ദില്ലി സുൽത്താന്മാരു കാലഘട്ടം മുതൽക്ക് ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തേക്കാളും ദില്ലി എന്ന ഭരണ സിരാ കേന്ദ്രത്തെ മനോഹരമായി സംവിധാനിക്കുന്നതിൽ മത്സരിച്ചവരാണ് മുസ്ലിം ഭരണാധികാരികളധികവും. അക്കാലത്തെ പ്രധാന നഗര സമുച്ഛയങ്ങളായി ചരിത്രം പോലും വാഴ്ത്തിപ്പാടിയ സമർഖന്ത്, ഇസ്ഫഹാൻ, ഖുറാസാൻ, തിബ്രീസ് എന്നീ നഗരങ്ങളോട് കിടപിടിക്കത്തക്കവണ്ണം ദില്ലിയെ പ്രാപ്തയാക്കിയതും ദില്ലി. – മുഗൾ കാലഘട്ടത്തിന്റെ മേന്മകളായി വിലയിരുത്തപ്പട്ട വസ്തുതകളാണ്. ദില്ലിയിലെ പോലെ തന്നെ ഇന്ത്യയിലെ മറ്റിടങ്ങളിലും സ്ത്രീകളുടെ മേൽനോട്ടത്തിൽ നിർമിക്കപ്പെട്ട അപൂർവ്വ മന്ദിരങ്ങളും പള്ളികളും കോട്ടകളും ഇന്നും കാണാം. നൂർജഹാൻ ആഗ്രയിൽ ഇത്തിമാദുദ്ദൗളക്കായി നിർമിച്ച മഖ്ബറ , ജോൺപൂരിലെ ലാൽ ദർവാസ മസ്ജിദ്, കൊൽക്കത്തയിലെ ദക്ഷിണേഷ് വർ കാലി മന്ദിർ, ഗുൽമർഗിലെ ശ്രീ മോഹിനീഷ്വര ശിവാലയ്, കർണാടകത്തിലെ മിർജാൻ കോട്ട എന്നിവ മേൽപരാമർശിച്ചവക്ക് ഉദാഹരണങ്ങളാണ്.
ഇൽതുമിഷ്, അലാവുദ്ധീൻ ഖിൽജി, ഫിറോസ് ഷാ തുഗ്ലക്ക്, അക്ബർ, ഷാജഹാൻ എന്നിവരുടെ കാലഘട്ടമാണ് ദില്ലിയിൽ കൂടുതൽ പ്രൗഢമായ മണിമന്ദിരങ്ങൾക്കും കോട്ടകൊത്തളങ്ങൾക്കും ജന്മം നൽകിയത്. എന്നാൽ മേൽ പറഞ്ഞ പേരുകളോടൊപ്പമോ അല്ലെങ്കിൽ അതിന് മുകളിലോ സ്ഥാനം നൽകപ്പെടേണ്ട സ്ത്രീ രത്നങ്ങളും ദില്ലിയെ അണിയിച്ചൊരുക്കിയ മണവാട്ടിമാരായിരുന്നു. ഷാജഹാൻ നിർമിച്ച ജമാമസ്ജിദും ചെക്കോട്ടയും കഴിഞ്ഞാൽ സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ദില്ലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ‘ദില്ലിയിലെ താജ് മഹൽ’ എന്നറിയപ്പെടുന്ന ഹുമയൂൺ ടോംബും പുരാനി ദില്ലിയിലെ പഴയ മാർക്കറ്റ് സമുച്ഛയങ്ങളാൽ സമ്പന്നമായ ചാന്ദ്നി ചൗക്കും. ഈ രണ്ട് പ്രദേശങ്ങളുടെയും നിർമാണവും ആകാരഭംഗിയും രണ്ട് സ്ത്രീ രത്നങ്ങളുടെ സംഭാവനയായി ചരിത്രത്തിൽ എഴുതപ്പെട്ടതാണ്. ഹുമയൂണിന്റെ ഭാര്യ ഹാജി ബീഗം, ഷാജഹാന്റെ മകൾ ജഹനാര എന്നിവരാണ് യഥാക്രമം ഹുമയൂൺ ടോംബും, ചാന്ദ്നി ചൗക്കും ദില്ലിക്ക് സമ്മാനിച്ചത്.


ദില്ലിയുടെ മുസ്ലിം ഭരണചരിത്രം വായിച്ചു തുടങ്ങുമ്പോൾ തന്നെ ചരിത്രത്തെ അദ്ഭുതപ്പെടുത്തിയ റസിയ സുൽത്താന കടന്നു വരുമെന്ന് തീർച്ചയാണ്. ഇൽത്തു മിഷിന്റെ മകൾ റസിയയാണ് ദില്ലിയിലെ ആദ്യത്തെ സുൽത്താനയായി അവതരിച്ച സ്ത്രീ. ഇൽത്തു മിഷിന്റെ പിൻഗാമികളായ ആൺമക്കൾക്ക് ഭരണത്തിൽ അത്രകണ്ട് ശോഭിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ റസിയയിലേക്ക് ദില്ലിയുടെ ഭരണം ചെന്നെത്തുകയായിരുന്നു. തുറന്ന കോടതികളിലും ദർമ്പാറുകളിലും പുരുഷനെപ്പോലെ ഭരണകാര്യങ്ങൾ നിയന്ത്രിച്ച റസിയ യുദ്ധം നയിക്കുകയും ചെയ്തതായി ചരിത്രം വരച്ചിടുന്നു. ഇൽത്തുമിഷ് ദില്ലിയിൽ ആരംഭിച്ച ‘നസ് രിയ’ കോളേജ് പുരോഗതിയുടെ അത്യുന്നതിയിലെത്തിയത് റസിയ സുൽത്താനയുടെ ഭരണകാലത്താണ്.
മുഗൾ കാലഘട്ടത്തിൽ കൂടുതൽ വികസന മാതൃകകൾക്ക് ദില്ലി സാക്ഷിയായി. 1556 ൽ മരണപ്പെട ഹുമയൂണിന്റെ ഓർമക്കായി ഏഴ് വർഷക്കാലത്തെ നീണ്ട കാലയളവിൽ കൃത്യം 1572 ൽ ഹുമയൂണിന്റെ ഭാര്യ ഹാജി ബീഗത്തിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും നിർമിക്കപ്പെട്ട മഖ്ബറയാണ് ഹുമയൂൺ ടോംബ്. ആരാലും തുണയില്ലാതെ മക്കയിലേക്ക് തനിച്ച് യാത്ര ചെയ്ത് പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച മുഗൾ കാലഘട്ടത്തിലെ ആദ്യത്തെ സ്ത്രീയാണ് ബേഗാ ബീഗം. ചരിത്രത്തിൽ ഹാജി ബീഗം എന്ന പേരിൽ അവർ പ്രശസ്തയായതും അതുകൊണ്ടു തന്നെയാണ്. ഹജ്ജ് നിർവഹിച്ച് ദില്ലിയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഹാജി ബീഗം ഹുമയൂൺ ടോംബിന്റ നിർമാണം ആരംഭിച്ചത്. ഇന്ന് യുനൊസ്കൊയുടെ പ്രൈതൃക ചരിത്ര പട്ടികയിൽ ഉൾപ്പെട്ട പ്രധാന ചരിത്ര പ്രാദേശമാണ് ഹുമയൂൺ ടോംബ്.
ദില്ലിയിലെ ചാന്ദ്നി ചൗക്കിനെ പ്രൗഢമായി സംവിധാനിച്ച ഷാജഹാന്റെ പുത്രി ജഹനാരയുടെ ചരിത്രവും ദില്ലിയിലെ സ്ത്രീ സംഭാവനകളിൽ മികച്ചതാണ്. നിറയെ വൃക്ഷങ്ങളാൽ അലംകൃതമായ നഗരിയെക്കുറിച്ച് ബ്രിട്ടീഷ് മേധാവികൾ പോലും പ്രശംസിച്ചത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ചാന്ദ്നി ചൗക്കിനോട് ചേർന്ന് ജഹനാര നിർമിച്ച ഗാർഡൻ പിന്നീട് ബ്രിട്ടീഷുകാർ പേരു മാറ്റി ‘കമ്പനി ബാഗ്’ എന്നാക്കുകയാകുന്നു. ‘മഹാത്മാ ഗാന്ധി പാർക്ക്’ എന്നാണ് ഇപ്പോൾ പ്രസ്തുത ഗാർഡൻ അറിയപ്പെടുന്നത്.


ദില്ലിയിൽ യൂറോപ്യൻ മാതൃകയിൽ പാലസ് നിർമിച്ച വനിതയാണ് ബീഗം സമ്‌റു. ചാന്ദ്നി ചൗക്കിലാണ് പ്രസ്തുത പാലസ് നിർമിക്കപ്പെട്ടത്. ദില്ലിയിലെ ഷോപ്പിംഗ് കോംപ്ലക്സ്കളും ഗോഡൗണുകളുമായി പഴയ കാല യൂറോപ്യൻ പാലസ് ഇന്ന് മാറിക്കഴിഞ്ഞു.
1562 – 64 കാലഘട്ടത്തിൽ അക്ബറിന്റെ പരിചാരികയും കോടതി വ്യവഹാരങ്ങളിൽ കൃത്യമായ സ്വാധീനം ചെലുത്തുകയും ചെയ്ത മഹം അങ്ക നിർമിച്ച ‘ഖൈറുൽ മനാസിൽ’ എന്ന പള്ളിയാണ് ദില്ലിയിലെ സ്ത്രീ സംഭാവനകളിൽ എടുത്തു പറയേണ്ട മറ്റൊന്ന്. മദ്റസയായി കൂടി ഉപയോഗപ്പെടുത്തിയ പ്രസ്തുത പള്ളി വെള്ളിയാഴ്ച്ച നമസ്കാരങ്ങൾക്കായി മാത്രമേ ഇന്ന് തുറന്നുകൊടുക്കാറുള്ളൂ. പള്ളി നിർമാണത്തിനായി മേൽനോട്ടം വഹിച്ച മഹം അങ്കയുടെ പേര് പളളിയുടെ പ്രധാന ചുവരിൽ സുലുസ് എഴുത്തു ശൈലിയിൽ കൊത്തിവെക്കപ്പെട്ടതായി കാണാം.
ദില്ലിയിലെ പ്രധാനപ്പെട മാറ്റാരു ആകർഷണമാണ് ദില്ലിയിലെ രണ്ടാമത്തെ വലിയ പള്ളിയായ ഫത്തേഹ്പുരി മസ്ജിദ് . ഷാജഹാന്റെ ഭാര്യമാരിലൊരാളായ ഫത്തേഹ്പുരി ബീഗമാണ് പ്രസ്തുത പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. 1857 ലെ സ്വതന്ത്ര പോരാട്ട വേളയിൽ പ്രസ്തുത പള്ളി ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ പട്ടാളക്കാരെ സംസകരിച്ചതും ഫത്തേഹ്പുരി പള്ളിയുടെ ഖബർസ്ഥാനിലാണ്. ഷാജഹാന്റെ മറ്റു ഭാര്യമാരായ അക്ബറാബാദി ബീഗവും സിർഹിന്ദി ബീഗവും ദില്ലിയിലെ ഷാജഹാനാബാദിൽ നിർമിച്ച പള്ളികളും ഇതോടൊപ്പം ചേർത്ത് വെക്കേണ്ടതാണ്. പിൽക്കാലത്ത് ഔറംഗസേബിന്റെ ഭാര്യ ഔറംഗാബാദി ബീഗം 1703 ൽ ഷാജഹാനാബാദിലെ ലാഹോരി കവാടത്തിനോട് ചേർന്ന് പണിത പള്ളിയും ചരിത്രത്തിൽ ഇടം നേടിയിരുന്നു. ചെങ്കോട്ടയുടെ ദില്ലി കവാടത്തിന് പുറത്ത് നിർമിക്കപ്പ ഖുദ്സിയ ബീഗത്തിന്റെ സുനഹരി മസ്ജിദ് (1750-51) ഔറംഗസേബിന്റെ രണ്ടാമത്തെ മകൾ സീനത്തുന്നിസ നിർമിച്ച സീനത്തുൽ മസ്ജിദ് (1707 ) , 1729 ൽ നിർമിക്കപ്പെട്ട ഫഖ്റുൽ മസാജിദ് തുടങ്ങി നിരവധി പള്ളികൾ 1857 ലെ പോരാട്ടത്തോടെ തകർക്കപ്പെടുകയോ മറ്റേതെങ്കിലും സംവിധാനങ്ങളായി മാറ്റപ്പെടുകയോ ഉണ്ടായി.


ദില്ലിയിൽ മുസ്ലിം ഭരണകാലഘട്ടങ്ങളിൽ നിർമിക്കപ്പെട്ട ഒട്ടനവധി മന്ദിരങ്ങൾ, പള്ളികൾ, തെരുവുകൾ, മഖ്ബറകൾ എന്നിവയുടെ ചരിത്രം തേടിപ്പോയാൽ ഒരുപക്ഷെ അദ്ഭുതപ്പെടുത്തുന്ന വസ്തുതകൾ മുന്നിൽ തെളിഞ്ഞു വരുമെന്ന് തീർച്ചയാണ്. സ്ത്രീകളുടെ സംഭാവനകൾ കൊണ്ട് സമ്പന്നമായ ദില്ലി നഗരത്തിന്റെ പ്രതാപകാലം എങ്ങനെയായിരിക്കാം സംവിധാനിക്കപ്പെട്ടിട്ടുണ്ടാവുക എന്ന് മേൽപരാമർശിച്ച ചരിത്ര വസ്തുതകളെ ആഴത്തിൽ പഠിച്ചാൽ മതിയാകുന്നതാണ്.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0