Current Date

Search
Close this search box.
Search
Close this search box.

സിഖ് ഭരണാധികാരി പഞ്ചാബിൽ നിർമിച്ച ‘മൂറിഷ് മസ്ജിദ്’

മസ്ജിദ് നിർമിക്കുന്നതിനായി പണം ചിലവഴിച്ച മഹാരാജ ജഗത്ജിത് സിംഗിനോട് ഇത്രയും തുക ചിലവഴിച്ച് എന്തിനാണ് താങ്കൾ മസ്ജിദ് നിർമിക്കുന്നതെന്ന് ചോദിച്ച ബ്രിട്ടീഷ് വൈസ്രോയിക്ക് മഹാരാജ ജഗത്ജിത് സിംഗിൻ്റെ മറുപടി സമകാലിക ഇന്ത്യയിൽ ഏറെ പ്രസക്തമാണ്. വൈസ്രോയിക്കുള്ള മറുപടി കത്തിൽ അദ്ദേഹം എഴുതി:

“താങ്കൾക്ക് ഐശര്യമുണ്ടാവട്ടെ..

എൻ്റെ പ്രജകളിൽ 60 ശതമാനത്തോളം വരുന്നത് വിശ്വാസദാർഢ്യത്തോടെ ഈ രാജ്യത്തെ ഏറെ സ്നേഹിക്കുന്ന മുസ്ലിം മത സമൂഹത്തിൽപ്പെട്ടവരാണെന്ന വസ്തുത ഒരു പക്ഷെ താങ്കൾക്ക് അറിയില്ലായിരിക്കാം. എന്നാൽ അവർക്ക് ആരാധന കർമങ്ങൾ നിർവഹിക്കാൻ കഴിയും വിധത്തിൽ ഏറ്റവും നല്ല ആരാധനാലയം നിർമിക്കുക എന്നത് ഏറെ മഹത്തരമായ കാര്യമായാണ് ഞാൻ കാണുന്നത്”.

പഞ്ചാബിലെ കപൂർത്തല ജില്ലയിൽ നിർമിക്കപ്പെട്ട ‘മൂറിഷ് മസ്ജിദി’ൻ്റെ വിവിധ ഭാഗങ്ങൾ

മഹാരാജയുടെ ഏറ്റവും പ്രിയപ്പെട്ട നിർമിതികളിൽ അദ്ദേഹത്തെ കൂടുതൽ ആശ്ചര്യപ്പെടുത്തിയ വാസ്തുവിദ്യ നിർമിതിയായിരുന്നു പഞ്ചാബിലെ കപൂർത്തല ജില്ലയിൽ നിർമിക്കപ്പെട്ട ‘മൂറിഷ് മസ്ജിദ്’. പഞ്ചാബിലെ ‘മിനി പാരീസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് കപൂർത്തല. അക്കാലത്ത് നിരന്തരം യൂറോപ്യൻ യാത്രകൾ ചെയ്തിരുന്ന ജഗത്ജിത് സിംഗ്, തൻ്റെ ഭരണകാലത്ത് നിരവധി യൂറോപ്യൻ മാതൃകയിലുള്ള നിർമിതികൾ പഞ്ചാബിലെ കപൂർത്തലയിൽ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തിയതോടെയാണ് ‘മിനി പാരീസ്’ എന്ന പേരിൽ കപൂർത്തല അറിയപ്പെടാൻ തുടങ്ങിയത്. ഫ്രഞ്ച് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്തി കൂടിയായിരുന്നു ജഗത്ജിത് സിംഗ് .

മൊറോക്കോയിലെ ‘ഖുതുബിയ മസ്ജിദ്’

തൻ്റെ വിദേശയാത്രകളിൽ മൊറോക്കോയിലെ മറാക്കഷ് പ്രദേശത്ത് നിർമിക്കപ്പെട്ട ചരിത്രപ്രസിദ്ധ ആരാധനാലയമായ ‘ഖുതുബിയ മസ്ജിദ്’ സന്ദർശിക്കാൻ ഇടയാവുകയും, പള്ളിയുടെ വാസ്തുവിദ്യയിൽ ആകൃഷ്ടനായ മഹാരാജ തൻ്റെ പ്രജകൾക്ക് വേണ്ടി ഇതേ രൂപഘടനയിലുള്ള മസ്ജിദ് ഇന്ത്യയിൽ നിർമിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. ഫ്രഞ്ച് വാസ്തുശില്പി മോൺസിയൂർ മാൻ്റോക്സിൻ്റെ നേതൃത്വത്തിൽ 1926/27 ൽ ആരംഭിച്ച മസ്ജിദിൻ്റെ നിർമാണം പൂർത്തിയാവുന്നത് 1930 ലാണ്. ബഹാവൽപൂരിലെ നവാബായിരുന്ന സാദിഖ് മുഹമ്മദ് ഖാൻ്റെ സാന്നിധ്യത്തിലാണ് മസ്ജിദിൻ്റെ ഉദ്ഘാടന കർമ്മങ്ങൾ നടന്നത്.

മഹാരാജാ ജഗത്ജിത് സിംഗിൻ്റെ ഭരണനേട്ടങ്ങൾ നിരവധിയുണ്ടെങ്കിലും തൻ്റെ പ്രജകൾക്കായി അദ്ദേഹം നിർവഹിച്ച നീതിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഏറ്റവും മനോഹരമായ ഉദാഹരണമായിട്ടാണ് കപൂർത്തലയിലെ പ്രസ്തുത മസ്ജിദ് ചരിത്രത്തിൽ വിലയിരുത്തപ്പെടുന്നത്. അക്കാലത്ത് 4 മുതൽ 6 ലക്ഷം രൂപ വരെ ചിലവഴിച്ച് കൊണ്ട് നിർമാണം പൂർത്തിയാക്കിയ പള്ളി, തെക്ക്-കിഴക്കൻ ഏഷ്യയിലെ പ്രധാന ചരിത്രനിർമിതികളുടെ ശ്രേണിയിലുൾപ്പെടുന്നവയാണ്. ഇന്ത്യൻ പുരാവസ്തുവകുപ്പിന് കീഴിലാണ് മസ്ജിദ് ഇന്നുള്ളത്.

മസ്‍ജിദിനകത്തെ കാലിഗ്രഫി

ഉത്തരാഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ, അൾജീരിയ, തുനീഷ്യ, മുസ്ലിം സ്പെയിൻ എന്നിവിടങ്ങളിലെ നിർമിതികളിൽ കാണുന്ന ‘ഇന്തോ- മൂറിഷ് വാസ്തുവിദ്യ’ യുടെ മനോഹരമായ ആവിഷ്കാരമാണ് യഥാർത്ഥത്തിൽ പഞ്ചാബിലെ മൂറിഷ് മസ്ജിദിലും കാണാൻ സാധിക്കുക. പൂർണമായും വെളുത്ത മാർബിൾ കൊണ്ടലങ്കരിച്ച മസ്ജിദിൽ, അറബി കലിഗ്രഫിയിലും ജ്യാമിതീയ കലാരൂപങ്ങളിലും ചെയ്ത അതിമനോഹര കലാവിഷ്കാരങ്ങൾ മസ്ജിദിനകത്തെ ആത്മീയാന്തരീക്ഷത്തെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പള്ളിക്കകത്തുള്ള കുംഭഗോപുരങ്ങളിൽ കലാവിഷ്കാരങ്ങൾ പൂർത്തീകരിച്ചത് ലാഹോറിലെ ‘Mayo School of Art’ സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു.

മസ്ജിദിൻ്റെ ഉൾഭാഗത്ത് മിമ്പറിൻ്റെയും മിഹ്റാബിൻ്റെയും രൂപഘടനയും കലാപരമായ നിർമാണരീതികളും വിവരണാതീതമാണ്. നടുമുറ്റവും ഫൗണ്ടയ്ൻ മാതൃകയിലുള്ള നിർമിതിയും ഇസ്‌ലാമിക ലോകത്തെ ചരിത്രനിർമിതികളെ അനുസ്മരിപ്പിക്കും. മൂറിഷ്/മൊറോക്കൻ വാസ്തുവിദ്യയിലെ ഏറ്റവും ആകർഷണിയമായ ഘടകമാണ് മിനാരങ്ങൾ. ചതുരാകൃതിയിൽ നിർമിക്കപ്പെട്ട മിനാരങ്ങളാണ് മൂറിഷ്/മൊറോക്കൻ വാസ്തുവിദ്യയുടെ ഏറ്റവും പ്രധാന പ്രത്യേകതയിലൊന്ന്.

‘മൂറിഷ് മസ്ജിദി’ൻ്റെ മിനാരം

1972 ൽ ‘City Beautification’ പ്രാജക്ടിൻ്റെ ഭാഗമായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മസ്ജിദിന് മുമ്പിൽ നിർമിച്ച വിശലമായ പൂന്തോട്ടം മസ്ജിദിനെ കൂടുതൽ ഭംഗിയുള്ളതാക്കി. 2013 ൽ മുൻ രാഷ്ട്രപതി ശ്രീ എ.പി. ജെ അബ്ദുൽ കലാം ഇവിടം സന്ദർശിക്കുകയുണ്ടായി.

മഹാരാജ ജഗത്ജിത് സിംഗിൻ്റെ കാലത്ത് കപൂർത്തലയിലെ ജനസംഖ്യയിൽ മുന്നിൽ നിന്ന മുസ്ലിംകൾ വിഭജനാനന്തരം ഈ നഗരത്തിൽ നിന്ന് പൂർണമായും പിൻവാങ്ങി. പിന്നീട് ഏറെക്കാലം പലകാരണങ്ങളാൽ അടച്ചിട്ട പ്രസ്തുത മസ്ജിദ് 1976 ലാണ് ആരാധനാകർമങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഓരോ വർഷവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സന്ദർശകരാണ് മസ്ജിദിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കപൂർത്തലയിൽ എത്തിച്ചേരുന്നത്.

മസ്ജിദുകൾക്ക് പുറമെ ഗുരുദ്വാരകൾ, അമ്പലങ്ങൾ, ചർച്ചുകൾ എന്നിവ സ്വന്തം പ്രജകൾക്ക് വേണ്ടി നിർമിച്ചു നൽകിയ മഹാരാജ ജഗത്ജിത് സിംഗിൻ്റെ ഭരണപാടവം സമകാലിക ഇന്ത്യയിലെ ഭരണകർത്താക്കൾക്കുള്ള മാർഗരേഖയായി വിലയിരുത്താം.

Related Articles