Current Date

Search
Close this search box.
Search
Close this search box.

റമദാനിനെ സ്വാഗതം ചെയ്യുന്ന ഫാനൂസുകൾ

ഇസ്‌ലാമിലെ രണ്ട് ആഘോഷരാവുകളാണ് റമദാനിലെ നീണ്ട ഒരു മാസത്തെ വ്രതാനുഷ്ഠാനുത്തിന് ശേഷമുള്ള ചെറിയ പെരുന്നാളും ഇബ്റാഹീം (അ) ൻ്റെയും മകൻ ഇസ്മാഈലിൻ്റെയും ഓർമകൾ പുതുക്കിയുള്ള ബലിപെരുന്നാളും. എന്നാൽ പെരുന്നാൾ ആഘോഷം പോലെ തന്നെ ഇസ്‌ലാമിക ലോകത്ത് നിലനിൽക്കുന്ന പ്രധാന ആഘോഷരാവുകളിലൊന്നാണ് പരിശുദ്ധ റമദാനിനെ സ്വീകരിക്കുന്ന ദിനരാത്രങ്ങൾ. ഈജിപ്ത്, ലബനോൻ, ഫലസ്തീൻ, ഇന്തോനേഷ്യ, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്നും റമദാനിനെ സ്വീകരിക്കുന്ന പരമ്പരാഗത – ആചാര രീതികൾ ഏറെ ഹൃദ്യവും പേരെടുത്തവയുമാണ്.

യുദ്ധം കൊണ്ട് പ്രയാസപ്പെടുമ്പോഴും ഫലസ്തീനികൾ റമദാനിനെ സ്വാഗതം ചെയ്തത് അലങ്കരിച്ച വ്യത്യസ്‌ത നിറങ്ങളിലുള്ള ഫാനൂസുകളും (തൂക്കുവിളക്കുകൾ) മനോഹരമായ തോരണങ്ങളും തങ്ങളുടെ ടെൻ്റുകളിൽ തൂക്കിക്കൊണ്ടായിരുന്നു. അറബ് രാജ്യങ്ങളെക്കാൾ ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലാണ് മനോഹരമായി അലങ്കരിച്ച തൂക്കുവിളക്കുകൾ റമദാനിനെ സ്വീകരിക്കുന്ന പ്രധാന പ്രതീകങ്ങളിൽ പ്രിയപ്പെട്ടതായി മാറുന്നത്. ഈ വർഷത്തെ റമദാനിനെ വരവേൽക്കാൻ തൂക്കുവിളക്കുകളാൽ അലങ്കരിച്ച തെരുവുകളിൽ എടുത്തു പറയേണ്ടതായിരുന്നു ലണ്ടനിൽ സംവിധാനിക്കപ്പെട്ടത്. പരിശുദ്ധ റമദാനിനെ വരവേൽക്കാൻ വേണ്ടി മാത്രം നിർമിക്കപ്പെടുന്ന ‘റമദാൻ ഫാനൂസുകൾ’ (Ramadan Lantern) എന്ന പേരിൽ അറിയപ്പെടുന്ന പരമ്പരാഗത തൂക്കുവിളക്കുകൾക്ക് പ്രത്യേക സ്ഥാനം തന്നെ ഇസ്ലാമിക ലോകം നൽകിയിട്ടുണ്ട്.

ഈജിപ്തിലെ ഫാത്വിമികളിൽ നിന്നാണ് ‘റമദാനിൻ്റെ തൂക്കുവിളക്കുകൾ’ ലോകത്തിൻ്റെ മറ്റിടങ്ങളിലേക്ക് വ്യാപിക്കപ്പെടുന്നത്. രാത്രികളിൽ വഴിയാത്രക്ക് കൂട്ടായും വീടുകളുടെ മുൻഭാഗത്ത് സാധാരണ ഉപയോഗിക്കുന്ന വെളിച്ചമായും തൂക്കുവിളക്കുകൾ ഈജിപ്തിലും ഉത്തരാഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും സർവസാധാരണമായിരുന്നു. ഫാത്വിമികളുടെ കാലത്ത് തൂക്കുവിളക്കുകൾക്ക് പ്രത്യേക പ്രൗഢി ഭരണകൂടങ്ങൾ തന്നെ കലപിച്ചുനൽകി. ഫാത്വിമി ഭരണാധികാരി മുഇസ്സുദ്ദീനുല്ലാഹ് ഈജിപ്തിൻ്റെ അധികാരം ഏറ്റെടുത്ത റമദാനിലെ ആദ്യ ദിവസങ്ങളിൽ കുട്ടികളും സ്ത്രീകളും അദ്ദേഹത്തെ വരവേറ്റത് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട തൂക്കുവിളക്കുകൾ കൈയ്യിലേന്തിയായിരുന്നു. അതോടെ തൂക്കുവിളക്കുകൾ നിർമിക്കുന്നത് ഈജിപ്തിലെ പ്രധാനപ്പെട്ട വ്യവസായമായി ഉയർന്നുവന്നു. പിന്നീട് ഇസ്‌ലാമിക ലോകം തൂക്കുവിളക്കുകളെ സാംസ്കാരിക പ്രൗഢിയുടെ ചിഹ്നങ്ങളിലൊന്നായി പരിഗണിക്കാൻ തുടങ്ങി.

ക്രിസ്തുമസ് ആഘോഷത്തിൻ്റെ പ്രതീകമായ നക്ഷത്രത്തെ ക്രൈസ്തവർ ഏറ്റെടുത്ത രീതിയിലല്ല തീർച്ചയായും മുസ്ലിം ലോകം ഫാനൂസുകളെ ഏറ്റെടുത്തതും വ്യാപിപ്പിച്ചതും. ഇസ്ലാമിലെ മതകീയ ചിഹ്നമായി ഇസ്‌ലാമിക ലോകത്ത് തൂക്കുവിളക്കുകൾ എവിടെയും പരാമർശിക്കപ്പെടുന്നില്ല. രാജ്യത്തെ സാംസകാരിക ഔന്നിത്യത്തിൻ്റെയും, പരസ്പര കൂടിച്ചേരലിൻ്റെയും വലിയ ആശയങ്ങളെയാണ് ഫാനൂസുകളിലൂടെ ഇസ്ലാമിക ലോകം പോലും മുന്നോട്ടുവെക്കുന്നത്.

ജ്യാമിതീയ ശൈലികൾ (Geometric Patterns) മനോഹരമാക്കിയ ചെറിയ കൂടുകളിൽ വ്യത്യസ്ത നിറങ്ങളിലാണ് റമദാനിൻ്റെ തൂക്കുവിളക്കുകൾ കൂടുതൽ കാണാൻ കഴിയുക. ഇസ്‌ലാമിക നഗരങ്ങളിൽ കൈറോ നഗരത്തിലാണ് ഏറ്റവും പരമ്പരാഗതവും മേൻമയുള്ളതുമായ തൂക്കുവിളക്കുകൾ നിർമിക്കപ്പെടുന്നത്. മെറ്റൽ, തടി എന്നിവയിൽ തീർത്ത്, മെഴുകുതിരിയിൽ നിർമിക്കപ്പെട്ട തൂക്കുവിളിക്കുകൾ ഇന്ന് ഇലക്ട്രിക് മേഖലയിലേക്ക് വഴിമാറിക്കഴിഞ്ഞിരിക്കുന്നു.

Related Articles