Current Date

Search
Close this search box.
Search
Close this search box.

ഒന്നായാൽ നന്നായി ..

അമവി ഖലീഫ അബ്ദുൽ മലിക് ഇബ്നു മർവാൻ (26 – 86 AH/644 – 705 CE) പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്നു സുബൈറു( 1 – 73AH /624 – 692CE)മായി നിഴൽ യുദ്ധത്തിലായിരുന്നു. നബിയുടെ ശിഷ്യനെ ശത്രു സ്ഥാനത്ത് നിർത്തി പോരടിക്കുന്നത് ജീവിച്ചിരിക്കുന്ന സ്വഹാബികൾക്കോ താബിഉകൾക്കോ സങ്കല്പിക്കാൻ പോലും കഴിയുമായിരുന്നില്ല. മുസ്ലിം ആഭ്യന്തര കലഹം നാട്ടിലെങ്ങും പാട്ടായി. ഇതു കേട്ടറിഞ്ഞ റോമാക്കാരിലെ പൗരപ്രമുഖരും നേതാക്കളും തങ്ങളുടെ ചക്രവർത്തി സീസറുടെ അടുത്ത് വന്ന് പറഞ്ഞു:” അറബികൾ പരസ്പരം പോരടിക്കുന്ന തിരക്കിലാണ്, ഇത് നമുക്ക് നല്ല അവസരമാണ്. അവരെ ആക്രമിക്കണം. എല്ലാ നഷ്ടങ്ങളും നികത്തണം” എല്ലാം സശ്രദ്ധം കേട്ട സീസറുടെ പ്രതികരണം ഇങ്ങനെയായിരുന്നു : “പെട്ടെന്ന് അങ്ങനെ ചെയ്യുന്നത് സൂക്ഷിക്കുക!” ചക്രവർത്തിയുടെ പ്രതികരണത്തിൽ റോമൻ നേതാക്കൾ മുഴുവൻ അമ്പരന്നു. അവർ സീസറാ പറഞ്ഞതിന്റെ കാരണം അന്വേഷിച്ചു. ഉടനെ അദ്ദേഹം രണ്ടു വളർത്തു നായ്ക്കളെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. രണ്ടു വേട്ടപ്പട്ടികൾ … രണ്ടും കണ്ടപ്പോൾ തന്നെ മുരളാനും പോരടിക്കാനും തുടങ്ങി.ഒന്ന് മറ്റൊന്നിനെ കടിച്ചു, മറ്റേത് തിരിച്ചും …
അപ്പോഴേക്കും സീസർ ഒരു ഭീമാകാരനായ കുറുക്കനെ കൊണ്ടുവന്നു.തങ്ങളുടെ വർഗശത്രുവിനെ കണ്ട നായ്ക്കൾ പരസ്പരം പോര് നിർത്തി ഒരുമിച്ച് കുറുക്കനെ ആക്രമിക്കാനാരംഭിച്ചു. അധികം വൈകാതെ കുറുക്കന്റെ കഥ കഴിഞ്ഞു.

അപ്പോൾ ചക്രവർത്തി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: “ഇതാണ് സംഗതി ; അറബികളോട് കളിച്ചാൽ ഇങ്ങനെയിരിക്കും. അവർ പരസ്പരം കടിച്ചു കീറുകയാണെന്ന് കരുതി നമ്മൾ അവരെ ആക്രമിച്ചാൽ അവർ നമുക്കെതിരെ ഒന്നിക്കും ,ചരിത്രം വീണ്ടും ആവർത്തിക്കും ..” ഉപരിസൂചിത കഥയുടെ ചരിത്രപരതയോ ആധികാരികതയോ എന്താണെന്ന് പഠനം നടക്കട്ടെ; പക്ഷേ കഥ പറയാതെ പറയുന്ന സന്ദേശം വ്യക്തമാണ്, അർത്ഥം സുതരാം കൃത്യമാണ്, പാഠം സ്പഷ്ടമാണ്.

സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിൽ ആരും ജയിക്കുന്നില്ല. സഹോദരന്മാർക്കിടയിൽ മൂത്തവന്റെ തോൽവി ഇളയവന്റെയും തോൽവിയാണ്. ആ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് പൊതുശത്രുവിന്റെ മുന്നിൽ ഒന്നിച്ച് നിന്നില്ലെങ്കിൽ നേട്ടം ശത്രുവിനായിരിക്കും. ചെറുപ്പത്തിലുണ്ടായ സൗന്ദര്യപ്പിണക്കത്തിൽ പണ്ട് നിങ്ങൾ നിങ്ങളുടെ അനുജനെ തോൽപിച്ചവനാണെങ്കിലും അവന്റെ ഇപ്പോഴുള്ള വിജയം നിങ്ങളുടെ കൂടെ വിജയമാണ്. അവൻ ഒറ്റയ്ക്ക് അധ്വാനിച്ച് നേടിയ വിജയമാണെങ്കിലും അതിൽ നിങ്ങൾക്കും സന്തോഷമുണ്ടാകും.

