Current Date

Search
Close this search box.
Search
Close this search box.

കറൻസിയിലെ അറബി കലിഗ്രഫി

ഏതൊരു രാജ്യവും പ്രൗഢിയുടെ മുദ്രകളിലൊന്നായി ഉയർത്തിക്കാട്ടുന്ന പ്രധാന ഭാഗമാണ് രാജ്യങ്ങൾ നേരിട്ട് അച്ചടിച്ച് ഇറക്കുന്ന കറൻസി നോട്ടുകൾ. തങ്ങളുടെ രാഷ്ട്രപിതാവിന്റെ ചിത്രത്തോടൊപ്പം അടിച്ചുവരുന്ന നോട്ടുകളിലെ ഓരോ അക്ഷരവും ചിഹ്നവും അതാത് രാജ്യങ്ങളുടെ സാമ്പത്തിക – സാംസകാരിക ഔന്നിത്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതിൽ തന്നെ അറബി ഒദ്യോഗിക ഭാഷയായ രാജ്യങ്ങളിലെല്ലാം തന്നെ അറബി ഭാഷയുടെ സൗന്ദര്യത്തെ ഏറ്റവും മേന്മയോടെ അവതരിപ്പിക്കാൻ മത്സരിക്കുന്ന രാഷ്ട്രങ്ങളെയും കാണാൻ സാധിക്കും.

ലോകത്തെ നൂതന സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് ഏത് തരം എഴുത്തുശൈലികളും രൂപപ്പെടുത്താൻ ഒരു ആർട്ടിസ്റ്റിന് എളുപ്പത്തിൽ സാധിച്ചേക്കാം. എന്നാൽ ലോകത്തെ മറ്റിതര ഭാഷകളേക്കാൾ അറബി ഭാഷയിലുളള എഴുത്തുശൈലികൾ രൂപപ്പെടുത്തുന്നതിൽ സാങ്കേതിക വിദ്യയുടെ പരിമിതികൾ നിരവധിയാണ്. അറബി ഖത്താത്തുകൾക്ക് മാത്രമാണ് അവയെ അതിജയിക്കാൻ കഴിയുക. കറൻസി നോട്ടുകളിലെ അറബി എഴുത്തുശൈലികളെ പഠന വിധേയമാക്കിയാൽ ഒരു രാജ്യത്തിന്റെ സാംസകാരിക വളർച്ചയിലെ അറബി ഖത്താത്തിന്റെ പങ്കിനെക്കുറിച്ച് മനസിലാക്കാൻ സാധിക്കും. യഥാർത്ഥത്തിൽ കറൻസികൾ കൈമാറ്റം ചെയ്യുന്നതിലൂടെ ഒരു നാടിന്റെ കലയും സംസ്കാരവും പ്രൗഢിയുമാണ് വിനിമയം ചെയ്യപ്പെടുന്നത്. അത് തന്നെയാണ് അറബി കലിഗ്രഫിയിലൂടെയും കറൻസികളിൽ സംഭവിക്കുന്നതെന്നത് വ്യക്തമാണ്. അറബി കലിഗ്രഫിയിലൂടെ അറബി ഭാഷ തന്നെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.

ഈയടുത്ത് 4 വിവിധ അറബി എഴുത്തുശൈലികളിൽ ഖത്തറിലെ സെൻട്രൽ ബാങ്ക് മനോഹരമായ കറൻസികൾ അടിച്ചിറക്കുകയുണ്ടായി. സിറിയൻ വംശജനായ ഉബൈദ അൽ ബങ്കി എന്ന പ്രശസ്ത അറബി ഖത്താത്തിനെയാണ് ഖത്തർ ഭരണകൂടം ഈ ഉത്തരവാദിത്വം ഏൽപിച്ചത്. അറബി എഴുത്തുശൈലികളിലെ 8 വിവിധ ശൈലികളാണ് ബാങ്കിനായി ഉബൈദ രൂപപ്പെടുത്തിയത്. അതിൽ നസ്ഖ്, സുലുസ്, മുഹഖഖ്, ഇജാസ എന്നീ 4 ഖത്തുകളെ ഖത്തർ അംഗീകരിക്കുകയും ഖത്തറിന്റെ പുതുതായി ഇറങ്ങുന്ന ഒദ്യോഗിക കറൻസിയിൽ പ്രസ്തുത ശൈലികൾ വരുമെന്ന് മന്ത്രാലയം അറിയിക്കുകയും ചെയ്തു. ഖത്തർ രാജ്യത്തിനായി പരിശുദ്ധ ഖുർആൻ മനോഹരമായി എഴുതി നൽകി, ആദരവ് ഏറ്റുവാങ്ങിയ വ്യക്തി കൂടിയാണ് ഉബൈദ അൽ ബങ്കി. കറൻസിയിലെ അക്കങ്ങളിലെ ( 1,5,10, 50, 100, 200) വാചകങ്ങളെ മുഹഖഖ്, സുലുസ് എന്നീ ശൈലികളിലാണ് എഴുതിയിട്ടുള്ളത്. ഖത്തർ കറൻസിയിൽ ‘Ministry of Finance and the Governor’ എന്ന് അറബിയിൽ എഴുതിയിരിക്കുന്നത് നസ്ഖ് ശൈലിയിലാണ്. തന്റെ മാതൃരാജ്യമായ സിറിയൻ കറൻസിക്ക് വേണ്ടി കലിഗ്രഫി ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ സ്വപ്നം.

സഊദി ഭരണകൂടത്തിനായി കറൻസിയിൽ കലിഗ്രഫി ചെയ്ത വ്യക്തിയാണ് അബ്ദു റസാഖ് അബ്ദുല്ല ഖോജ. ഇദ്ദേഹത്തെക്കുറിച്ച് ‘The Man who made money ‘ എന്ന തലക്കെട്ടിൽ ഇംഗ്ലീഷിൽ വന്ന ലേഖനം ഏറെ ശ്രദ്ധ നേടിയിരുന്നു. സുലുസ് എഴുത്തുശൈലിയിലാണ് ഇദ്ദേഹം സഊദി കറൻസിയിൽ കൂടുതൽ എഴുതിയിട്ടുള്ളത്.

‘Ministry of Information’ വിഭാഗത്തിൽ കലിഗ്രഫറായി സേവനം തുടങ്ങിയ വ്യക്തിയാണ് മുസ്തഫ ബിൻ നഖി. കറൻസിയിൽ കുവൈത്ത് മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം കലിഗ്രഫി ചെയ്തുനൽകി. കുവൈത്ത് ഭരണകൂടത്തിനായി നിരവധി മേഖലകളിൽ സേവനം ചെയ്ത വ്യക്തി കൂടിയാണ് ബിൻ നഖി. ‘Central Bank of Kuwait’ ൽ ബാങ്കിന്റെ ഔദ്യോഗിക അറബി കലിഗ്രഫറായി ജോലി ചെയ്തു. പിന്നീട് കുവൈത്തിലെ ‘Ministry of Education’ അഫ്‌ലിയേറ്റ് ചെയ്ത സ്ഥാപനമായ ‘Calligraphy Improvement Institute’ ൽ കലിഗ്രഫി പ്രാഫസറായി തന്നെ പ്രവർത്തിച്ചു.

ഈയിടെ മരണപ്പെട്ട ലോക പ്രശസ്ത ഖത്താത്ത് അബ്ബാസ് അൽ ബഗ്ദാദി ഇറാഖി ഭരണകൂടത്തിനായി ചെയ്ത ഇറാഖി കറൻസിയിലെ അറബി കലിഗ്രഫി വലിയ ജനശ്രദ്ധ നേടിയിരുന്നു.

മേൽ പരാമർശിച്ച രാജ്യങ്ങൾക്ക് പുറമെ സുഡാൻ, ഒമാൻ, ജോർദാൻ, ഫലസ്തീൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലും വ്യത്യസ്തമായ അറബി എഴുത്തു ശൈലികളിൽ കറൻസികൾ ഇറക്കപ്പെട്ടിട്ടുണ്ട്. പുതുമയുള്ളതും വ്യത്യസ്തവുമായ തലങ്ങളിലൂടെ ഭാഷാപരമായ കലാവിഷ്കാരങ്ങളെ സന്നിവേശിപ്പിക്കുമ്പോഴാണ് ഏതൊരു ഭാഷയും വളരുകയും വ്യാപിക്കുകയും ചെയ്യുക.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles