Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടീഷ് അധിനിവേശത്തോട് രാജിയില്ലാത്ത സമീപനം

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒരു മതസമൂഹമെന്ന നിലയില്‍ അതിശക്തമായ സമീപനം ആദ്യം മുതലേ സ്വീകരിച്ചുപോന്നത് മുസ്‌ലിംകളാണ്. പ്രമുഖ പണ്ഡിതന്മാരായിരുന്നു അതിന്റെ മുന്‍ നിരയിലുണ്ടായിരുന്നത്. 1931-ല്‍ ബാലാകോട്ട് യുദ്ധത്തില്‍ രക്തസാക്ഷ്യം വരിച്ച സയ്യിദ് അഹ്മദ് ശഹീദും, ശാഹ് ഇസ്മാഈല്‍ ശഹീദും വിദേശ അധിനിവേശത്തിനെതിരെ വീറോടെ നിലകൊണ്ട വിപ്ലവകാരികളായിരുന്നു.

ശൈഖ് റദിയുദ്ദീന്‍ അല്‍ബദാവുനി 1857-ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തതിന് പിടിക്കപ്പെട്ടു. അദ്ദേഹത്തെ വിചാരണ ചെയ്ത കോടതിയിലെ ഇംഗ്ലീഷുകാരനായ ന്യായാധിപന്‍ അദ്ദേഹത്തിന്റെ ഒരു ശിഷ്യനായിരുന്നു. കുറ്റം നിഷേധിച്ചാല്‍ ഗുരുനാഥനെ വെറുതെ വിടാമെന്ന് അയാള്‍ തന്റെ ചില സുഹൃത്തുക്കള്‍ മുഖേന ശൈഖിനെ അറിയിച്ചു. പക്ഷേ, ശൈഖിന് അത് സമ്മതമായിരുന്നില്ല അദ്ദേഹം പറഞ്ഞു: ”ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പിന്നെ എങ്ങിനെയാണ് ഞാന്‍ അത് നിഷേധിക്കുക?” ന്യായാധിപന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ശൈഖിന് വധശിക്ഷ വിധിച്ചു. കഴുമരത്തിനു മുമ്പില്‍ അദ്ദേഹത്തെ ഹാജരാക്കിയപ്പോള്‍ ന്യായാധിപന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: ”ഈ കേസ് എന്റെ മേല്‍ കളവായി കെട്ടിച്ചമച്ചതാണെന്ന് ഈ അവസാന നിമിഷത്തിലെങ്കിലും താങ്കള്‍ പറയുകയാണെങ്കില്‍ താങ്കളെ മോചിപ്പിക്കാന്‍ ഞാന്‍ ശ്രമം നടത്താം.” അത് കേട്ട് ശൈഖ് കോപിച്ചു ”കളവ് പറഞ്ഞ് എന്റെ സല്‍കര്‍മം നിഷ്ഫലമാക്കണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത്? അങ്ങനെ ചെയ്താല്‍ ഞാന്‍ പരാജയപ്പെട്ടുപോകും. എന്റെ കര്‍മം നിഷ്ഫലമാകും. ഞാന്‍ കലാപത്തില്‍ പങ്കെടുത്തിട്ടുണ്ട്. നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്തുകൊള്ളുക.” അങ്ങനെ അദ്ദേഹം കഴുമരത്തിലേറ്റപ്പെട്ടു.

”അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും.” (ഖുര്‍ആന്‍ 4:135)

