Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുകൾ നിർമിച്ച് നൽകി മാതൃകയായ പഞ്ചാബിലെ ഗ്രാമങ്ങൾ

വിഭജനാന്തരം തകർക്കപ്പെട്ട മസ്ജിദുകൾ പുനർനിർമിച്ചും പള്ളികൾ നിർമിക്കാൻ സ്വന്തം ഭൂമി വിട്ട് നൽകിയും ഇന്ത്യയിൽ പരസ്പര സഹോദര്യത്തിൻ്റെ ഈടുറ്റ മാതൃകകൾ സൃഷ്ടിച്ച സംസ്ഥാനമാണ് ഇന്ന് പഞ്ചാബ്. മദ്റസകളും പള്ളികളും ദർഗകളും പൊളിച്ച് നീക്കി മതസമൂഹങ്ങൾക്കിടയിൽ വെറുപ്പിൻ്റെ ആശയം പടർത്തുന്നവർക്ക് മേൽ സഹാനുഭൂതിയുടെ മാതൃകകൾ രാജ്യത്ത് ഉയർന്നു വരേണ്ടത് അനിവാര്യമാണ്.

പഞ്ചാബിലെ ബർനാലയിലുള്ള മൂം (Moom) ഗ്രാമത്തിൽ പണ്ഡിറ്റ് കുടുംബം മസ്ജിദിനായി സ്ഥലം വിട്ടുനിൽകിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ‘അമൻ മസ്ജിദ് ‘എന്നാണ് അവിടെ നിർമിക്കപ്പെട്ട പള്ളിയുടെ പേര്. ഗ്രാമത്തിൽ നിന്ന് പിരിവ് നടത്തി 12 ലക്ഷം രൂപയിൽ ആരംഭിച്ച പള്ളി നിർമാണം 2020 ൽ പൂർത്തിയായി. “മസ്ജിദും മന്ദിരവും ഗുരുദ്വാറുമെല്ലാം ഇവിടെ അടുത്തടുത്ത് തന്നെയാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. എൻ്റെ പിതാമഹൻ നൽകിയ സ്ഥലത്താണ് ഇന്ന് പള്ളി നിർമിച്ചിരിക്കുന്നത്”. മസ്ജിദ് നിർമിക്കാൻ സ്ഥലം നൽകിയ കുടുംബത്തിലെ പ്രധാന വ്യക്തിയായ മൻപ്രീത് ബനോട്ടിൻ്റെ വാക്കുകളാണിത്.

ഇതേ ഗ്രാമത്തിൽ ശിവ മന്ദിർ നിർമിക്കാൻ സഹായിച്ച 45 വയസുള്ള മുസ്ലിം മതവിശ്വാസി നജം ഖാനും ശിവ പാർവതിയുടെ ശിലാപ്രതിമ മന്ദിരത്തിന് സംഭാവന ചെയ്ത സിഖ് കുടുംബവുമെല്ലാം മുന്നോട്ടു വെക്കുന്ന സിഖ്-ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്കിടയിലുള്ള സഹിഷ്ണുതയുടെ ജീവിത മാതൃകകൾ സകാലിക ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. നമസ്കാരത്തിന് ശേഷം അമ്പലങ്ങളും ഗുരുദ്വാരകളും സന്ദർശിച്ച് സാഹോദര ഐക്യം ദൃഢമാക്കുകയാണ് ഈ ഗ്രാമത്തിലെ മുസ്ലിം സമൂഹം. ചുരുക്കത്തിൽ വിശേഷ ദിവസങ്ങളിൽ ഉൾപ്പെടെ മതകീയാചാരങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകകയും ചെയ്യുന്ന ഒരു മാതൃകാ ഗ്രാമമാണ് പഞ്ചാബിലെ മൂം.

പഞ്ചാബിലെ തന്നെ മുഖ്തസർ ജില്ലയിൽ ഹിന്ദു – സിഖ് സമുദായങ്ങൾ ഒന്നിച്ച് നിർമിച്ച് നൽകിയ മസ്ജിദും രാജ്യത്ത് സഹവർതിത്വത്തിൻ്റെ കരുത്തുറ്റ മാതൃകകൾക്ക് ഉദാഹരണമാണ്. പഞ്ചാബിലെ ഷാഹി ഇമാം മുഹമ്മദ് ഉസ്മാൻ റൈഹാനി പറയുന്നു: ”അഞ്ച് മുസ്ലിം കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. പള്ളി നിർമിക്കാൻ വഖ്ഫ് ബോർഡ് സ്ഥലം അനുവദിച്ചെങ്കിലും മസ്ജിദ് നിർമിക്കാനാവശ്യമായ പണം മുസ്ലിംകളുടെ പക്കൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഈ ഗ്രാമത്തിലെ ഹിന്ദുക്കളും സിഖ് മതസമൂഹവും കൈകോർത്ത് മുസ്ലിംകൾക്ക് മസ്ജിദ് നിർമിച്ച് നൽകിയത്”.

പഞ്ചാബിലെ മലർകോട്ട്ല ജില്ലയിലെ ജിത്‍വാൻ കാലാൻ ഗ്രാമത്തിൽ മസ്ജിദ് നിർമിക്കാൻ പൂർവികരുടെ ഭൂമി വിട്ട് നൽകിയ സിഖ് കുടുംബവും, മോഖ ജില്ലയിലെ മച്ചിക് ഗ്രാമത്തിൽ റോഡ് വികസനത്തിൻ്റെ പേരിൽ പൊളിച്ച മസ്ജിദിന് പകരം ഹിന്ദു-സിഖ് കൂട്ടായ്മയിൽ നിർമിച്ച മസ്ജിദും പറഞ്ഞുവെക്കുന്ന ബഹുസ്വരതയുടെ വർത്തമാനങ്ങൾ വരും തലമുറകൾ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്തതാണ്. 2019-20 ലെ സി.എ.എ (Citizenship of Amendment Act) സമരകാലത്ത് മലർക്കോട്ട്ലയിൽ നിന്ന് വന്ന മുസ്ലിം പ്രതിനിധികൾ സുവർണ ക്ഷേത്രത്തിൻ്റെ മുഖ്യ പ്രതിനിധി ജിയാനി ഹർപ്രീത് സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ക്ഷേത്ര പ്രതിനിധികളുടെ അനുവാദത്തോടെ നമസ്കാര സമയമായപ്പോൾ സുവർണ ക്ഷേത്രത്തിൻ്റെ മുമ്പിൽ ജമാഅത്തായി പ്രാർത്ഥന കൂടി നടത്തിയാണ് മുസ്ലിംകൾ ഗ്രാമത്തിലേക്ക് മടങ്ങിയത്.

ആറാമത്തെ സിഖ് ഗുരു ശ്രീ ഹർഗോബിന്ദ് 17-ാം നൂറ്റാണ്ടിൽ പഞ്ചാബിൽ നിർമിച്ച ‘ഗുരു കി മസ്ജിദ് ‘ എന്ന മസ്ജിദും ഈയടുത്ത് പൂർണമായും നമസ്കാരത്തിനായി മുസ്ലിംകൾക്ക് കൈമാറിയിരുന്നു.

“പഞ്ചാബിൽ പഴയ കാലഘട്ടത്തിൽ തകർക്കപ്പെട്ട പള്ളികൾ പുനർനിർമിക്കാൻ പഞ്ചാബ് ഗവൺമെൻ്റ് ശ്രമിക്കുന്നുണ്ട്. ഒപ്പം ഇതര മത വിഭാഗങ്ങൾക്കിടയിലെ സനേഹവും ബഹുമാനവും ശക്തമാക്കാനും ഇവിടുത്തെ ഗവൺമെൻ്റ് സംവിധാനങ്ങൾക്ക് കഴിയുന്നുവെന്നത് ആശാവഹമാണ്” എന്ന
പഞ്ചാബ് ജമാഅത്തെ ഇസ്ലാമി മുൻ അമീർ അബ്ദു ശുക്കൂറിൻ്റെ വാക്കുകൾ കൂടി ഇവിടെ ചേർത്തുവെക്കട്ടെ …

Related Articles