Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദു ഭാഷ: ചരിത്രവും വര്‍ത്തമാനവും

urdu.jpg

ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിനടുത്ത് പശ്ചേമേശ്യയില്‍നിന്ന് വടക്കേ ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ഫലമായാണ് ഉര്‍ദു ഭാഷ ഉല്‍ഭവിച്ചത്. അന്ന് ഉത്തരേന്ത്യയിലെ ഭാഷ സംസ്‌കൃതത്തില്‍നിന്ന് രൂപംകൊണ്ട ഏതാനും പ്രാദേശിക ഭാഷകളായിരുന്നു. പുറമേനിന്നു വന്നവര്‍ നാട്ടുകാരുമായി സംസാരിക്കുമ്പോള്‍ സ്വാഭാവികമായി അവരുടെ മാതൃഭാഷയിലെ പദങ്ങളും ശൈലികളും ധാരാളമായി നാട്ടുഭാഷയില്‍ കലരുകയുണ്ടായി. ഈ മിശ്രഭാഷ പില്‍ക്കാലത്ത് ‘ഉര്‍ദു’ എന്നും ‘ഹിന്ദുസ്ഥാനി’  എന്നും അറിയപ്പെട്ടുതുടങ്ങി. ഉത്തരേന്ത്യയില്‍ മുസ്്‌ലിം ഭരണം നൂറ്റാണ്ടുകള്‍ തുടര്‍ന്നപ്പോള്‍ ഉര്‍ദു ഇന്ത്യയില്‍ വ്യാപകമായി വളര്‍ന്നു. അറബി-പേര്‍ഷ്യന്‍ ഭാഷകളിലെ പദാവലികള്‍ മുഴുവന്‍ ഉര്‍ദുവില്‍ ലയിച്ചു. ഉര്‍ദു സാഹിത്യത്തിന്ന് തുണയായത് മുഖ്യമായി പേര്‍ഷ്യന്‍ സാഹിത്യമായിരുന്നതിനാല്‍ പ്രാദേശിക സാഹിത്യ പാരമ്പര്യവുമായി ഗണ്യമായ വ്യത്യസ്തത പുലര്‍ത്തി.

ബ്രഹ്മി ലിപിയില്‍ നിന്നുണ്ടായ പലതരം ലിപികളാണ് അന്ന് ഉത്തരേന്ത്യയിലെ വിവിധ നാട്ടുഭാഷകളും ഉപയോഗിച്ചിരുന്നത്. ഇതില്‍പെട്ട പ്രധാന ലിപിയാണ് ദേവനാഗിരി. പക്ഷെ ഉര്‍ദു എഴുതാന്‍ തുടങ്ങിയപ്പോള്‍ സ്വീകരിച്ചത്് പേര്‍ഷ്യന്‍-അറബി ലിപിയായിരുന്നു. ഈ ലിപി വ്യത്യാസം മറ്റു നാട്ടുഭാഷകളുമായി സാഹിത്യ ബന്ധത്തില്‍ കാര്യമായ അകല്‍ച്ചക്ക് കാരണമായി. മുസ്്‌ലിം ഭരണാധികാരികളുടെ പ്രോത്സാഹനത്തില്‍ വളര്‍ന്ന ഉര്‍ദുവിന്റെ സാഹിത്യരൂപം പണ്ഡിതോചിതവും അന്തസ്സുറ്റതുമായിത്തീര്ന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വളര്‍ന്ന് തുടങ്ങിയ ദേശീയ പ്രബുദ്ധതയുടെ ഫലമായി വടക്കേ ഇന്ത്യന്‍ ഭാഷയായിരുന്ന ഹിന്ദിയിലും പുനരുത്ഥാനമുണ്ടായപ്പോള്‍ പഴയ സംസ്‌കൃത പാരമ്പര്യത്തിലേക്ക് തിരിച്ചുപോകാനുള്ള പ്രവണതയാണ് കാണപ്പെട്ടത്. ഹിന്ദിയടെ പുനരുത്ഥാനത്തന് ആര്യസമാജക്കാരും അതുപോലുള്ള കക്ഷികളും മുന്‍കയ്യെടുത്തതോടെ ഉര്‍ദുവും ഹിന്ദിയും തമ്മില്‍ അകന്നുതുടങ്ങി. സ്വാതന്ത്ര്യസമരത്തന്റെ ഭാഗമായി മഹാത്മാഗാന്ധി ഹിന്ദി-ഉര്‍ദു മല്‍സരത്തിന് പരിഹാരമായി ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ഭാഷയായി ദേവനാഗിരി ലിപിയിലും ഉര്‍ദു ലിപിയിലും എഴുതപ്പെടുന്ന ‘ഹിന്ദുസ്ഥാനി’ ഇന്ത്യയുടെ പൊതുഭാഷയായി വികസിപ്പിച്ചെടുക്കണമെന്ന നിര്‍ദ്ദേശത്തോടെ വാര്‍ധയില്‍ ഹിന്ദുസ്ഥാനി പ്രചാരസമിതി സ്ഥാപിക്കുകയുണ്ടായി. ദക്ഷിണഭാരത ഹിന്ദിപ്രചാരസമിതിയുടെ പേരിലെ ഹിന്ദിമാറ്റി ഹിന്ദുസ്ഥാനിയാക്കുകയും സഭയുടെ പാഠ്യപദ്ധതിയില്‍ ഉര്‍ദു ലിപിയും ഏതാനും ഉര്‍ദു പുസ്തകങ്ങളും ഉള്‍പ്പെടുത്തുകയും ചെയ്തു. ശുദ്ധ ഹിന്ദിവാദികള്‍ക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല. ഹിന്ദിയെ കൂടുതല്‍ സംസ്‌കൃതവല്‍കരിച്ച് ദേശീയഭാഷയാക്കാനാണ് അവര്‍ ശ്രമിച്ചത്. അപ്രകാരം ഹിന്ദി പൊതുഭാഷയാവുകയും ദേവനാഗരി ലിപിയോടെ ദേശീയഭാഷയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

വിഭജനാനന്തരം ഉര്‍ദു ഇന്ത്യയില്‍ ന്യൂനപക്ഷഭാഷകളില്‍ ഒന്നുമാത്രമായി ചുരുങ്ങിയെങ്കിലും കാശ്മീരില്‍ ഭരണഭാഷയായി അംഗീകരിക്കപ്പെട്ടു. ഹൈദരാബാദ് ആന്ധ്രപ്രദേശിന്റെ ഭാഗമായതോടെ ഹൈദരാബാദിലും ഉര്‍ദുവിന്ന് ഭരണഭാഷയായി അംഗീകാരം ലഭിച്ചു. ബീഹാര്‍, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഉര്‍ദു ഭരണഭാഷയാണ്. ഇന്ന്, ഉറുദു ജനിക്കുകയും വളരുകയും ചെയ്ത നാട്ടില്‍ത്തന്നെ അത് പതിയെ നശിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും ഉര്‍ദു ഒരു വിഷയമായി തിരഞ്ഞെടുക്കുന്നവര്‍ ഇല്ല തന്നെ. പ്രൈമറിമുതല്‍  ബിരുദാനന്തരബിരുദതലം വരെ ഉറുദു പഠിപ്പിക്കുന്ന കാശ്മീര്‍ ഒഴിച്ചാല്‍, രാഷ്ട്രത്തിന്റെ മറ്റുഭാഗങ്ങളില്‍  അത് രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആണ്. കാലങ്ങളായി അത് മുസ്‌ലിംകളുടെ ഭാഷയായാണ് അറിയപ്പെടുന്നത്, എന്നാലിത് സത്യത്തില്‍നിന്നും വളരെ അകലെയാണ്. സമൂഹത്തിന്റെ ഭാഷയെന്നതിനെ  മുസ്‌ലിംകളുടെ ഭാഷയായി മുദ്രണം ചെയ്യുന്നത് വര്‍ഗീയപ്രചാരണമാണ്. അത് ഭാഷയെ കൂടുതല്‍ നശിപ്പിക്കുന്നു. മുസ്‌ലിം കുടുംബങ്ങള്‍ പോലും ഇപ്പോള്‍ തങ്ങളുടെ കുട്ടികള്‍ ഹിന്ദിയോ അവരുടെ പ്രാദേശിക ഭാഷയോ പഠിക്കുന്നതാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഉറുദു പരിജ്ഞാനത്തിന് സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യസ്ഥാപനങ്ങളിലോ ജോലി ഉറപ്പു നല്‍കാനാവുന്നില്ല. എന്നാല്‍ ഇംഗ്ലീഷോ ഹിന്ദിയോ പ്രാദേശികഭാഷകളോ അറിയുന്നതുകൊണ്ട് അത് ലഭിക്കുന്നു.

മുഹമ്മദ് ഇഖ്ബാലിന്റെ പ്രശസ്ത ഉര്‍ദു കവിതകളായിരുന്ന ‘ഷിക്‌വ’ യും ‘ജവാബെ ഷിക്‌വ’ യും വിവര്‍ത്തനം ചെയ്യുകയും  ‘സെലിബ്രേറ്റിങ്ങ് ദ ബെസ്റ്റ് ഓഫ് ഉര്‍ദു പോയട്രി’എന്ന ഉര്‍ദു കവിതാനിരൂപണ സമാഹാരത്തന്റെ കര്‍ത്താവുമായ പ്രസിദ്ധ സാഹിത്യകാരന്‍ ഖുഷ്‌വന്ത് സിങ് പറയുന്നു. എല്ലാ ഉര്‍ദു കവിതകളിലേയും പ്രമേയം പ്രണയത്തുടിപ്പുകളാണ്. കാലം കഴിഞ്ഞുപോകുന്നതിന്റെയും, നഷ്ടയൗവനത്തിന്റെയും, വിരഹത്തിന്റേയും, പ്രലോഭനങ്ങളടേയും ഗൃഹാതുരത്വത്തിന്റേയും ഭാവഗീതങ്ങളാണ് മിക്ക കവിതകളും.  മദ്യം നിഷിദ്ധമായ മുസ്‌ലിം കവികളായ ഗാലിബ്, സാഹിര്‍, ഫയിസ് എന്നിവരുടെ കവിതകളിലെ പരാമര്‍ശങ്ങളെല്ലാം മദ്യവും, മദിരാക്ഷിയും, നൃത്തശാലകളും, ദേവദാസി(തവായിഫ്) കളുമായിരുന്നു..

ഇന്ന് ഉര്‍ദു നിലനില്‍ക്കുന്നത് മുംബൈ ചലച്ചിത്രലോക(ബോളിവുഡ്) ത്തും, ഗസല്‍ വേദികളിലും, ഖവാലി മേളകളിലും മാത്രമാണ്. അത് സാഹിത്യാഭിരുചികൊണ്ടോ, ഭാഷാപ്രേമം കാരണമോ അല്ല. സദസ്യരുടെ ഉല്ലാസഭാവത്തില്‍ നിന്ന് ലഭിക്കുന്ന പ്രശസ്തിക്കും അതുവഴി കൈവരുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടിമാത്രമാണ്’.

”സാഖീ ജോ  മദ്‌റസേസെ  ബിഗ്‌ഡേ  ഹുയീഹോ  മുല്ലാവോം
  ഉന്‍കോ  മൈഖാനെ  ലേ  ആവോ  സുദര്  ജായേങ്കെ”

”ഹേ സാഖീ (മദ്യം വിളമ്പുകാരാ) മദ്‌റസകളാല്‍ പിഴച്ചുപോയ
 മുല്ലമാരെ  മദ്യശാലയിലെത്തിക്കൂ അവര്‍ നന്നായേക്കാം” പ്രശസ്ത ഉര്‍ദു കവി ഫയിസ് അഹമ്മദ് ഫായിസിന്റെ വരികള്‍.

Related Articles