Current Date

Search
Close this search box.
Search
Close this search box.

“മ്യൂസിക് കലിഗ്രഫി” അക്ഷരങ്ങളിൽ രാഗം തീർത്ത ബഹ്മൻ പനാഹി

അറബി കലിഗ്രഫിയിൽ ലോകത്ത് തന്നെ നിരവധി സംഭാവനകൾ നൽകിയ പ്രദേശമാണ് പേർഷ്യ . പൗരാണിക കാലം മുതൽക്ക് വ്യത്യസ്ത കലാവിഷ്കാരങ്ങളുടെ സംഗമ ഭൂമിയെന്ന് പ്രസ്തുത പ്രദേശത്തെ വിശേഷിപ്പിക്കാം. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ എത്തിപ്പെട്ട പേർഷ്യൻ ഭരണകൂടങ്ങൾ അവതരിപ്പിച്ച നിരവധിയായ കലാവിഷ്കാരങ്ങൾ ചരിത്രത്തെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.

ഇസ്ലാമിക കലാവിഷ്കാരങ്ങളിലെ പ്രധാന ഇനമായ കലിഗ്രഫിയിൽ കൃത്യമായ സ്വാധീനം ചെലുത്താൻ പേർഷ്യൻ ഭാഷക്കും, എഴുത്തു ശൈലികൾക്കും കഴിഞ്ഞിട്ടുണ്ട്. ഖത്തു ഫാരിസി, ഖത്തു ശികസ് ത്ത് , ഖത്ത് നസ്ത അലീഖ് എന്നീ പേരുകളിൽ അവയെ ലോകം ആസ്വദിച്ചതുമാണ്. ആധുനിക കാലത്ത് അറബി കലിഗ്രഫി പുതുമയുള്ള തലങ്ങളിലേക്ക് വഴിമാറുന്നത് പുതിയകാര്യമല്ല. ഗ്രഫിറ്റി, കലിഗ്രഫിറ്റി എന്നിവയിലൂടെ അത്തരം ചലനങ്ങളെക്കുറിച്ച പഠനങ്ങൾ ലോകത്ത് നടക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി അറബി കലിഗ്രഫിയെ സംഗീതത്തോട് ചേർത്ത് പുതിയ ആസ്വാദനതലം നിർമിച്ച് ലോക ശ്രദ്ധയാകർഷിച്ച വ്യക്തയാണ് ഇറാനിൽ ജനിച്ച ബഹ്മൻ പനാഹി.

അറബി കലിഗ്രഫിയുടെ പരമ്പരാഗത ശൈലികളെ പഠിക്കുകയും എന്നാൽ പുതുമയുള്ള കലാവിഷ്കാരത്തിന്റെ സാധ്യതകളെ കണ്ടെത്തി വികസിപ്പിക്കുകയും ചെയ്തതാണ് ബഹ്മൻ പനാഹിയെ മറ്റു കലിഗ്രഫർമാരിൽ നിന്ന് വ്യത്യസ്തനാക്കിയത്. അക്കാദമിക രംഗത്ത് അറബി കലിഗ്രഫി എന്ന കലാവിഷ്കാരത്തെ ‘മ്യൂസിക്കാലിറ്റി’ എന്ന താളാത്മക സംവിധാനമുപയോഗപ്പെടുത്തി പരിഭാഷിപ്പിച്ചത് കലിഗ്രഫി രംഗത്ത് പുതുമയുള്ള അനക്കങ്ങൾക്ക് കാരണമായി. തെഹ്റാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആർട്ട്സിൽ പഠനം പൂർത്തിയാക്കിയ പനാഹി ‘Institute of Calligraphers of Iran’ സ്ഥാപനത്തിൽ നിന്നും പി.ജി. കരസ്ഥമാക്കി. ഇറാനിലെ ക്ലാസിക്കൽ സംഗീതോപകരണങ്ങളായ താർ, സിതാർ എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ചതോടെയാണ് രണ്ട് വ്യത്യസ്ത കലാവിഷ്കാരങ്ങളെ സമന്വയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചതും. പേർഷ്യൻ പരവതാനികളിലെ (Persian Carpet) കലാവിഷ്കാരത്തിൽ നിന്നുള്ള പ്രചോദനമാണ് ‘മ്യൂസിക് കലിഗ്രഫി’ എന്ന പുതിയ ആശയത്തിലേക്ക് ബഹ്മൻ പനാഹിയെ എത്തിച്ചത്. കലിഗ്രഫിയെയും സംഗീതത്തെയും ഒരേ ശ്രേണിയിൽ കൊണ്ടുവന്ന് ഇസ്ലാമിക കലാവിഷ്കാരങ്ങളിൽ പുതിയ പരീക്ഷണങ്ങൾ സാധ്യമാവേണ്ടതിന്റെ സാധ്യതകളെ വരച്ചിടുകയായിരുന്നു പനാഹി. ഹാർവാർഡ്, നോർത്ത് ഈസ്റ്റേൺ യു.എസ്.എ എന്നിവിടങ്ങളിൽ visiting പ്രൊഫസറായും അദ്ദേഹം സേവനം ചെയ്തു.

ഫ്രാൻസിലെ സൊർബോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ‘ The Musicality of Lines and Points (the relationship between Music and Calligraphy)’ എന്ന വിഷയത്തിൽ പി.എച്ച്. ഡി കരസ്ഥമാക്കിയ ബഹ്മൻ പനാഹി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ശില്പശാലകളും എക്സിബിഷനുകളും സംഘടിപ്പിച്ച വ്യക്തി കൂടിയാണ്. ഗുലാം ഹുസൈൻ അമീർ ഖനി, അബ്ദുല്ലാ ഫൊറാദി, യദുല്ലാഹ് കാബോലി എന്നീ പ്രശസ്തരായ കലിഗ്രഫർമാരിൽ നിന്ന് അറബി കലിഗ്രഫിയുടെ പ്രഥമിക പാഠങ്ങൾ അഭ്യസിച്ച പനാഹി പക്ഷെ തന്റേതായ എഴുത്ത് ശൈലി സ്വയം വികസിപ്പിച്ചെടുക്കുകയാണുണ്ടായത്. ബഹ്മൻ പനാഹി കലിഗ്രഫിയെക്കുറിച്ച് പറയുന്ന വാക്കുകൾ പുതുതലമുറ കലിഗ്രഫി പഠിക്കുന്നവർക്ക് പ്രചോദനമാണ് പനാഹി പറയുന്നതിപ്രകാരമാണ് “അറബി കലിഗ്രഫി അയവില്ലാത്ത ചില നിയമാവലികൾക്കുളളിൽ ചലിക്കപ്പെടേണ്ടതും ഒരിക്കലും മാറ്റങ്ങൾക്ക് വിധേയമാക്കാൻ കഴിയാത്തതുമായ കലാവിഷ്കാരമായി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ വന്നുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ആർക്കിടെക്ച്ചറും വിവിധ നിറങ്ങളിൽ ലയിപ്പിച്ചെടുത്ത ഛായങ്ങളും കവിതയും ചേർന്നതാണ് കലിഗ്രഫിയുടെ മർമ്മം. Flexible സ്വഭാവത്തിലുള്ള അവസ്ഥയിലൂടെ കലിഗ്രഫിയെ സന്നിവേശിപ്പിക്കാൻ തയ്യാറാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്”

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles