Current Date

Search
Close this search box.
Search
Close this search box.

സൗന്ദര്യവും സംസ്‌കാരവും

ഖലീല്‍ ജിബ്രാന്‍ പറയുന്നു: ”ഒരു കടല്‍ തീരത്തുവെച്ച് സൗന്ദര്യവും വൈരൂപ്യവും കണ്ടുമുട്ടി. കുളിക്കാന്‍ ആഗ്രഹിച്ച്, വസ്ത്രമഴിച്ച് രണ്ടുപേരം കടലിലേക്കിറങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ വൈരൂപ്യം കുളി മതിയാക്കി കയറിവന്ന് സൗന്ദര്യത്തിന്റെ വസ്ത്രമണിഞ്ഞ് നടന്നുപോയി. സൗന്ദര്യം കുളി കഴിഞ്ഞ് കയറിയപ്പോള്‍ വൈരൂപ്യത്തി െന്റ ഉടുപ്പുകള്‍ അണിയുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു; നാണം മറക്കാന്‍ ആ വസ്ത്രമിട്ടു. അന്നു മുതല്‍ നമ്മള്‍ സൗന്ദര്യത്തെ വൈരൂപ്യമെന്നും വൈരൂപ്യത്തെ സൗന്ദര്യമെന്നും തെറ്റിദ്ധരിച്ചു തുടങ്ങി! ”

സൗന്ദര്യത്തെക്കുറിച്ച് നിലനില്‍ക്കുന്ന പൊതു വിലയിരുത്തലിന്നെതിരായ വലിയൊരു ദര്‍ശനമാണ് ജിബ്രാന്‍ ഇതിലുടെ അവതരിപ്പിക്കുന്നത്. രൂപലാവണ്യവും സൗന്ദര്യവും നമ്മുടെ കഴിവുകൊണ്ടോ പ്രയത്‌നം   കൊണ്ടോ ബ്യൂട്ടി പാര്‍ലറില്‍ നിന്നോ ലഭിക്കുന്ന ഒന്നല്ല. ഒരാള്‍ വെളുത്തിട്ടാണ്, ചുരുളന്‍ മുടിയാണ്, ആകര്‍ഷകവും ഭംഗിയുമുള്ള മുഖമുണ്ട് എന്നതൊന്നും അയാളുടെ ഒരു നേട്ടമല്ല. ചിലര്‍ക്ക് ജന്മനാ ലഭിക്കുന്നതിന്റെ പേരില്‍ അതില്‍ ഒരവകാശവാദത്തിനും പ്രസക്തിയുമില്ല. എന്നാല്‍ പ്രതിഭകൊണ്ടും അധ്വാനം കൊണ്ടും സ്വഭാവസംസ്‌കാരം കൊണ്ടും ഒരാള്‍ ആര്‍ജിച്ചെടുക്കുന്നതാണ് അയാളുടെ വ്യക്തിത്വം.

കുറേവര്‍ഷങ്ങല്‍ക്കു മുമ്പ് കോഴിക്കോട് രാമദാസ് വൈദ്യര്‍ എന്ന സഹൃദയനും പുരോഗമനാശയക്കരനുമായ ഒരു സാംസ്‌കാരിക പ്രവര്‍ത്തകനുണ്ടായിരുന്നു. ആകാര സൗഷ്ടവവും രൂപലാവണ്യവും ദൈവാനുഗ്രഹം മാത്രമാണെന്ന് വിശ്വസിച്ചിരുന്ന വൈദ്യര്‍ പാശ്ചാത്യ സംസ്‌കാരത്തെ അനുകരിച്ച്  നാട്ടില്‍ സൗന്ദര്യമല്‍സരം എന്നപേരില്‍  സംഘടിപ്പിച്ചുവരുന്ന സാംസ്‌കാരിക ആഭാസങ്ങള്‍ക്കെതിരായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹവും കൂട്ടുകാരും ഇവിടെ ‘വിരൂപറാണി’ എന്നും ‘വിരൂപരാജന്‍’ എന്നും ജന്മനാ വികലനും വിരൂപിയുമായ അവഗണിക്കപ്പെട്ട യുവതീയുവാക്കള്‍ക്കായി പ്രത്യേക മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും ജേതാക്കള്‍ക്ക് കലാസാംസ്‌കാരി കനായകര്‍ ഉള്‍പെട്ട പൊതുവേദിയില്‍ വെച്ച് പൊന്നാടയും പുരസ്‌കാരങ്ങളും പാരിതോഷികങ്ങളും നല്‍കുകയും ആദരിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അണിയിച്ചൊരുക്കിയ ശരീരവും ഉടയാടകളും സൗന്ദര്യത്തിന്റെ അളവുകോലല്ല, മതം നിര്‍ദേശിക്കുന്ന മാനദണ്ഡമനുസരിച്ച് സംസ്‌കരിക്കപ്പെട്ട വാല്‍സല്യനിര്‍ഭരമായ ശുദ്ധഹൃദയമത്രെ മനുഷ്യ സൗന്ദര്യത്തിന്റെ അളവുകോല്‍. അവ കണ്ടെത്തി  അര്‍ഹമായ അന്തസ്സും ആദരവും നല്‍കുകയാണ് വേണ്ടത്. വസ്ത്രത്തിലും ബാഹ്യമായ പെരുമാറ്റ രീതിയിലും ശരീരഭാഷയിലും പാലിക്കേണ്ട രീതി ഇസ്‌ലാം പ്രത്യേകം നിര്‍ദേശിക്കുകയും പ്രവാചകശ്രേഷ്ഠന്മാര്‍ പ്രയോഗിച്ച് കാണിക്കുകയും ചെയ്തിട്ടുണ്ട്. വൃത്തിയും ഭംഗിയും ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നു. ശരീരത്തിലെ അഴുക്കിനേക്കാള്‍ മനസ്സില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കാനുള്ള മാര്‍ഗങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രകടനഭാവത്തോടെ ശരീരത്തിന്റെ മാംസളമായ രൂപലാവണ്യം അന്യര്‍ക്ക് ആകര്‍ഷകമാം വിധം ആസ്വദിപ്പിക്കാനുള്ളതല്ലെന്നും ഇസ്‌ലാം താക്കീത് നല്‍കുന്നു. ശാശ്വതമായ മനസ്സിന്റെ ഭംഗിയും നന്മയും പരിപോഷിപ്പിച്ച് മനുഷ്യവംശത്തിനാകമാനം ആസ്വാദകരമാക്കുന്നവരാണ് യഥാര്‍ത്തത്തില്‍ സുന്ദരന്മാരും സുന്ദരികളും. ഇതിനാലാണ് പ്രവാചകന്‍ പുഞ്ചിരിയെ മുസ്‌ലിമിന്റെ അടയാളമാക്കിയത്. ഇബ്രാഹിം നബി പ്രാര്‍ഥിച്ചത് ‘ഖല്‍ബുന്‍ സലീമു’ മായി അല്ലാഹുവിലേക്ക് മടങ്ങിയെത്തുന്നവരില്‍ പെടാനായിരുന്നു. സുരക്ഷിത ഹൃദയത്തെയാണ് ‘ഖല്‍ബുന്‍ സലീം’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

Related Articles