Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം സാന്നിധ്യം

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ചരിത്രത്തിലെ കൗതുകകരവും സുപ്രധാനവുമായ ഒരു അധ്യായമാണ്. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള വിവിധ വ്യക്തികളുടെയും സമൂഹങ്ങളുടെയും സംഭാവനകൾ സ്വാതന്ത്ര്യം നേടുന്നതിൽ നിർണായകമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ കാര്യമായ സംഭാവന നൽകിയ നിരവധി മുസ്ലിം നേതാക്കളുണ്ടെങ്കിലും പലരെയും അവഗണിക്കപ്പെട്ടിട്ടുണ്ട്.

“ഇന്ത്യൻ സ്വാതന്ത്ര്യം മുസ്ലിം രക്തത്തിൽ എഴുതപ്പെട്ടതാണ്, കാരണം ജനസംഖ്യയുടെ ചെറിയ ശതമാനത്തിന് ആനുപാതികമായി സ്വാതന്ത്ര്യ സമരത്തിൽ അവരുടെ പങ്കാളിത്തം വളരെ കൂടുതലായിരുന്നു” എന്ന് പ്രശസ്ത എഴുത്തുകാരൻ ഖുഷ് വന്ത് സിങ് എഴുതുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ കഥയും ചരിത്രവും മുസ്ലിംകളുടെ രക്തം കൊണ്ടാണ് എഴുതിയിരിക്കുന്നത് എന്നാണ് ഈ പരാമർശത്തിന്റെ സാരം. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ നിലകൊള്ളുകയും പോരാടുകയും ത്യാഗം ചെയ്യുകയും ചെയ്തവരിൽ 65% മുസ്ലിം സ്വാതന്ത്ര്യ സമര സേനാനികളാണെന്ന് ഹാംസ് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

എല്ലാ മതത്തിലും ജാതിയിലും പെട്ട ധാരാളം ആളുകൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് സംഭാവന നൽകുകയും തങ്ങളുടെ ജീവനുൾപ്പെടെ എല്ലാം ത്യാഗം ചെയ്യുകയും ചെയ്ത നിരവധി മുസ്ലിം പ്രമുഖരുടെ പോരാട്ടങ്ങൾ വളരെക്കുറച്ചേ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടൊള്ളൂ. ബ്രിട്ടീഷുകാരെ എതിർക്കുന്നതിൽ മുസ്‌ലിംകൾ മുൻപന്തിയിൽ നിൽക്കുകയും അവർക്കെതിരെ പോരാടുമ്പോൾ മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം നേടുക എളുപ്പമായിരുന്നില്ല, നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം നമുക്ക് ലഭിക്കാൻ നമ്മുടെ പൂർവ്വികർക്ക് ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു.

1750-കളിൽ ബ്രിട്ടീഷുകാർക്കെതിരെ നിലകൊണ്ട ആദ്യത്തെ ഇന്ത്യൻ ഭരണാധികാരിയായിരുന്നു നവാബ് സിറാജുദ്ധീൻ ദൗല. മിർ ജാഫറിന്റെ (നവാബിന്റെ സൈന്യത്തിന്റെ കമാൻഡർ) വഞ്ചന കാരണം 1757-ൽ പ്ലാസി യുദ്ധത്തിൽ അദ്ദേഹം പരാജയപ്പെട്ടു. സിറാജുദ്ധീൻ ദൗലയുടെ ഭരണത്തിന്റെ അവസാനം ഇന്ത്യയിലെ അവസാനത്തെ സ്വതന്ത്ര ഭരണത്തിന്റെ അവസാനത്തെയും അടുത്ത ഇരുന്നൂറ് വർഷത്തേക്ക് അചഞ്ചലമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു.

1780-കളിലും 90-കളിലും മൈസൂർ ഭരണാധികാരികളായ ഹൈദരലിയും അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താനും ചേർന്നാണ് ബ്രിട്ടീഷുകാർക്കെതിരായ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത്. ബ്രിട്ടീഷ് അധിനിവേശക്കാർക്കെതിരെ ഇരുവരും ആദ്യത്തെ ഇരുമ്പ് പൊതിഞ്ഞ റോക്കറ്റുകളും പീരങ്കികളും ഫലപ്രദമായി ഉപയോഗിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുള്ള തീവ്രമായ പോരാട്ടത്തിനും ധീരതയ്ക്കും കാരണം ടിപ്പു സുൽത്താൻ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരുടെ അധിനിവേശത്തെ ചെറുത്തുതോൽപ്പിച്ച അദ്ദേഹം അവരെ തന്റെ മണ്ണിൽ സ്വാഗതം ചെയ്യാൻ വിമുഖത കാണിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യയ്‌ക്ക് വരുത്തിയ അപകടങ്ങൾ മനസിലാക്കുകയും അവരെ രാജ്യത്ത് നിന്ന് പുറത്താക്കാൻ നാല് യുദ്ധങ്ങൾ ചെയ്യുകയും ചെയ്ത ഒരേയൊരു ഇന്ത്യൻ ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ബീഗം ഹസ്രത്ത് മഹൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അവർ 1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഒരു യുദ്ധത്തിന് നേതൃത്വം നൽകി. ബ്രിട്ടീഷ് ഭരണാധികാരി സർ ഹെൻറി ലോറൻസിനെ വെടിവെച്ച് കൊല്ലുകയും 1857-ൽ ചിൻഹാട്ടിൽ നടന്ന നിർണായക യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. 1857-ലെ മഹത്തായ വിപ്ലവത്തിൽ 225 മുസ്ലിം സ്ത്രീകൾ അവരുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മുദ്രാവാക്യം വിളിക്കുകയും രക്തം ചിന്തുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത മുസ്ലീം വനിതാ സ്വാതന്ത്ര്യ സമര സേനാനികൾക്ക് അർഹമായ അംഗീകാരം രാജ്യം ഇത് വരെ നൽകിയിട്ടില്ല.

ഭൂരിഭാഗം മുസ്ലിം സ്വാതന്ത്ര്യസമര സേനാനികളും രാഷ്ട്രത്തിന് പേരില്ലാതെ സേവനം ചെയ്തു. അതിലുള്ള ഒരു മഹതിയാണ് അബാദി ബാനോ ബീഗം എന്ന ബീ ഉമ്മ. അബായ ധരിച്ച് ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധനം ചെയ്ത ആദ്യ വനിതയാണ് ബീ ഉമ്മ. അവർ ദേശീയ സ്വാതന്ത്ര്യ സമരങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ഹിന്ദു-മുസ്ലിം ഐക്യത്തെ ഊട്ടിയുറപ്പിച്ചവളായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

രാഖഹാരി ചാറ്റർജിയുടെ ഗാന്ധി ആൻഡ് അലി ബ്രദേഴ്‌സ്: ബയോഗ്രഫി ഓഫ് എ ഫ്രണ്ട്‌ഷിപ്പ് എന്ന പുസ്തകത്തിൽ മൗലാന മുഹമ്മദ് ജൗഹർ ബീ ഉമ്മയെ കുറിച്ച് ഇങ്ങനെ പറയുന്നു: “ഉമ്മ പ്രായോഗികമായി നിരക്ഷരയാണെങ്കിലും, എല്ലാ അനുഭവത്താലും അവർ പുരഷന്മാരേക്കാൾ പ്രഗൽഭയായിരുന്നു. അവർ ജ്ഞാനിയും സൂഫിയുമായിരുന്നു.” ചെറുപ്പത്തിൽ ഭർത്താവ് മരിച്ചതിനെത്തുടർന്ന് സ്വന്തമായി വളർത്തിയ അലി സഹോദരന്മാർ എന്നറിയപ്പെടുന്ന മുഹമ്മദ് അലി ജൗഹറിന്റെയും ഷൗക്കത്ത് അലിയുടെയും ഉമ്മ കൂടിയാണ് ബീ ഉമ്മ.

മുഹമ്മദ് അലി ജൗഹറിന്റെ ഭാര്യയും ബി ഉമ്മയുടെ മരുമകളുമായ അംജദി ബീഗം മറ്റൊരു മുസ്ലീം വനിതാ സ്വാതന്ത്ര്യ സമര സേനാനിയാണ്. മഹാത്മാഗാന്ധി അവരെക്കുറിച്ച് ‘ഒരു ധീരയായ സ്ത്രീ’ എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിൽ ധൈര്യശാലിയായ ഒരു പുരുഷന്റെ ധീരയായ ഭാര്യയായി അദ്ദേഹം അവരെ ചിത്രീകരിക്കുന്നുണ്ട്.

നാലപ്പത്തിയഞ്ചാം വയസ്സിൽ ചരിത്രം വിസ്മരിച്ച മറ്റൊരു മുസ്ലിം സ്ത്രീയാണ് അസ്ഗരി ബീഗം. 1857 ലെ കലാപത്തിൽ പങ്കെടുക്കുകയും ഇന്നത്തെ ഉത്തർപ്രദേശിലെ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിക്കുകയും ചെയ്തു അവർ. എന്നിരുന്നാലും, 1858-ൽ ബ്രിട്ടീഷുകാർ അവരെ പിടികൂടി ജീവനോടെ കത്തിച്ചു. 1857-ൽ മുസാഫർനഗറിൽ ബ്രിട്ടീഷുകാർക്കെതിരെ ഹബീബ എന്ന മുസ്ലിം സ്ത്രീ നിരവധി യുദ്ധങ്ങൾ നടത്തി. എന്നിരുന്നാലും, അവളെ ഇരുപത്തിയഞ്ചാം വയസ്സിൽ മറ്റു 11 വനിതാ പോരാളികൾക്കൊപ്പം പിടികൂടി തൂക്കിലേറ്റി.

1857-ലെ ഒന്നാം സ്വാതന്ത്ര സമരക്കാലത്ത്, അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ നേതൃത്വത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. ഭൂരിപക്ഷം വരും ഹിന്ദു ശിപായിമാർ സ്വാതന്ത്ര്യ സമരത്തിൽ തങ്ങളെ നയിക്കാൻ സഫറിനോട് അഭ്യർത്ഥിച്ചടിസ്ഥാനത്തിലായിരുന്നു അദ്ദേഹം യുദ്ധത്തിനറങ്ങിയത്. പല കാരണങ്ങളാൽ യുദ്ധം പരാജയപ്പെട്ടെങ്കിലും, ബ്രിട്ടീഷുകാരെ എതിർക്കാൻ മുസ്ലിങ്ങൾ എല്ലായ്പ്പോഴും മുൻനിരയിൽ നിന്നു.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി, രാജീവ് ഗാന്ധി, ബഹദൂർ ഷായുടെ ഖബ്റ് സന്ദർശിച്ച വേളയിൽ സന്ദർശക പുസ്തകത്തിൽ ഇങ്ങനെ എഴുതി: “നിങ്ങൾക്ക് ഇന്ത്യയിൽ ഭൂമിയില്ലെങ്കിലും നിങ്ങൾക്കത് ഇവിടെയുണ്ട്, താങ്കളുടെ പേര് എല്ലായിടത്തും സജീവമാണ്… ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു….”

മുസ്ലിംകൾ ഇന്ത്യയിൽ വന്ന് 800 വർഷത്തിലേറെയായി ഇവിടെ ഭരിച്ചിട്ടും ബ്രിട്ടീഷുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ചെയ്തതു പോലെ അവർ ഇവിടെ നിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ല. സാഹിത്യം, വാസ്തുവിദ്യ, ജുഡീഷ്യറി, രാഷ്ട്രീയ ഘടന, ഗവൺമെന്റ് ബോഡി, മാനേജ്‌മെന്റ് ഘടന എന്നീ മേഖലകളിൽ പുരോഗമനങ്ങൾ കൊണ്ടുവന്ന് അവർ ഇന്ത്യയെ ഒരു ഏകീകൃതവും പരിഷ്‌കൃതവുമായ രാഷ്ട്രമായി പുരോഗമിക്കാൻ സഹായിച്ചു.

1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സംഘാടകനും നേതാവും മൗലവി അഹമ്മദുള്ള ഷാ ആയിരുന്നുവെന്ന് നമ്മിൽ എത്രപേർക്ക് അറിയാം. അവാദിലെ ‘കലാപത്തിന്റെ വിളക്കുമാടം’ എന്നറിയപ്പെടുന്ന അദ്ദേഹം, 1858 ജൂൺ 5-ന് ബ്രിട്ടീഷ് ഏജന്റുമാരുടെ കൈയിൽ മരിക്കുന്നതുവരെ, ഏതാണ്ട് ഒരു വർഷത്തോളം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഫൈസാബാദ് സ്വതന്ത്രനായി.

1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സംഘാടകനും നേതാവും മൗലവി അഹമ്മദുല്ല ഷാ ആയിരുന്നുവെന്ന് നമ്മിൽ എത്രപേർക്ക് അറിയാം. അവധിലെ ‘വിപ്ലവത്തിന്റെ വിളക്കുമാടം’ എന്നറിയപ്പെടുന്ന അദ്ദേഹം, 1858 ജൂൺ 5-ന് ബ്രിട്ടീഷ് ഏജന്റുമാരുടെ കൈയ്യാൽ മരിക്കുന്നതുവരെ, ഏതാണ്ട് ഒരു വർഷത്തോളം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഫൈസാബാദ് സ്വതന്ത്രമായിരുന്നു. അഞ്ചു വഖ്ത്തും നിസ്കരിക്കുന്ന ഒരു മുസ്‌ലിം എന്ന നിലയിൽ, ഫൈസാബാദിലെ മതപരമായ ഐക്യത്തിന്റെയും ഗംഗാ-ജമുന സംസ്കാരത്തിന്റെയും പ്രതിരൂപം കൂടിയായിരുന്നു അദ്ദേഹം. 1857-ലെ കലാപത്തിൽ കാൺപൂരിലെ നാനാ സാഹിബ്, അരായിലെ കുൻവർ സിംഗ് തുടങ്ങിയ രാജകുടുംബങ്ങൾ മൗലവി അഹമ്മദുല്ല ഷായ്‌ക്കൊപ്പം പോരാടിയിട്ടുണ്ട്. ഗവേഷകനും ചരിത്രകാരനുമായ രാം ശങ്കർ ത്രിപാഠി പ്രസിദ്ധമായ ചിൻഹട്ട് യുദ്ധത്തിൽ മൗലവിയുടെ 22-ാം ഇൻഫൻട്രി റെജിമെന്റിന്റെ കമാൻഡർ സുബേദാർ ഘമാണ്ഡി സിങ്ങും സുബേദാർ ഉംറാവു സിങ്ങും ഉണ്ടായിരുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്.

സയ്യിദ് ഉബൈദുർ റഹ്മാന്റെ ഇന്ത്യൻ മുസ്ലിം സ്വാതന്ത്ര്യ സമരസേനാനികളുടെ ബയോഗ്രഫിക്കൽ എൻസൈക്ലോപീഡിയയിൽ നിന്നുള്ള ഉദ്ധരണികൾ അനുസരിച്ച് 1857 ലെ കലാപത്തിൽ ആയിരക്കണക്കിന് ഉലമകളെ കൂട്ടിക്കൊലചെയ്യുകയും ഡൽഹി മുസ്ലിംകളെ മുഴുവൻ ഒഴിപ്പിക്കുകയും ചെയ്തു. സ്വന്തം വീടുകളിലേക്ക് മടങ്ങാനും സ്വത്തുക്കൾ തിരിച്ചുപിടിക്കാനും പോലും അവരെ അനുവദിച്ചിരുന്നില്ല.

1857-ലെ കലാപത്തെത്തുടർന്ന് വധിക്കപ്പെട്ട ആദ്യത്തെ പത്രപ്രവർത്തകനാണ് പണ്ഡിതനും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനുമായ മൗലവി മുഹമ്മദ് ബാഖിർ. ഉർദു പത്രങ്ങളുടെ എഡിറ്ററായിരുന്ന ഡൽഹി ഉർദു അഖ്ബർ 1857 സെപ്തംബർ 16-ന് ദേശീയവാദ ലേഖനങ്ങളെഴുതിയതിന്റെ പേരിൽ വിചാരണയില്ലാതെ തന്നെ അദ്ദേഹത്തെ വധിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ഓഗസ്റ്റ് 15-നാണെങ്കിലും, സ്വാതന്ത്ര്യ സമരത്തിന്റെ അടിത്തറ 1857-ന് മുമ്പാണ് സ്ഥാപിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്ന 1857-ലെ വിപ്ലവം മുതൽ, മുസ്ലിം നേതൃത്വം ഈ സമരത്തിന് മുന്നിലുണ്ടായിരുന്നു.

ഇരുപത്തേഴാം വയസ്സിൽ ബ്രിട്ടീഷ് രാജിനെതിരെ ഗൂഢാലോചന നടത്തിയതിന് തൂക്കിലേറ്റപ്പെട്ട ആദ്യത്തെ മുസ്ലിമായിരുന്നു ഷഹീദ് അഷ്ഫഖുല്ല ഖാൻ. 1927 ഡിസംബർ 19-ന് ഖാനെ തൂക്കിലേറ്റി. ഇതോടെ രാജ്യത്തോടുള്ള സ്‌നേഹവും അചഞ്ചലമായ ആത്മാർത്ഥതയും കാരണം അദ്ദേഹം രക്തസാക്ഷിയും ജനങ്ങൾക്കിടയിൽ ഇതിഹാസവുമായി മാറി.

മുസ്‌ലിംകൾ വിപ്ലവങ്ങൾക്ക് നേതൃത്വം കൊടുക്കുക മാത്രമല്ല ചെയ്തത് ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളിലും മുൻനിരയിൽ നിൽക്കുകയും ചെയ്തു. 1857-ലെ വിപ്ലവത്തിനുശേഷം രാജ്യത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചുകൊണ്ട് മുസ്ലിം നേതാക്കൾ തങ്ങളുടെ പ്രതിരോധ തന്ത്രം മാറ്റി. ദയൂബന്ദി നേതാക്കളായ മൗലാന മഹ്മൂദ് ഹസനും മൗലാന ഉബൈദുല്ല സിന്ധിയും ചേർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തെ അട്ടിമറിക്കാനുള്ള ഒരു സംരംഭമാണ് രശ്മി റുമാൽ തെഹ്‌രീക്ക് അഥവാ സിൽക്ക് ലെറ്റർ മൂവ്‌മെന്റ് (1913-1920).

ഗുജറാത്തിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മഹാത്മാഗാന്ധിയുടെ സഹപ്രവർത്തകനുമായ ജസ്റ്റിസ് അബ്ബാസ് ത്വയ്യിബ്ജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലിം പ്രസിഡന്റായിരുന്നു. 1930-ൽ ഗാന്ധിജിയുടെ അറസ്റ്റിനെത്തുടർന്ന് ഉപ്പ് സത്യാഗ്രഹം നയിച്ചതും ജസ്റ്റിസ് ത്വയ്യിബ്ജിയാണ്. ഇദ്ദേഹത്തിന്റെ പേരക്കുട്ടിയാണ് ചരിത്രക്കാരനായ ഇർഫാൻ ഹബീബ്. കൊളോണിയൽ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന മുസ്ലിം നേതാക്കളിൽ ഒരാളായ മൗലാന അബുൽ കലാം ആസാദായിരുന്നു ബ്രിട്ടീഷ് കാലത്തെ മറ്റൊരു കോൺഗ്രസ് പ്രസിഡന്റ്. 1923-ൽ മുപ്പത്തെഞ്ചാം വയസ്സിൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഒന്നിലധികം ജയിൽവാസങ്ങൾ അദ്ദേഹം നേരിട്ടു.

ജസ്റ്റിസ് ത്വയ്യിബ്ജി മുതൽ മൗലാന അബുൽ കലാം ആസാദ് വരെ എട്ട് മുസ്ലിം നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഉണ്ടായിരുന്നു. ഇതിൽപെടുന്നു മുഹമ്മദ് അലി ജൗഹർ, ശൗക്കത്ത് അലി, മൗലാന ആസാദ്, ഡോ മുഖ്താർ അൻസാരി, ഹക്കീം അജ്മൽ ഖാൻ, മൗലാന മഹ്മൂദ് ഹസൻ തുടങ്ങി നിരവധി പ്രമുഖ മുസ്ലിം നേതാക്കൾ കൊളോണിയൽ ഭരണത്തിന്റെ അന്ത്യത്തിനായി സാധ്യമായ എല്ലാ ത്യാഗങ്ങളും ചെയ്തു.

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാൻ പ്രചാരണം നടത്തിയ പഷ്തൂൺ സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു ഖാൻ അബ്ദുൾ ഗാഫർ ഖാൻ. ഇന്ത്യയിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ അദ്ദേഹം ഖുദായി ഖിദ്മത്ഗർ പ്രതിരോധ പ്രസ്ഥാനം സ്ഥാപിച്ചു. അഹിംസയുടെ തത്വങ്ങൾക്കും ഗാന്ധിയുമായുള്ള സൗഹൃദത്തിനും അദ്ദേഹം അതിർത്തി ഗാന്ധി എന്നും അറിയപ്പെട്ടു. ഒരു ഏകീകൃത, സ്വതന്ത്ര, മതേതര ഇന്ത്യയുടെ രൂപീകരണത്തിനായി ഖാൻ പ്രവർത്തിച്ചു എന്നത് ഒരു വസ്തുതയാണ്.

ഇന്ത്യൻ ദേശീയവാദിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത അനുയായിയുമായ ഡോ. ആബിദ് ഹസനാണ് “ജയ് ഹിന്ദ്” എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. ബോസ് അതിനെ സ്വീകരിക്കുകയും ചെയ്തു. നിലവിലെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് പിംഗളി വെങ്കയ്യയാണ്. എന്നിരുന്നാലും, ഇന്ന് കാണുന്ന പതാകയുടെ അന്തിമ രൂപം സൃഷ്ടിച്ചത് മുസ്ലീം വനിതയായ സുരയ്യ ത്വയ്യിബ്ജിയാണ്.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വിവിധ മത-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളുടെ സജീവ പങ്കാളിത്തത്തിനും അമൂല്യമായ സംഭാവനകൾക്കും സാക്ഷ്യം വഹിച്ചു. സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച നിരവധി മുസ്ലിം നേതാക്കളും പോരാളികളും അവരിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ എല്ലാ സമുദായങ്ങളുടെയും വൈവിധ്യമാർന്ന സംഭാവനകൾ രാജ്യത്തിന്റെ ചരിത്രത്തിൽ പ്രതിധ്വനിക്കുന്ന ഒരു കൂട്ടായ പൈതൃകത്തിന്റെയും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ പങ്കിട്ട പ്രതിബദ്ധതയുടെയും ത്യാഗത്തിന്റെയും ഉദാഹരണമാണ്.

റഫറൻസ് :
1. India’s Struggle for Independence, Bipan Chandra
2. The Sole Spokesman: Jinnah, the Muslim League, and the Demand for Pakistan, Ayesha Jalal
3. Gandhi and the Ali Brothers: Biography of a Friendship, Rakhahari Chatterji
4. Times of India, KK Sharma, head of the history department
5. Times of India, Ram Shankar Tripathi
6. Habib, Irfan (May–June 2016). “Book Reviews: Do Sarfarosh Shaa’ir, Ram Prasad ‘Bismil’ aur Ashfaqullah Khan ‘Hasrat’ (Urdu)”. Social Scientist. 44 (5/6).

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles