Current Date

Search
Close this search box.
Search
Close this search box.

അറബി കലിഗ്രഫിയിലെ സ്ത്രീ പങ്കാളിത്തം

ലോകത്ത് ഇസ്ലാം എത്തിപ്പെട്ടിടത്തും മുസ്ലിം സാന്നിധ്യം കാണപ്പെട്ട ഇടങ്ങളിലുമെല്ലാം ഇസ്ലാമിക കലാവിഷ്കാരങ്ങൾക്ക് വമ്പിച്ച സ്വീകാര്യത എല്ലാ കാലത്തും ലഭിച്ചിട്ടുണ്ട്. തദ്ദേശീയരായ ആളുകൾ ഇസ്ലാമിന്റെ സുന്ദരമായ ആത്മീയ ചൈതന്യത്തെ അടുത്തറിഞ്ഞതും ഇസ്ലാമിലേക്ക് കടന്നു വന്നതിനും പിന്നിൽ ഇസ്ലാമിക കലാവിഷ്കാരങ്ങൾക്കുള്ള പങ്ക് ചെറുതല്ല.

പുരുഷ കേന്ദ്രീകൃത സ്വഭാവത്തിൽ ലോകത്ത് വ്യാപിക്കപ്പെട്ട കലാവിഷ്കാരമല്ല ഇസ്ലാമിക കലയിലെ അറബി കലിഗ്രഫി. കലിഗ്രഫിയുടെ തുടക്കം മുതൽ ഇന്നോളമുള്ള ചരിത്രം പരിശോധിച്ചാൽ സ്ത്രീകളുടെ ഈ മേഖലയിലെ പങ്കാളിത്തത്തിന് ഉദാഹരണങ്ങളേറെയാണ്. ഇന്ന് ലോകത്ത് പ്രസ്തുത കലയുടെ വ്യാപനത്തിൽ സ്ത്രീകളുടെ താല്പര്യവും വളർച്ചയും വിസ്മരിക്കാവതല്ല.

പ്രവാചകന്റെ വിയോഗത്തിന് ശേഷം ഖുർആൻ മനപ്പാഠമാക്കിയ സഹാബികൾ നിരവധി യുദ്ധങ്ങളിൽ കൊല്ലപ്പെടുന്ന സാഹചര്യം വന്നപ്പോഴാണ് യഥാർത്ഥത്തിൽ പല ഇടങ്ങളിലായി എഴുതി വെച്ച ഖുർആൻ ആയത്തുകൾ ഒരൊറ്റ ഖുർആൻ പ്രതിയായി ക്രോഡീകരിക്കണമെന്ന ചർച്ച മുസ്ലിംകൾക്കിടയിൽ ശക്തമായത്. അന്ന് തുടങ്ങിയ ഖുർആന്റെ ക്രോഢീകരണ പ്രവർത്തനങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയും പ്രഗത്ഭരായ ഖത്താതുകളിലൂടെയും വികാസം പ്രാപിച്ച് ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ വ്യാപിച്ചു. ലോകത്ത് അനന്തരസ്വത്ത് എന്ന നിലയിൽ തലമുറകളിലേക്ക് വ്യാപിക്കപ്പെടുന്ന കലാവിഷ്കാരങ്ങളിൽ മുൻപന്തിയിലാണ് അറബി കലിഗ്രഫി.

വിദ്യാസമ്പന്നരായ ആൺ-പെൺ കൂടായ്മയിലൂടെ ലോകത്ത് ഖുർആൻ പതിപ്പുകൾ ഇറക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക വാസ്തുവിദ്യ, കലിഗ്രഫി, ജിയോമെട്രി, പുരാവസ്തു ശാസ്ത്രം എന്നീ വിഷയങ്ങളിൽ സ്ത്രീകൾക്ക് കൃത്യമായ അവസരങ്ങളും ലഭിച്ചിരുന്നു. അഷിഫാ ബിൻത് അബ്ദുല്ലാഹ് അൽ അദവിയ്യ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന സ്വഹാബി വനിതയാണ് ചികിത്സാ വിധികൾ സ്ത്രീകളെ പഠിപ്പിക്കാൻ മദീനയിൽ ആദ്യമായി സ്കൂൾ സ്ഥാപിച്ചത് ഒപ്പം സ്ത്രീകളെ എഴുത്ത് പഠിപ്പിക്കാൻ ചുമതലപ്പെടുത്തിയതും. ഹഫ്‌സ ബിൻ ഉമർ അൽ ഖത്താബ് ആണ് എഴുത്ത് മേഖലയിലെ അഷിഫാ ബിൻത് അബ്ദുല്ലാഹ് അൽ അദവിയ്യയുടെ ശിഷ്യ .

പിന്നീടുള്ള കാലഘട്ടങ്ങളിൽ സ്ത്രീകൾ എഴുത്തു മേഖലയിലെ സ്ഥിരം സാന്നിധ്യമായി മാറി. ബസറയിൽ നിന്നുള്ള ഒറയ്ബ എന്ന വനിത മികച്ച കവിയും കലിഗ്രഫിയിൽ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്ത് പ്രശസ്തി നേടിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഉമയ്യ ഭരണാധികാരി അൽ മുസ്തൻ സിർ ബില്ലാ അൽ ഹക്കം രണ്ടാമന്റെ ദർബാറിലെ കലിഗ്രഫർമാരിൽ പ്രധാനികളായിരുന്നു ഫദൽ മൗലാത്ത് അബീ അയ്യൂബ്, ലുബ്ന ബിൻത്ത് അബ്ദുമൗലാ എന്നിവർ. ഖലീഫയുടെ നിർദ്ദേശപ്രകാരം ഔദ്യോഗിക കത്തുകൾ എഴുതി റോമൻ ഭരണാധികാരികൾക്ക് അയക്കാൻ ചുമതലപ്പെടുത്തിയ പ്രഗത്ഭ കലിഗ്രഫറായിരുന്നു ഫാത്തിമ ബിൻത്ത് അൽ ഹസൻ ബിൻ അലി അൽ ബഗ്ദാദി എന്ന വനിത. സ്വന്തം കൈപ്പടയിൽ ഖുർആൻ എഴുതിയ വ്യക്തിയാണ് ഇവർ. ‘ഫഖ്റു ന്നിസ’ എന്ന ചുരുക്കപ്പേരിൽ അറബി കലിഗ്രഫി മേഖലയിൽ പ്രശസ്തയായ സ്ത്രീയാണ് സുഹൈദ അൽ ദിന്നൂരിയ അൽ ബഗ്ദാദിയ. ഇബ്നു ബവ്വാബ് എന്ന ലോക കലിഗ്രഫി മസ്റ്ററിന്റെ ശിഷ്യനായ മുഹമ്മദ് ബിൻ മൻസൂർ ബിൻ അബ്ദുൽ മലിക്കിൽ നിന്ന് എഴുത്തുകല അഭ്യസിക്കാൻ ഭാഗ്യം ലഭിയ് വ്യക്തി കൂടിയാണ് പ്രസ്തുത വനിത. ഇബ്നു അൽ ബവ്വാബിന്റെ കുഫി എഴുത്തു രീതി കൂടുതൽ പരിപോഷിപ്പിക്കാൻ സുഹൈദ എന്ന വനിതക്ക് കഴിഞ്ഞിരുന്നു. “Death of Nobles” എന്ന ഇബ്നു ഖല്ലിക്കാന്റെ ഗ്രന്ഥത്തിൽ സുഹൈദയുടെ ചരിത്രം വരച്ചിടുന്നുണ്ട്. അബ്ബാസി കാലഘട്ടത്തിൽ എഴുത്തുകല അഭിവൃന്ദിയുടെ പരകോടിയിലെത്തി. 6 പ്രധാന എഴുത്തു ശൈലികൾ വികസിപ്പിച്ച് അക്കാലത്ത് ഇബ്നു മുഖ്ല ‘എഴുത്തുകലയുടെ പ്രവാചകനാ’യി മാറി. അബ്ബാസി ഖലീഫമാരിൽ അവസാനത്തെ ഭരണാധികാരി യാഖൂതിന്റെ കലിഗ്രഫിയിലെ അധ്യാപികയായി പേരെടുത്ത വ്യക്തിത്വമാണ് സൈനബ് അൽ ഷഹദ.

പ്രവാചക കാലം മുതൽക്കുള്ള ചരിത്ര നിരീക്ഷണത്തിൽ അറബി കലിഗ്രഫർമാരുടെ പേരുകളിൽ സ്ത്രീകളുടെ പേരുകൾ വരാത്തതിന് പിന്നിൽ, പേര് പരാമർശിക്കുന്നതിൽ സ്ത്രീകൾ കാണിച്ച ലജ്ജയാവാമെന്നും പല ചരിത്രകാരന്മാരും പറഞ്ഞുവെക്കുന്നുണ്ട്. മുസ്ലിം ഭരണം കയ്യാളിയിരുന്ന പ്രദേശങ്ങളിലെല്ലാം ഭരണാധികാരികളുടെ മക്കളെ ആൺ-പെൺ വ്യത്യാസമില്ലാതെ പഠിപ്പിക്കപ്പെട്ട വിജ്ഞാനീയങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു എഴുത്തുകല അഭ്യസിക്കുക എന്നത്. വ്യക്തി പ്രഭയുടെയും പ്രൗഢിയുടെയും ഭാഗമായ കലാവിഷ്കാരമാണ് അറബി കലിഗ്രഫി. ഒരു നാടിന്റെ ഔന്നിത്യത്തിന്റെ മുഖമുദ്രയായ കലാവിഷ്കാരമായും പല രാജ്യങ്ങളും കലിഗ്രഫിയെ പരിഗണിക്കാറുണ്ട്. ഇന്ത്യയിലെ ഡൽഹി മുഗൾ ചരിത്രത്തിൽ എണ്ണപ്പെട്ട കലിഗ്രഫി ആചാര്യമാരിൽ പോലും സ്ത്രീകളുടെ സാന്നിധ്യം നമുക്ക് വായിക്കാം.

മുസ്ലിം സ്പെയിന്റെ ചരിത്രത്തിൽ എല്ലാ പ്രധാന നഗരങ്ങളിലും വലിയ ലൈബ്രറികൾ സ്ഥാപിക്കപ്പെട്ടു. 170 ൽ അധികം സ്ത്രീകൾ കൊർദോവ കേന്ദ്രീകരിച്ചുള്ള ലൈബ്രറികളിൽ ഖുർആൻ പകർപ്പെഴുത്തു മേഖലയിൽ രാത്രി പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. അവരിൽ പ്രധാനിയായ ഐഷ എന്ന കൊർദോവയിലെ വനിതയുടെ പേരും പരാമർശത്തിനർഹമാണ്. ഇന്ന് കലിഗ്രഫി മേഖലയിൽ കൂടുതൽ പഠനങ്ങൾ നടക്കുന്ന രാജ്യമാണ് തുർക്കി. സ്ത്രീകൾ കലിഗ്രഫി പഠനത്തിനായി നിരന്തരം യാത്രകൾ തുർക്കിയിലേക്ക് നടത്തിവരുന്നുണ്ട്. ഹിലാൽ കസാൻ എന്ന തുർക്കിഷ് വനിത ഇസ്ലാമിക് ആർട്ടിൽ പി.എച്ച്. ഡി നേടി ഒപ്പം നസ്ഖ്, സുലുസ് എഴുത്തു ശൈലികളിൽ തുർക്കിയിൽ നിന്ന് ഇജാസയും നേടി.

ആധുനിക കാലത്ത് അറബി കലിഗ്രഫി രംഗത്ത് ഉയർന്നുവന്ന പ്രശസ്തരായ വനിതാ കലിഗ്രഫി മസ്റ്റേഴ്സാണ് ഗുൽനാസ് മഹബൂബ്, സൊറായ സൈദ്, നൂരിയ ഗാർഷിയ മാസിപ്പ് എന്നിവർ . ലണ്ടൻ കേന്ദ്രീകരിച്ച് അറബി കലിഗ്രഫി രംഗത്ത് മാറ്റങ്ങൾ കൊണ്ടു വന്ന വനിതയാണ് സൊറായ സൈദ്. ലണ്ടനിൽ താമസിച്ച് തുർക്കിയിൽ പോയി വർഷങ്ങളെടുത്ത് കലിഗ്രഫി സ്വയത്തമാക്കിയ വ്യക്തിയാണ് ഗുൽനാസ് മഹബൂബ്. ഫ്രാൻസിലെ സൊർബോൺ യൂണിവേഴ്സിറ്റിയിൽ അറബി കലിഗ്രഫിയിൽ റിസർച്ച് ചെയ്യുകയും കലിഗ്രഫി അഭ്യസിക്കുകയും ചെയ്ത വ്യക്തിയാണ് നൂരിയ ഗാർഷിയ മാസിപ്പ്. ഇന്ത്യയിലും വിശിഷ്യാ കേരളത്തിൽ ഖുർആൻ കയ്യെഴുത്ത് പ്രതികൾ ചെറിയ പ്രായത്തിൽ തന്നെ എഴുതുന്ന പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരുടെ എണ്ണം കൂടി വരുന്നത് വിസ്മരിക്കാവതല്ല.

അറബി കലിഗ്രഫിയുടെ എഴുതപ്പെട്ട ചരിത്രരേഖകളിൽ ഒരു പക്ഷെ ധാരാളം വനിതകളുടെ പേരുകളോ, അവരുടെ സംഭാവനകളോ രേഖപ്പെടുത്തപ്പെടണമെന്ന് നിർബന്ധമില്ല, പക്ഷെ ഇസ്ലാമിക നാഗരികതയുടെ ഉയർച്ചയിൽ സ്ത്രീകൾ നൽകിയ എഴുത്ത് കലയിലെ സംഭാവനകളെ അടർത്തി മാറ്റിചരിത്രത്തെ വായിക്കുക ചരിത്രത്തോടുള്ള നീതികേടാണ് .

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles