Current Date

Search
Close this search box.
Search
Close this search box.

നീതിക്കും വിമോചനത്തിനും വേണ്ടിയായിരുന്നു ‘ഗസ്‍വത്തുൽ ഹിന്ദ്’

നബി (പ്രവാചകൻ) എന്ന പദത്തിൻ്റെ അർത്ഥം സത്യസന്ധമായ വിവരങ്ങൾ നൽകുന്നവൻ എന്നാണ്. അതുകൊണ്ടാണ് ഓരോ പ്രവാചകനും പരലോകത്തെക്കുറിച്ചുള്ള യഥാർത്ഥ വാർത്തകൾ മനുഷ്യരാശിയെ അറിയിച്ചത്. സ്വർഗ്ഗനരകങ്ങളെപ്പറ്റി സംസാരിച്ചു അവർ. ദൈവിക ശിക്ഷാ സമ്പ്രദായത്തെയും അജ്ഞാതരും അദൃശ്യ സൃഷ്ടികളുമായ മാലാഖമാരെ മനുഷ്യർക്ക്‌ പരിചയപ്പെടുത്തി. പ്രവാചകൻ എന്നത് പ്രവചനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. സർവ്വശക്തനായ അല്ലാഹുവാണ് ആദി മുതൽ അന്ത്യം വരെ സംഭവിച്ച, സംഭവിക്കാനിരിക്കുന്ന എല്ലാ സംഭവങ്ങളുടെയും കർത്താവ്.

ഈ ഭൗമിക പ്രപഞ്ചത്തിൽ പ്രവാചകന്മാർ അവൻ്റെ ദൂതന്മാരാണ്. അതിനാൽ അല്ലാഹു മനുഷ്യൻ്റെ ഭാവിയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അവർക്ക് അറിയിച്ചു കൊടുക്കുന്നു. ബദർ യുദ്ധത്തിന് മുമ്പ് പ്രവാചകൻ (സ) ശത്രുക്കളുടെ പതനത്തെക്കുറിച്ചുള്ള ചില പ്രവചനങ്ങൾ പ്രവാചകത്വത്തെ ശാക്തീകരിക്കുന്ന അമാനുഷിക അടയാളങ്ങളാകാം. ബദ്റു യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ നേതാക്കളുടെ പേരുകൾ, സ്ഥാനങ്ങൾ സംബന്ധിച്ച പ്രവചനം തീർച്ചയായും പൂർത്തീകരിക്കപ്പെട്ടു. പല പ്രവചനങ്ങളും ഒരു മുന്നറിയിപ്പായും നൽകപ്പെടുന്നു. അവ കർമോത്സുക്യത്തിനു പ്രേരകമാകുന്നു. ഇമാം മഹ്ദിയുടെ ആഗമനം, ദജ്ജാലിൻ്റെ വരവ്, യേശുവിൻ്റെ പുന:രാഗമനം, കിഴക്കിന് പകരം പടിഞ്ഞാറ് നിന്നുള്ള സൂര്യോദയം മുതലായവ.

ലോകത്തിൻ്റെ വിവിധ രാജ്യങ്ങളായ റോം, കോൺസ്റ്റാൻ്റിനോപ്പിൾ, ഇറാൻ മുതലായ പ്രദേശങ്ങൾ ഇസ്‌ലാമിക സൈന്യം കീഴടക്കുമെന്ന് പ്രവാചകൻ്റെ ചില പ്രവചനങ്ങളിൽ കാണാവുന്നതാണ്. ഇന്ത്യൻ പ്രദേശങ്ങളും ജയിച്ചടക്കുമെന്നും അവിടെ ഇസ്ലാം പ്രചരിക്കുമെന്നും നബിവചനങ്ങിൽ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ചിലത് മുഹദ്ദിസുകൾ വിശ്വസനീയമല്ല എന്ന് അഭിപ്രായപ്പെടുന്നു. മറ്റുള്ളവ ഒരു പരിധിവരെ സീകാര്യവും വിശ്വാസനീയവുമാണെന്ന വീക്ഷണക്കാരുമുണ്ട്. എന്നാൽ ഇത് എപ്പോഴാണ് സംഭവം നടക്കുകയെന്ന കാലഗണയൊന്നും ഹദീസിൽ പ്രത്യേകം പറഞ്ഞിട്ടില്ല.

ചില നിവേദനങ്ങളിൽ ദജ്ജാൽ പ്രത്യക്ഷപ്പെടുമ്പോൾ, ബൈതുൽമഖ്ദിസിൻ്റെ ഒരു ഭരണാധികാരി ഇന്ത്യയിലേക്ക് ഒരു സൈന്യത്തെ അയക്കുമെന്ന് പറയപ്പെടുന്നു ( നയീം ബിൻ ഹമ്മാദ്. അൽ-ഫിതൻ അധ്യായം. ഹദീസ് നമ്പർ: 4121 ).ഈ യുദ്ധം സഹാബികളുടെ കാലത്താണ് സംഭവിക്കുകയെന്ന് ചില ഹദീസുകൾ സൂചിപ്പിക്കുന്നു. അതിൽ രക്തസാക്ഷിത്വം വഹിക്കണമെന്ന് ഹസ്രത്ത് അബൂഹുറൈറ: ആഗ്രഹിച്ചതായും അവയിൽ പരാമർശമുണ്ട്. രണ്ട് ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിൽ ഇത് വിവരിച്ചിട്ടുണ്ട് (മുസ്‌നദ് അഹ്മദ് 2/922, സുനൻ നസാഇ, ഹദീസ് നമ്പർ: 3713, 4713, അധ്യായം ഗസ്‌വത് അൽ-ഹിന്ദ്) , ഈ നിവേദന പരമ്പര ദുർബലമാണെങ്കിലും അത് സൂചിപ്പിക്കുന്നത് നബിയുടെ ആദ്യ സംബോധിധിതർ ഈ സംഭവം സമീപഭാവിയിൽ സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നു എന്നാണ്.

ഈ കാലയളവിനുശേഷം അറബ് ഭരണാധികാരികൾ ഇന്ത്യൻ ഭരണാധികാരികളോട് യുദ്ധം ചെയ്യുന്നു. അങ്ങനെ മുഹമ്മദ് ബിൻ ഖാസിം സിന്ധ് കീഴടക്കുന്നതിൻ്റെ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്.അതനുസരിച്ച് സിന്ധിനെ “ബാബ് അൽ-ഇസ്ലാം” ( ഇസ് ലാമിൻ്റെ കവാടം)എന്ന് വിളിക്കുന്നു. ത്വാഇഫിലെ ബനൂഥഖഫ് ഗോത്രക്കാരനായിരുന്നു മുഹമ്മദ് ബിൻ ഖാസിം. ബനൂ ഉമയ്യരാജ വംശത്തിൽ അക്രമവും ക്രൂരതയും കൊ ണ്ട് പുകൾപെറ്റ ഗോത്രമായിരുന്നു ബനൂഥഖഫ്‌. എല്ലാ രാഷ്ട്രങ്ങളുടെയും അതിക്രമങ്ങൾ ഒരു തട്ടിലും ഹജ്ജാജിൻ്റെ അക്രമങ്ങൾ ഒരു തട്ടിലും വെച്ചാൽ ഹജ്ജാജിൻ്റെ തട്ടു ഭാരത്താൽ താഴ്ന്നു നിൽക്കുമെന്ന് മഹാനായ ഹസൻ ബസ്വരി പറഞ്ഞിട്ടുണ്ട്. ചില നല്ല കാര്യങ്ങളും ഹജ്ജാജ് ചെയതിട്ടുണ്ട്.

പേർഷ്യയുടെ തലസ്ഥാനമായ ‘ഷിറാസിൻ്റെ’ ഗവർണറായി തൻ്റെ പിതൃസഹോദരനും മരുമകനുമായ മുഹമ്മദ് ബിൻ ഖാസിമിനെ നിയോഗിച്ചത് അക്കുട്ടത്തിൽ എടുത്തു പറയേണ്ടതാണ്. എ ഡി 807-ൽ കുർദുകളുടെ കലാപം അടിച്ചമർത്താനുള്ള സേനാ നേതൃത്വത്തിൻ്റെ ചുമതല അദ്ദേഹത്തെയാണ് ഏൽപ്പിച്ചിരുന്നത്. പതിനഞ്ച് വയസ്സ് മാത്രമുള്ള ബിൻ ഖാസിം ആ ദൗത്യത്തിൽ അത്ഭുതകരമായ വിജയം നേടി.

പിന്നീട് സിന്ധിലെ ചിലർ രാജാക്കന്മാരോട് യുദ്ധം ചെയ്യാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിൽ അർപ്പിതമായി. അപ്പോൾ അദ്ദേഹത്തിന് 17 വയസ്സായിരുന്നു പ്രായം. സിന്ധിലെ മിക്ക പ്രദേശങ്ങളും ജയിച്ചടക്കി മുൾതാൻ വരെ എത്തി.(അത് സിന്ധിൻ്റെ ഭാഗമായിരുന്നു). സിന്ധിൽ നാല് വർഷം താമസിച്ച് അവിടുത്തെ ഭരണ സംവിധാനം ശക്തിപ്പെടുത്തുകയും നീതിയിലധിഷ്ഠിതമായ ഒരു സർക്കാർ സ്ഥാപിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് സിന്ധ് ആക്രമണം നടന്നത്? അതറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.ഇത് ഒരു ക്രൂരവും അന്യായവുമായ ഒരു ആക്രമണമായിരുന്നില്ല എന്ന് അപ്പോൾ തിരിച്ചറിവുണ്ടാവും. ഇതിന് നിരവധി കാരണങ്ങളുണ്ടെന്ന് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം. അക്കാലത്ത് സിന്ധ് ഭരിച്ചിരുന്നത് രാജാ ദാഹിറായിരുന്നു. മക്രാൻ മേഖല മുസ്ലിംകളുടെ നിയന്ത്രണത്തിലായിരുന്നു. AD 703 ൽ മക്രാൻ ഗവർണറായിരുന്ന സഈദു ബിൻ ബിൻ അസ്ലമിനെ ചിലർ കൊന്നു. രാജാ ദാഹിർ കൊലയാളി സംഘത്തിനു അഭയം നൽകി. ഇറാഖ് ഗവർണറായിരുന്ന ഹജ്ജാജ് ബിൻ യൂസഫ് അവരെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടുവെങ്കിലു ദാഹിർ അത് നിരസിച്ചു.

മറ്റൊരുകാരണം: ലങ്കൻ രാജാവ് ഹജ്ജാജിന് ചില വിലയേറിയ സമ്മാനങ്ങൾ കൊടുത്തയച്ചു.അതുമായി യാത്രയായ കപ്പലിൽ സ്ത്രീകളടക്കം ഏതാനും മുസ് ലിംകളുമുണ്ടായിരുന്നു. കടൽത്തീരത്തിലൂടെ നീങ്ങുകയായിരുന്ന കപ്പൽ ഇന്നത്തെ കറാച്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഡിബിലിൽ കടൽ കൊള്ളക്കാർ കയ്യേറുകയും യാത്രാസംഘത്തെ ബന്ധികളാക്കുകയും ചെയ്തു.

ഈ പ്രദേശം ദാഹിറിൻ്റെ നിയന്ത്രണത്തിലായിരുന്നു. ചിലർ രക്ഷപ്പെട്ട് ഹജ്ജാജിൻ്റെ സന്നിധിയിൽ എത്തി കാര്യങ്ങൾ ബോധിപ്പിച്ചു.സ്ത്രീകളെ മോചിപ്പിക്കാനും സമ്മാനങ്ങൾ തിരികെ നൽകാനും ഹജ്ജാജ് രാജാ ദാഹിറിനോട് അഭ്യർത്ഥിച്ചു.ആ ഭൂപ്രദേശം തൻ്റെ അധികാരപരിധിയിൽ അല്ലെന്ന ന്യായം പറഞ്ഞു ദാഹിർ ഹജ്ജാജിൻ്റെ ആവശ്യങ്ങൾ നിരാകരിക്കുകയും അവഗണിക്കുകയും ചെയ്തു.

മൂന്നാമതായി, ബുദ്ധമത അനുയായികളായ ഭരണാധികാരം നടത്തിയിരുന്ന പ്രദേശങ്ങളായിന്നു ഇവ. എന്നാൽ രാജാ ദാഹിർ ഒരു തീവ്ര ഹിന്ദുവായിരുന്നു. അയാൾ ബുദ്ധമതക്കാരോട് വലിയ ക്രൂരതകൾ ചെയ്തു. തൻ്റെ കുടുംബം കൂടാതെ മറ്റാരെയും തലപ്പാവ് ധരിക്കാൻ അനുവദിച്ചില്ല.പ്രജകൾക്ക് കുതിരപ്പുറത്തെ സവാരിക്ക് വിലക്കുണ്ടായിരുന്നു. അയാൾ സ്വന്തം സഹോദരിയെ വിവാഹം കഴിക്കുന്നതു വരെ ധാർമ്മിക വ്യവസ്ഥ അധ:പതിച്ചു. ദാഹിറിൻ്റെ ക്രൂരതയ്‌ക്കെതിരെ ആളുകൾ നിസ്സഹായരായിരുന്നു. അതിനാൽ സിന്ധിലെ അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ഒരു പ്രതിനിധി സംഘം ഹജ്ജാജ് ബിൻ യൂസഫിനോട് രാജാ ദാഹിറിനെക്കുറിച്ച് പരാതിപ്പെടുകയും സിന്ധ് ആക്രമിക്കാൻ ക്ഷണിക്കുകയും ചെയ്തു.

അങ്ങനെ ഹജ്ജാജ് സിന്ധ് ആക്രമിക്കാൻ അനുവാദം നൽകി. ഉബൈദുള്ളയുടെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു.അദ്ദേഹം രക്തസാക്ഷിയായി. പിന്നെ ബാദിലിൻ്റെ നേതൃത്വത്തിൽ മൂവായിരം അടങ്ങുന്ന മറ്റൊരു സൈന്യത്തെയും നിയോഗിച്ചു. അദ്ദേഹവും പരാജയപ്പെട്ടു.അങ്ങനെ ഹജ്ജാജിൻ്റെ കണ്ണുകൾ മുഹമ്മദ് ബിൻ കാസിമിൽ പതിഞ്ഞു.പുതിയ നീക്കത്തിനായി സിറിയക്കാരും ഇറാഖികളുമായ 12,000 മുജാഹിദുകളെ അയച്ചു.ഈ സൈന്യത്തോടൊപ്പം “അറൂസ്” എന്ന കല്ലെറിയൽ യന്ത്രവുമുണ്ടായിരുന്നു.

ദാഹിർ ഭരണത്തിൽ മർദ്ദിതരായി ജീവിച്ചിരുന്ന പ്രദേശത്തുകാരും ബിൻ ഖാസിമിൻ്റെ സൈന്യത്തോടൊപ്പം ചേർന്നു. ദിബെൽ തുറമുഖത്തെത്തിയപ്പോൾ അവരുടെ എണ്ണം പതിനെണ്ണായിരം കവിഞ്ഞിരുന്നു. തൻ്റെ സൈന്യത്തിത്തിലെ ആനകളിൽ അഭിമാനിച്ചിരുന്ന രാജാ ദാഹിർ തന്നോടൊപ്പം പതിനായിരം കുതിരപ്പടയും മുപ്പതിനായിരം കാലാൾപ്പടയുണ്ടായിട്ടും അയാൾ ഓടി രക്ഷപ്പെട്ടു.മുഹമ്മദ് ബിൻ ഖാസിം മുന്നോട്ട് പോയി ബ്രാഹ്മണാബാദ്, അരൂട്, സിന്ധിൻ്റെ കേന്ദ്രമായിരുന്ന മുൾതാൻ മറ്റും കീഴടക്കി.

മുഹമ്മദ് ബിൻ ഖാസിം രാജാ ദാഹിർ സ്ഥാപിച്ച ഹിന്ദു സമ്പ്രദായമായ ഉച്ചനീചത്വം വ്യവസ്ഥ നിർത്തലാക്കി. എല്ലാവരോടും നീതിയോടും സമത്വത്തോടും പെരുമാറി. ഹിന്ദു ആരാധനാലയങ്ങൾക്കും പുരോഹിതർക്കും സാമ്പത്തിക സഹായങ്ങൾ ചെയ്തു. പ്രാദേശിക ജനത അദ്ദേഹത്തിൻ്റെ ഹൃദയ വിശാലതയിലും കാരുണ്യത്തിലും ആകൃഷ്ടരായി. മുഹമ്മദ് ബിൻ ഖാസിം സിന്ധിൽ നിന്ന് തിരിച്ചു പോയപ്പോൾ അവിടെയുള്ള അമുസ്‌ലിംകൾ കരയുകയായിരുന്നുവെന്നും ഇന്നത്തെ “കച്ചിൽ” ഹൈന്ദവർ അദ്ദേഹത്തിൻ്റെ പ്രതിമ ഉണ്ടാക്കി വളരെക്കാലം ആരാധിച്ചിരുന്നുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

പ്രത്യക്ഷത്തിൽ, അല്ലാഹുവിൻ്റെ ദൂതൻ്റെ പ്രവചനത്തിൽ വന്ന “ഇന്ത്യയുടെ അധിനിവേശം” എന്ന് വിളിക്കപ്പെടുന്ന യുദ്ധമാണിത്. സിന്ധിൻ്റെയും ഹിന്ദിൻ്റെയും ആദ്യത്തെ സായുധ സംഘർഷവും. അന്നത്തെ ഹിന്ദ് എന്ന് പറയപ്പെടുന്നത് വളരെ വ്യത്യസ്തമായിരുന്നു; മറിച്ച്, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ആര്യന്മാർ ഈ രാജ്യത്ത് വന്നപ്പോൾ, അവർ ഈ പ്രദേശത്തിന് “സിന്ധ്” എന്ന് പേരിട്ടതായി ചരിത്രം വ്യക്തമാക്കുന്നു. കാരണം അവർ നദിയെ “സിന്ധൂ” എന്ന് വിളിക്കുന്നു. കാലാന്തരത്തിൽ അവർ ‘സിന്ധു ‘ എന്ന് പറഞ്ഞു തുടങ്ങി. ഇറാനികൾ അവരുടെ ഭാഷയിൽ സിന്ധിനെ “ഹിന്ദ്” ആക്കി,. ഗ്രീക്കുകാർ “H” എന്നത് “ഇന്ദ്” (Ind)ആക്കി ഉച്ചരിച്ചു.റോമൻ ഭാഷയിൽ “സിന്ധു” എന്ന വാക്ക് “ഇന്ത്” ആയി മാറി. ഇംഗ്ലീഷുകാർ “ഇന്ത്യ” എന്ന് പറയുകയായിരുന്നു. (സിന്ധ് ചരിത്രം; 42, സമാഹാരം: ഇജാസുൽ-ഹഖ്).

ആ ‘ഹിന്ദ്’ എന്നത് ഇന്നത്തെ പാകിസ്ഥാൻ്റെ ഭാഗമായിരുന്നു. സിന്ധു നദിയുടെ ഒരു വശത്തുള്ള പ്രദേശം സിന്ധ് എന്നും മറുവശം ഹിന്ദ് എന്നും അറിയപ്പെട്ടു. അതിനാൽ, ഹദീസിൽ പരാമർശിച്ചിരിക്കുന്ന ‘ഹിന്ദി’ന് ദൽഹി ആസ്ഥാനമായ നമ്മുടെ ഹിന്ദുസ്ഥാനുമായി യാതൊരു ബന്ധവുമില്ല. എന്നല്ല അത് നിവിലുള്ള പാക്കിസ്ഥാൻ്റെ ഭൂപ്രദേശമായിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രദേശം നൂറ്റാണ്ടുകളായി മുസ്ലീങ്ങൾ താമസിക്കുന്ന, ഹിന്ദുക്കൾ ന്യൂനപക്ഷമയ ഒരു സൈന്യത്തിനും കീഴ്പ്പെടുത്താൻ കഴിയാത്ത പാകിസ്ഥാൻ രൂപത്തിലാണ് നിലനിൽക്കുന്നത്. അവിടെ ഹിന്ദുക്കളുടെ ഭരണമല്ല;അത് കൊണ്ടു തന്നെ ഒരു സൈനിക നടപടിയുടെ പ്രശ്നമുദിക്കുന്നുമില്ല.

അതിനാൽ, ഇന്ത്യയുടെ അധിനിവേശത്തെക്കുറിച്ചുള്ള പ്രവചനം സ്വീകാര്യമായ ചില നിവേദനങ്ങളിൽ വന്നിട്ടുള്ളത് ശരിയാണ്. ഹിന്ദിനെക്കുറിച്ച ആ പ്രവചനം നൂറ്റാണ്ടുകൾക്ക് മുമ്പ് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു; അതുകൊണ്ട് തന്നെ മുസ്ലിംകൾ ഇന്ത്യയെ ആക്രമിക്കാൻ പോകുന്നുവെന്ന പ്രവചനം ഏറ്റുപിടിക്കുന്നവർ വാസ്തവ വിരുദ്ധമായ പ്രചാരണമാണ് നടത്തുന്നത്. ഇത് മുസ്ലീങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം മാത്രമാണ്. സിന്ധ് കീഴടക്കാൻ നടത്തിയ സൈനികാക്രണമാണ് ചരിത്രത്തിൽ പ്രശസ്തമായ ‘ഗസ് വതുൽഹിന്ദ്’. അതാവട്ടെ നീതിയുടെ സംസ്ഥാപത്തിനും അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ വിമോചനത്തിനും വേണ്ടിയായിരുന്നു.

ഇന്ത്യയുടെ അധിനിവേശത്തെക്കുറിച്ച ഒരു പ്രവചനം ഇത്രയേറെ ഒച്ചപ്പാടുണ്ടാക്കുന്ന ഹൈന്ദവ സഹോദരങ്ങൾ തങ്ങളുടെ ഗ്രന്ഥങ്ങളിലേക്കും ഒന്നു് കണ്ണോടിക്കണം. കൗരവരും പാണ്ഡവരും തമ്മിലുള്ള യുദ്ധം കുടുംബ മേധാവിത്വത്തിനായുള്ള പോരാട്ടമല്ലാതെ മറ്റൊന്നുമല്ലായിരുന്നു. ഹിന്ദു മതഗ്രന്ഥങ്ങളുടെ വിവരണമനുസരിച്ച്, അതിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലായിരുന്നു.

മനുഷ്യരെ ജന്മത്തിൻ്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഉയർന്നവരും താഴ്ന്നവരും എന്ന ചാതുർവർണ്യ ആശയം പുസ്തകങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്, അത് ഹിന്ദു സമൂഹം ഇന്നും അനുഷ്ഠിച്ചുവരുന്നു. അതുപോലെ സ്ത്രീകളെ നിന്ദിക്കുന്ന അപകീർത്തികരമായ കാര്യങ്ങളും അവയിലുണ്ട്. ഇന്ത്യയുടെ യഥാർത്ഥ പ്രശ്നങ്ങൾ ഇവയെല്ലാമാണ്. രാജ്യത്തിൻ്റെ രാഷ്ട്രപതിക്ക് പോലും ചില ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ കഴിയാത്തതിൻ്റെ ഫലം ഈ സ്വയം അടിച്ചേൽപ്പിച്ച ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. യഥാർത്ഥ ചർച്ച ഈ വിഷയങ്ങളിലായിരിക്കണം.

വിവ: എം.ബി.അബദുർറഷീദ് അന്തമാൻ

Related Articles