Current Date

Search
Close this search box.
Search
Close this search box.

ദില്ലി ജമാ മസ്ജിദ്: ഇന്ത്യയിലെ സ്വാതന്ത്ര്യസമര പോരാട്ട കേന്ദ്രം

ഇന്ത്യയിലെ അതിബ്രൃഹത്തായ നിർമിതിയെന്ന പരിവേഷം നൽകി മാത്രം ചരിത്രത്തിൽ വായിക്കപ്പെടേണ്ടതല്ല ദില്ലിയിലെ ജമാ മസ്ജിദിനെക്കുറിച്ച വായനകൾ.  ജാതി-മത ഭേദമന്യേ ഓരോ ഇന്ത്യൻ പൗരൻ്റെയും മനസിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ കേന്ദ്രമായി മാറിയ പ്രദേശമാണ് ജമാ മസ്ജിദും ചേർന്നുള്ള പ്രദേശങ്ങളും. ഹിന്ദു -മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പരസ്പര ഐക്യത്തിൻ്റെ ഉദാത്ത മാതൃകകൾ സൃഷ്ടിച്ചെടുക്കുന്നതിൽ മുന്നിൽ നിന്ന ജമാ മസ്ജിദിനെയാണ് സമകാലിക ഇന്ത്യൻ സമൂഹവും അതിലൂടെ വരും തലമുറയും ഇനി വായിക്കേണ്ടത്. 

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജനങ്ങളെ ഒറ്റക്കെട്ടായി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ പ്രധാനമായും പങ്ക് വഹിച്ചത് ദില്ലിയിലെ പള്ളികളായിരുന്നു. അതിൽ തന്നെ എടുത്തുപറയേണ്ടതാണ് ദില്ലി ജമാ മസ്ജിദിൻ്റെ സംഭാവനകൾ. ജാതിഭേദമന്യേ ജനങ്ങളെ ഏകോപിപ്പിക്കുവാൻ ദില്ലിയിലെ ഷാജഹാനാബാദിലുള്ള പള്ളികളിൽ വിളംബരങ്ങളും സ്വാതന്ത്ര്യ സമര പ്രഖ്യാപനങ്ങളും അരങ്ങേറി. 1857 ലെ ഒന്നാം സ്വാതന്ത്ര്യ പോരാട്ടം ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ രൂപപ്പെട്ടതാണെങ്കിലും പോരാട്ടത്തെ മുന്നോട്ടുനയിച്ചത് യഥാർത്ഥത്തിൽ മുസ്ലിംകളായിരുന്നുവെന്ന ചരിത്ര വസ്തുത വിസ്മരിക്കാവതല്ല. അതുകൊണ്ട് തന്നെ മുസ്ലിംകളോടുള്ള ബ്രീട്ടീഷ് ഭരണകൂടത്തിൻ്റെ അടങ്ങാത്ത വിദ്വേഷത്തിൻ്റെ നേർചിത്രമായി ചരിത്രം പോലും വിലയിരുത്തുന്നതാണ് 1857 മുമ്പും ശേഷവുള്ള ജമാ മസ്ജിദ് ഉൾപ്പെടുന്ന പരിസര പ്രദേശങ്ങളെക്കുറിച്ച പഠനങ്ങൾ. 

Centre for the Study of Developing Societies (CSDS) ലെ അസി. പ്രൊഫസർ ഹിലാൽ അഹ്മദിൻ്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ‘ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഇന്ത്യയിലെ ജനങ്ങളെ മത-ജാതി-വർണ വ്യത്യസങ്ങൾക്കതീതമായി ഒരു കുടക്കീഴിൽ അണിനിരത്താൻ വ്യത്യസ്ത മത വിഭാഗങ്ങളിലെ നേതാക്കന്മാരും ആചാര്യന്മാരും ഉപയോഗപ്പെടുത്തിയ പ്രസംഗപീഠമാണ് ചെങ്കോട്ടയുടെയും ജമാ മസ്ജിദിൻ്റെയും. ആര്യസമാജത്തിൻ്റെ പ്രധാന സന്യാസി വര്യനും സ്വാതന്ത്ര്യ സമര സേനാനിയുമായ സ്വാമി ശ്രദ്ധാനദ്ധ, മഹാത്മാഗാന്ധി, നെഹ്റു, അബുൽ കലാം ആസാദ് തുടങ്ങിയ പ്രമുഖർ മേൽ പരാമർശിച്ച പ്രസംഗപീഠങ്ങളിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. 

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള തുടർ പ്രതിഷേധത്തിൻ്റെ ഭാഗമായി 1919 ഏപ്രിൽ 4  ന് കാവി നിറമുള്ള മേലങ്കി ധരിച്ച് ജമാ മസ്ജിദിൽ നിന്ന് പ്രസംഗം നിർവഹിച്ച വ്യക്തിയാണ് സ്വാമി ശ്രദ്ധാനദ്ധ. വേദ മന്ത്രത്തിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ ബ്രിട്ടീഷ് അധിനിവേശത്തെ വിമർശിച്ച് തുടങ്ങിയ  പ്രസംഗം അവസാനിച്ചത് ‘ആമീൻ’ വിളികളോടെയായിരുന്നു. ഇന്ത്യാ വിഭജന സമയത്ത് അബുൽ കലാം ആസാദിൻ്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗം നടന്നതും ജമാ മസ്ജിൻ്റെ മിമ്പറിൽ നിന്ന് തന്നെയാണ്. 

തങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഹിന്ദുക്കളെയും മുസ്ലികളെയും രണ്ട് ചേരികളിലാക്കി ബ്രിട്ടീഷുകാർ നടത്തിയ വർഗീയ ധ്രുവീകരണത്തെ പോലും അവസാന മുഗൾ ഭരണാധികാരി ബഹദൂർ ഷാ സഫർ രണ്ടാമൻ പ്രതിരോധിച്ചു. ജമാ മസ്ജിദിൻ്റെ ചുവരുകളിൽ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള പോസ്റ്ററുകൾ പതിപ്പിച്ച് ബ്രീട്ടീഷുകാർ പോരാട്ടത്തിൻ്റെ തീവ്രത കുറക്കാൻ പരമാവധി ശ്രമങ്ങൾ നടത്തി. എന്നാൽ അതിന്  മറുപടിയെന്നോണം “ഹിന്ദുക്കളും മുസ്ലിംകളും ഈ രാജ്യനിവാസികൾ തന്നെയാണെന്നും (അഹ്‌ലെ വതൻ) വർഷങ്ങളായി ഒരുമയോടെയാണ് ഈ രാജ്യത്ത് വസിക്കുന്നതെന്നും” അടിവരയിട്ട ലേഖനം മൗലവി മുഹമ്മദ് ബഖാർ തൻ്റെ ഉറുദു പത്രമായ ‘Delhi Urdu Akhbar’ ൽ എഴുതുകയും ചെയ്തു. 

ജനങ്ങളെ  മതത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ബ്രിട്ടീഷ് തന്ത്രങ്ങളും പാളിയതോടെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ മുഴുവൻ ജനങ്ങളെയും ഏകോപിപ്പിക്കുന്ന ജമാ മസ്ജിദെന്ന ‘സ്വാതന്ത്ര്യ സമര പോരാട്ട കേന്ദ്രം’ പൊളിച്ചു നീക്കാൻ ബ്രീട്ടീഷുകാർ തീരുമാനിച്ചു. എന്നാൽ കടുത്ത പ്രതിഷേധത്തിന് വഴങ്ങി ബ്രിട്ടീഷുകാർക്ക് പ്രസ്തുത ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ സ്വാതന്ത്ര്യ സമരത്തിന് മുന്നോടിയായി നടന്ന മറ്റൊരു സംഭവത്തിൽ ജമാ മസ്ജിദിനെ ആക്രമിക്കാനായി ചുറ്റും നിന്ന ബ്രീട്ടീഷുകാർക്കെതിരെ പോരാടി 200 ലധികം മുസ്ലികൾ ജമാ മസ്ജിദിൻ്റെ  പ്രവേശന കവാടത്തിലും പരിസരത്തും ശഹീദായി. ഖ്വാജ ഹസൻ നിസാമിയുടെ ‘The Agony of Delhi’ എന്ന ഗ്രന്ഥം പ്രസ്തുത ചരിത്രവസ്തുത വരച്ചിടുന്നുണ്ട്. യഥാർത്ഥത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജമാ മസ്ജിദിൻ്റെ കൽപടവുകളിൽ വീണ ചോരക്കറകൾ വരെ സമകാലിക ഇന്ത്യയോട് ചിലതെല്ലാം വിളിച്ചു പറയുന്നുണ്ട്.  

പ്രക്ഷോഭം അടിച്ചമർത്തിയ ബ്രിട്ടീഷുകാരുടെ സൈനിക ക്യാമ്പായിരുന്നു 5 വർഷത്തോളം ജമാ മസ്ജിദ്. ശക്തമായ നിയമപോരാട്ടത്തിലൂടെ 1862 നവംബർ 28 ന് ജമാ മസ്ജിദ് മുസ്ലിം സമൂഹത്തിൻ്റെ മേൽനോട്ടത്തിൽ വന്നുചേർന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ കലാപം അടിച്ചമർത്തിയ ബ്രിട്ടീഷുകാർ ജമാ മസ്ജിദിൻ്റെ പരിസരങ്ങളെ ശവപ്പറമ്പാക്കി മാറ്റിയിരുന്നു. ജമാ മസ്ജിദിനോട് ചേർന്ന് നിലനിന്നിരുന്ന സ്കൂളുകൾ, പള്ളികൾ, മരുന്നുശാലകൾ എന്നിവ എന്നെന്നേക്കുമായി തകർക്കപ്പെട്ടു. അങ്ങനെ ഷാജഹാനാബാദ് എന്ന ദില്ലിയിലെ അതിമനോഹരമായ നഗര സമുച്ചയം ചരിത്രത്തിൻ്റെ ഭാഗമായി മാറി. 

ഇന്നും രാജ്യനിവാസികൾക്ക്  പ്രധാനമന്ത്രിയുടെ സന്ദേശവും ആശംസകളും നേരുന്ന ചടങ്ങുകൾ നടക്കുന്നത് ഷാജഹാൻ നിർമിച്ച ദില്ലിയുടെ ഏഴാമത്തെ നഗരമായ ഷാജഹാനാബാദ് എന്ന നഗരത്തിലെ ചെങ്കോട്ടയിലുള്ള ഉയർന്ന പ്രസംഗപീഠത്തിൽ നിന്നാണെന്ന വസ്തുത പറഞ്ഞു വെക്കട്ടെ. 

കേവലമൊരു ചരിത്ര നിർമിതിയെക്കുറിച്ചുള്ള പഠനങ്ങളെക്കാൾ, ജമാ മസ്ജിദും പരിസര പ്രദേശങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച നിർണായക പങ്കാളിത്തത്തെക്കുറിച്ച ഗഹനമായ ചർച്ചകൾ സമകാലിക ഇന്ത്യയിൽ വീണ്ടും വായിക്കപ്പെടേണ്ടത് അനിവാര്യമാണ്. 

ഇസ്ലാമിലെ പള്ളികൾ കേവല ആരാധനാലയങ്ങൾ മാത്രമല്ല. അതിനുമപ്പുറം ബഹുസ്വരതയുടെയും കൂട്ടായ്മയുടെയും ഈടുറ്റ ഉദാഹരണങ്ങളായി അവ എക്കാലവും മാറിയിട്ടുണ്ട്. അമ്പലവും പള്ളിയും ചർച്ചും ക്ഷേത്രങ്ങളുമെല്ലാം ഇന്ത്യയിലെ സാംസ്കാരിക ഔന്നത്യത്തിൻ്റെ മുഖമായി എന്നും നിലൽക്കേണ്ടത് അനിവാര്യമാണ്. ക്ഷേത്ര ധ്വംസകരായി  ഒരു സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി ചേരിതിരിവുണ്ടാക്കാൻ വെറുപ്പിൻ്റെ ശക്തികൾ എത്ര ശ്രമിച്ചാലും യഥാർത്ഥ ഹിന്ദു-മുസ്ലിം ഐക്യത്തിൻ്റെ ഉദാത്ത മാതൃകകൾ വീണ്ടും ഈ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്ന് തീർച്ച.   

Related Articles