ്രവാചകന്മാരെയും അല്ലാഹു അവരിലേക്ക് അയച്ചു. അവര്‍ ജനപഥത്തിന് ജ്ഞാന രീതികളും അന്നപാനീയ ഉപയോഗ മാര്‍ഗങ്ങളും പഠിപ്പിച്ചുകൊടുത്തു. ദാതാവിന് നന്ദിയര്‍പ്പിക്കേണ്ട രൂപം പഠിപ്പിച്ചുകൊടുത്തു. ഇഹലോകത്തിന്റെ സൃഷ്ടിപ്പ് നീതിപൂര്‍വമാകാന്‍ വേണ്ടിയാണത്. യുക്തിയാണ് നീതിയുടെ പരിപൂര്‍ണത. യുക്തിയൂടെ പൂര്‍ണത അനുഗ്രഹം. അനുഗ്രഹത്തെ പൂര്‍ത്തീകരിക്കുന്നത് അവ നല്‍കപ്പെട്ടവരാണ്. അവരുടെ പൂര്‍ത്തീകരണമാണെങ്കിലോ സന്മാര്‍ഗികളായ നബിമാരിലൂടെയും. ഈയൊരു ഘടനക്ക് യാതൊരുവിധ വിഘ്‌നവും വരുത്താന്‍ പാടില്ല.

ബുദ്ധിപരമായി ചിന്തിച്ചാല്‍തന്നെ അനുഗ്രഹം നല്‍കപ്പെട്ടവര്‍ നിഷിദ്ധവും ശ്രേഷ്ഠവുമായ കാര്യങ്ങള്‍ സൂക്ഷിക്കുകയും പാലിക്കുകയും ചെയ്യാന്‍ ബാധ്യസ്ഥരായത് അന്നപാനീയങ്ങളും മറ്റു അനുഗ്രഹങ്ങളുംകൊണ്ടാണെന്ന് മനസ്സിലാക്കാം. അനുഗ്രങ്ങള്‍ അതിന്റെ ദാതാവായ അല്ലാഹുവിനെ അറിയാനും അവന് കൃതജ്ഞത രേഖപ്പെടുത്താനും നമ്മെ ബാധ്യസ്ഥരാക്കുന്നു. അതൂപോലെ അല്ലാഹുവിന്റെ ദൂതന്മാരെ അറിയാനും അവരെ പിന്തുടരാനും അവരെ വിശ്വസിക്കാനും നിര്‍ബന്ധിതരാക്കുന്നു. ആദം നബി തൊട്ട് നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) വരെ മതത്തിലെ എല്ലാ കാര്യങ്ങളിലും അവന്‍ വിധേയനാകണം. അല്ലാഹുവിന് നന്ദി ചെയ്യുന്നതില്‍ വീഴ്ച വരുത്തരുത്. ദീനിന്റെ നിര്‍ബന്ധ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ( തുടരും )

വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles