Current Date

Search
Close this search box.
Search
Close this search box.

ഫറോവയുടെ ചരിത്രം പുനരാവർത്തിക്കുകയാണ് ഇസ്രായേൽ

16 വർഷമായി മനുഷ്യത്വരഹിതമായ ഉപരോധത്തിൽ ജീവിച്ച ഗസ്സയിലെ ധീരരായ പോരാളികൾക്ക് ഒക്ടോബർ 7 ലെ ആക്രമണത്തിലൂടെ ഇസ്രായേലിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ പരാജയം ഏൽപ്പിക്കാൻ കഴിഞ്ഞു. കടലാസ് പുലികളെ പോലെ അത് തകർന്ന് വീണു. മിഡിൽ ഈസ്റ്റിന്റെ ഹൃദയത്തിനേറ്റ പ്രഹരമായിരുന്നു ഇസ്രായേൽ എന്ന രാഷ്ട്രം. ഈ രാജ്യം ലോകത്തിലെ ഏറ്റവും ഉയർന്നതും ശ്രേഷ്ഠവുമായ രാഷ്ട്രമായി സ്വയം കണക്കാക്കുകയും സൈനിക-രാഷ്ട്രീയ മേൽക്കോയ്മ നിലനിർത്തുകയും ചെയ്തത് ലോകരാഷ്ട്രങ്ങളുടെ പിന്തുണയോടെയും ആശീർവാദത്തോടെയുമാണ്. അന്താരാഷ്ട്ര സംവിധാനങ്ങൾ, പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതിന് മൗനാനുവാദം നൽകുകയായിരുന്നു.

കാലക്രമേണ, ഇസ്രായേൽ സമാനതകളില്ലാത്ത ഒരു യുദ്ധ യന്ത്രമായി മാറി. അതിനെ തോൽപ്പിക്കാനോ അതിന്റെ പ്രതിരോധം തുളച്ചുകയറാനോ അകത്തോ പുറത്തോ ഉള്ള  ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല. ചുറ്റുപാടുമുള്ള എല്ലാറ്റിനെയും അഗ്നി ദഹിപ്പിച്ചാലും ഒരു തീപ്പൊരി പോലും ഇസ്രായേലിൽ പതിക്കില്ലെന്ന് വിശ്വസിച്ച് അവർ സ്വയം സുരക്ഷിതയായി സങ്കൽപ്പിച്ചു. സുരക്ഷിതത്വത്തിനോ ഉപജീവനമാർഗത്തിനോ യാതൊരു പ്രശ്നവുമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ലോകമെമ്പാടുമുള്ള കുടിയേറ്റക്കാർക്ക് ഇസ്രായേൽ ഈ ഭ്രമാത്മക സുരക്ഷിതത്വബോധം വിൽക്കുകയായിരുന്നു. അതും പോരാഞ്ഞിട്ട് പലസ്തീനികളെ ആട്ടിയോടിക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനും വേണ്ടി അവർ ദൂരദേശങ്ങളിൽ നിന്ന് വരെ ബലപ്രയോഗത്തിലൂടെ ആളുകളെ കൊണ്ട് വന്നു.

വിശദീകരിക്കാൻ കഴിയാത്ത ബുദ്ധിമുട്ടുള്ള സാഹചര്യമാണിത്. നിങ്ങൾ ഉറങ്ങുമ്പോൾ എപ്പോഴെങ്കിലും റെയ്‍ഡിന് വിധേയരായിട്ടുണ്ടോ? രാത്രി കുറച്ച് സന്ദർശകർ വന്ന് നിങ്ങളുടെ വീട് ഇപ്പോൾ അവരുടേതാണെന്നും നിങ്ങളുടെ സാധനങ്ങൾ ശേഖരിച്ച് വീടൊഴിഞ്ഞ് പോകണമെന്നും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഈ അവസ്ഥ ഒരു നിമിഷം നിങ്ങൾക്ക് സങ്കൽപ്പിക്കാനെങ്കിലും കഴിയുമോ? ഇസ്രായേലിൽ സ്ഥിരതാമസമാക്കിയവർ 1948 മുതൽ ഇന്നുവരെ ഇത്തരത്തിലുള്ള ഭീകരതയാണ് ചെയ്‍ത് കൊണ്ടിരിക്കുന്നത്.1948 ൽ വീടും സ്ഥലവും വിട്ടുപോകാൻ നിർബന്ധിതരായ അഭയാർത്ഥികൾക്കുള്ള ക്യാമ്പുകൾ ഉൾക്കൊള്ളുന്ന ഒരു നഗരമാണ് ഗസ്സ. നഗരത്തിലെ ജനസംഖ്യയുടെ 80% അവർ ഉൾക്കൊള്ളുന്നു, അതേസമയം യഥാർത്ഥ ജനസംഖ്യ 20% കവിയുന്നില്ല. ഈ ഭൂരിഭാഗം അഭയാർത്ഥികളും ഒരു ദിവസം തങ്ങളുടെ നാടുകളിലേക്കും വീടുകളിലേക്കും തിരിച്ചുപോകുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്ക് അതിന് സാധിക്കുന്നില്ല, എന്നല്ല ഗസ്സ വിടാൻ പോലും അവകാശമില്ല.
ഭീകര അധിനിവേശ രാഷ്ട്രം (ഇസ്രായേൽ) ഈ ചെയ്തികളിൽ തൃപ്തരായിരുന്നോ? ഇല്ല, ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലിൽ കഴിയാനുള്ള സൗകര്യം പോലും അവർ ഫലസ്തീനികൾക്ക് നൽകിയില്ല. 16 വർഷമായി, ഈ കുടുസ്സായ പ്രദേശത്തോടുള്ള ഉപരോധം തുടരുന്നു.

ഗസ്സയിലെ ജനങ്ങളോടുള്ള ഇസ്രായേലിന്റെ ഭയത്തിന്റെ പ്രകടനമല്ലാതെ മറ്റൊന്നുമല്ല ഇത്തരം ഭീകരനടപടികളെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും. തുടർച്ചയായ സമ്മർദ്ദവും അടിച്ചമർത്തലും പ്രയോജനകരമാകുമെന്ന് ഇസ്രായേൽ കരുതുന്നു. പക്ഷെ, ഗസ്സയിലെ ഉറച്ച ഹൃദയങ്ങൾക്ക് മുന്നിൽ അത് വിഫലമായ സ്വപ്നമായി ഇന്നും അവശേഷിക്കുന്നു. നമ്മുടെ അനുഭവങ്ങൾ പറയുന്നത്, ഭീരു തന്റെ ഭീകരതയിൽ കൂടുതൽ ഭീകരനും ക്രൂരനുമാണ്. ഇസ്രായേൽ ഫലസ്തീനികളെ ഉപരോധിക്കുകയും തടവിലിടുകയും ചെയ്തു. കുട്ടികളെയും അമ്മമാരെയും ഗർഭപാത്രത്തിലെ ഭ്രൂണങ്ങളെ പോലും അവർ കൊല്ലാൻ മടിച്ചില്ല. അതിനെയൊക്കെ നേരിടാൻ കരുത്തുള്ള വിധത്തിലാണ് പലസ്തീനികൾ വളരുന്നതെന്നതോർക്കുക.

ഫറോവയുടെ ചരിത്രം പുനഃസൃഷ്ടിക്കുന്നു

വിരോധാഭാസം എന്തെന്നാൽ, ജൂതന്മാർ ചരിത്രത്തിൻറെ ഒരു ഘട്ടത്തിൽ ഭീകര ഭരണാധികാരിയായ ഫിർഔൻ മോശയെ ഭയന്ന് അവർക്കെതിരെ പ്രയോഗിച്ച അക്രമത്തിന്റെയും അനീതിയുടെയും ഇരകളായിരുന്നു എന്നതാണ്. ജൂതന്മാർ ഇന്നും മൂസ (അ) യിൽ നിന്ന് ഒരു പാഠവും പഠിച്ചില്ല. മൂസ (അ) ഫിർഔനിൻറെ പേടിസ്വപ്നമായിരുന്നു. അദ്ദേഹം ഫിർഔനിന്റെ സ്വപ്നങ്ങളെ വേട്ടയാടുകയും പിന്നീട് അവന്റെ അന്തകനാവുകയും ചെയ്തു.

തന്റെ ഭരണം അവസാനിപ്പിക്കാൻ വരുന്ന മൂസ (അ) യെ കുറിച്ചറിഞ്ഞ ഫറോവ ഇസ്രായേലിലെ എല്ലാ ആൺമക്കളെയും കൊന്ന് അത് തടയാമെന്ന് കരുതി. പക്ഷേ മൂസ (അ) ദൈവത്തിന്റെ വടിയായിരുന്നു. ഫറോവയെ സമയമാകുമ്പോൾ പ്രഹരിക്കാൻ സ്വന്തം അരമനയിൽ നിന്ന് തന്നെ അല്ലാഹു മൂസ (അ) യെ ചുമതലപ്പെടുത്തി. ഈ ചരിത്രസംഭവത്തിന് സമാനമാണ് ഇന്നത്തെ സാഹചര്യങ്ങളും. ഗസ്സയുടെ യോദ്ധാക്കളോടുള്ള ഇസ്രായേലിന്റെ ഭയത്തിൽ നിന്നുണ്ടാകുന്ന ക്രൂരചെയ്തികളൊന്നും അതിന്റെ അന്ത്യം വൈകിപ്പിക്കാൻ സഹായിക്കില്ല. ഗസ്സയിലെ ധീരപോരാളികൾ ആരംഭിച്ച തൂഫാനുൽ അഖ്സ  ഓപ്പറേഷൻ ഒരു ഏകീകൃത സൈന്യത്തിനും ഈ ജനതയെ അവരുടെ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിൽ നിന്ന് ഒരടി പിന്നോട്ടടിപ്പിക്കാൻ കഴിയില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. കാരണം സ്വാതന്ത്ര്യം അവർക്ക് മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനങ്ങൾക്കെതിരെ തങ്ങളുടെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് അവർ നടത്തിയ ഓപ്പറേഷൻ എല്ലാ അർത്ഥത്തിലും വീരോചിതമായിരുന്നു.

കുറച്ച് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഫ്രാങ്ക്ഫർട്ട് സ്കൂളിലെ ജൂത തത്ത്വചിന്തകനായ ഹെർബർട്ട് മാർക്കസ്, പ്രതിരോധ സാങ്കേതികവിദ്യയുടെ വികാസത്തോടെ യുദ്ധങ്ങളിലെ ഹീറോയിസം എന്നത് അവസാനിച്ചുവെന്ന് പ്രസ്താവിച്ചത്. യുദ്ധത്തിലെ വിജയം എതിരാളിയുടെ ധൈര്യം, കുലീനത, വൈദഗ്ധ്യം തുടങ്ങിവയെ ആശ്രയിച്ചല്ല, മറിച്ച് അവർ രൂപപ്പെടുത്തിയെടുത്ത സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുന്നു എന്നും മാർക്കസ് വാദിച്ചു. “തോക്ക് കണ്ടുപിടിച്ചു, പക്ഷേ ധൈര്യം മരിച്ചു” എന്ന് ഈ വാദത്തെ സംഗ്രഹിക്കാം. ആരുടെ കൈവശമാണെങ്കിലും അപകടസാധ്യതകൾ താങ്ങാതെ തന്നെ നാശം വിതയ്ക്കാൻ കഴിയുന്ന തരത്തിലേക്ക് സാങ്കേതിക വിദ്യ എത്രമാത്രം വികസിച്ചുവെന്ന് ഇന്ന് നാം കാണുന്നു.

അപ്പോൾ ഹീറോയിസം എന്ന സങ്കൽപ്പം ചരിത്രമായി മാറിയോ? സ്വാതന്ത്ര്യം തേടുന്ന ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ഈ സിദ്ധാന്തം പൂർണ്ണമായും തകർന്നു എന്നതാണ് യാഥാർത്ഥ്യം. പരിമിതമായ വിഭവങ്ങളും ലളിതമായ ആയുധങ്ങളും അവർ സ്വന്തം കൈകൊണ്ട് നിർമ്മിച്ചിട്ടും, ലോകത്തിലെ ഏറ്റവും ശക്തമായ സംയോജിത പ്രതിരോധ സംവിധാനത്തിനെതിരെ അവർ നടത്തിയ ആ ഏറ്റുമുട്ടലിൽ അവരുടെ ഹീറോയിസം, ധൈര്യം, ആയുധം ഉപയോഗിക്കുന്നതിലെ വൈദഗ്ദ്ധ്യം എന്നിവയ്ക്ക് വലിയ പങ്കുണ്ട്. അതേ വീരത്വത്തോടെ ഒരിക്കലും കീഴടക്കാൻ കഴിയാത്ത ഒരു ശത്രുവായി ഫലസ്തീൻ ഇന്നും നിലകൊള്ളുന്നു.

ക്രൂരമായ വംശഹത്യ നടപ്പിലാക്കാൻ ഇസ്രായേൽ ഒരിക്കലും മടിക്കുന്നില്ല. ചെറിയ ഒരു കുട്ടിയെയോ പ്രായമായ വ്യക്തിയെയോ ഒരു സ്ത്രീയെയോ ഒരു സാധാരണക്കാരനെയോ പോലും ലക്ഷ്യം വയ്ക്കാൻ അവർക്ക് മടിയില്ല. പക്ഷേ, അവർ ഗസ്സയെ തലകീഴായി മറിച്ചിട്ടാലും സത്യം മറയ്ക്കാൻ അതിന് കഴിയില്ല. ഹമാസിൽ നിന്നും തങ്ങൾക്കേറ്റ പ്രഹരവും തോൽവിയും മൂടി വെക്കാൻ ഇത് കൊണ്ടൊന്നും കഴിയില്ലെന്ന് അവർക്ക് തന്നെ അറിയാം. ഇസ്രായേൽ പ്രകടിപ്പിക്കുന്ന ശക്തി സ്വന്തം ശക്തിയല്ല, മറിച്ച് വംശഹത്യ എന്ന സാങ്കേതികവിദ്യയുടെ ശക്തിയാണ്. ഭയത്തെ മറച്ച് വെക്കാനുള്ള ക്രൂരമായ കൊലകളും അക്രമങ്ങളും ഇതിനെ സാധൂകരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ഇസ്രയേലിന്റെ ആത്മികപിതാവായ അമേരിക്ക അവരെ പിന്തുണയ്ക്കാൻ അതിന്റെ ഏറ്റവും ശക്തമായ വിമാനവാഹിനിക്കപ്പലുകളിലൊന്നിനെ അയച്ചുകൊണ്ട് സഹായിക്കാൻ തിടുക്കപ്പെട്ടത്.

എന്തിനാണ് ഈ ഭയം? ഇസ്രായേലിന് തങ്ങളുടെ ആയുധങ്ങളിൽ വേണ്ടത്ര വിശ്വാസമില്ലേ? പിന്നെന്തിനാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് അധിക ശക്തി നൽകുന്നത്? തങ്ങളെ എതിർക്കാൻ തക്ക യോഗ്യതയുള്ള ഒരു ശക്തിയും ഫലസ്തീനിൽ ഇല്ലായെന്നിരിക്കെ ഇസ്രായേൽ തന്നെയാണ് എല്ലായിപ്പോഴും ആക്രമണം ആരംഭിക്കുകയും കൊള്ളയടിക്കുകയും ഫലസ്തീനികളെ ഉപദ്രവിക്കുകയും അവരുടെ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊല്ലുകയും ചെയ്യുന്നത് എന്നത് ലോകം മുഴുക്കെ അംഗീകരിക്കുന്ന വസ്തുതയാണ്.

ഇപ്പോൾ ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടലിൽ യുദ്ധ വൈദഗ്ധ്യം പ്രകടിപ്പിച്ച അൽ ഖസ്സാം ബ്രിഗേഡ്നെസിതിരെ ഇസ്രായേലിനെ പിന്തുണയ്ക്കാൻ അമേരിക്ക അതിന്റെ യുദ്ധക്കപ്പലുകൾ അയയ്ക്കുമ്പോൾ, നമ്മൾ വിചാരിച്ചതിലും വലിയ ഭയമാണ് പ്രകടമാവുന്നത്. ഫറോവയെ നശിപ്പിച്ച മൂസ (അ) യെ പോലെ ഇസ്രയേലിന്റെ ചരമകാഹളം മുഴക്കാൻ, അവരുടെ ശക്തിയെ നശിപ്പിക്കാൻ ജനിച്ച ഒരു കുട്ടിയെ കൊല്ലാൻ ഇസ്രായേലികൾക്ക് ഈ വെടിയുണ്ടകളും ബോംബുകളും വ്യോമാക്രമണങ്ങളും മതിയാവില്ല. ചരിത്രത്തിന്റെ ആവർത്തനം ഇവിടെ രൂപം കൊള്ളുകയാണ്. നമുക്ക് കാണാൻ കഴിയാത്ത ഒരു പേടിസ്വപ്നം അവർ തീർച്ചയായും കണ്ടു എന്ന് വേണം കരുതാൻ. അത് അവരുടെ യുദ്ധക്കപ്പലുകളെയും സൈന്യങ്ങളെയും മാധ്യമപ്പടകളെയും മുസ്‍ലിം രാജ്യങ്ങളിൽ വിന്യസിച്ച ഏജന്റുമാരെയും ഒരുമിച്ച് കൂട്ടാൻ പ്രേരിപ്പിച്ചുവെന്നതാണ് യാഥാർത്ഥ്യം.

ദൈവത്തിന്റെ വാഗ്ദത്തം തീർച്ചയായും യാഥാർത്ഥ്യമാകും, അത് ഒരു സ്വപ്നമല്ല, വിശുദ്ധ ഖുർആനിൽ വ്യക്തമായി എഴുതിയിരിക്കുന്നതുപോലെ അത് പുലരുമെന്ന് നമ്മൾക്ക് പ്രതീക്ഷയുണ്ട്: “ആ ജനങ്ങൾ നിങ്ങളെ നേരിടാൻ സൈന്യത്തെ ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്ന് ആളുകൾ അവരോട് പറഞ്ഞപ്പോൾ അതവരുടെ വിശ്വാസം വർദ്ധിക്കുകയാണ് ചെയ്തത്. അവർ പറഞ്ഞു: ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപിക്കുവാൻ ഏറ്റവും നല്ലത് അവനത്രെ.” (ആലു ഇംറാൻ: 173).
ഈ നിമിഷം മുതൽ, ഹമാസ് പോരാളികളുടെ ഹൃദയത്തിൽ ഭയം ഉണ്ടാക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. മൃത്യു ഇനി അവരെ ഭയപ്പെടുത്തുന്നില്ല. അത് അവരെ ഭയപ്പെടുന്നു. മരിച്ചാലും ജീവിച്ചാലും അവർ വിജയിച്ചു.

 

വിവ: നജാഹ് അഹമ്മദ്

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles