Current Date

Search
Close this search box.
Search
Close this search box.

അനുഗ്രഹദാതാവിന് കൃതജ്ഞതയര്‍പ്പിക്കാം

ഖാബൂസ്‌നാമ - 2

മകനേ, ബുദ്ധിയും തന്റേടവുമുള്ള ഏതൊരുത്തനും തന്റെ അനുഗ്രഹദാതാവിന് നന്ദി അര്‍പ്പിക്കല്‍ നിര്‍ബന്ധമാണെന്ന് അറിയുക. ഒരാള്‍ തന്റെ ജീവിതകാലം മുഴുവന്‍ കൃതജ്ഞതക്കുവേണ്ടി മാറ്റിവച്ചാലും തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്കൊന്നും അത് ബദലാവുകയില്ല. അവന് ലഭിച്ച ആയിരം സൗഭാഗ്യങ്ങളില്‍ ചെറിയൊരു അളവിനുപോലും അത് തികയില്ല. നീ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. പരിശുദ്ധ ദീനില്‍ വിധേയത്വത്തിന്റെ അതിരെന്നു പറയുന്നത് അഞ്ചെണ്ണമാണ്: അതില്‍ രണ്ടെണ്ണം സമ്പന്നര്‍ക്ക് പ്രത്യേകമായതാണ്.
ബാക്കി മൂന്നെണ്ണം ജനപഥത്തെ മുഴുവന്‍ ബാധിക്കുന്നതുമാണ്. ഈ മൂന്നെണ്ണത്തില്‍ ഒന്ന് ഹൃദയംകൊണ്ട് സത്യമാക്കലും നാവുകൊണ്ട് അത് ഉറച്ച് അംഗീകരിക്കലുമാണ്. അഞ്ചുനേരത്തെ നമസ്‌കരാം മുറപോലെ നിര്‍വഹിക്കലാണ് രണ്ടാമത്തെത്. മൂന്നാമത്തെതാണെങ്കില്‍ റമദാനിലെ വ്രതാനുഷ്ഠാനവും. അല്ലാഹു അല്ലാത്ത മറ്റൊന്നിനുംതന്നെ നിലനില്‍പ്പില്ലെന്ന പ്രഖ്യാപനമാണ് സത്യസാക്ഷ്യം അഥവാ, ശഹാദത്. നമസ്‌കാരം നാവുകൊണ്ടുള്ള സത്യപ്പെടുത്തലും അടിമത്വത്തെ അംഗീകരിക്കലുമാണ്. റമദാന്‍ വ്രതം നാവുകൊണ്ടുള്ള അംഗീകരിക്കല്‍ മാത്രമല്ല, അല്ലാഹുവിന്റെ ദൈവികതയെ സമ്മതിക്കല്‍ കൂടിയാണ്.
താന്‍ അടിമയാണെന്ന് നീ പറയുന്ന കാലത്തോളം നീ നിന്റെ അടിമത്വത്തില്‍തന്നെ ആയിരിക്കേണ്ടതുണ്ട്. നിന്റെ അടിമ നിന്നെ വഴിപ്പെടണമെന്ന് നീ ആഗ്രഹിക്കുന്നുവെന്ന് കരുതി നിന്റെ റബ്ബിനോടുള്ള വിധേയത്വം ഇട്ടെറിഞ്ഞു പോകരുത്. അപ്രകാരം ചെയ്യുന്നുവെങ്കില്‍, നിന്റെ അടിമയില്‍നിന്നുപോലും നീ നന്മ പ്രതീക്ഷിക്കേണ്ടതില്ല. അല്ലാഹു നിനക്ക് ചെയ്തുതരുന്ന ഗുണത്തോളം വരില്ലൊരിക്കലും നീ നിന്റെ അടിമക്കു നല്‍കുന്ന നന്മകള്‍. വിധേയത്വമില്ലാത്ത അടിമയായി മാറരുത്. വിധേയത്വമില്ലാത്ത അടിമ രക്ഷാധികാരം കൊതിക്കുന്നവനാണ്. എന്നാല്‍, രക്ഷാധികാരം കൊതിച്ച അടിമകളൊക്കെയും അതിവേഗം പരാജിതരായ ചരിത്രമേയുള്ളൂ.
നമസ്‌കാരവും വ്രതവും അല്ലാഹുവിനോട് പ്രത്യേകമായതാണെന്ന് ഓര്‍ക്കുക. അതില്‍ ഒരിക്കലും വീഴ്ച വരുത്തരുത്. കാരണം, പ്രത്യേകയാവയില്‍ വീഴ്ച വരുത്തുന്നപക്ഷം സ്വാഭാവികയും പൊതുവായ കാര്യങ്ങളില്‍നിന്നെല്ലാം തടയപ്പെട്ടേക്കാം. തിരുനബി(സ്വ) നമസ്‌കാരത്തെ ദീനിനോടാണ് തുലനം ചെയ്തിരിക്കുന്നത്. അഥവാ, ആര് നമസ്‌കാരം ഉപേക്ഷിക്കുന്നുവോ യഥാര്‍ഥത്തില്‍ അവന്‍ മതത്തെത്തന്നെ ഉപേക്ഷിച്ചിരിക്കുന്നു. അവര്‍ക്ക് ഇഹലോകത്ത് കുപ്രസിദ്ധിയുണ്ടാകുമെന്ന് മാത്രമല്ല, പരലോകത്ത് ദാരുണാന്ത്യമായിരിക്കും അവരെ കാത്തിരിക്കുന്നത്.
മകനേ, നമസ്‌കാരത്തില്‍ വീഴ്ച വന്നു പോയേക്കാവുന്ന കാര്യങ്ങളിലേക്ക് നിന്റെ ഹൃദയം ചെന്നെത്തുന്നത് നന്നായി സൂക്ഷിക്കണം. കേവല ആലോചനകൊണ്ടുതന്നെ നമസ്‌കാരത്തിന്റെ നേട്ടങ്ങള്‍ അനവധിയാണെന്ന് നിനക്ക് മനസ്സിലാക്കാനാകും. അതില്‍ ആദ്യത്തെത്, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നവരുടെ ശരീരവും വസ്ത്രവും സദാ പരിശുദ്ധമായിരിക്കും. എത്രയായാലും അശുദ്ധിയേക്കാള്‍ ഉത്തമം ശുദ്ധി തന്നെയാണല്ലോ! നമസ്‌കാരം പതിവാക്കുന്നവന്‍ അഹങ്കാരിയായിത്തീരുകയില്ല.
കാരണം, നമസ്‌കാരത്തിന്റെ അടിസ്ഥാനം വിനയമാണ്. ഒരാളുടെ പ്രകൃതം വിനയാന്വിതമായിക്കഴിഞ്ഞാല്‍ സ്വാഭാവികമായും അവന്റെ ശരീരവും അത്തരത്തില്‍ വിശേഷണം സിദ്ധിക്കും. ഒരാള്‍ക്ക് ഒരു സമൂഹത്തെ പിന്തുടരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിര്‍ബന്ധമായും അവന്‍ അവര്‍ക്കൊപ്പം ചേരണം എന്ന് ജ്ഞാനികള്‍ പറയാറുണ്ട്. അസന്തുഷ്ട സമൂഹത്തോട് സഹവസിച്ചവനും അപ്രകാരം അസന്തുഷ്ടനായിത്തീരും. മഹത്വവും സന്തോഷവും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ഉല്‍കൃഷ്ടരെയും മഹോന്നത വ്യക്തിത്വങ്ങളെയും പിന്തുടരട്ടെ. പരിപൂര്‍ണമായും വിധേയത്വത്തിലായിരിക്കുക. കാരണം, പരിശുദ്ധ ഇസ്‌ലാമിനോളം സുശക്തവും മഹത്തരവുമായ മറ്റൊരു സാമ്രാജ്യവുമില്ലെന്ന് ചിന്തകന്മാരെല്ലാം സമ്മതിച്ചതാണ്.
എപ്പോഴും ഐശ്വര്യപൂര്‍ണമായ ജീവിതം വേണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ നന്മയുടെ മാര്‍ഗേണ ചലിക്കുന്നവരെ തേടി അലയുക. സാമ്രാജ്യത്തിന്റെ നേതൃത്വത്തെ വഴിപ്പെടുക. ഇതിന് എതിര്‍ പ്രവര്‍ത്തിച്ച് ഒടുക്കം അസന്തുഷ്ടനായിത്തീരരുത്. റുകൂഓ സുജൂദോ ഉപേക്ഷിച്ച് നമസ്‌കാരത്തെ നിന്ദിക്കുന്നതും നിസാരവല്‍ക്കരിക്കുന്നതും സൂക്ഷിക്കുക. കാരണം, അത് മതബോധമുള്ളവരുടെ സ്വഭാവമല്ല.
**  **  **
മകനേ, വര്‍ഷത്തിലൊരിക്കല്‍ മാത്രമായുള്ള വിധേയത്വമാണ് റമദാന്‍ വ്രതം. അതില്‍ വീഴ്ച വരുത്തുന്നത് പൗരുഷമല്ല. ബുദ്ധിയുള്ളവരൊന്നും അത് ചെയ്യുകയുമില്ല. തീവ്രമനോഭാവക്കാരനാകുന്നതും സൂക്ഷിക്കണം. വ്രതമെടുക്കുന്നതിലും അത് മുറിക്കുന്നതിലും തീവ്രത കാണിക്കരുത്. സല്‍വൃത്തരായ അഞ്ച് പണ്ഡിതന്മാര്‍ വ്രതമെടുക്കുന്നത് കണ്ടാല്‍ അവര്‍ക്കൊപ്പം നീയും വ്രതമെടുക്കുക. അവരുടേതുപോലെ വ്രതം മുറിക്കുക. അതല്ലാതെ, വിഡ്ഢികളുടെ വാക്കുകളില്‍ നീ വശംവദനായിപ്പോകരുത്.
നിന്റെ പട്ടിണിയോ ഭോജനമോ അല്ലാഹുവിന് ആവശ്യമില്ലെന്ന് ഉറച്ച ബോധ്യം എപ്പോഴും നിനക്ക് ഉണ്ടാകണം. വ്രതത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് നീ പൂര്‍ണമായും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണെന്ന് സമ്മതിക്കലാണ്. നിന്റെ കൈകാലുകളും കണ്ണും കാതും വായയും വയറും അടക്കം നിന്റെ ശരീരം മുഴുവന്‍ അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. പരിശുദ്ധി നേടിയെടുക്കാന്‍ അവയോരോന്നിനും നീ കടിഞ്ഞാണിടുന്നു.
അനുചിതമായ എല്ലാതരം തെമ്മാടിത്തരങ്ങളില്‍നിന്നും അവയെ അകറ്റിനിര്‍ത്തുന്നു. അങ്ങനെയാണ് നീ നിന്റെ വ്രതം യാഥാര്‍ഥ്യമാക്കുന്നത്. പുലര്‍ച്ചതൊട്ട് സന്ധ്യവരെ നീ ഉപേക്ഷിക്കുന്ന അന്നപാനീയങ്ങളുടെ വിഹിതം നോക്കി ആവശ്യക്കാര്‍ക്ക് അത് നല്‍കലാണ് വ്രതകാലത്തെ ഏറ്റവും നല്ല പ്രവൃത്തികളിലൊന്ന്. നിന്റെ വ്രതക്ഷീണത്തിന്റെ നേട്ടങ്ങളിലൊന്ന് അതായിരിക്കണം. അതിന്റെ ഗുണവും നേട്ടവും യഥാര്‍ഥ അവകാശികളിലേക്കെത്തട്ടെ.
ജനങ്ങളെ പൊതുവായി ബാധിക്കുന്ന വിധേയത്വവുമായി ബന്ധപ്പെട്ട ഈ മൂന്ന് കാര്യങ്ങളിലും വീഴ്ച വരുത്താതെ ശ്രദ്ധിക്കണം. കാരണം, അതില്‍ വീഴ്ച വരുത്താന്‍ മാത്രം പോന്ന ഒരു കാരണവും നിനക്ക് ബോധിപ്പിക്കാന്‍ കഴിയുകയില്ല. എന്നാല്‍, നേരത്തെ സൂചിപ്പിച്ച സമ്പന്നുരമായി മാത്രം ബന്ധപ്പെട്ട രണ്ട് വിധേയത്വം അതില്‍ വരുന്ന വീഴ്ചകള്‍ സ്വീകരിക്കപ്പെടുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇനിയും അനേകം പറയാനുണ്ട്. എങ്കിലും, അത്യാവശ്യമായി നീ അറിയേണ്ടതു പറയുന്നുവെന്ന് മാത്രം.
അനുഗ്രഹത്തിന്റെ വര്‍ധനവിനൊപ്പം വിധേയത്വവും അധികരിപ്പിക്കുക
മകനേ, സമ്പന്നരുടെമേല്‍ അല്ലാഹു രണ്ട് കാര്യങ്ങള്‍ പ്രത്യേകം നിര്‍ബന്ധമാക്കിയിട്ടുണ്ട്; സകാതും ഹജ്ജും. സാധ്യമാകുന്ന എല്ലാവരോടും അല്ലാഹു ഹജ്ജ് ചെയ്യാന്‍ നിസ്‌കര്‍ശിച്ചു. വല്ല ബുദ്ധിമുട്ടുകളും നേരിടുന്നവരാണെങ്കില്‍ നിര്‍ബന്ധമില്ലെന്നും പറഞ്ഞു. ദുനിയാവിലെ സകല രാജാക്കന്മാരെയും നീ കാണുന്നില്ലേ? ഹജ്ജില്‍ അവരെപ്പോലെത്തന്നെയാണ് സമ്പന്നരും. സുദീര്‍ഘമായ യാത്രയാണ് ഹജ്ജിന്റെ പ്രധാന ഘടകം. എല്ലാവര്‍ക്കും അതിന് സാധ്യമാകണമെന്നില്ല. സാധ്യമാകാതെ ഹജ്ജ് യാത്രക്ക് ഒരുങ്ങിപ്പുറപ്പെടുന്നവര്‍ ആത്മനാശത്തിലേക്കാണ് ചെന്നെത്തുക.
എന്നാല്‍, എല്ലാ കഴിവും പ്രാപ്തിയും ഉണ്ടായിട്ടും ഹജ്ജ് തീര്‍ഥാനടത്തിന് ഒരുങ്ങാത്തവന്‍ ദുനിയാവിലെ വലിയൊരു ആസ്വാദനമാണ് വേണ്ടെന്ന് വക്കുന്നത്. ദുനിയാവിലെ സകല അനുഗ്രഹങ്ങളുടെയും ആസ്വാദനം പൂര്‍ണമാകുന്നത് നീ കാണാത്തത് കാണുകയും ഇതുവരെയും കണ്ടിട്ടില്ലാത്ത ഭക്ഷണം രുചിക്കുകയും ഇതുവരെ നേടാത്തവ നേടുകയും ചെയ്യുമ്പോഴാണ്. യാത്രയിലൂടെയല്ലാതെ ഇതൊന്നും സാധ്യമാവുകയില്ല. സഞ്ചാരികള്‍ ലോകത്തെക്കുറിച്ച് അത്രമേല്‍ അടുത്തറിവുള്ളവരാണ്. അനുഭവജ്ഞാനമുള്ളവരാണ്. അനേകമനേകം വിചിത്ര ജ്ഞാനംകൊണ്ട് സൗഭാഗ്യം ലഭിച്ചവരാണ്.
കാരണം, കാണാത്തവയെത്ര അവര്‍ കണ്ടിരിക്കുന്നു! ഇതുവരെയും കേള്‍ക്കാത്ത എത്രയെത്ര കാര്യങ്ങള്‍ അവര്‍ കേട്ടിരിക്കുന്നു. കണ്ടറിഞ്ഞതിനൊക്കുമോ കേട്ടറിഞ്ഞതത്രയുമെന്നൊരു ചൊല്ലു തന്നെയുണ്ട് അറബികള്‍ക്കിടയില്‍. അക്കാരണത്താല്‍തന്നെ, തന്നോടുള്ള അവകാശ പൂര്‍ത്തീകരണത്തിനായി അല്ലാഹു അടിമകളുടെമേല്‍ യാത്ര നിശ്ചയിച്ചുവച്ചു. അവര്‍ തന്റെ കല്‍പ്പനകള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടി. തന്റെ ഗൃഹം സന്ദര്‍ശിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വേണ്ടി.
എന്നാല്‍, ദരിദ്രനെ അല്ലാഹു ഇത്തരം നിസ്‌കര്‍ശതയില്‍നിന്നെല്ലാം മാറ്റിനിര്‍ത്തി. അല്ലാഹു തന്റെ സ്‌നേഹിതനെ തന്റെ ഇഷ്ട ഭവനത്തിലേക്ക് വിളിക്കാതെ അവനെ ദരിദ്രനായി നിലനിര്‍ത്തിയതിന് കാരണമെന്തായിരിക്കും? പാമരനെന്ന് പറഞ്ഞ് അവനെ മഹത്തായ ഹജ്ജിലേക്ക് ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും?
മകനേ, ദരിദ്രന്‍ ഹജ്ജ് ചെയ്യാന്‍ തുനിഞ്ഞാല്‍ അതവനെ നശിപ്പിക്കുകയേ ഉള്ളൂ. സമ്പന്നരുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ദരിദ്രര്‍ അരോഗദൃഢഗാത്രര്‍ ചെയ്യുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന രോഗികളെപ്പോലെയാണ്. ഒരു ഹാജിയുടെ കഥ ഞാന്‍ പറഞ്ഞു തരാം:
ഒരിക്കല്‍ ബുഖാറയിലെ സമ്പന്നനായ ഒരു നേതാവ് ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിച്ചു. അദ്ദേഹത്തിന്റെ യാത്രാ സംഘത്തില്‍ അദ്ദേഹത്തെക്കാള്‍ വലിയ ധനാഢ്യന്മാരായി ആരുംതന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ യാത്രാ ചരക്കുകള്‍ ചുമക്കാന്‍തന്നെ നൂറിലധിം ഒട്ടകങ്ങളുണ്ടായിരുന്നു. അമ്പാരിയിലായിരുന്നു യാത്ര. കൂടെ വേറെയും ചില സമ്പന്നരും ദരിദ്രരുമുണ്ടായിരുന്നു. അറഫക്കരികിലെത്തിയപ്പോള്‍ അദ്ദേഹം ഒരു ദര്‍വേശിനെ കണ്ടു. ചെരുപ്പ് ധരിക്കാത്ത, നീരുകെട്ടി വീര്‍ത്ത കാലില്‍ ദാഹാര്‍ത്ഥനായി നടക്കുന്നു.
‘അന്ത്യനാളില്‍ എന്റെയും നിങ്ങളുടെയും പ്രതിഫലം ഒന്നുതന്നെ ആയിരിക്കുമോ? നീ സര്‍വ സൗഭാഗ്യത്തോടെ സഞ്ചരിക്കുന്നു. ഞാനാണെങ്കിലോ പ്രയാസപ്പെട്ടും.’ അദ്ദേഹത്തിന് അടുത്തെത്തിയപ്പോള്‍ ദര്‍വേശ് ചോദിച്ചു. ‘ഒരിക്കലുമില്ല. അന്ത്യനാളില്‍ നിന്റെയും എന്റെയും പ്രതിഫലവും സ്ഥാനവും ഒന്നുതന്നെയായിരുന്നെങ്കില്‍ ഞാനൊരിക്കലും ഈ മരുക്കാടിലേക്ക് വരുമായിരുന്നില്ല.’ നേതാവ് മറുപടി പറഞ്ഞു. ‘അതെന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ പറഞ്ഞത്?’ ദര്‍വേശിന് കൗതുകമായി.
‘ഞാന്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരമാണ് വന്നിരിക്കുന്നത്. എന്നാല്‍, നീ ആ കല്‍പ്പനയെ ധിക്കരിച്ചിരിക്കുന്നു. ഞാന്‍ അല്ലാഹുവിന്റെ അതിഥിയായിട്ടാണ് മക്കയിലെത്തിയത്. നീയാണെങ്കില്‍ പരാശ്രയിയാണ്. അതിഥിയുടെ മഹത്വത്തോട് ആശ്രിതന്റെ മഹത്വത്തെ എങ്ങനെ തുലനം ചെയ്യാനാകും? സമ്പന്നന്മാരോടാണ് അല്ലാഹു ഹജ്ജ് ചെയ്യാന്‍ കല്‍പ്പിച്ചിട്ടുള്ളത്. ‘നിങ്ങള്‍ ആത്മനാശത്തിലേക്കു ചാടരുത്’ (ബഖറ: 195) എന്നാണ് ദരിദ്രരരോടുള്ള നിര്‍ദേശം. അല്ലാഹുവിന്റെ യാതൊരുവിധ കല്‍പ്പനയും ഇല്ലാതെത്തന്നെ നീ വളരെ പ്രയാസപ്പെട്ട് ഈ മരുക്കാട്ടിലേക്ക് വന്നിരിക്കുന്നു. വിനാശം സ്വയം വിളിച്ചുവരുത്തുകയാണ് നീ. അങ്ങനെയുള്ളവരെ അല്ലാഹുവിനോട് പൂര്‍ണ വിധേയത്വത്തോടെ വന്നവരുമായി തുലനം ചെയ്യാനാകുമോ?’ ചെറു പുഞ്ചിരിയോടെ നേതാവ് ദര്‍വേശിനെ നോക്കി പറഞ്ഞു.
പ്രാപ്തിയോടെ ഹജ്ജ് നിര്‍വഹിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയ അനുഗ്രഹത്തിന് കൃതജ്ഞത അര്‍പ്പിക്കുകയും അവന്റെ കല്‍പ്പനകള്‍ അംഗീകരിക്കുകയുമാണ് ചെയ്യുന്നത്. കയ്യില്‍ ഹജ്ജിന് ആവശ്യമായ സമ്പാദ്യമുണ്ടെങ്കില്‍ നീയും അതില്‍ വീഴ്ച വരുത്താന്‍ പാടില്ല. പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഹജ്ജിന് വേണ്ടത്; കഴിവ്, സമയം, അന്തസ്സ്, ആരോഗ്യപരമായ നിരാശ്രയത്വം, സൗകര്യപൂര്‍ണമായ ചുറ്റുപാട്. ഇതിനെല്ലാം നിനക്ക് സൗഭാഗ്യമുണ്ടായിട്ടുണ്ടെങ്കില്‍ ഉടനെ ഹജ്ജിന് പുറപ്പെടുക.
കഴിവുള്ള കാലത്തോളം ഹജ്ജ് ചെയ്യല്‍ നിന്റെമേല്‍ നിര്‍ബന്ധമായി നിലനില്‍ക്കും. സകാത് കൊടുക്കുന്നവരെ തന്റെ അടുപ്പക്കാര്‍ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്. സകാത് നല്‍കുന്നവര്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രജകള്‍ക്കിടയിലെ പ്രഭുവിനെപ്പോലെയാണ്. കാരണം, അവന്‍ നല്‍കുന്നവനും മറ്റുള്ളവര്‍ നല്‍കപ്പെടുന്നവനുമാണല്ലോ.
അല്ലാഹുവിന് വേണമെങ്കില്‍ ജനപഥത്തെ മുഴുവന്‍ സമ്പന്നരാക്കാമായിരുന്നു. പക്ഷെ, അല്ലാഹു അത് ചെയ്തില്ല. ചിലര്‍ ദരിദ്രരും മറ്റുചിലര്‍ സമ്പന്നരും ആയിരിക്കുകയെന്നതാണ് അവന്റെ ഹിക്മത്. ഓരോരുത്തര്‍ക്കും അവരുടേതായ സ്ഥാനങ്ങളും പ്രാപ്തിയും നിര്‍ണയിക്കാനാണത്. ഉന്നതര്‍ ഉയര്‍ന്നുനില്‍ക്കും. രാജാവിനെപ്പോലെ. ജനങ്ങളുടെ സമ്പാദ്യത്തില്‍നിന്ന് എടുത്തല്ലേ രാജാവ് മകനെ ഭക്ഷിപ്പിക്കുന്നത്.
എന്നാല്‍, മകന്‍ സ്വയം പൊതുമുതല്‍ അപഹരിച്ചെടുക്കുകയും ഭക്ഷിക്കുകയും ചെയ്ത് അതിന്റെ മൂല്യം തിരിച്ചടക്കാതിരുന്നാല്‍ സ്വാഭാവികമായും രാജാവ് കോപാകുലനാകില്ലേ? അപ്രകാരം തന്നെയാണ് സമ്പന്നരുടെയും അവസ്ഥ. അവര്‍ മറ്റുള്ളവര്‍ക്ക് അന്നം നല്‍കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. അവര്‍ അതില്‍ വീഴ്ച വരുത്തുന്നപക്ഷം അവര്‍ക്ക് അതെല്ലാം നല്‍കിയ അല്ലാഹു സമ്പന്നരുടെമേല്‍ കോപാകുലനാകും. വര്‍ഷത്തിലൊരിക്കല്‍ നീ സകാത് നല്‍കിയിരിക്കണം. എന്നാല്‍, സ്വദഖ എത്രയുമാകാം.
അത് അല്ലാഹുവിനോടുള്ള നിന്റെ വിധേയത്വത്തെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. സ്വദഖ നിര്‍ബന്ധമല്ല എങ്കിലും നല്‍കുന്നവനില്‍ അത് മഹത്വും മനുഷ്യത്വവും നിറക്കും. അതുകൊണ്ട്, ആവന്നത്രയും നീ സ്വദഖ ചെയ്യുക. അതില്‍ നീ തെല്ലും കുറവു വരുത്തരുത്. കാരണം, സ്വദഖ നല്‍കുന്നവര്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അല്ലാഹുവിന്റെ സംരക്ഷണത്തിലാവുകയെന്നാല്‍ വലിയൊരു അനുഗ്രഹം തന്നെയല്ലേ?
ഹജ്ജും സകാതുമായി ബന്ധപ്പെട്ട് നീ നിന്റെ ഹൃദയത്തെ സന്ദേഹത്തിലാക്കരുത്. എന്തിനാണ് സഅ്‌യും ഇഹ്‌റാമും? മുടിയും നഖവും വെട്ടുന്നതില്‍ എന്തുകാര്യം? ഇരുപത് ദീനാറില്‍നിന്നും പകുതി കൊടുത്താല്‍ പോരെ? ആട്, മാട്, ഒട്ടകം എന്നിവയില്‍നിന്നുതന്നെ കൊടുക്കണം എന്നെന്താണ് ഇത്ര നിര്‍ബന്ധം? എന്തിനാണ് ഉള്ഹിയത്? എന്നിങ്ങനെയുള്ള സംശയങ്ങള്‍കൊണ്ട് നീ സ്വയം വഴികേടിലാവാതിരിക്കുക. ഇത്തരം ശംയങ്ങളില്‍നിന്നെല്ലാം ഹൃദയത്തെ വിമലീകരിക്കുക.
നിനക്കറിയാത്ത കാര്യങ്ങളൊന്നും നന്നല്ലെന്ന് ധരിച്ചുവക്കരുത്. ഞാനും നീയുമൊന്നും ഇനിയും അറിഞ്ഞിട്ടില്ലാത്ത അനേകം കാര്യങ്ങളിലാണ് നന്മ കിടക്കുന്നത്. അല്ലാഹുവിനോട് സമ്പൂര്‍ണ വിധേയത്വത്തിലാവുക, അത്രമാത്രം! അത് എങ്ങനെ, എന്തിന് എന്ന ചോദ്യമില്ല. നീ അല്ലാഹുവിനെ വഴിപ്പെടുന്നുവെങ്കില്‍ നിന്റെ മാതാപിതാക്കള്‍ക്ക് നീ നല്‍കേണ്ട ഗുണംകൂടി നീ മനസ്സിലാക്കേണ്ടതുണ്ട്. കാരണം, അതും അല്ലാഹുവിന്റെ കല്‍പ്പനയാണ്.
മാതാപിതാക്കളോടുള്ള കടമകള്‍ അറിഞ്ഞിരിക്കുക
മകനേ, സ്രഷ്ടാവ് ഈ ലോകം പണിയാന്‍ ഉദ്ദേശിപ്പോള്‍ സന്താന പരമ്പരക്കുള്ള കാരണവും അവന്‍ ഉണ്ടാക്കി. മതാപിതാക്കളുടെ സഹജമായ വികാരം സന്താനങ്ങള്‍ ഉണ്ടാകാന്‍ നിതാനമാക്കി. ആ മാതാപിതാക്കളോടുള്ള കടമ നിര്‍വഹിക്കാന്‍ സന്താനങ്ങള്‍ ബാധ്യസ്ഥരാണ്. കാരണം, അവരുടെ സന്താനങ്ങളുടെ ഉണ്മ മാതാപിതാക്കളിലൂടെയാണല്ലോ! മതാപിതാക്കളുടെമേല്‍ എന്ത് കടമയാണ് എനിക്കുള്ളത് എന്ന ചോദ്യംതന്നെ നീ സൂക്ഷിക്കുക.
മാതാപിതാക്കള്‍ക്കിടയിലുണ്ടായിരുന്ന ഐച്ഛിക വികാരങ്ങള്‍ക്കപ്പുറം അങ്ങേയറ്റം സ്‌നേഹവും വാത്സല്യവും അവര്‍ക്ക് സന്താനങ്ങളോടുണ്ടായിരുന്നു. അതിനുവേണ്ടി അവര്‍ ഒരുപാട് സഹിച്ചു. അവര്‍ നിനക്കും അല്ലാഹുവിനുമിടയിലെ ഇടനിലക്കാരാണ് എന്നതാണ് മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യാന്‍ നിന്നെ ബാധ്യസ്ഥനാക്കുന്ന ഏറ്റവും ചെറിയ ഘടകം.
നീ അല്ലാഹുവിനെ ബഹുമാനിക്കുന്നതുപോലെ അവനും നിനക്കുമിടയിലെ മാധ്യമത്തിനും അനുയോജ്യമായ ആദരവ് നല്‍കേണ്ടതുണ്ട്. മക്കള്‍ കുഞ്ഞുങ്ങളായിരിക്കുന്ന കാലത്തോളം അവര്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തിലും പരിലാളനയിലും സ്‌നേഹത്തിലുമായിരിക്കും. അതുകൊണ്ടാണ് അല്ലാഹു അവരെക്കുറിച്ച് രക്ഷാകര്‍ത്താക്കള്‍ എന്ന് പറഞ്ഞത്. വിശുദ്ധ ഖുര്‍ആനിലെ ഉലുല്‍അംറ് എന്ന പദത്തിന്റെ ഉദ്ദേശ്യമായി ഒരു തഫ്‌സീറില്‍ ഞാന്‍ വായിച്ചത് അത് ഉപ്പമാരും ഉമ്മമാരുമാണെന്നാണ്.
അംറ്(അധികാരം) എന്ന അറബി പദത്തിന് പ്രധാനമായും രണ്ട് അര്‍ഥമാണുള്ളത്; കല്‍പ്പനയും പ്രവര്‍ത്തിയും. കാര്യപ്രാപ്തിയുള്ളവര്‍(ഉലുല്‍അംറ്) അപ്പോള്‍ കല്‍പ്പനയും പ്രവര്‍ത്തിയും അധികാരവും ഒത്തുചേര്‍ന്നവരാണ്. മാതാപിതാക്കള്‍ക്ക് നിന്നെ പരിപാലിക്കാനുള്ള കഴിവുമുണ്ട് നിന്നെ നല്ലത് പഠിപ്പിക്കാനുള്ള അധികാരവുമുണ്ട്.
മകനേ, നിന്റെ മാതാപിതാക്കള്‍ അനുഭവിക്കുന്ന ഉത്കണ്ഠകളെ നീ അവജ്ഞാപൂര്‍വം വീക്ഷിക്കരുത്. കാരണം, അല്ലാഹു ആദരിച്ച് മഹത്വം നല്‍കിയവരാണ് അവര്‍.
അലി(റ)യുമായി ബന്ധപ്പെട്ട് ഒരു ചരിത്രം പറയാറുണ്ട്. ഒരിക്കല്‍ കുറച്ചുപേര്‍ ചേര്‍ന്ന് അലി(റ)യുടെ അരികില്‍ വന്ന് മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അലി(റ) അവരോടായി പറഞ്ഞു: ‘തിരുനബി(സ്വ)യുടെ മാതാപിതാക്കളുടെ വഫാതിലൂടെ ആ ഒരു ബഹുമാനമാണ് അല്ലാഹു കാണിച്ചത്.’ ‘എന്താണത്?’ അവര്‍ ചോദിച്ചു.
‘നബി(സ്വ)യുടെ കാലത്ത് അവരെങ്ങാനും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ സ്വന്തത്തെക്കാള്‍ റസൂലിന് അവരെ മുന്തിക്കേണ്ടി വരുമായിരുന്നു. അവരോട് വിനയാന്വിതനാകേണ്ടി വരുമായിരുന്നു. പുത്രനാണെന്ന മര്യാദ പാലിക്കേണ്ടി വരുമായിരുന്നു.’
ഒരുപക്ഷെ, ഇത് ബലഹീനമായൊരു നിവേദനമായേക്കാം. കാരണം, ‘ആദം സന്തതികളുടെ നേതാവാണ് ഞാന്‍. ഞാന്‍ അത് അഹന്ത നടിച്ചു പറയുന്നതല്ല’ എന്ന് പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ടല്ലോ. എന്തായിരുന്നാലും, മതപരിപ്രേക്ഷ്യത്തിലൂടെ നീ മാതാപിതാക്കളെ വീക്ഷിക്കുന്നില്ലെങ്കിലും മനുഷ്യത്വപരമായൊരു സമീപനം നിനക്ക് അവരോട് ഉണ്ടാകണം. നീ കൈവരിച്ച സര്‍വ നേട്ടങ്ങളുടെയും നന്മകളുടെയും കാരണക്കാര്‍ അവരാണല്ലോ. നിന്റെ പ്രഥമ പരിപാലനം അവരാണല്ലോ ഏറ്റെടുത്തത്. നീ അവരോടുള്ള കടമകളില്‍ വീഴ്ച വരുത്തുന്നപക്ഷം ഒരു നന്മക്കും നേട്ടത്തിനും നീ അര്‍ഹനാവുകയില്ല.
വേരിന് നല്‍കേണ്ട ഗുണത്തിന്റെ പൊരുള്‍ മനസ്സിലാക്കാത്തവന്‍ എങ്ങനെ ശിഖരത്തിന്റെ ഗുണം തിരിച്ചറിയാനാണ്? നന്ദികേട് കാണിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്നത് എന്ത് നന്മയാണുള്ളത്? നീ അത്തരക്കാരുടെ കൂട്ടത്തില്‍ അകപ്പെട്ടു പോകരുത്. നിന്റെ മക്കളില്‍നിന്ന് ലഭിക്കണമെന്ന് നീ ആഗ്രഹിക്കുന്നതുപോലെത്തന്നെ നിന്റെ രക്ഷിതാക്കളോടും പെരുമാറുക. അവര്‍ക്കൊപ്പം നില്‍ക്കുക. കാരണം, നിന്റെ പിതാവില്‍നിന്ന് നീ ആഗ്രഹിച്ചതെല്ലാം നിന്നില്‍നിന്ന് നിന്റെ മകനും ആഗ്രഹിക്കും.
ഫലംപോലെയാണ് മനുഷ്യന്‍. മാതാപിതാക്കള്‍ വൃക്ഷംപോലെയും. വൃക്ഷത്തിന് എത്രമാത്രം പരിരക്ഷ നല്‍കപ്പെടുന്നുവോ അതിനനുസൃതമായി അതിന്റെ ഫലവും ഗുണമേന്മയുള്ളതാകും. മാതാപിതാക്കളോട് നീ എത്രമാത്രം ആദരവും സ്‌നേഹവും കാണിക്കുന്നുവോ നിനക്കുവേണ്ടിയുള്ള അവരുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരത്തിന് അതിനനുസരിച്ച് വേഗതയേറും. നീ അല്ലാഹുവിന്റെ സംപ്രീതിയോട് ഏറ്റം അടുത്തുനില്‍ക്കുന്നവനാകും.
അനന്തരസ്വത്ത് മോഹിച്ച് പിതാവിന്റെ മരണം നീ ആഗ്രഹിക്കരുത്. നിനക്കായി എഴുതപ്പെട്ടിട്ടുള്ളതെല്ലാം മാതാപിതാക്കള്‍ മരിച്ചാലും ഇല്ലെങ്കിലും നിന്നിലേക്കെത്തും.
ഓരോരുത്തരുടെയും ഭാഗധേയം അല്ലാഹു നേരത്തെ തീരുമാനിച്ചുവച്ചതാണ്. നേടാന്‍ യോഗ്യനായതിലേക്കെല്ലാം അവന്‍ എത്തിച്ചേരുകതന്നെ ചെയ്യും. നിന്റെ ഭാഗധേയത്തിനുവേണ്ടി വ്യാകുലനാവുകയോ കഷ്ടപ്പെടുകയോ ചെയ്യേണ്ടതില്ല. കഠിനാധ്വാനം ചെയ്തുവെന്നുവച്ച് നിനക്ക് എഴുതപ്പെട്ടതില്‍ ഒന്നും വര്‍ധിക്കാന്‍ പോകുന്നില്ല. കഠിനാധ്വാനമല്ല, പരിശ്രമമാണ് നിനക്ക് അപ്പക്കഷ്ണം നേടിത്തരുന്നത് എന്ന് പറയാറുണ്ടല്ലോ.
നിന്റെ ഭാഗധേയത്തില്‍ അല്ലാഹു സംതൃപ്തനാകണമെന്നുണ്ടെങ്കില്‍ ഓരോ പുലര്‍ച്ചയിലും നീ നിന്നെക്കാള്‍ പരിതസ്ഥിതിയിലുള്ളവനിലേക്ക് നോക്കുക. അത് നിന്റെ കയ്യിലുള്ളതില്‍ കൂടുതല്‍ സംതൃപ്തി നല്‍കും. സമ്പാദ്യത്തില്‍ ദരിദ്രനാണെങ്കിലും ബുദ്ധിയില്‍ സമ്പന്നനാകാന്‍ പരിശ്രമിക്കുക. ബുദ്ധിയാണ് സമ്പത്തിനെക്കാള്‍ ഉത്തമം. ബുദ്ധിയുണ്ടെങ്കിലേ സാമ്പത്തിക കാര്യങ്ങളില്‍ അഭിവൃദ്ധി നേടാനാകൂ. സമ്പത്തുകൊണ്ട് ആരും ഇതുവരെ ബുദ്ധി നേടിയെടുത്തിട്ടില്ല. സമ്പന്നനായ വിഡ്ഢി അതിവേഗം ദരിദ്രനാകും.
എന്നാല്‍, ബുദ്ധിമാന്റെ സമ്പാദ്യം ഒരുത്തനും മോഷ്ടിക്കാനാകില്ല. ഒരു തീയിനും വെള്ളത്തിനും അതിനെ നശിപ്പിക്കാനാകില്ല. നിനക്ക് സമ്പത്തുണ്ടെങ്കില്‍ അതോടൊപ്പം സദ്ഗുണവും നീ നേടിയെടുക്കണം. സദ്ഗുണമില്ലാത്ത ബുദ്ധിയും വിവേകവും നഗ്നനായ മനുഷ്യനെപ്പോലെയാണ്. രൂപമില്ലാത്ത വ്യക്തിയെപ്പോലെയും ആത്മാവില്ലാത്ത ശരീരം പോലെയുമാണ്. ‘സദ്ഗുണമാണ് ബുദ്ധിയുടെ മുഖലക്ഷണം.’ ( തുടരും )
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles