Current Date

Search
Close this search box.
Search
Close this search box.

അറബി കലിഗ്രഫിയിലെ അക്കാദമിക വായനകൾ

അറബി കലിഗ്രഫിയുടെ ചരിത്രം നിരവധി അക്കാദമിക വായനകൾ കൊണ്ട് സമ്പന്നമാണ്. അക്ഷരങ്ങളുടെ കലാവിഷ്കാരമായി മാത്രം അറബി കലിഗ്രഫിയെ നിർവചിക്കാൻ കഴിയുകയില്ല. ആദ്യകാല ഖത്താത്തുകൾ തങ്ങളുടെ ഗ്രന്ഥങ്ങളിലൂടെ കലിഗ്രഫിയുടെ ആത്മീയത, സൗന്ദര്യബോധം, ബോധന രീതിശാസ്ത്രം ലോകത്തിന് മുമ്പിൽ എന്നോ അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട് . അതിൻ്റെ ചുവട് പിടിച്ച് പിൽക്കാലത്ത് നടന്ന നിരവധി ഗവേഷണപരീക്ഷണങ്ങൾ കയ്യെഴുത്ത് കലക്ക് പുത്തനുണർവ് നൽകി എന്ന വസ്തുത വിസ്മരിക്കാവതല്ല.

ഈ മേഖലയിൽ പേരെടുത്ത പലരോടൊപ്പമുള്ള എൻ്റെ സംസാരങ്ങളിൽ ഓരോ വ്യക്തിയും പ്രസ്തുത കലാവിഷ്കാരത്തിന് നൽകിയ വ്യക്തിഗത സംഭാവനകൾ എത്രമാത്രമെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. തുനീഷ്യയിലെ പ്രശസ്തനായ അറബി കലിഗ്രഫറാണ് ഒമർ ജൊമ്നി. തൻ്റെ രാജ്യത്തെ പരമ്പരാഗത ഖത്തായ ഖത്തുൽ മഗ് രിബിയെ (الخط المغربي) പുനരാവിഷ്കരിച്ച വ്യക്തിയെന്ന നിലയിൽ ഇന്ന് ലോകത്ത് അറിയപ്പെടുന്ന പ്രമുഖ ഖത്താത്താണ് അദ്ദേഹം. കലിഗ്രഫിയുടെ സാമൂഹിക തലത്തെ കൃത്യമായി സമീപിക്കാനും തൻ്റെ ആശയങ്ങളെ വരകളിലൂടെ അവതരിപ്പിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ പുതുതലമുറ പിൻപറ്റേണ്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ‘Tunisia rediscovers traditional art of Calligraphy’ എന്ന തലക്കെട്ടിൽ ഒമർ ജൊമ്നിയുടെ പ്രവർത്തനങ്ങളെ മാധ്യമങ്ങൾ സമീപിച്ച രീതി മേൽപരാമർശിച്ച വ്യക്തിഗത സംഭാവനയെ മുൻനിർത്തിയായിരുന്നു. തൻ്റെ രാജ്യത്തിൻ്റെ പൈതൃക സമ്പത്തുകളിൽ മൂല്യവത്തായി കണക്കാക്കപ്പെടുന്ന പരമ്പരാഗത ഖത്തിനെ പരിഭോഷിപ്പിച്ച വ്യക്തി എന്ന നിലയിൽ International German Cultural Centre (IGCC) 2018 ൽ ഈ മേഖലയിലെ സേവനങ്ങൾക്ക് ഒമർ ജൊമ്നിയെ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.

വരകൾക്കപ്പുറം അറബി കലിഗ്രഫിയുടെ അക്കാദമിക വായനകളിലൂടെ ലോക ശ്രദ്ധയാകർഷിച്ച വ്യക്തികളാണ് ഡോ. ബിലാൽ ബദത്ത്, നൂരിയ ഗാർഷിയ മാസിപ് തുടങ്ങിയവർ. മാത്രമല്ല ലോകത്ത് ഉയർന്ന് വന്ന വ്യത്യസ്ത ഖത്തുകളെക്കുറിച്ച് ഗവേഷണം നടത്തുന്നവരുടെ കൂട്ടായ്മയിൽ ഉയർന്നു വന്ന നിരവധി റിസർച്ച് സെൻ്ററുകൾ, അക്കാദമിക പഠനങ്ങൾ സാധ്യമാക്കുന്ന പരിശീലന കളരികൾ, പ്രഗൽഭരായ ഖത്താത്തുകളുടെ കീഴിൽ കലിഗ്രഫി പഠനങ്ങൾ, കലിഗ്രഫി ഹെറിറ്റേജ് യാത്രകൾ, അറബി ഭാഷക്ക് പുറമെ ലോകത്തെ സെമിറ്റിക് ഭാഷകളായി അറിയപ്പെടുന്ന ഹിബ്രു, സുറിയാനി ഭാഷകളിലെ കൈയ്യെഴുത്ത് കലയെക്കുറിച്ച താരതമ്യ പഠനങ്ങൾ തുടങ്ങി അറബി കലിഗ്രഫിയുടെ വ്യത്യസ്ത തലങ്ങളെ പരിചയപ്പെടാൻ അവസരങ്ങൾ ലോകത്തിന്ന് നിരവധിയാണ്. ആർക്കിടെക്ച്ചർ, ആർക്കിയോളജി വിഭാഗങ്ങളിൽ ലിപികളുടെ വികാസവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ പോലും അറബി കലിഗ്രഫി ഒഴിച്ചുകൂടാനാവാത്ത ഭാഗമായി വരുന്നത് പ്രസ്തുത കലാവിഷ്കാരത്തിൻ്റെ സ്വാധീനവും പ്രാധാന്യവും വിളിച്ചോതുന്നുണ്ട്.

The Splendor of Islamic Calligraphy, Calligraphy Art in Mughal Architecture, Islamic Calligraphy (Y.H Safadi), Calligraphy and Islamic Culture (Anneimaria Schimmel) അറബി കലിഗ്രഫി ആർടിസ്റ്റ് അഹ്മദ് മുസ്തഫയും സ്റ്റീഫൻ സ്പേളും എഴുതിയ “The Cosmic Script: Sacred Geometry and the Science of Arabic Penmanship”, Islamic Calligraphy ( Dr. A.Shimmel) തുടങ്ങി നിരവധിയായ പഠനങ്ങൾ അറബി കലിഗ്രഫിയുടെ അക്കാദമിക വായനകളിലേക്ക് വെളിച്ചം വീശുന്നു. കയ്യെഴുത്ത് കല ആദ്യം വികാസം പ്രാപിച്ച ചൈനയിലെ കലിഗ്രഫിയുടെ ചരിത്രവും വർത്തമാനവും വായിക്കപ്പെടേണ്ടതാണ്. ലോകത്തെ പ്രഗത്ഭനായ ചൈനീസ്- അറബി കലിഗ്രഫർ ഹാജി നൂറിൻ്റെ ചൈനീസ് ഭാഷയിലുള്ള ഗ്രന്ഥങ്ങൾ ചൈനയിലെ മിംഗ് കാലം മുതലുള്ള അറബി കലിഗ്രഫിയുടെ വികാസം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ‘Arabic Calligraphy in the Chinese Tradition’ ഇദ്ദേഹത്തിൻ്റെ പ്രശസ്ത ഗ്രന്ഥമാണ്.

ഖുർആൻ്റ illumination രംഗത്തുള്ള പഠനങ്ങൾ ഉദാഹരണമായെടുത്താൽ ഖത്തു കൂഫിയിൽ തുടങ്ങിയ ഖുർആൻ്റെ എഴുത്തു ശൈലിയിൽ കാലാന്തരത്തിൽ വന്ന മാറ്റങ്ങൾ, ഉമവി, അബ്ബാസി കാലഘട്ടത്തിൽ ഉയർന്നു വന്ന Blue Quran ലെ illumination ൻ്റെ ചർച്ചകൾ, Cursive Script ലേക്ക് പരിവർത്തനം ചെയ്ത അറബി എഴുത്ത് രീതിയുടെ തലമുറ മാറ്റം, വ്യത്യസ്ത നാടുകളിലെ ഖുർആൻ കയ്യെഴുത്ത് പ്രതികളെക്കുറിച്ച Manuscript Studies ന് കീഴിലുള്ള ആഴത്തിലുള്ള ഗവേഷണങ്ങൾ എന്നിവ ഖുർആൻ മുൻ നിർത്തിയുള്ള അറബി കലിഗ്രഫിയുടെ പഠന മേഖലങ്ങളാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിൻ്റെ സഹായത്തോടെ The Nour Foundation പ്രസിദ്ധീകരിച്ച ‘The Nassar D.Khalil Collection of Islamic Art’ എന്ന ഗ്രന്ഥത്തിൽ 17 മുതൽ 19 വരെ നൂറ്റാണ്ടിൽ കണ്ടെത്തിയ ഖുർആൻ്റ കയ്യെഴുത്ത് കോപ്പികളുടെ വിവിധ രാജ്യങ്ങളുമായുള്ള കൈമാറ്റ ചരിത്രങ്ങൾ ചരിത്ര പശ്ചാത്തലത്തോടെ അടയാളപ്പെടുത്തിയത് കാണാം. വരയും വായനയും സമന്വയിപ്പിച്ച രീതിശാസ്ത്രം തന്നെയാണ് അറബികലിഗ്രഫിയെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങൾ.

Related Articles