ദുർബലൻ ശക്തനാകുന്നത് അവന്റെ സഹോദരന്മാർ കാരണമാണ്. ദരിദ്രൻ തന്റെ സഹോദരന്മാർ നിമിത്തം സമ്പന്നനാകുന്നു. പലതുള്ളി പെരുവെള്ളമെന്നും ഐക്യമത്യം മഹാബലം എന്ന് പറയുന്നത് പോലെ ഒന്നായി നിന്നാൽ നമുക്ക് കൊള്ളാം. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക; ഭിന്നിക്കരുത് എന്ന ആയത്തിന് ഒരു അപ്പൂപ്പന്‍ താടിയുടെ വില പോലും കല്പിക്കാതെ സ്വന്തം താല്പര്യത്തിനും സ്ഥാനമോഹങ്ങള്‍ക്കും പണത്തിനും വേണ്ടി ഭിന്നിച്ചതിന്റെ ഫലമാണ് ഇന്ന് ഉമ്മത്ത് അനുഭവിക്കുന്ന ആഭ്യന്തര ഛിദ്രത . നാമൊരുമിക്കുന്നത് നമ്മുടെ ശത്രുവായ പിശാചിന് ഇഷ്ടപ്പെടില്ല. അവൻ പലപ്പോഴും പണ്ട് നടന്ന ബുആസ് പോരിന്റെ കഥകൾ അയവിറക്കി പരസ്പരം തല്ലിച്ച് വാഴാനാണ് ഭാവം .പണ്ട് ശാസ് ബിൻ ഖൈസ് ഔസ്-ഖസ്റജ് ഗോത്രക്കാർക്കിടയിൽ “മൂപ്പിളമ” കലാപമിളക്കി വിടാൻ ശ്രമിച്ചതു പോലെ ഏത് കോലവും ധരിച്ച് വരും .അവന് തീ പകരാൻ സമുദായത്തിലെ ഭിക്ഷാംദേഹികളായ ചില തുരപ്പജന്മങ്ങളും കൂടെയുണ്ടാവും.

ഇസ്ലാമിക ചരിത്രത്തിലെ ആഭ്യന്തര സംഘട്ടനങ്ങൾ മൂലമല്ലാതെ മുസ്ലിം മുന്നേറ്റങ്ങൾ നിലച്ചിട്ടില്ല. ഉമ്മത്ത് ബാഹ്യ ശത്രുക്കളുടെ വാളുകളാൽ കീറിമുറിക്കുന്നതിനു മുമ്പ് നമ്മുടെ ആഭ്യന്തര ഭിന്നതകളാലാണ് പലപ്പോഴും നാണം കെട്ടത്. മുസ്ലിം അന്ദുലുസിനെ അട്ടിമറിച്ചത് സ്പെയിൻകാരല്ല. അന്ദുലുസിയൻ മുസ്ലിങ്ങളിലെ ദൈവശാസ്ത്ര / ഇൽ മുൽ കലാം ചർച്ചകളായിരുന്നു. അത് മുതലെടുത്ത് പ്രദേശ വാസികളായ സ്പെയിൻകാർ ഒരു ചെറിയ അട്ടിമറി മാത്രമാണ് നടത്തിയത്.ഹുലാഗു ഖാൻ ബഗ്ദാദിനെ ഒറ്റ ദിവസം കൊണ്ട് കീഴടക്കിയതല്ല. കർമശാസ്ത്ര പണ്ഡിതന്മാരുടെ പള്ളികൾ കേന്ദ്രീകരിച്ച് നടന്ന പോർവിളികൾക്കിടയിൽ താർത്താരികൾ വളരെ സാവധാനത്തിൽ സുചിന്തിതമായി എപ്പഴോ തുടങ്ങിയ പടയൊരുക്കം വളരെ ലളിതമായി സാധ്യമാവുകയായിരുന്നു.

ചരിത്രത്തിലെ നമ്മുടെ പരാജയ കാരണങ്ങൾ ഇക്കാലത്തും നാമാവർത്തിച്ചാൽ അതേ ഫലം തന്നെയായിരിക്കും; കട്ടായം. ഇന്ന് നമ്മൾ ദുർബലരായത് നമ്മുടെ ശത്രുക്കൾ അതിശക്തരായത് കൊണ്ടല്ല. കുഫ്ർ – ശിർക്ക് സീലടിക്കാൻ മത്സരിക്കുന്ന പണ്ഡിതരും നേതാക്കളും സംഘടനകളും സ്ഥാപനങ്ങളും സമുദായത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തിരിക്കുന്നതു കൊണ്ടാണ്.

അവലംബം : عيون الأخبار -ابن قتيبة

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles