Current Date

Search
Close this search box.
Search
Close this search box.

‘ഇന്തോ- ഇസ്ലാമിക് വാസ്തുവിദ്യ’യും സമകാലിക ഇന്ത്യൻ സാഹചര്യവും

ഇന്ത്യയിലെ പരമ്പരാഗത വാസ്തുവിദ്യ രീതികളെ ഇസ്‌ലാമിക വാസ്തുവിദ്യ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന ഗഹനമായ പഠനങ്ങൾ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ഇന്ത്യയിലെ വാസ്തുവിദ്യ പഠനശാഖയിൽ ഉപയോഗിക്കുന്ന ‘ഇന്തോ – ഇസ്‌ലാമിക്’ എന്ന പ്രയോഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ട് സംസ്കാരങ്ങളുടെ ഉൾചേരലിൻ്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്. 

ഇന്ത്യക്ക് പുറമെ മുസ്ലിം സ്പെയിനിലൂടെ യൂറോപ്പിലെത്തിയ ഇസ്‌ലാമിക വാസ്തുവിദ്യയും (Euro-Islamic Architecture), ചൈനയിൽ തദ്ദേശീയമായി വികാസം പ്രാപിച്ചതും പരമ്പരാഗതവുമായ വാസ്തുവിദ്യാ രീതികളെ സ്വാധീനിച്ച ഇസ്ലാമിക വാസ്തുവിദ്യ രീതികളും, (Sino-Islamic Architecture), ആഫ്രിക്കയിലെ വാസ്തുവിദ്യാ ശൈലികൾക്ക് കരുത്തുപകർന്ന ഇസ്‌ലാമിക വാസ്തുവിദ്യ നിർമാണ രീതികളുമെല്ലാം  (Afro-Islamic Archiceture), ലോകത്ത് ഇസ്ലാം എത്തിപ്പെട്ട രാജ്യങ്ങളിലും പ്രദേശങ്ങളിലും അക്കാലത്ത് നിലനിന്ന വാസ്തുവിദ്യ ശൈലികളെ എത്രമാത്രം ആഴത്തിലാണ് ഇസ്‌ലാമിക കലാവിഷ്കാരങ്ങൾ സ്വാധീനിച്ചതെന്ന് മനസിലാക്കിത്തരുന്നുണ്ട്.

 

ഇന്ത്യയിൽ പലയിടങ്ങളിലായി വ്യത്യസ്ത മുസ്ലിം ഭരണാധികാരികൾക്ക് കീഴിൽ പടത്തുയർത്തപ്പെട്ട പള്ളികളുടെ നിർമാണ രീതികളെ ഓരോ പ്രദേശത്തിൻ്റെയും പരമ്പാരാഗത കലാവിഷ്കാരങ്ങൾ കൃത്യമായി സ്വാധീനം ചെലുത്തിയതായി കാണാം. അതിൽ ഹിന്ദു അമ്പലങ്ങളുടെ വാസ്തുവിദ്യ ശൈലികളിലെ ഏതെങ്കിലും പ്രത്യേകമായ കലാവിഷ്കാരങ്ങളോ വാസ്തുവിദ്യ രീതികളോ പള്ളികളെ സ്വാധീനിച്ചിട്ടുണ്ടാവാം എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ അതിനർത്ഥം അവിടെ എപ്പോഴോ നിലനിന്നിരുന്ന അമ്പലം തകർത്ത് പള്ളി നിർമിച്ചു എന്നല്ലല്ലോ?

പരസ്പരം കൈമാറ്റം ചെയ്യപ്പെടുകയോ സ്വാധീനിക്കപ്പെടുകയോ ചെയ്ത ഇത്തരം വാസ്തുവിദ്യ ശൈലികകളെയാണ് ‘ഇന്തോ – ഇസ്‌ലാമിക് ‘വാസ്തുവിദ്യ എന്ന പ്രയോഗത്തിലൂടെ യഥാർത്ഥത്തിൽ ചരിത്രം ലക്ഷ്യം വെച്ചത്.  എന്നാൽ പിൽക്കാല ചരിത്രവായനകളിൽ ഒരു കൂട്ടർ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാവുന്ന മതചിഹ്നങ്ങളെ മാത്രം വേർതിരിച്ച് രൂപപ്പെടുത്തിയ ചരിത്ര വസ്തുതകളെയാണ് ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങൾ പോലും വില കൽപിക്കുന്നുവെന്നത് ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്. 

അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം പ്രൊഫസർ സയ്യിദ് അലി നദീം റസ‍‍വിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. റസവി പറയുന്നത് ഇപ്രകാരമാണ്:  “പള്ളികളും അമ്പലങ്ങളും തിരിച്ചറിയാൻ പ്രയാസകരമാവും വിധം ഒരേ നിർമാണ ശൈലികൾ പിന്തുടരുന്ന സ്ഥലങ്ങൾ ഗുജറാത്തിലുണ്ട്. അയോധ്യയുടെ കാര്യമെടുത്താൽ പള്ളികളുടെ കുംഭഗോപുരങ്ങളോട് ഏറെ സാദൃശ്യമുള്ള കുംഭഗോപുരങ്ങളാൽ സമ്പന്നമായ അമ്പലങ്ങളും നിങ്ങൾക്ക് അവിടെ കാണാം”.  പരസ്പരം കൊടുക്കൽ വാങ്ങലുകളിലൂടെ വളർന്ന് വന്ന പാരമ്പര്യമാണ് ഇന്തോ- ഇസ്ലാമിക് വാസ്തുവിദ്യ എന്ന പ്രയോഗത്തിലൂടെ വരച്ചിടുന്നതെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. 

ദില്ലിയിലെ ഫിറോസ് ഷാ കോട്ടയിൽ നിർമിക്കപ്പെട്ട ജാമി മസ്ജിദും തൊട്ടടുത്ത് മൗര്യ രാജാവ് അശോകന്‍റെ പാലിയിലെ അംബാലയിൽ നിന്ന് കൊണ്ട് വന്ന് ഫിറോസ് ഷാ തുഗ്ലക്കിൻ്റെ കാലത്ത് കോട്ടക്കകത്ത് നാട്ടിയ അശോക സ്തൂപവും ഒരേ കോട്ടയിലെ രണ്ട് വ്യത്യസ്ത സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്. മുസ്ലിം ഭരണവർഗങ്ങൾ ഹിന്ദുമതാചാര ചിഹ്നങ്ങൾക്ക് നൽകിയ പ്രാധാന്യത്തിൻ്റെ ഉത്തമോദാഹരണമാണ് തുഗ്ലക്കാബാദിലെ ഗിയാസുദ്ധീൻ തുഗ്ലക്കിൻ്റെ മഖ്ബറയുടെ കുംഭഗോപുരത്തിന് മുകളിലുള്ള കലശ്’. 

ഇത്തരം വാസ്തുവിദ്യാ രീതികൾ കേരളത്തിലെ പൗരാണിക മുസ്ലിം പള്ളികളിലെ വാതിൽപ്പടി മാതൃകകളിൽ ഇന്നും ദൃശ്യമാണ്. ഇന്ത്യയിലെ ആദ്യകാല പള്ളികളിലൊന്നായ ഖുവ്വതുൽ ഇസ്‌ലാം മസ്ജിദിൻ്റെ മുൻവശം ഇസ്‌ലാമിക വാസ്തുവിദ്യാ രീതിയിലാണെങ്കിലും അതിൽ ചെയ്തിട്ടുള്ള പുഷ്പാലങ്കാര മാതൃകകൾ ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രതീകമായവയാണ്. ഇന്തോ- ഇസ്ലാമിക് വാസ്തുവിദ്യയുടെ ഉദാഹരണങ്ങളായി  ഇന്ത്യൻ പുരാവസ്തു വിഭാഗം തന്നെ അടയാളപ്പെടുത്തിയ ചില ചരിത്രരേഖകളാണ് മേൽ പരാമർശിച്ചത്. 

ചരിത്രത്തിൽ വാസ്തുവിദ്യയുടെ ലോക വിപണി കയ്യടക്കി വെച്ചവരാണ് മുസ്ലിംകൾ. അതിന് ശക്തി പകരും വിധം ഈയടുത്ത് ‘How Islamic Architecture shaped Europe’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട  ഡയാന ഡാർക്ക് എഴുതിയ പുസ്തകം യൂറോപ്പിൻ്റെ ചർച്ച് നിർമാണങ്ങളിൽ പോലും സ്വാധീനം ചെലുത്തിയ ഇസ്‌ലാമിക വാസ്തുവിദ്യയുടെ എടുകളെക്കുറിച്ച് കൃത്യമായ വിവരണം നൽകുന്നുണ്ട്. ‘How Islam Shaped British Architecture’ എന്ന തലക്കെട്ടിൽ ഉയർന്നുവരുന്ന പഠനങ്ങൾ കൂടി ഇതോടൊപ്പം ചേർത്ത് വായിക്കപ്പെടേണ്ടതാണ്. ഏഷ്യയിലും, യൂറോപ്പിലും ആഫ്രിക്കയിലും സ്വാധീനം ചെലുത്തിയ ഇസ്ലാമിക വാസ്തുവിദ്യ (Islamic Architecture ) മേൽ പരാമർശിച്ച പ്രദേശങ്ങളിലെ പ്രധാന യൂണിവേഴ്സിറ്റികളിൽ ഇന്ന് ഒഴിച്ചുകൂടാനാവാത്ത സുപ്രധാനപഠന വിഷയമാണ് എന്ന വസ്തുത കൂടി പറഞ്ഞുവെക്കട്ടെ..

ദില്ലി കീഴടക്കി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭരണം നടത്തിയ മുസ്ലിം ഭരണാധികാരികളുടെ വേരുകൾ ചെന്നെത്തുന്ന ഇറാനും, തുർക്കിയും മധ്യേഷ്യയിലെ മറ്റിതര രാജ്യങ്ങളും ഏറ്റവും മനോഹര നിർമിതികളിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തിയിട്ടുള്ളവരാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിർമിക്കപ്പെട്ട പള്ളികൾ, കോട്ടകൾ, മഖ്ബറകൾ എന്നിവയുടെ നിർമാണത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ നേതൃത്വം നൽകിയവരിൽ തദ്ദേശീയരോടൊപ്പം നല്ലൊരു ശതമാനവും മധ്യേഷ്യയിൽ നിന്നുള്ള കലാകാരന്മാരും ലോകത്ത് അന്നറിയപ്പെട്ട വാസ്തുവിദ്യ വിദഗ്ദരുമാണ്.  അതുകൊണ്ട് തന്നെയാണ് വർഷങ്ങളിത്ര കഴിഞ്ഞിട്ടും താജ്മഹലിൻ്റെയും ഖുതുബ് മിനാറിൻ്റെയും പ്രൗഢിക്ക് വെല്ലുവിളി ഉയർത്താൻ കഴിയും വിധം അത്തരം ഒരു നിർമിതി സ്വതന്ത്ര ഇന്ത്യയിൽ സൃഷ്ടിക്കപ്പെടാത്തത്. 

ബി.ജെ.പി അധികാരത്തിൽ കയറിയതിന് ശേഷം മാത്രം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന കലാപങ്ങളിലും അല്ലാതെയും തകർക്കപ്പെട്ട മുസ്ലിം പള്ളികളുടെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയെന്ന രാജ്യത്തിൻ്റെ ഗമനം ഏത് ദിശയിലേക്കാണെന്ന് കൃത്യമായി മനസിലാക്കാം.

Related Articles