സാമ്രാജ്യ ശക്തികളോടുള്ള ശക്തമായ എതിര്‍പ്പുകാരണം താന്‍ ബ്രിട്ടീഷുകാരുടെ മുഖത്ത് നോക്കുകപോലുമില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത പ്രഗല്‍ഭനായ ഒരു പണ്ഡിതന്‍ മുസഫര്‍ നഗര്‍ ജില്ലയിലുണ്ടായിരുന്നു. ശാഹ് അബ്ദുല്‍അസീസിന്റെ ശിഷ്യനും സയ്യിദ് അഹ്മദ് ശഹീദിന്റെ പ്രതിനിധിയുമായ ഇദ്ദേഹം ജീവിതവിശുദ്ധിയിലും നീതിനിഷ്ഠയിലും നിസ്തുലനായ വ്യക്തിയായിരുന്നു. അതിനാല്‍ ജാതി, മതഭേദമെന്യെ എല്ലാവരും അദ്ദേഹത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തുവന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മുസഫര്‍ നഗര്‍ ജില്ലയിലെ കാണ്ഡ്‌ലയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഒരു ആരാധനാലയം നില്‍ക്കുന്ന സ്ഥലത്തിന്റെ അവകാശം സംബന്ധിച്ച് രൂക്ഷമായ തര്‍ക്കമുണ്ടായി. രണ്ടു വിഭാഗവും വസ്തു തങ്ങളുടേതാണെന്ന് സ്ഥാപിക്കാനും സ്വന്തമാക്കാനും ആവുന്നതൊക്കെ ചെയ്തുകൊണ്ടിരുന്നു. പ്രശ്‌നം സാമുദായിക സംഘര്‍ഷത്തിലേക്കും വര്‍ഗീയ കലാപത്തിലേക്കും എത്തുമോ എന്ന് ഭയന്ന ബ്രിട്ടീഷുകാരനായ ജില്ലാകലക്ടര്‍ മാധ്യസ്ഥത്തിന് ശ്രമിച്ചു. ഇരു കക്ഷികളുടേയും ന്യായ വാദങ്ങള്‍ കേട്ട അദ്ദേഹം വെള്ളക്കാരനായതിനാല്‍ സ്വയം ഒരു തീര്‍പ്പുകല്‍പിക്കാന്‍ ഭയപ്പെട്ടു. അദ്ദേഹം മുസ്‌ലിംകളോട്, അവര്‍ക്ക് പൂര്‍ണ്ണ വിശ്വാസമുള്ള സത്യസന്ധനും സ്വീകര്യനുമായ ഒരു ഹിന്ദുനേതാവിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം സുസമ്മതനായ ഒരാളും തങ്ങളുടെ ഗ്രാമത്തിലില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് സത്യസന്ധനെന്ന് തങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസമുള്ള ഒരു മുസ്‌ലിമിന്റെ പേരു പറയാന്‍ ഹിന്ദുക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമത്തിലെ പരമസാത്വികനും സുസമ്മതനും ശാഹ് അബ്ദുല്‍ അസീസിന്റെ ശിഷ്യനുമായ പണ്ഡിതന്റെ പേരാണ് അവര്‍ പറഞ്ഞത്. അയാള്‍ പരമ ഭക്തനും നീതിമാനും കളവ് പറയാത്തവനുമാണെന്ന് അവര്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. ലുത്ഫി ഇലാഹി ബക്ഷിന്റെ കുടുംബത്തില്‍ പെട്ട പുണ്യപുരുഷനായിരുന്നു അദ്ദേഹം. കളക്ടര്‍ ആ പണ്ഡിതനെ പ്രശ്‌നം പരിഹരിക്കാനായി സന്ധിസംഭാഷണത്തിന് ക്ഷണിച്ചു. താന്‍ ബ്രിട്ടീഷുകാരുടെ മുഖത്ത് നോക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്തതിനാല്‍ കളക്ടരെ കാണാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സാമുദായിക സംഘര്‍ഷം വര്‍ധിക്കുമെന്നും അത് കലാപത്തിനും കൂട്ടക്കൊലയിലും കലാശിക്കുമെന്നും ഭയപ്പെട്ട കളക്ടര്‍ വിട്ടുവീഴ്ചക്ക് സന്നദ്ധനായി. തന്റെ നേരെ തിരിയുകയോ തന്റെ മുഖത്ത് നോക്കുകയോ വേണ്ടതില്ലെന്നും സദസ്സില്‍ സംബന്ധിച്ച് അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും അദ്ദേഹത്തെ അറിയിച്ചു. കലാപം പടരുമെന്ന് ആശങ്കിച്ച പണ്ഡിതന്‍ അതിന് വഴങ്ങി കളക്ടരുടെ ഓഫിസിലെത്തി. കളക്ടര്‍ക്ക് അഭിമുഖമായി ഇരിക്കുന്നതിനു പകരം പുറംതിരിഞ്ഞ് ഇരുന്നു. കളക്ടര്‍ സ്ഥലത്തിന്റെ കൈവശാവകാശത്തെ സംബന്ധിച്ചും ഉടമസ്ഥതയെപ്പറ്റിയും വല്ലതും അറിയുമോ എന്ന് അന്വേഷിച്ചു. നേരത്തെതന്നെ എല്ലാം അറിയാമായിരുന്ന ആ പണ്ഡിതവര്യന്‍ ഒന്നും മറച്ചുവെക്കാതെ വിവാദ സ്ഥലത്തിന്റെ യഥാര്‍ഥ ഉടമസ്ഥര്‍ ഹിന്ദുക്കളാണെന്ന് തുറന്നു പറഞ്ഞു. അതനുസരിച്ച് കളക്ടര്‍ തര്‍ക്കസ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് പ്രശ്‌നം രമ്യമായി പരിഹരിച്ചു. എങ്കിലും ഇത് ചില മുസ്‌ലിംകളില്‍ അലോസരമുണ്ടാക്കുകയും അവര്‍ അദ്ദഹത്തെ ആക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശത്തെ ഹിന്ദു സഹോദരന്മാര്‍ അദ്ദേഹത്തിന്റെ നീതിനിഷ്ഠയില്‍ ആകൃഷ്ടരാവുകയും അതിന് അദ്ദേഹത്തിന് പ്രചോദനമേകിയ വിശ്വാസവും ആദര്‍ശവും സ്വീകരിച്ച് ആ പുണ്യപുരുഷന്റെ അനുയായികളായി മാറുകയുമുണ്ടായി. അതോടെ നേരത്തെ അനിഷ്ടം പ്രകടിപ്പിച്ച മുസ്‌ലിം സഹോദരന്മാരും അദ്ദേഹത്തോട് യോജിച്ചു.

”ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്. അല്ലാഹുവിനോടു ഭക്തിയുള്ളവരായി വര്‍ത്തിക്കുവിന്‍.” (ഖുര്‍ആന്‍ 5:8)

Related Articles