Current Date

Search
Close this search box.
Search
Close this search box.

മൂസാ-ഖദിര്‍ സംഭവത്തിലെ സങ്കീര്‍ണമായ ഒരു വലിയ പ്രശ്‌നം

ഈ കഥയില്‍ സങ്കീര്‍ണമായ ഒരു വലിയ പ്രശ്‌നമുണ്ട്. അത് പരിഹരിക്കേണ്ടതാവശ്യമാണ്. ഹ. ഖദിര്‍ ചെയ്തിട്ടുള്ള മൂന്ന് കാര്യങ്ങളില്‍ മൂന്നാമത്തേത് ശരീഅത്തുമായി ഇടയുന്നില്ലെങ്കിലും ആദ്യത്തെ രണ്ടു കാര്യങ്ങളും മനുഷ്യാരംഭം തൊട്ടിന്നോളം എല്ലാ ദൈവികശരീഅത്തുകളിലും സ്ഥിരപ്പെട്ടുവന്ന നിയമങ്ങളുമായി തീര്‍ച്ചയായും കൂട്ടിമുട്ടുന്നുണ്ട്. അന്യന്റെ കൈവശത്തിലുള്ള വസ്തു കേടുവരുത്താനോ നിര്‍ദോഷിയായ ഒരാത്മാവിനെ വധിക്കാനോ ഒരു ശരീഅത്തും ഒരാള്‍ക്കും അനുവാദം നല്‍കുന്നില്ല. ഒരു വഞ്ചി യാത്രാമധ്യേ ഒരക്രമിയാല്‍ പിടിച്ചെടുക്കപ്പെടുമെന്നോ ഇന്ന കുട്ടി വലുതായാല്‍ ധിക്കാരിയും അവിശ്വാസിയുമായിത്തീരുമെന്നോ ദിവ്യബോധനം വഴി ഒരാള്‍ക്ക് അറിയാന്‍ കഴിഞ്ഞെന്നു വെക്കുക. എന്നാല്‍പ്പോലും തന്റെ ദിവ്യജ്ഞാനത്തെ ആസ്പദമാക്കി വഞ്ചി ഓട്ടപ്പെടുത്താനോ നിരപരാധിയായ കുട്ടിയെ കൊലപ്പെടുത്താനോ ദൈവത്തിങ്കല്‍നിന്നു ലഭിച്ച ഒരു ശരീഅത്തുപ്രകാരവും അയാള്‍ക്കു പാടുള്ളതല്ല. ഇതിന് മറുപടിയായി ഖദിര്‍ ഈ രണ്ട് കാര്യങ്ങളും ചെയ്തിരുന്നത് അല്ലാഹുവിന്റെ കല്പനപ്രകാരമാണെന്ന വാദം പ്രശ്‌നത്തിന് ഒട്ടുംതന്നെ പരിഹാരമാകുന്നില്ല. ഹ. ഖദിര്‍ ഈ കാര്യങ്ങള്‍ ആരുടെ ആജ്ഞാനുസാരം ചെയ്തുവെന്നതല്ല പ്രശ്‌നം. അതു ദൈവികശാസനപ്രകാരമായിരുന്നു എന്നു ഖണ്ഡിതമായി സ്ഥിരപ്പെട്ടതാണ്. കാരണം, തന്റെ ഈ പ്രവൃത്തികള്‍ സ്വാധികാരമുപയോഗിച്ചായിരുന്നില്ല. ദൈവകാരുണ്യമാണതിന് പ്രേരകമായി വര്‍ത്തിച്ചത് എന്ന് ഹ. ഖദിര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു അത് സത്യപ്പെടുത്തി പറയുകയും ചെയ്തിരിക്കുന്നു. അതായത്, ഖദിറിന് അല്ലാഹുവിങ്കല്‍നിന്ന് ഒരു സവിശേഷജ്ഞാനം ലഭിച്ചിരുന്നുവെന്ന്. അതിനാല്‍, കാര്യങ്ങള്‍ ചെയ്തിരുന്നത് അല്ലാഹുവിന്റെ ആജ്ഞയനുസരിച്ചായിരുന്നു എന്നത് ഒട്ടുമേ സംശയമില്ലാത്തതാണ്. പക്ഷേ, അല്ലാഹുവിന്റെ ഈ സവിശേഷ നിയമങ്ങളുടെ സ്വഭാവമെന്ത്? അതാണിവിടെ ഉദ്ഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നം.

ശരീഅത്തുനിയമങ്ങളായിരുന്നില്ല അതെന്ന് വ്യക്തം. എന്തുകൊണ്ടെന്നാല്‍, ഖുര്‍ആന്‍കൊണ്ടും പൂര്‍വവേദങ്ങളാല്‍ സ്ഥിരപ്പെട്ടിട്ടുള്ള ശരീഅത്തുകളുടെ മൂലതത്ത്വങ്ങള്‍ പ്രകാരവും ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ, കുറ്റം സ്ഥാപിക്കപ്പെടാതെ വധിക്കുന്നതിനു തീരെ ന്യായീകരണമില്ല. അതിനാല്‍, ഈ നിയമങ്ങള്‍ക്ക് അവയുടെ സ്വഭാവത്തെസ്സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ പ്രാപഞ്ചിക (തക്‌വീനി) നിയമങ്ങളോടാണ് ചേര്‍ച്ചയുള്ളതെന്ന് അനിവാര്യമായും സമ്മതിക്കേണ്ടിവരുന്നു–അനുനിമിഷം ചിലരെ രോഗികളാക്കുകയും ചിലര്‍ക്ക് ആരോഗ്യം നല്‍കുകയും ചിലരെ മരിപ്പിക്കുകയും ചിലരെ ജീവിപ്പിക്കുകയും ചിലരെ സംഹരിക്കുകയും ചിലരില്‍ കാരുണ്യം വര്‍ഷിക്കുകയും ചെയ്യുന്ന പ്രാപഞ്ചിക നിയമങ്ങളോട്. അങ്ങനെ ആ നിയമങ്ങള്‍ പ്രാപഞ്ചികങ്ങളാണ് എന്നു വെക്കുമ്പോള്‍ തീര്‍ച്ചയായും മലക്കുകളായിരിക്കണം അവയുടെ അഭിസംബോധിതര്‍. കാരണം, ശരീഅത്തുപരമായ സമ്മതത്തിന്റെയും വിസമ്മതത്തിന്റെയും പ്രശ്‌നം അവരെസ്സംബന്ധിച്ചിടത്തോളം ഉദ്ഭവിക്കുന്നതേയില്ല. സ്വാധികാരം കൂടാതെ, ദൈവികശാസനകള്‍ പ്രാവര്‍ത്തികമാക്കുക മാത്രമാണവര്‍ ചെയ്യുന്നത്.

എന്നാല്‍, മനുഷ്യന്റെ സ്ഥിതി അതല്ല. അവന്‍ എന്തെങ്കിലും പ്രാപഞ്ചികകാര്യത്തെപ്പറ്റി ‘ഇല്‍ഹാം’ മുഖേന അദൃശ്യജ്ഞാനം ലഭിച്ച് തദനുസാരം പ്രവര്‍ത്തിക്കുന്നപക്ഷം ഒരു നിലക്കും കുറ്റക്കാരനാകുന്നതില്‍നിന്ന് രക്ഷപ്പെടുന്നതല്ല– ആ ചെയ്ത കാര്യം വല്ല ശരീഅത്ത് നിയമവുമായി കൂട്ടിമുട്ടുന്നതാണെങ്കില്‍. എന്തെന്നാല്‍ മനുഷ്യന്‍, അവന്‍ മനുഷ്യനാണെന്നതുകൊണ്ട്, ശരീഅത്ത് നിയമങ്ങള്‍ക്ക് വിധേയനാകുന്നു. ശരീഅത്ത് തത്ത്വങ്ങളിലാകട്ടെ, ഏതെങ്കിലും ശരീഅത്ത് നിയമങ്ങളെ ലംഘിക്കാന്‍, ‘ഇല്‍ഹാം’ മുഖേന ആ ലംഘനത്തിന് ആജ്ഞ ലഭിച്ചു എന്നതുകൊണ്ടോ അദൃശ്യജ്ഞാനത്താല്‍ അതിന്റെ ഉദ്ദേശ്യം വിവരിക്കപ്പെട്ടു എന്നതുകൊണ്ടോ മാത്രം മനുഷ്യന്ന് അനുവാദം നല്‍കപ്പെട്ടിട്ടില്ലതന്നെ. ശരീഅത്ത് പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരായിട്ടുള്ള ഒരു കാര്യമാണിത്. എന്നല്ല, സ്വൂഫി നേതാക്കള്‍പോലും ഏകകണ്ഠമായി ഈ കാര്യം സമ്മതിക്കുന്നുണ്ട്. അബ്ദുല്‍ വഹ്ഹാബ് ശഅ്‌റാനി, മുഹ്‌യിദ്ദീന്‍ ഇബ്‌നു അറബി , മുജദ്ദിദ് അല്‍ഫുസാനി , ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി , ജുനൈദ് ബഗ്ദാദി , സരീ സഖത്വി , അബുല്‍ ഹുസൈനിന്നൂരി, അബൂസഈദില്‍ ഖര്‍റാസ് , അബുല്‍ അബ്ബാസ് അഹ്മദ് ദന്‍വരി , ഇമാം ഗസ്സാലി തുടങ്ങിയ പുകള്‍പെറ്റ മഹാന്മാരുടെ വാക്കുകള്‍ വിശദമായി ഉദ്ധരിച്ച് അല്ലാമാ ആലൂസി സ്ഥാപിച്ചിട്ടുണ്ട്, ഇല്‍ഹാം ലഭിച്ച ആള്‍ക്കുപോലും ഖണ്ഡിതമായ ശരീഅത്തിന് വിപരീതമായുള്ള ഇല്‍ഹാം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വൂഫി വീക്ഷണപ്രകാരവും പാടില്ലെന്ന്. (റൂഹുല്‍ മആനി : വാല്യം 16, പേജ്: 16-18)

അപ്പോള്‍ ഈ പൊതുനിയമത്തില്‍ നിന്ന് ഒരു മനുഷ്യന്‍ മാത്രം ഒഴിവാക്കപ്പെട്ടു; അത് ഖദിറായിരുന്നുവെന്ന് നാം വിശ്വസിക്കണമോ? അതോ, ഖദിര്‍ മനുഷ്യനേ ആയിരുന്നില്ലെന്നും, ദൈവഹിതാനുഗതരായി (ദൈവിക ശരീഅത്തിനു വിധേയരല്ലാതെ) പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരായ അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ മാത്രമായിരുന്നു അദ്ദേഹമെന്നും കരുതുന്നതാണോ കരണീയമായിട്ടുള്ളത്? ആദ്യത്തെ രൂപം നമുക്ക് സമ്മതിക്കാമായിരുന്നു, മൂസാ(അ)യുടെ പരിശീലനാര്‍ഥം അയക്കപ്പെട്ട ആ ‘ദാസന്‍’ മനുഷ്യനായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമായ വാക്കുകളില്‍ പറയുന്നുണ്ടെങ്കില്‍. പക്ഷേ, അയാള്‍ മനുഷ്യനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നില്ല. ‘നമ്മുടെ ദാസന്‍മാരില്‍പ്പെട്ട ഒരാള്‍’ (عَبْدًا مِنْ عِبَادِنَا) എന്നേ പറയുന്നുള്ളൂ. വിശുദ്ധഖുര്‍ആനില്‍ പല സ്ഥലങ്ങളിലും മലക്കുകളെ കുറിക്കാനും ഈ പദം പ്രയോഗിച്ചിട്ടുണ്ട്. ഉദാഹരണമായി, സൂറ അല്‍അമ്പിയാഅ്: 26  , അസ്സുഖ്‌റുഫ്: 19  സൂക്തങ്ങള്‍ നോക്കുക. ഇതുകൊണ്ട് ആ ദാസന്‍ മനുഷ്യനാണെന്ന് വരുന്നില്ലെന്നു വ്യക്തം. നബിവചനങ്ങളിലാണെങ്കില്‍ ബലപ്പെട്ട ഒരു നിവേദനത്തിലുംതന്നെ ഖദിര്‍ മനുഷ്യവര്‍ഗത്തില്‍പെട്ട വ്യക്തിയാണെന്ന് സ്ഥാപിക്കുന്ന ഒരു വാക്കും വന്നിട്ടുമില്ല. ഈ വിഷയകമായി ഏറ്റവും പ്രാമാണികമായ നിവേദനങ്ങള്‍ ‘അന്‍ സഈദിബ്‌നി ജുബൈര്‍ അന്‍ ഇബ്‌നി അബ്ബാസ് അന്‍ ഉബയ്യിബ്‌നി കഅ്ബ് അന്‍ റസൂലില്ലാ(സ)’ എന്ന പരമ്പരയില്‍ ഹദീസ് പണ്ഡിതന്മാര്‍ക്ക് ലഭിച്ചിട്ടുള്ളവയാണ്.

ഖദിറിനെസ്സംബന്ധിച്ച് ‘റജുല്‍’ എന്ന വാക്കാണിവയില്‍ വന്നിട്ടുള്ളത്. ആ വാക്ക് മനുഷ്യരായ പുരുഷന്മാര്‍ക്കുപയോഗിക്കാറുള്ളതാണെങ്കിലും മനുഷ്യര്‍ക്ക് പ്രത്യേകമായുള്ളതല്ല. ഖുര്‍ആനില്‍ത്തന്നെ ജിന്നുകള്‍ക്ക് ആ പദം പ്രയോഗിച്ചിട്ടുണ്ട്.وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ എന്ന് സൂറത്തു ജിന്നില്‍ പറയുന്നത് നോക്കുക. ജിന്നോ മലക്കോ മറ്റു വല്ല അദൃശ്യാസ്തിത്വമോ മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മനുഷ്യരൂപത്തിലാണ് പ്രത്യക്ഷപ്പെടുകയെന്ന് വ്യക്തമാണല്ലോ. ആ സ്ഥിതിവെച്ചുകൊണ്ട് അതിനെ ‘ബശര്‍’ എന്നോ ‘ഇന്‍സാന്‍’ എന്നോ വിശേഷിപ്പിക്കുകയും ചെയ്യും. മര്‍യംബീവിയുടെ മുമ്പില്‍ മലക്ക് വന്ന സംഭവത്തെ ഖുര്‍ആന്‍ വിവരിക്കുന്നത് فَتَمَثَّلَ لَهَا بَشَرًا سَوِيًّا എന്നാണ്. ആകയാല്‍ ഖദിര്‍-മൂസാ സംഭവത്തില്‍ ‘അവിടെ അദ്ദേഹം ഒരു പുരുഷനെ കണ്ടു’ എന്ന നബിവചനം ഖദിര്‍ മനുഷ്യനാണെന്നതിന് സ്പഷ്ടമായ തെളിവാകുന്നില്ല. ഇങ്ങനെയിരിക്കെ, പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഒരേയൊരു മാര്‍ഗമേ ഇനി നമ്മുടെ മുമ്പിലുള്ളൂ– ഖദിര്‍ മനുഷ്യനാണെന്ന് അംഗീകരിക്കാതിരിക്കുക; അദ്ദേഹം മലക്കുകളിലോ ശരീഅത്തുകൊണ്ട് സംബോധിതരല്ലാത്ത, അല്ലാഹുവിന്റെ പ്രപഞ്ചകാര്യാലയത്തിന്റെ കാര്യനിര്‍വാഹകരായ മറ്റു വല്ല സൃഷ്ടികളിലോ പെട്ട ആളായിരുന്നു എന്നു മനസ്സിലാക്കുക. ഇതാണാ മാര്‍ഗം. ഇതേ അഭിപ്രായം പൂര്‍വികരില്‍ ചിലരും പ്രകടിപ്പിച്ചിരിക്കുന്നു. ഇബ്‌നു കസീര്‍ മാവര്‍ദിയെ ഉദ്ധരിച്ച് തന്റെ തഫ്‌സീറില്‍ അതു ചേര്‍ത്തിട്ടുണ്ട്.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles