Current Date

Search
Close this search box.
Search
Close this search box.

ഗോളശാസ്ത്രം; പടിഞ്ഞാറിന് വഴികാണിച്ച മുസ്‍ലിം പണ്ഡിതന്മാർ -2

പുതിയ കാലത്തിൻ്റെ കണ്ടുപിടുത്തമെന്ന് അധികപേരും കരുതുന്ന പലതും, നൂറ്റാണ്ടുകൾക്കു മുൻപേ ഇസ്‍ലാമിക ശാസ്ത്രജ്ഞർ കണ്ടെത്തിയവയാണെന്ന് കാണാനാവും. ‘ബ്ലാക്ക് ഹോൾ’ സിദ്ധാന്തം അത്തരത്തിലൊന്നാണ്. അതിലേക്കുള്ള സൂചനകൾ എന്ന നിലയ്ക്ക് ‘ഹോൾ’ എന്ന പ്രയോഗത്തിൽ പകരം ‘ആൽ ആബാർ’ (കിണറുകൾ) എന്ന പ്രയോഗം ആദ്യമായി നടത്തിയത് ചരിത്രകാരനായ മുഹമ്മദ് ഇബ്‍നു അഹമ്മദ് ബൽഖി അൽ ഖവാരിസ്മി (ഹി.387/ക്രി. 998) ആണ് എന്നതാണ് യാഥാർത്ഥ്യം. ബ്ലാക്ക് ഹോൾ (ബിഅ്ർ) സിദ്ധാന്തത്തെ അദ്ദേഹം തൻ്റെ ‘മഫാതീഹുൽ ഉലൂ’ മിൽ ഇങ്ങനെ വിശദീകരിക്കുന്നു: ” രാശിചക്രത്തിലെ ഒരു പ്രത്യേക ഇടമാണ് ആബാർ. നക്ഷത്രങ്ങൾ അവിടെ എത്തിയാൽ അവ അപ്രത്യക്ഷ്യമാകും/ഇല്ലാതാകും. അങ്ങനെയുള്ള ചില കിണറുകൾ (ആബാർ) ആണവ ”. 

ബ്ലാക്ക് ഹോളിനെ കുറിച്ച് നാസ വരെ ‘കിണറുകൾ’ എന്ന് വിശേഷിപ്പിക്കുന്നുണ്ട് എന്നതാണ് കൗതുകകരം. നാസയുടെ അറബി വെബ്സൈറ്റിൽ കൊടുത്ത ബ്ലാക്ക് ഹോളിന്റെ നിർവചനം ഇങ്ങനെയാണ്: ”സ്പേസ് ടൈം ഘടനയിൽപ്പെട്ട കിണറുകൾ ആണത്. വളരെ ആഴത്തിലുള്ള അതിൽ നിന്നും ഒന്നിനും -പ്രകാശത്തിനു പോലും – രക്ഷപ്പെടാൻ സാധ്യമല്ല.

ഇബ്രാഹിം ഫസാരിയ്ക്കുശേഷം ഹിജ്റ മൂന്നാമാണ്ടിൽ ഉദയം ചെയ്ത ഗണിത- ഗോളശാസ്ത്രജ്ഞനാണ് മുഹമ്മദ് മൂസ ഖവാരിസ്മി (ഹി.232/ക്രി. 850). അര നൂറ്റാണ്ട് മുമ്പ് ഫസാരി നിർവഹിച്ചു വെച്ചതിൽ നിന്നും ആണ് അബ്ബാസി ഖലീഫ മഅ്മൂൻ്റെ നിർദ്ദേശപ്രകാരം ഖവാരിസ്മി തൻറെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. അങ്ങനെയാണ് വിവിധ വൈജ്ഞാനിക പ്രവർത്തനങ്ങൾക്കായി ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ വിജ്ഞാനസൗധം/അക്കാദമി ‘ബൈത്തുൽ ഹിക്മ’ എന്ന പേരിൽ ബാഗ്ദാദിൽ ആരംഭം കുറിക്കപ്പെടുന്നത്. അതിലൂടെയാണ് പിന്നീട് ഏഴ് നൂറ്റാണ്ട് കാലം – ക്രി. 750 മുതൽ 1450 വരെ) പുഷ്കലമായി നിന്ന ഗോളശാസ്ത്ര മേഖലയിലെ ‘ബാഗ്ദാദി ചിന്താധാര’ വികാസം പ്രാപിച്ചതെന്ന് ഗുസ്താവ് ലേ ബോൺ നിരീക്ഷിക്കുന്നു.

ഫസാരിയുടെ ഗവേഷണങ്ങളെ ഖവാരിസ്മി ആശ്രയിച്ചുവെങ്കിലും ടോളമിയുടെ നിരീക്ഷണമാണ് അദ്ദേഹം അവതരിപ്പിച്ചത്. സൂര്യൻ, ചന്ദ്രൻ എന്നിവക്ക് പുറമേ അക്കാലത്ത് അറിയപ്പെട്ടിരുന്ന അഞ്ച് ഗ്രഹങ്ങളുടെ എന്നിവയുടെ സഞ്ചാര പട്ടികകൾ അദ്ദേഹം തയ്യാറാക്കിയതാണ് പ്രസിദ്ധമായ ‘സീജ് – ഖവാരിസ്മി’. അബൂബക്കർ അൽ ഖിഫ്തി പറയുന്നു: ”ഖവാരിസ്മിയുടെ നിരീക്ഷണങ്ങൾ അന്നത്തെ മറ്റു ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരുന്നു. അവയിൽ ആകൃഷ്ടരായ അവർ വിവിധ നാടുകളിൽ അത് പ്രചരിപ്പിച്ചു. ‘സിദ്ധാന്ത’ യിൽ കൈവെച്ച ഖവാരിസ്മി അതിൽ നടത്തിയ തിരുത്തലുകളാണ് പതിമൂന്നാം നൂറ്റാണ്ട് (ഹിജ്റ ഏഴാം നൂറ്റാണ്ട്) വരെ ഉപയോഗിക്കപ്പെട്ടു പോന്നത്. 

‘ബൈത്തുൽ ഹിക്മ’ യിൽ ഖവാരിസ്മിയുടെ സമകാലികനായി രംഗത്തുവന്ന മറ്റൊരു ഗോളശാസ്ത്ര പണ്ഡിതനായിരുന്നു മുഹമ്മദ് ഇബ‍്‍നു കസീറിൽ ഫർഗാനി (ഹി247). ഗോളശാസ്ത്രത്തിൽ അദ്ദേഹത്തിൻറെ അനിഷേധ്യ രചനയാണ് ‘ജവാമിഉ ഇൽമിന്നുജൂം’. മധ്യകാല യൂറോപ്പിലെ ഗോളശാസ്ത്ര രചനകളിൽ ഏറ്റവും പ്രസിദ്ധിയാർജിച്ചതായിരുന്നു പ്രസ്തുത ഗ്രന്ഥമെന്ന് ക്റാഷ്കോസ്കി സൂചിപ്പിക്കുന്നു. തെളിവുകളോ ഗണിത സമവാക്യങ്ങളോ പറയാതെ വിവരണാത്മക രീതി സ്വീകരിച്ചുകൊണ്ട് പ്രപഞ്ചത്തെ വിശദീകരിക്കാനാണ് മുപ്പത് അധ്യായങ്ങളിലായി ഫർഗാനി തന്റെ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്. അറബിക്, സുറിയാനി, പേർഷ്യൻ, ബൈസാൻഡിയൻ, ഈജിപ്ഷ്യൻ കലണ്ടറുകളനുസരിച്ച് മാസങ്ങളുടെയും വർഷങ്ങളുടെയും വ്യത്യസ്തമായ കണക്കുകൾ അതിലദ്ദേഹം അവതരിപ്പിക്കുന്നു. ഭൂമിയുടെ ഗോളാകൃതി, ഭൂമധ്യരേഖ തുടങ്ങിയ ഗോളശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ ആശയങ്ങളും ഈ ഗ്രന്ഥം പരിഗണിക്കുന്നുണ്ട്.

ഗോളശാസ്ത്ര വിഷയങ്ങൾ ഇസ്‍ലാമിക മദ്ഹബി ഇമാമുമാരുടെയും പ്രധാന പരിഗണന ലഭിച്ച വിജ്ഞാന ശാഖയാണെന്ന് സൂചിപ്പിച്ചല്ലോ. ഇബ്നു ഉഖൈൽ, ഇബ്നുതൈമിയ്യ അടക്കമുള്ള ഹമ്പലി ഇമാമുമാരെ മുമ്പ് ഉദ്ധരിച്ചിരുന്നു. ഇറ്റാലിയൻ ഓറിയന്റലിസ്റ്റ് കാർലോ നെല്ലിനോ തന്റെ ‘മധ്യകാല നൂറ്റാണ്ടുകളിലെ അറബി ഗോളശാസ്ത്രം’ എന്ന ഗ്രന്ഥത്തിൽ ഇമാം ഫഖ്‍റുദ്ദീൻ റാസിയുടെ ഗ്രീക്ക് ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഭൂമിയുടെ കേന്ദ്ര സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചയാണ് അവയിലൊന്ന്. ഭൂമിയാണ് ലോകത്തിൻറെ കേന്ദ്രം എന്ന് ഏതാണ്ടല്ലാ അറബ് ഗോളശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടപ്പോൾ ഇമാം റാസിയെ പോലുള്ള ഏതാനും ദൈവശാസ്ത്ര-തത്വചിന്ത പണ്ഡിതന്മാർ മാത്രമാണ് അതിൽ സംശയം പ്രകടിപ്പിച്ച് വാദങ്ങളുയർത്തിയവർ. 

ഭൂമിയുടെ അച്ചുതണ്ടിലുള്ള കറക്കം എന്നതാണ് മറ്റൊരു വിഷയം. ഈ ചർച്ചയുടെ വികാസത്തിൽ മുസ്ലിം ഗോളശാസ്ത്രജ്ഞന്മാർ നൽകിയ സംഭാവന നെല്ലിനോ പറയുന്നുണ്ട്. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുണ്ടെന്ന് വാദം മുസ്ലിം ശാസ്ത്രജ്ഞന്മാരിൽ ആദ്യമായി അവതരിപ്പിച്ചത് സുപ്രസിദ്ധ ജ്യാമിതീയൻ അബുസഈദ് സിജ്സി (ഹി.447/(കി.1084) യാണ്. തൻ്റെ ‘ആസ്ട്രോലാബ്’ എന്ന കൃതിയുടെ അവസാനഭാഗത്ത് ഈ വാദത്തെ അൽബിറൂനിയും സ്ഥാപിക്കുന്നതായി കാണാം. നിക്കോളാസ് കോപ്പർനിക്കിലൂടെ ക്രി. 1543 ന് ശേഷം മാത്രമാണ് ഭൂമിയുടെ കറക്കവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഫ്രഞ്ചുകാർക്കിടയിൽ വ്യാപകമാകുന്നത് എന്നും നെല്ലിനോ എഴുതുന്നു. 

ടോളമിയുടെ അൽ മജസ്റ്റിൽ കറങ്ങി കളിച്ചിരുന്ന ഗോളശാസ്ത്ര വിജ്ഞാനം ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി മുസ്ലിം ശാസ്ത്രജ്ഞരുടെ നിരന്തര യത്നങ്ങളുടെ ഫലമായി പുതിയ തലങ്ങളിലേക്ക് പ്രവേശിക്കാനാരംഭിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ജാമിതീയ – ഗോളശാസ്ത്ര പട്ടികകൾ അഥവാ പുതിയ ‘സീജു’കളുടെ രചന. നക്ഷത്രങ്ങളുടെ ചലനവും വലിപ്പവും അടിസ്ഥാനപ്പെടുത്തി നിരീക്ഷണം നടത്തുന്ന ഗോളശാസ്ത്ര പട്ടികകൾ ആണല്ലോ സീജുകൾ. വാർഷിക കലണ്ടർ അതു മുഖേന രൂപപ്പെടുത്താൻ സാധിക്കുമായിരുന്നു. സീജുകളുടെ നിർമ്മാണങ്ങളിൽ അപാരമായ വൈദ്ഗ്ധ്യം പുലർത്തിയ ശാസ്ത്രജ്ഞനായിരുന്നു അൽബത്താനി എന്ന അപരനാമത്തിൽ അറിയപ്പെട്ട മുഹമ്മദ് ഇബ്‍നു ജാബിർ അൽ ഹർറാനി (ഹി. 317). ഗ്രീക്കുകാർക്കിടയിൽ ടോളമിക്കുള്ള സ്ഥാനമാണ് അറബികൾക്കിടയിൽ അൽബത്താനിക്ക് ഉണ്ടായിരുന്നതെന്ന് ഗുസ്താവ് ലേ ബോൻ നിരീക്ഷിക്കുന്നുണ്ട്. 

ബത്താനിയുടെ പ്രശസ്തമായ സീജ് ആയ ‘സീജു – സാബിഅ്’ ടോളമിയുടെ മജെസ്റ്റ് പോലെ, ആ കാലഘട്ടത്തിലെ ഗോളശാസ്ത്ര വിവരങ്ങൾ എല്ലാം ലഭ്യമായ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ബത്താനിയുടെ ‘സീജു – സാബിഅ്’ ൻ്റെ പ്രത്യേകത കാരണമായി ഫ്രഞ്ച് ആസ്ട്രോണമർ ജോസഫ് ലാലെൻ്റ് (ക്രി.1807) ബത്താനിയെ ലോകത്തിലെ 20 ഗോളശാസ്ത്രജ്ഞരിൽ ഒരാളായി എണ്ണിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ലാറ്റിൻ ഭാഷയിലേക്ക് സമ്പൂർണ്ണമായി പരിഭാഷ ചെയ്യപ്പെട്ട ഏക അറബി ഗോളശാസ്ത്ര കൃതിയാണ് ‘സീജു – സാബിഅ്’ എന്ന് ഫ്രഞ്ച് ഗവേഷകൻ മർലോൺ പറയുന്നു

നക്ഷത്ര രാശി (Zodiac) യുടെ ചെരിവിന്റെ അളവ്, വിഷുവ (Equinox) ത്തിന്റെ മൂല്യം എന്നിവ കൃത്യപ്പെടുത്തിയ അൽബത്താനി ഈ വിഷയങ്ങളിൽ ടോളമിക്കും മുൻകഴിഞ്ഞുപോയ അറബി ഗോളശാസ്ത്രജ്ഞർക്കും വന്ന പിശകുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തതായി മാർലോൺ പറയുന്നു. ടോളമി അടക്കമുള്ള മുൻകാല പ്രതിഭകളെ തെളിവുകളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ തിരുത്തുന്നതിൽ അൽബത്താനി യാതൊരു മടിയും കാണിച്ചില്ല. അതുവരെ കഴിഞ്ഞുപോയ ഗോളശാസ്ത്ര ഗ്രന്ഥങ്ങളുടെ വിശദീകരണമായും കൃത്യപ്പെടുത്തലുമായാണ് ബത്താനി തൻറെ സീജ് – സ്വാനിഇനെ അവതരിപ്പിക്കുന്നത്. അതിൻറെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ” മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങളെ വിശദീകരിക്കുകയാണ് ഇതിൽ ഞാൻ ചെയ്തിരിക്കുന്നത്. ഈ വിജ്ഞാനവുമായി ബന്ധപ്പെട്ട അടിസ്ഥാനങ്ങളും വിശദാംശങ്ങളിലെ ഒറ്റപ്പെട്ട നിരീക്ഷണങ്ങളും വ്യക്തമാക്കലാണ് എൻറെ ഉദ്ദേശം. നക്ഷത്ര ഗോളങ്ങളുടെ ചലനം, സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ തുടങ്ങി ആവശ്യമായതെല്ലാം എൻറെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശരിപ്പെടുത്തുകയാണ് ഇതിലൂടെ ”. 

സൂര്യന്റെയും ചന്ദ്രന്റെയും വീക്ഷണ കോണി (Point of view) ലെ വ്യത്യാസം കണ്ടെത്തുന്നതോടെയാണ് ഭാഗിക സൂര്യഗ്രഹണം സാധ്യമാണെന്ന് ചരിത്രത്തിൽ ആദ്യമായി ബത്താനി സിദ്ധാന്തിച്ചത്. കാരണം, ചന്ദ്രൻറെ കാഴ്ചാവൃത്തം സൂര്യൻ്റേതിനേക്കാൾ അല്പം ചെറുതായിരിക്കും. അതിനാൽ ചന്ദ്രൻ സൂര്യനു നേരെ വരുമെങ്കിലും പൂർണമായും സൂര്യനെ മറക്കുന്നില്ല. ഇത്തരം മികച്ച നിരീക്ഷണങ്ങൾ അദ്ദേഹത്തെ ഏറ്റവുമധികം ആശ്രയിക്കപ്പെടുന്ന ശാസ്ത്രജ്ഞനാക്കി മാറ്റിയതായും വളരെ അടുത്ത കാലം വരെ യൂറോപ്യൻ സർവ്വകലാശാലകളിൽ പഠിപ്പിക്കപ്പെടുന്ന കൃതിയായി അദ്ദേഹത്തിൻ്റെ കൃതി മാറിയെന്നും മാർലോൺ നിരീക്ഷിക്കുന്നു. 

ആദ്യകാല ബൂയിഡ് ഭരണകർത്താക്ക (Buyid Dynasty) ന്മാരുടെ കീഴിൽ ബാഗ്ദാദിൽ ഉണ്ടായിരുന്ന അബുൽ വഫാ അൽ ബൂസ്ജാനി (ഹി388/ക്രി. 998) എന്ന ഗോള ശാസ്ത്രജ്ഞനെ ഗുസ്താവ് ലേ ബോൻ പരിചയപ്പെടുത്തുന്നു. നിരീക്ഷണാവശ്യങ്ങൾക്കുള്ള യന്ത്രോപകരണങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധനായ ബുസ്ജാനി ചന്ദ്രൻറെ മൂന്നാംഘട്ടത്തിലുള്ള വ്യത്യാസം കണ്ടെത്തി. അതിനുള്ള ക്രെഡിറ്റ് ബുസ്താനിക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞു കൊണ്ട് ലേ ബോൻ എഴുതുന്നു: ”600 വർഷങ്ങൾക്ക് ശേഷം വന്ന ഡച്ച് ഗോളശാസ്ത്രജ്ഞൻ ബ്രാഹെയിലേക്ക് ചേർത്താണ് ഈ കണ്ടെത്തൽ പറയാറുള്ളതെങ്കിലും അബുൽ വഫായുടെ പ്രസ്തുത നിരീക്ഷണം ഏറെ മഹത്തരം തന്നെ. കാരണം പത്താം നൂറ്റാണ്ടിൽ ബാഗ്ദാദിലെ ഗോളശാസ്ത്ര ചിന്തയുടെ വളർച്ച അന്ന് – പരിമിതമായ സാങ്കേതിക വളർച്ചയുടെ പശ്ചാത്തലത്തിൽ – എത്താൻ പറ്റുന്നതിന്റെ പരമാവധി ആയിരുന്നുവെന്ന് ഫ്രഞ്ച് ഓറിയന്റലിസ്റ്റായ ലൂയിസ് സേഡിയോ (1875) സൂചിപ്പിക്കുന്നു.

ഗോളശാസ്ത്ര രംഗത്തെ ഗ്രീക്ക് അടക്കമുള്ള മറ്റു പാരമ്പര്യങ്ങളെപ്പോലെ സൈദ്ധാന്തിക രചനകളിൽ ഒതുങ്ങുന്ന പ്രവർത്തനമണ്ഡലമായിരുന്നില്ല മുസ്ലിങ്ങൾ കാഴ്ചവച്ചത്. ശാസ്ത്ര നിരീക്ഷണങ്ങൾക്കായി ഉപകരണങ്ങളും യന്ത്രങ്ങളും നിർമ്മിച്ച്, വ്യക്തമായ പ്രായോഗിക- പരീക്ഷണ മാതൃക കൂടി അവർ വികസിപ്പിച്ചു. 1200 വർഷങ്ങൾക്കു മുമ്പ് ഹി. 214 ൽ ധ്രുവരേഖ (Meridies) യുടെ അളവ് (ഡിഗ്രി) കണക്കാക്കാനുള്ള നൂതനമായ രീതി ശാസ്ത്രത്തിലൂടെ ബുസ്ജാനി കണ്ടെത്തിയത് സമകാലിക കണക്കുകളോട് ചേർന്നു നിൽക്കുന്നതാണ്. അതേ വർഷമാണ് ബാഗ്ദാദിലെ ഷമ്മാസിയയിൽ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ഖലീഫ മഅ്മൂൻ നിർദ്ദേശിക്കുന്നത്. 

ഹിജ്റ 217 (ക്രി. 832) ൽ ഡമസ്കസിലെ ഖാസിയൂൻ മലയിൽ മറ്റൊരു വാനനിരീക്ഷണ കേന്ദ്രവും ഖലീഫ നിർമിച്ചു. ജൂതനായിരുന്ന – പിന്നീട് ഖലീഫ മഅ്മൂൻ വഴി ഇസ്ലാം സ്വീകരിച്ച – സനദ് ഇബ്‍നു അലി എന്ന ഗോളശാസ്ത്ര പണ്ഡിതനെയായിരുന്നു അവിടെ ചുമതലയ്ക്കായി ഖലീഫ ഏൽപ്പിച്ചത്. നക്ഷത്ര രാശി പഠനങ്ങളിലും ആസ്ട്രോലാബ് ഉപയോഗിക്കുന്നതിനും ഏറെ കഴിവു പുലർത്തിയിരുന്നയാളാണ് സനദ് എന്ന് അബൂബക്കർ അൽ ഖിഫ്ത്വി പറയുന്നു. നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ഗവേഷണങ്ങൾക്കായി ഖലീഫ മഅ്മൂൻ നിയോഗിച്ച അന്നത്തെ മൂന്ന് മുസ്ലിം ശാസ്ത്രജ്ഞരെ കൂടി അൽ ഖിഫ്ത്വി പരാമർശിക്കുന്നുണ്ട്. ഖാലിദ് അൽ മർവറുദി (ഹി. 214), യഹ്‍യ അബൂ മൻസൂർ (ഹി. 230), ഇബ്നു സഈദ് അൽ ജൗഹരി (ഹി. 246) എന്നിവരാണവർ.

ഇബ്‍നു യൂനുസ് സദഫി എന്ന ഈജിപ്ഷ്യൻ ഗോളശാസ്ത്രജ്ഞൻ്റെ ‘അസ്സീജുൽ കബീറുൽഹാകിമി’ എന്ന കൃതിയിൽ ഭൂമിയുടെ വ്യാസമളക്കാനുള്ള കർത്തവ്യം ഖലീഫ മഅ്മൂൻ ശാസ്ത്രജ്ഞന്മാരോട് നിർദ്ദേശിച്ചതായി കാണാം. അങ്ങനെ വാസിത്, തിദ്മൂർ പട്ടണങ്ങൾക്കിടയിലെ ഒരു സ്ഥലത്ത് ഒരു വിഭാഗവും, പേര് സൂചിപ്പിക്കാത്ത മറ്റൊരിടത്ത് മറുവിഭാഗവും അളവെടുത്തു. ഒന്നാമത്തെ വിഭാഗത്തിന് കിട്ടിയ അളവനുസരിച്ച് ഒരു ഡിഗ്രി എന്നാൽ 57 അറേബ്യൻ നാഴിക എന്നായിരുന്നെങ്കിൽ രണ്ടാമത്തെ വിഭാഗത്തിന് കിട്ടിയതാകട്ടെ ഒരു ഡിഗ്രി എന്നാൽ 56 നാഴിക എന്ന കണക്കും (ഒരു അറേബ്യൻ മൈൽ എന്നാൽ 1973.2 മീറ്ററാണ്). നെല്ലിനോ എഴുതുന്നു: “ഇന്നത്തെ മാനദണ്ഡപ്രകാരം ഖലീഫ മഅ്മൂന്റെ കാലത്ത് ശാസ്ത്രജഞർ അളന്നു തിട്ടപ്പെടുത്തിയത് ഏതാണ്ട് 41248 കി.മീ. ആണ്. ഭൂമധ്യരേഖയിലുള്ള ഇന്നത്തെ അളവായ 40,075 കി. മീ എന്ന കണക്കിനോട് ഏറെ അടുത്തുനിൽക്കുന്നു ഇത്”.

അദ്ദേഹം തുടരുന്നു: ”ഇറാക്കിലെ വാസിത്ത് പട്ടണത്തിൽ നിന്നും സിറിയയിലെ തദ്മൂർ പട്ടണത്തിലേക്ക് ഏതാണ്ട് ആയിരം കിലോമീറ്റർ ദൂരമാണുള്ളത്. നിരവധി സർവേയർമാരുടെയും ഗോളശാസ്ത്രജ്ഞരുടെയും സാന്നിധ്യത്തിൽ, ദീർഘനാളത്തെ കഠിനമായ ശ്രമങ്ങൾക്കൊടുവിൽ പൂർത്തീകരിച്ച ഒരു ചരിത്രപരമായ വൈജ്ഞാനിക നേട്ടമായി ഇതിനെ കണക്കാക്കാവുന്നതാണ്.” ശാസ്ത്രജ്ഞന്മാരുടെ കർശനമായ ശാസ്ത്രത്തെക്കുറിച്ച് വിൽ ഡ്യൂറൻ്റ് എഴുതുന്നു: ”ശാസ്ത്രീയ പരീക്ഷണങ്ങളും നിരന്തരമായ പരിശോധനയും ഇല്ലാതെ അവർ ഒന്നും തന്നെ സ്വീകരിക്കുമായിരുന്നില്ല. യഥാർത്ഥ ഗോളശാസ്ത്ര തത്വങ്ങളിലൂന്നി മാത്രം അവർ തങ്ങളുടെ ഗവേഷണങ്ങളെ മുന്നോട്ടുകൊണ്ടുപോയി. അക്കൂട്ടത്തിൽ ഫർഗാനി എഴുതിയ ഗ്രന്ഥമാകട്ടെ യൂറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലും നീണ്ട ഏഴ് നൂറ്റാണ്ടുകാലം ഈ രംഗത്തെ മുഖ്യ അവലംബവുമായി മാറി”.

വളർച്ചയുടെ ഫാത്തിമീ കാലഘട്ടം

ഫാത്തിമീ കാലഘട്ടത്തിൽ ഈജിപ്തിൽ ഏറ്റവും പ്രധാനപ്പെട്ട ഗോളശാസ്ത്ര പഠനങ്ങൾ നടന്നത് ഇബ്‍നു യൂനുസ് അസ്സദഫി (ഹി. 399 /ക്രി. 1010) യുടെ കാർമികത്വത്തിലായിരുന്നു. ഇമാം ദഹബി തൻ്റെ ‘താരീഖുൽ ഇസ്ലാ’മിൽ പറയുന്നതുപ്രകാരം പ്രവാചക ഹദീസുകളുടെ നിവേദക പരമ്പരയിൽ പെട്ടയാളായിരുന്നു ഇബ്‍നു യൂനുസ്. പിന്നീട്, ഗോളശാസ്ത്ര മേഖലക്കായി ജീവിതം ഉഴിഞ്ഞുവെച്ച് അതിൽ പ്രാവീണ്യം തെളിയിച്ചു. ആ പ്രതിഭയെ കണ്ടറിഞ്ഞതിനാൽ ഫാത്വിമി ഖലീഫ അസീസ് ബില്ലാഹി ഹിജ്റ വർഷം 380 ൽ കിഴക്കൻ ഈജിപ്തിലെ മുഖത്വം മലയിൽ ഒരു വാനനിരീക്ഷണാലയം അദ്ദേഹത്തിനായി നിർമ്മിച്ചു നൽകി. 17 വർഷത്തെ വാനനിരീക്ഷണ ഗവേഷണങ്ങൾക്കു ശേഷം ഇബ്‍നു യൂനുസ് പൂർത്തീകരിച്ച ഗോളശാസ്ത്ര കൃതിയാണ് ‘അസ്സിയാജുൽ ഹാക്കിമിയ്യ’. ചരിത്രകാരനായ ഇബ്‍നു ഖല്ലിഖാൻ (ഹി. 681/ക്രി. 1282) പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ”നാലു വാല്യങ്ങളുള്ള വലിയ ഗ്രന്ഥമാണത്. ഖലീഫയുടെ നിർദ്ദേശപ്രകാരം രചന നിർവഹിച്ച, അതിനേക്കാൾ വലിയ ഒരു ഗ്രന്ഥവും ഗോളശാസ്ത്രരംഗത്ത് ഞാൻ കണ്ടിട്ടില്ല”. അതേസമയം 80 അധ്യായങ്ങളുള്ള ആ ബൃഹത്കൃതി പൂർണരൂപത്തിൽ ഇന്ന് ലഭ്യമല്ലെന്ന് മാർലോൺ തന്റെ പഠനത്തിൽ എഴുതുന്നു. സ്പെയിൻ, മൊറോക്കോ, അനാതോലിയ (വിശാല തുർക്കി), ഡമസ്കസ്, പേർഷ്യ ഇറാഖ് എന്നിവിടങ്ങളിൽ മുമ്പ് എഴുതപ്പെട്ട സീജുകളെ സമഗ്രമായി പഠിച്ച ശേഷമാണ് തന്റെ ഗ്രന്ഥം യൂനുസ് എഴുതുന്നത്. 

ഗോളശാസ്ത്ര മേഖലയ്ക്ക് ഫാത്തിമീ ഭരണകൂടം കലവറയില്ലാത്ത പിന്തുണയാണ് നൽകിയത്. മാസാരംഭം (വിശിഷ്യാ റമദാനും പെരുന്നാളുകളും) നിശ്ചയിക്കുന്നതിന് പ്രസ്തുത ഗോളശാസ്ത്ര നിരീക്ഷണങ്ങളെ ഫാത്തിമീ ഭരണകൂടം നിർണയിച്ചതായി ഖലീഫ ഹാക്കിം ബി അംരില്ലാഹിയെ കുറിച്ച ഒരു പഠനത്തിൽ ഫ്രഞ്ച് ഓറിയന്റലിസ്റ്റായ മാരിയസ് കനാർഡ് (1982) പറയുന്നുണ്ട്. 

ക്രി. 977- 978 (ഹി – 366- 367) വർഷങ്ങളിൽ നടന്ന സൂര്യഗ്രഹണങ്ങളെ ഇബ‍്‍‍നു യൂനുസ് നിരീക്ഷണത്തിന് വിധേയമാക്കി. അങ്ങേയറ്റം കൃത്യതയോടെയും ശാസ്ത്രീയമായ രീതിയിലും ചരിത്രത്തിൽ രേഖപ്പെടുത്തിയ രണ്ട് ഗ്രഹണങ്ങൾ ആയിരുന്നു അവ. അറബികൾക്കിടയിൽ രണ്ടാം ടോളമി എന്ന ഖ്യാതിയിൽ അറിയപ്പെട്ട ഇബ്‍നു യൂനുസിൻ്റെ ഗ്രന്ഥങ്ങളെ ഗലീലിയോ ഗലീലി (1642) റോജർ ബേകൻ (1292) തുടങ്ങിയവർ ആശ്രയിച്ചിരുന്നതായി അലക്സാണ്ട്രിയ ലൈബ്രറി പുറത്തിറക്കിയ ‘അറബ് -ഇസ്ലാമിക നാഗരികതയുടെ സംഭാവന’ എന്ന പുസ്തകം സൂചിപ്പിക്കുന്നു. ഇസ്ലാമിക ഗോളശാസ്ത്ര രംഗത്തെ വിജ്ഞാനകോശമായ ഇബ്‍നു യൂനുസ്, സൂര്യൻറെ പതിനായിരത്തോളം സൂക്ഷ്മമായ ഉദയസ്ഥാനങ്ങളെ നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്ന് മൻസൂർ ജർദാഖ് പറയുന്നു.

ഇബ്‍നു യൂനുസ് നിർവഹിച്ച അതുല്യമായ വൈജ്ഞാനിക സംഭാവനയോടൊപ്പം പരാമർശിക്കേണ്ട മറ്റൊരു പ്രമുഖ മുസ്‍ലിം ഗോളശാസ്ത്രജ്ഞനാണ് (അദ്ദേഹത്തിൻറെ സമകാലികൻ കൂടിയായ) അബ്ദുറഹ്മാൻ അസ്സൂഫി അർറാസി (ക്രി. 986/ഹി.376). അദ്ദേഹത്തിൻറെ പ്രൗഢമായ ഗ്രന്ഥം ‘അൽ കവാകിബു സ്സാബിത:’ അക്കാലത്തെ അമൂല്യ രചനയായി പരിഗണിക്കപ്പെട്ടിരുന്നു. പ്രസ്തുത ഗ്രന്ഥത്തിൽ ആകാശത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ വരച്ച് അവയുടെ രൂപങ്ങളും പ്രത്യേകതകളും അതിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ഇസ്ലാമിനു മുമ്പേ (ജാഹിലിയ) അറബി ബദവികൾക്ക് അറിയാമായിരുന്ന മുഴുവൻ നക്ഷത്ര ഗോളങ്ങളെയും – അവയുടെ അറബി പേരുകളിൽ തന്നെ – അതിൽ അദ്ദേഹം ക്രോഡീകരിച്ചു എന്ന് ഡോക്ടർ ഉമർ ഫർറൂഖ് തന്റെ ‘ഉലൂം ഇന്ദൽ അറബ്’ എന്ന കൃതിയിൽ എഴുതുന്നു. 

ഇസ്‍ലാമിക നാഗരികതയിൽ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു ഗോളശാസ്ത്രജ്ഞനാണ് ഹസൻ ഇബ്‍നുൽ ഹൈഥം (ക്രി. 1040 /ഹി. 430). ഗ്രീക്ക് ഗോളശാസ്ത്ര ചിന്തയുടെ അബദ്ധങ്ങളെ തുറന്നുകാട്ടുന്ന പ്രവണതയ്ക്ക് കുറിച്ചവരിൽ പ്രസിദ്ധനായ ഇബ്നുൽ ഹൈഥം ടോളമിയുടെ വിഖ്യാതമായ അൽ മജസ്റ്റിലെ വിശകലനപരമായ പാളിച്ചകളെ ശക്തമായി തുറന്നുകാട്ടി. തദ്വിഷയകമായി അദ്ദേഹം എഴുതിയ ഗ്രന്ഥത്തിന്റെ പേര് തന്നെ ‘ടോളമിക്കെതിരെയുള്ള സംശയമുനകൾ’ എന്നതായിരുന്നു. ഫ്രഞ്ച് തത്വചിന്തകനായ റെനെ ദെക്കാർതി (ക്രി. 1650) ൻ്റെ ‘സംശയത്തിന്റെ രീതിശാസ്ത്രം’ (Cartesian doubt) എന്ന സിദ്ധാന്തത്തോട് സാദൃശ്യം പുലർത്തുന്നതായിരുന്നു വർഷങ്ങൾക്കു മുമ്പേയുള്ള ഹൈഥമിൻ്റെ ശൈലി. നിലവിൽ ഇബ്നുൽ ഹൈഥമിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി ‘അൽ മനാള്വിർ’ ആണ്. അത് മധ്യകാല നൂറ്റാണ്ടുകളിൽ ചിന്തയിലും രീതിശാസ്ത്രത്തിലും ഏറ്റവുമധികം പ്രചാരം സിദ്ധിച്ച ഗ്രന്ഥമാണെന്ന് വിൽ ഡ്യുറൻ്റ് പറയുന്നു. ബേക്കൺ അടക്കമുള്ള നിരവധി യൂറോപ്യൻ ശാസ്ത്രജ്ഞന്മാരെ വലിയ അളവിൽ സ്വാധീനിക്കാൻ ഇബ്നു ഹൈഥമിന്റെ ചിന്തകൾക്ക് സാധിച്ചിട്ടുണ്ട്. ഹൈഥമിൻ്റെ സ്വാധീനശക്തി പറഞ്ഞറിയിക്കാനാവില്ലെന്ന് പറയുന്ന ഡ്യൂറൻറ്, അദ്ദേഹം ഇല്ലായിരുന്നെങ്കിൽ റോജർ ബേക്കൻ എന്ന പേര് ആളുകൾ കേൾക്കുക പോലുമില്ലായിരുന്നു എന്നും കൂട്ടിച്ചേർക്കുന്നു. അത്രയധികം ഹൈഥമിനാൽ സ്വാധീനിക്കപ്പെ ബേക്കൺ, കാഴ്ചയെ കുറിച്ചുള്ള തൻ്റെ കൃതിയുടെ ആറാം ഭാഗത്തിൽ സമ്പൂർണ്ണമായി ഹൈഥം എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തങ്ങളെ ആശ്രയിച്ചതായി കാണാം. 

ഈ മേഖലയിൽ ചേർത്തു വെക്കപ്പെടേണ്ട മറ്റൊരു നാമമാണ് അലാഉദ്ദീൻ അലിയ്യിബിനു ഇബ്രാഹിം എന്ന ഇബ്‍നു ശാത്വിർ ക്രി.1375/ഹി. 777). ചെറുപ്പം മുതലേ ഗോളശാസ്ത്രം പ്രത്യേക താൽപര്യത്തോടെ പഠിച്ച ഇബ്‍നു ശാത്വിർ പൗരാണിക സീജുകളിൽ അവഗാഹം നേടിയെടുത്ത് തന്റേതായ പുതിയ സീജ് (ഗോളശാസ്ത്ര രചന) രചിച്ചു. അദ്ദേഹത്തിൻറെ പല നിരീക്ഷണങ്ങളും കോപ്പർനിക്കസ് പിൽക്കാലത്ത് തന്റേതായി വാദിച്ചു. കോപ്പർ നിക്കസിന്റെ അവകാശവാദം പിൽക്കാല യൂറോപ്യൻ ഗോളശാസ്ത്രജ്ഞർ അതേപടി സ്വീകരിച്ചുവെന്നും ഗോളശാസ്ത്ര ചരിത്രകാരൻ ഡോക്ടർ അബ്ദുല്ല ദഫാഅ’ തൻ്റെ ‘റുവ്വാദു ഇൽമിൽ ഫലക്’ എന്ന ഗ്രന്ഥത്തിൽ എഴുതുന്നുണ്ട്. പിൽക്കാല ചരിത്രകാരന്മാരിൽ ഇംഗ്ലീഷ് ഓറിയന്റലിസ്റ്റ് ആയ ഡേവിഡ് കിംഗ് മാത്രമാണ് ഈ യാഥാർത്ഥ്യം അംഗീകരിച്ചതൊന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വൈജ്ഞാനിക വ്യക്തിത്വങ്ങളെ കുറിച്ചുള്ള തൻറെ കൃതിയിൽ കോപ്പർനിക്കസിന്റെ അധിക നിരീക്ഷണങ്ങളും മുസ്ലിം ഗോളശാസ്ത്രജ്ഞനായ ഇബ്നു ശാത്വിറിൽ നിന്നും കടമെടുത്തതാണെന്ന് ഡേവിഡ് കിംങ് വ്യക്തമാക്കുന്നുണ്ട്. 

നമസ്കാര സമയങ്ങൾ കണക്കാക്കാൻ ഇബ്നു ശാതിർ ഒരു ഘടികാരം (sundial) നിർമ്മിച്ചു. ‘അൽ ബസീത്’ എന്ന് അദ്ദേഹം പേരിട്ട ആ ഘടികാരം ഡമസ്കസിലെ ഉമവി മസ്ജിദിൽ ഉപയോഗിക്കപ്പെട്ടിരുന്നു. രാശിചക്രത്തിന്റെ ചായ്‌വ് അളക്കുന്നതിൽ ഇബ്‍മു ശാത്വിർ വലിയ ശ്രദ്ധ നൽകി. അങ്ങനെ, 23 ഡിഗ്രി 31 സെക്കൻഡ് എന്ന കണക്കായിരുന്നു ഇബ്‍നു ശാതിറിന് ലഭിച്ചത്. നിർമിത ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ആധുനികശാസ്ത്രം കണ്ടെത്തിയ കണക്കാകട്ടെ 23 ഡിഗ്രി 31 മിനിറ്റും 19.8 സെക്കൻഡും ആണ്. അഥവാ ശാതിറിൻ്റെ കണക്കിൽ പിഴച്ചത് 19.8 മാത്രം.

ഹിജ്റ വർഷം 743 ൽ ഇബ്‍നു ശാതിറിൻ്റെ ഡമസ്കസിലുള്ള ആസ്ട്രോലാബ് കാണാൻ പോയ സംഭവം ചരിത്രകാരനായ സലാഹുദ്ദീൻ സഫദി തന്റെ ‘അൽവാഫി’ യിൽ പറയുന്നുണ്ട്. പുതിയ കാലത്തെ റോബോട്ടിൻ്റെ മാതൃകയിലുള്ള അവിടുത്തെ കാഴ്ച അദ്ദേഹം വിവരിക്കുന്നു: ”ഞാൻ അദ്ദേഹത്തിൻറെ വീട്ടിലേക്ക് കയറിച്ചെന്നു. ആകർഷണീയമായ രൂപത്തിൽ നിർമ്മിച്ച ആസ്ട്രോലാബ് കാണാനാണ് ഞാൻ പോയത്. അവിടെ തന്റെ വീടിൻറെ ഭിത്തിയിൽ അത് സ്ഥാപിച്ചിരിക്കുകയാണ്. രാപ്പകൽ മുഴുവൻ അത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ആസ്ട്രോലാബിനെ കുറിച്ച് അദ്ധേഹം തൻ്റെ കൃതിയിലെഴുതിയ മുഴുവൻ കാര്യങ്ങളും ഞാൻ അവിടെ കണ്ടു. മാത്രമല്ല മറ്റൊരാളുടെയും സഹായമില്ലാതെ അവിടുത്തെ ഉപകരണങ്ങൾ പ്രവർത്തിക്കുന്ന അത്ഭുതകരമായ കാഴ്ചയായിരുന്നു അത്”.

(തുടരും)

വിവ: ബിലാൽ നജീബ്

ഭാഗം ഒന്ന്: https://islamonlive.in/culture/civilization/astronomy-muslim-scholars-precede/

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles