Current Date

Search
Close this search box.
Search
Close this search box.

ദൈനംദിന ജീവിതത്തിലെ അഞ്ച് ഈജിപ്ഷ്യൻ കണ്ടുപിടുത്തങ്ങൾ

ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ദീർഘകാലം നിലനിന്നതുമായ നാഗരികതകളിൽ ഒന്നാണ് പുരാതന ഈജിപ്ത് സമൂഹം. നൂറ്റാണ്ടുകളായി പ്രൊഫഷണലുകളും കലാകാലന്മാരുമായ ചരിത്രകാരൻമാർ ഇതിലേക്ക് ആകൃഷ്ടരായിരുന്നു.

ഈജിപ്തിലെയും സുഡാനിലെയും നൂറുകണക്കിന് പിരമിഡുകളും നൈൽ നദിക്കരയിലുള്ള ക്ഷേത്രങ്ങളും ശവക്കല്ലറകളും അടങ്ങിയതാണ് അന്നത്തെ ഈജിപ്ഷ്യൻ സമൂഹം .

ഈജിപ്തിലുടനീളം മമ്മിയുടെ അവശിഷ്ടങ്ങളും ശ്മശാന അറകളും ദിനംപ്രതി കണ്ടെടുക്കപ്പെടുന്നുണ്ട്. ഇതിലൂടെ പുരാതന ആളുകളുടെ ജീവിതരീതിയെ കൃത്യമായി നിർവചിക്കാൻ സാധിക്കും.

എന്നാൽ ഈ ഭൗതികാവശിഷ്ടങ്ങൾ മാത്രമല്ല അവരുടെ നാഗരികതയുടെ തെളിവായി പറയപ്പെടുന്നത്. പുരാതന ഈജിപ്ഷ്യൻ കണ്ടുപിടുത്തങ്ങളും ആധുനിക ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, മതം, തത്ത്വചിന്ത എന്നീ വിജ്ഞാന ശാഖയിലെ അവരുടെ അവഗാഹം ഈ കണ്ടുപിടുത്തങ്ങളിലൂടെ ദർശിക്കാൻ കഴിയുന്നതാണ്.

എന്നാൽ വേണ്ടവിധം അറിയപ്പെടാതെ പോയ ചില ഈജിപ്ഷ്യൻ കണ്ടുപിടുത്തങ്ങൾ ഇന്നും നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുകയും ജീവിത പരിസരങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുമുണ്ട്.

പാപ്പിറസ് ( പേപ്പർ)

വൈവിധ്യ ഇനങ്ങളിലുള്ള പാപ്പിറസ് ചെടിക്ക് ഭക്ഷ്യയോഗ്യമായ ഭാഗങ്ങളും ബോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന ഒരു തണ്ടും അതുപോലെ തന്നെ ആദ്യകാലത്ത് എഴുതാൻ ഉപയോഗപ്പെടുത്തിയിരുന്ന പ്രതലങ്ങളുമുണ്ട്.

കടലാസിനേക്കാൾ കട്ടിയുള്ള ഇത് ബിസി 2900-ൽ മുതൽക്ക് തന്നെ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിസിഇ 206 നും സിഇ 220 നും ഇടയിൽ ചൈനീസ് ഹാൻ രാജവംശം ഉപയോഗിച്ചിരുന്നതായി അറിയപ്പെടുന്ന പേപ്പറിനേക്കാൾ കാലപഴക്കം ഉള്ളതാണിത്.

കടലാസ് കണ്ടുപിടിച്ചതിന്റെ ബഹുമതി നിലവിൽ ചൈനക്കാർക്കാണെങ്കിലും ഈജിപ്തുകാർ അവരെക്കാൾ മുന്നേ അത് കണ്ടുപിടിച്ചിട്ടുണ്ടെന്നാണ് ചില ഗവേഷകർ വിശ്വസിക്കുന്നത്.

പ്രമുഖ ഈജിപ്തോളജിസ്റ്റ് ആയ പിയറി ടാലെറ്റ് 2011-ൽ ഐൻ സൗഖ്നയിലെ പുരാവസ്തു ഖനനത്തിനിടെ ഒരു കൂട്ടം പാപ്പിറസ് രേഖകൾ കണ്ടെത്തി.

ഗിസയിൽ സ്ഥിതി ചെയ്യുന്ന മഹത്തായ പിരമിഡിനെ കുറിച്ചുള്ള ലോഗ്ബുക്കുകളും കൊറിയർമാരായി ജോലിചെയ്യുന്ന 200 പേരുള്ള ഒരു ജനക്കൂട്ടത്തിന്റെ മേൽനോട്ടം വഹിച്ച മെറർ എന്ന ഉദ്യോഗസ്ഥൻ എഴുതിയ ജേണലും അടങ്ങിയതാണ് ആ രേഖകൾ.

കൂടാതെ, ആ ഇടത്ത് മറ്റ് പാപ്പിറസിന് വിഭിന്നമായി കടലാസിനോട് സാമ്യതപുലർത്തുന്ന പാപ്പിറസിന്റെ കുറച്ച് അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു.
ഒരേ തടിയായി തോന്നുമെങ്കിലും പാപ്പിറസിനും പേപ്പറിനും വ്യത്യസ്ത ഉൽപാദന രീതികളാണുളളത്.

പാപ്പിറസ് ചെടിയിൽ നിന്ന് മുറിച്ച നേർത്ത കഷ്ണങ്ങൾ തിരശ്ചീനമായും ലംബമായും വരകളാക്കി ഒതുക്കി അമർത്തിയാണ് പാപ്പിറസ് നിർമ്മിക്കുന്നത്. ചെടിയുടെ നാരുകൾ ദശയായി വിഭജിച്ച് നേർത്ത ഷീറ്റുകളായി അമർത്തിയാണ് പേപ്പർ നിർമ്മിക്കുന്നത്. പുരാതന കരകൗശലത്തെ ജീവനോടെ നിലനിർത്താൻ ഈജിപ്തുകാർ ഇപ്പോഴും പാപ്പിറസ് നിർമ്മിക്കുന്നുണ്ട്.

മഷി

ഇന്ന് മഷി ഉപയോഗിച്ച് എഴുതുന്നത് മിക്കവാറും അവബോധജന്യമായി ചിത്രീകരിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ പുരാതന സമൂഹത്തിലെ എഴുത്തുകാർ കളിമണ്ണിലും മെഴുക് ഗുളികകളിലുമാണ് വാക്യങ്ങൾ എഴുതിയിരുന്നത്.

മഷി ഉപയോഗിച്ച് എഴുതുന്നത് ആശയങ്ങൾ ക്രിത്യമായി രേഖപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്ന് കണ്ടെത്തിയ പുരാതന ഈജിപ്തുകാരാണ് ഈ പാരമ്പര്യം ആദ്യമായി തകർത്തത്.

ഉദ്യോഗസ്ഥർക്കും വ്യാപാരികൾക്കും കണക്കുകളുടെ കാര്യക്ഷമമായ രേഖകൾ സൂക്ഷിക്കാനും പുരോഹിതന്മാർ മതപരമായ പ്രാർത്ഥനകളും ആചാരങ്ങളും രേഖപ്പെടുത്താനും ഈ രീതിയാണ് അനുവർത്തിച്ച് വന്നത്.

ഏകദേശം 4,500 വർഷങ്ങൾക്ക് മുമ്പാണ് ഈജിപ്തുകാർ മഷി കണ്ടുപിടിക്കുന്നത്. തേനീച്ച മെഴുകും മഷിയും ചേർത്ത് കണ്ടുപിടിച്ചതാണെന്നാണ് ഗവേഷകർ വിശ്വസിക്കുന്നു.

2000 വർഷം പഴക്കമുള്ള പാപ്പിറസ് രേഖയിൽ പഠനം നടത്തുന്ന ശാസ്ത്രജ്ഞരും ഈജിപ്ഷ്യൻ മഷിയിൽ ചെമ്പ് ചേർത്തതായി കണ്ടെത്തി. ഇരുമ്പ്, സ്ഫടികക്കല്ല്, മലാക്കൈറ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രകൃതിദത്ത വസ്തുക്കളും വിശുദ്ധ രേഖകൾ രചിക്കാൻ ഉപയോഗിച്ച വ്യത്യസ്ത നിറങ്ങളിലുള്ള മഷികൾ നിർമ്മിക്കാൻ ചേർത്തതായി അവർ നിരീക്ഷിക്കുന്നു.

മേക്ക് അപ്പ്

ചായങ്ങളും നിറങ്ങളും എഴുത്തിൽ ഉപയോഗിച്ചിരുന്നത് പോലെ ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനും അവർ ഉപയുക്തമാക്കി.

ഏകദേശം 6,000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിലാണ് മേക്കപ്പ് ആദ്യമായി ഉപയോഗിച്ചതെന്ന് പുരാവസ്തു ഗവേഷകർ നിരീക്ഷിക്കുന്നു. ഇത് സാമൂഹിക വർഗ്ഗവും ലിംഗഭേദവും കണക്കിലെടുക്കാതെ ധരിച്ചിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്.

നെഫെർറ്റിറ്റിയുടെ പ്രതിമയിൽ ഈജിപ്ഷ്യൻ മേക്കപ്പിന്റെ ഏറ്റവും പ്രശസ്തമായ ചിത്രീകരണം കാണാൻ കഴിയും. അതിൽ അവൾ ഐലൈനർ ധരിച്ചിരിക്കുന്നതായി വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്. കണ്ണുകളിൽ കൺമഷി ഉപയോഗിച്ചതും വ്യക്തമാണ്. മഷിയും അജ്ഞനക്കല്ലും ഉപയോഗിച്ചാണ് കണ്ണെഴുതിയിരിക്കുന്നത്.

എന്നാൽ ഇത് കണ്ണുകളുടെ സൗന്ദര്യത്തിന് വേണ്ടി മാത്രമല്ല ഉപയോഗിച്ചിരുന്നത്. കണ്ണുകൾക്ക് കുളിർമ നൽകാനും വൃത്തിയായി സൂക്ഷിക്കുന്നതിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും കണ്ണേറിൽ നിന്ന് കാവൽ ലഭിക്കാനും ഇത് പര്യാപ്തമായിരുന്നു.

പുരാതന ഈജിപ്തുകാർ പലപ്പോഴും അവരുടെ കണ്ണുകൾ വലുതായി കാണാൻ വേണ്ടി പച്ച ഐ ഷാഡോ കൊണ്ട് അലങ്കരിക്കുമായിരുന്നു.

മലാഖൈറ്റ്, മൃഗക്കൊഴുപ്പ് എന്നിവ ചേർത്താണ് ചായത്തിന് വ്യത്യസ്ത നിറം നൽകിയിരുന്നത്. ആനക്കൊമ്പ്, അസ്ഥി, മരം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഉപകരണമാണ് മേക്ക് അപ്പ് ചെയ്യാൻ ഉപയോഗിച്ചത്. മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിക്കൽ അനിവാര്യമായ പല ഉൽപ്പന്നങ്ങളിലും അന്ന് പ്രചാരത്തിലുണ്ടായിരുന്നു.

ഉദാഹരണത്തിന്, പുരാതന ഈജിപ്തുകാർ ചെമ്മണ്ണിൽ കൊഴുപ്പ് ചേർത്താണ് ലിപ്സ്റ്റിക്കും ബ്ലഷറും ഉണ്ടാക്കിയത്. അത്പോലെ മൃഗങ്ങളുടെ കൊഴുപ്പ് കലർത്തി അവർ നിർമ്മിച്ച പെർഫ്യൂം ദീർഘകാലം നിലനിൽക്കുന്നതാണ്.

പ്രകൃതിപരമായ മരപ്പശ ഉപയോഗിച്ച് നിർമ്മിച്ച സുഗന്ധ എണ്ണകളും പെർഫ്യൂമുകളും കുന്തിരിക്കം, കാശിത്തുമ്പ, ജമന്തിപ്പൂവ്, കർപ്പൂരവള്ളി തുടങ്ങിയ സസ്യങ്ങളും സൗന്ദര്യ വർദ്ധനവിനായി വ്യാപകമായി ഉപയോഗിച്ചിരുന്നു.

ടൂത്ത്പേസ്റ്റ്

പുരാതന ഈജിപ്ഷ്യൻ ഭക്ഷണങ്ങളിൽ പലപ്പോഴും ചരലും മണലും അടങ്ങിയിട്ടുള്ളത് കാരണം ഇത് പല്ലുകൾക്കും മോണകൾക്കും കേടുവരുത്താൻ കാരണമായിരുന്നു.

തൽഫലമായി ഈജിപ്തുകാർ ചാരം, മുട്ടയുടെ തോട്, കാളയുടെ കുളമ്പ് എന്നീ ചേരുവകൾ ഉപയോഗിച്ച് ടൂത്ത് പേസ്റ്റ് കണ്ടുപിടിച്ചു. കല്ലുപ്പ്, ഉണങ്ങിയ ഐറിസ് പൂക്കൾ, പുതിന തുടങ്ങിയ ഘടകങ്ങൾ ചേർത്താണ് അവർ അതിന് പുതുമന നൽകിയത്.

ഈ പൊടിയെ വെള്ളത്തിൽ കലർത്തി അതിനെ ഒരു പേസ്റ്റിന്റെ രൂപത്തിലാക്കി വിരൽത്തുമ്പു കൊണ്ടാണ് പല്ലിലും മോണയിലും തേച്ചിരുന്നത്.

2003-ൽ, വിയന്നയിലെ നാഷണൽ ലൈബ്രറിയുടെ പരിപാലകർ പാപ്പിറസ് ഡോക്യുമെന്റുകളിൽ ടൂത്ത് പേസ്റ്റിനെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. പല്ലുകൾ എങ്ങനെ വൃത്തിയാക്കണം എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടങ്ങിയതായിരുന്നു ആ കുറിപ്പുകൾ.

ബിസി 16-ാം നൂറ്റാണ്ടിൽ എബേഴ്സ് പാപ്പിറസിൽ അയഞ്ഞ പല്ലുകൾ ഉൾപ്പെടെ മനുഷ്യർ അഭിമുഖീകരിക്കുന്ന വിവിധ ദന്ത പ്രശ്നങ്ങൾക്കുള്ള 11 പ്രതിവിധികൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ബാർലി, തേൻ, അണുനാശിനിയായി ഉപയോഗിക്കുന്ന കാവിമണ്ണ് തുടങ്ങിയവ കൂട്ടികലർത്തിയാണ് ഫില്ലിംഗുകൾ നിർമ്മിക്കുന്നത്.

ഹെയർ ജെൽ

മൃഗക്കൊഴുപ്പ് മേക്കപ്പിന് വേണ്ടി ഉപയോഗിക്കുന്നത്‌പോലെ അവരുടെ മുടികളിൽ തേക്കുന്ന ജെല്ല് നിർമ്മിക്കാനും ഉപയോഗിച്ചിരുന്നു. പുരാതന ഈജിപ്തുകാർ തലമുടി നീട്ടി വളർത്തുകയും കല്ല് ബ്ലേഡുകൾ ഉപയോഗിച്ച് ഷേവ് ചെയ്യാറുമുണ്ടായിരുന്നു . സമ്പന്നർ പലപ്പോഴും വിഗ്ഗുകൾ ധരിക്കുന്നവരായിരുന്നു.

18 മമ്മികളിൽ നിന്ന് മുടിയുടെ സാമ്പിളുകൾ എടുത്ത് മാഞ്ചസ്റ്റർ സർവകലാശാല നടത്തിയ പഠനത്തിൽ ഈജിപ്തുകാർ അവരുടെ ഹെയർസ്റ്റൈലുകൾ അവർ ആഗ്രഹിച്ച രീതിയിൽ നിലനിറുത്താൻ കൊഴുപ്പ് ഉപയോഗിച്ചതായി കണ്ടെത്തി.

ഈജിപ്ഷ്യൻ ഗ്രന്ഥങ്ങളിലും കലകളിലും മുടിയിൽ ഉപയോഗിച്ച ഉൽപന്നങ്ങളെ കുറിച്ച് പരാമർശിക്കുന്നില്ലെങ്കിലും വിഗ്ഗുകളിൽ തേനീച്ച മെഴുക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വിവ : നിയാസ് അലി
അവലംബം- middleeasteye.net

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles