Current Date

Search
Close this search box.
Search
Close this search box.

ഗോളശാസ്ത്രം; പടിഞ്ഞാറിന് വഴികാണിച്ച മുസ്‍ലിം പണ്ഡിതന്മാർ

പ്രപഞ്ചത്തിന്റെ ദൈർഘ്യമളക്കാനുള്ള സാഹസികമായ ശ്രമം ചരിത്രത്തിൽ ആദ്യമായി നടത്തിയ മുസ്ലിം ഗോളശാസ്ത്ര പണ്ഡിതനാണ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ ഫസാരി (ക്രി. 815/ഹി.189). മുഴുവൻ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉത്ഭവം ആകാശത്തിലെ മേടം രാശി (Aries) യിൽ നിന്നാണെന്ന് കണ്ടെത്തിയ ഫസാരി അവ ഓരോന്നിന്റെയും സഞ്ചാരത്തെ കണക്കുകൂട്ടി. സഞ്ചാരം തുടങ്ങിയ സ്ഥലത്ത് എത്തിച്ചേരാൻ നക്ഷത്രങ്ങൾ എടുത്ത സമയം 400 കോടി 300 ദശലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾ ആണെന്ന് അദ്ദേഹം കണ്ടെത്തി. തുടർന്ന് അവിടം മുതൽ പ്രവാചകൻ്റെ ഹിജ്റ വരെയുള്ള കാലഗണന അദ്ദേഹം നടത്തി. അത് 1,972,947,723 വർഷങ്ങളായിരുന്നു. അഥവാ നക്ഷത്രഗോളങ്ങൾ സഞ്ചരിക്കാൻ തുടങ്ങിയതായി അനുമാനിക്കപ്പെടുന്ന സമയം മുതൽ ഹിജ്റ വരെയുള്ള സമയമായി ഒരു ബില്യൺ 972 ദശലക്ഷം 94,723 വർഷം എന്ന കണക്കായിരുന്നു ഇബ്രാഹിം ഫസാരി രേഖപ്പെടുത്തിയതെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ഈജിപ്തിൽ ചരിത്രകാരനായ ഇബ്നു ഐബക് അദ്ദവാദാരി (മ: ഹി. 736 ക്രി.1335) തൻറെ ‘കൻസുദ്ദുറർ’ എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

പ്രപഞ്ചത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട ഫസാരിയുടെ അനുമാനങ്ങളിൽ നിന്നും ആധുനിക ഗോളശാസ്ത്ര പഠനം ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ടെന്ന് ശരിയാണ്. എന്നാൽ അക്കാലത്തെ പരിമിതമായ സാധ്യതകളിൽ നിന്ന് ധീരമായ നിഗമനം നടത്തിയ ഗോളശാസ്ത്രത്തിലെ അതുല്യമായ ഇസ്ലാമിക വൈജ്ഞാനിക പ്രതിഭയാണ് അദ്ദേഹം. പ്രപഞ്ചത്തിൽ ഏതാണ്ട് 200 ബില്യൺ ട്രില്യൻ നക്ഷത്രങ്ങൾ ഉണ്ടെന്നാണ് ആധുനിക ഗോളശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രായം 13.8 ബില്യൺ വർഷമാണെന്നും അവർ പറയുന്നു. ഇത് ഫസാരിയുടെ കണക്കുമായി 3 ഇരട്ടി വ്യത്യാസം മാത്രമാണുള്ളത്.

നക്ഷത്രങ്ങളും ഗോളങ്ങളുമടങ്ങുന്ന ആകാശ പ്രതിഭാസങ്ങളും അവയുടെ ഗതിവിഗതികളും എല്ലാകാലത്തും മനുഷ്യമനസ്സിനെ മഥിച്ചു കൊണ്ടിരുന്ന വിഷയങ്ങളായിരുന്നു. ആകാശ പര്യവേഷണങ്ങളെക്കുറിച്ച മനുഷ്യന്റെ നിരന്തരമായ യജ്ഞങ്ങളും അന്വേഷണങ്ങളും ആദ്യകാല ചരിത്രങ്ങളിൽ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രപഞ്ചത്തെ കുറിച്ചുള്ള പഠനങ്ങളിൽ മുസ്‌ലിംകൾ പിൽക്കാലത്ത് നടത്തിയിട്ടുള്ള വമ്പിച്ച മുന്നേറ്റവും അതിൻ്റെ തന്നെ ചരിത്രപരമായ തുടർച്ചയായി മനസ്സിലാക്കാവുന്നതാണ്.

എന്താണ് ആകാശം, എന്തൊക്കെയാണ് അതിനുള്ളിലെ രഹസ്യങ്ങൾ, പകലിരവുകൾ പിറക്കുന്നതും അസ്തമിക്കുന്നതും എങ്ങനെ, എന്താണ് ചന്ദ്രൻ, അതിൻ്റെ വൈവിധ്യമാർന്ന സഞ്ചാര ഭേദങ്ങൾ ഇങ്ങനെ തുടങ്ങി നിലക്കാത്ത അന്വേഷണങ്ങളുടെ കൂടാരമായി മനുഷ്യബുദ്ധി വികസിച്ചു. അതുകൊണ്ടുതന്നെ സമയത്തെക്കുറിച്ചും അത് അളക്കാനുള്ള വഴികളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ അറിയപ്പെട്ട നാഗരികതകൾ രൂപപ്പെടുന്നതിന് മുമ്പേതന്നെ മനുഷ്യൻറെ മുഖ്യ അന്വേഷണ വിഷയങ്ങളിലൊന്നായിരുന്നു. സമയനിർണയത്തിനായി മനുഷ്യൻ ആശ്രയിച്ചത് സൂര്യ ചന്ദ്രാദികളെയായിരുന്നുവെന്ന് പ്രസിദ്ധ അമേരിക്കൻ ചരിത്രകാരൻ വിൽ ഡ്യൂറൻ്റ് (മരണം: ക്രി. 1981) തൻറെ ‘നാഗരികതയുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. 

മനുഷ്യ നാഗരികതയെ പോലെ ക്രമപ്രവൃദ്ധമായാണ് ഗോളശാസ്ത്ര വിജ്ഞാനവും വളർന്നത്. അതത് കാലഘട്ടങ്ങളിലെ അറിവുകളും കണ്ടെത്തലുകളും ക്രോഡീകരിക്കപ്പെട്ടത് പിന്നീടുള്ള വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് ആവേഗം പകർന്നു. അങ്ങനെ ജ്യോതിശാസ്ത്ര വിജ്ഞാനീയങ്ങളെ അതിൻറെ ഉറവിടത്തിൽ നിന്നും കണ്ടെത്താൻ മുസ്‍ലിംകൾക്ക് സാധിച്ചു. ഗോളശാസ്ത്ര വിജ്ഞാനത്തിൻറെ പ്രമാണങ്ങളെ അവർ വായിച്ചു മനസ്സിലാക്കി. അവയെ വിമർശനാത്മകമായി സമീപിക്കുകയും സൂക്ഷ്മമായ പരീക്ഷണമുറകളിലൂടെ അതിലെ അബദ്ധങ്ങൾ തിരുത്തുകയും ചെയ്തു. നൂറ്റാണ്ടുകളായി പരന്നു കിടന്ന മനുഷ്യരാശിയുടെ ശാസ്ത്രീയ പൈതൃകത്തെ ജ്വലിപ്പിച്ചു നിർത്തിയ ഒട്ടനേകം നേട്ടങ്ങളാണ് ഇതിലൂടെ മുസ്‍ലിംകൾ സംഭാവന ചെയ്തത്.

ശ്രദ്ധേയമായ കാര്യം, ഗോളശാസ്ത്ര വിജ്ഞാനീയങ്ങളിൽ നിറഞ്ഞുനിന്നത് അതിൽ പാടവമുള്ള മുസ്‍ലിം ശാസ്ത്രജ്ഞന്മാർ മാത്രമായിരുന്നില്ല എന്നതാണ്. മറിച്ച്, മുഹദ്ദിസുകളും ഫുഖഹാക്കളുമായ ഇസ്‍ലാമിക പണ്ഡിതരും അതിൻറെ ഭാഗമായിരുന്നു. ഭൂമിയുടെ ഗോളാകൃതി സിദ്ധാന്തം സ്ഥാപിച്ചു വാദങ്ങൾ ഉയർത്തിയ ഹമ്പലീ പണ്ഡിതന്മാരെ ചരിത്രത്തിൽ വായിക്കാൻ കഴിയും. ഹമ്പലീ പണ്ഡിതനായിരുന്ന ഇമാം ഇബ്‍നു ഉഖൈൽ (1119/ഹി, 513) ഗോളശാസ്ത്ര ഗ്രന്ഥങ്ങൾ വലിയതോതിൽ വായിക്കുകയും, തൻെറ വാദമുഖങ്ങൾ യുക്തിഭദ്രമായി സ്ഥാപിക്കുന്നതിന് അതിലെ ആശയങ്ങളെ ആശ്രയിക്കുകയും ചെയ്യുമായിരുന്നു. ശൈഖുൽ ഇസ്ലാം ഇബ്‍നു തൈമിയ്യ തൻ്റെ ‘മിൻഹാജുസ്സുന്ന’യിൽ ഇങ്ങനെ രേഖപ്പെടുത്തുന്നത് കാണാം: “ഭൂമിയും മുഴുവൻ ഗോളങ്ങളും ഉരുണ്ടതാണെന്ന വിഷയത്തിൽ സ്വഹാബിമാരുടെ കാലം മുതൽ മുസ്‍ലിംകൾക്കിടയിൽ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ട്”. 

ഇസ്ലാമിക ഗോളശാസ്ത്ര ചരിത്രത്തെ സമഗ്രമായി അന്വേഷിക്കാനുള്ള ശ്രമമാണ് ഈ പഠനം. അതിൻറെ തുടക്കവും വളർച്ചയും നിർണായക വഴിത്തിരിവുകളും പരാമർശിക്കുന്നതോടൊപ്പം സജീവമായ പ്രസ്തുത വൈജ്ഞാനിക മണ്ഡലത്തെ മുന്നോട്ടു നയിച്ച പ്രമുഖ വ്യക്തിത്വങ്ങളെ കുറിച്ചും ഇതിൽ വായിക്കാം. മുസ്‍ലിം സമുദായത്തിന്റെ ചരിത്രത്തെ മനുഷ്യനാഗരികതയിൽ അടയാളപ്പെടുത്തും വിധം മുന്നേറിയ ഈ വിജ്ഞാന ശാഖയിലെ പ്രധാനപ്പെട്ട കൃതികളും അതിൻറെ പ്രായോഗിക നേട്ടങ്ങളും ഇതിൽ ചേർത്തിരിക്കുന്നു. 

ഗോളശാസ്ത്ര മേഖലയിൽ ഇസ്‍ലാമും ഇൻഡോ- പേർഷ്യൻ – ഗ്രീക്ക് സംസ്കാരങ്ങളും തമ്മിലുള്ള നാഗരിക കൈമാറ്റങ്ങളെ കൂടിയാണ് ഈ അന്വേഷണം തെളിയിക്കാൻ ശ്രമിക്കുന്നത്. മഹത്തായ നാഗരികതകളുടെ പ്രസ്തുത കൊടുക്കൽ വാങ്ങലുകൾ പിന്നീട് യൂറോപ്പ് കണ്ടെത്തുകയും അവരിലൂടെ ഇന്ന് ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്ത ചരിത്ര പശ്ചാത്തലത്തിൽ, അറബി (മുസ്‍ലിംകൾ) കളാണ് ലോകത്തിന് ഗോളശാസ്ത്ര വിജ്ഞാനം പകർന്നതെന്ന യാഥാർത്ഥ്യത്തെ കണ്ടെടുക്കാനുള്ള ശ്രമം കൂടിയാണിത്. ഫ്രഞ്ച് ചരിത്രകാരനായ ഗുസ്താവ് ലേ ബോൺ (മരണം. 1930) തൻ്റെ ‘അറബ് നാഗരികത’ എന്ന ഗ്രന്ഥത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്.

ഇസ്‍ലാമിൻറെ വരവോടെ, മുസ്‍ലിംകൾ ഇൻഡോ-പേർഷ്യൻ ഗ്രീക്ക് പാരമ്പര്യങ്ങളിലെ ഗോളശാസ്ത്ര സ്രോതസ്സുകൾ കണ്ടെടുത്തു. അവർ പഠനം നടത്തിയ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സുപ്രസിദ്ധ ഗ്രീക്ക് ഗണിതജ്ഞനും ഭൗമ ശാസ്ത്രജ്ഞനും ആയ ക്ലോഡിയസ് ടോളമി (ക്രി. 170) യുടെ വിഖ്യാതമായ ‘അൽ മജസ്റ്റ്’ ആയിരുന്നു. ഈ ഗ്രന്ഥവും ടോളമിയുടെ മറ്റു പല രചനകളും അബ്ബാസി ഭരണത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ അവർ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. ജ്യാമിതിൽ യൂക്ലിഡ് നു സമാനമായി ഗോളശാസ്ത്രത്തിൽ ടോളമിയും അദ്ദേഹത്തിൻ്റെ അൽ മജസ്റ്റും അന്നേ പരിഗണിക്കപ്പെട്ടതായി ഫ്രഞ്ച് ഗവേഷകനായ റീജിസ് മാർലോൺ (Regis Marlon) തന്റെ ‘ഗോളശാസ്ത്രപഠനത്തിന് ഒരു ആമുഖം’ എന്ന പഠനത്തിൽ പറയുന്നുണ്ട്.

‘സിദ്ധാന്ത’, ആര്യഭരടീയം, സീജ് അൽ അർഖണ്ഡ് പോലുള്ള ഗോളശാസ്ത്രത്തിലെ പൗരാണിക ഇന്ത്യൻ ഗ്രന്ഥങ്ങൾ മുസ്‍ലിംകൾ കണ്ടെടുത്തു. ചരിത്രകാരനായ ജമാലുദ്ദീൻ അൽ ഖിഫ്ത്വി (മരണം. ക്രി:1246) തൻ്റെ ‘ഇഖ്ബാറുൽ ഉലമ’ എന്ന ഗ്രന്ഥത്തിൽ അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ”മൂന്ന് പ്രശസ്തമായ ചിന്താപ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രന്ഥങ്ങളാണ് ജ്യോതിശാസ്ത്രത്തിൽ ഇന്ത്യയിൽ ഉണ്ടായിരുന്നത്. ‘സിദ്ധാന്ത’, ‘ആര്യഭരടീയം’, അൽ അർഖണ്ഡ് അഥവാ അഹർഗണം എന്നിവയാണവ. അതിൽ പിൽക്കാലത്ത് പ്രസിദ്ധി നേടിയ ‘സിദ്ധാന്ത’യാണ് മുസ്‍ലിം ശാസ്ത്രജ്ഞർ ഏറ്റെടുത്ത് വികസിപ്പിച്ചത്”. 

അറബി ഗോളശാസ്ത്ര ചർച്ചകളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു സാങ്കേതിക പദമാണ് ‘സീജ്’. നക്ഷത്രഗോളങ്ങളുടെ ചലനങ്ങൾ രേഖപ്പെടുത്തുന്ന ഗോളശാസ്ത്ര പട്ടികയാണ് സാങ്കേതികമായി ‘സീജ്’. ആകാശ പര്യവേഷണങ്ങൾക്കായി ഇന്നത്തെ ബഹിരാകാശ ഏജൻസികൾ തയ്യാറാക്കുന്ന ഒരു ‘ആകാശ മാപ്പാ’ യി സീജിനെ മനസ്സിലാക്കാവുന്നതാണ്. നക്ഷത്രങ്ങളുടെ ചലനങ്ങൾ മനസ്സിലാക്കാനുപയോഗിക്കുന്ന നിയമസംഹിതകളുടെ പട്ടികയായി സീജിനെ ഇബ്‍നു ഖൽദൂൻ ‘മുഖദ്ദിമ’യിൽ വിശേഷിപ്പിക്കുന്നുണ്ട്. 

ഇസ്‍ലാമിന് മുമ്പുള്ള ഗോളശാസ്ത്ര ഗ്രന്ഥങ്ങളും നിയമങ്ങളും മുസ്‌ലിം ഗോളശാസ്ത്രജ്ഞന്മാർ ഉപയോഗിച്ചിരുന്നു. തങ്ങളുടെ ഗവേഷണ പ്രയത്നങ്ങളുടെ ഫലമായി അതിലെ അബദ്ധങ്ങൾ കണ്ടെത്താനും തിരുത്താനും പുതിയ നിഗമനങ്ങൾ നടത്താനും അവർക്ക് കഴിഞ്ഞു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ അറബിക് സ്റ്റഡീസ് പ്രൊഫസറും ചരിത്രകാരനുമായ ഡോക്ടർ ജോർജ് സലീബ എഴുതുന്നു: ”ക്രി. പതിമൂന്നാം നൂറ്റാണ്ടിനുശേഷം ഇസ്ലാമിക ഗോളശാസ്ത്ര പഠനമേഖല അതിൻറെ പൂർണ്ണതയിൽ എത്തിയപ്പോൾ, ഗ്രീക്ക് ഗോളശാസ്ത്ര നിയമങ്ങളെ പുനർനിർമ്മിക്കുകയോ അതിലെ പ്രശ്നങ്ങളെ പരിഹരിക്കുകയോ ചെയ്യാത്ത ഒരു ഗോളശാസ്ത്ര പണ്ഡിതനും ഇസ്‍ലാമിക ലോകത്തുണ്ടായിരുന്നില്ല”.

ജർമൻ ഓറിയലിസ്റ്റായ സിഗ്ഗ്രഡ് ഹോങ്കെ (Sigrid Honke) ‘പടിഞ്ഞാറുദിച്ച അറബ് സൂര്യൻ’ എന്ന തൻ്റെ കൃതിയിൽ എഴുതുന്നത് ഇങ്ങനെയാണ്: ”ഗ്രീക്കുകാർക്ക് ഇത്തരം പരിവേക്ഷണങ്ങൾക്കു പിന്നിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ പ്രകൃതി പ്രതിഭാസങ്ങളിലും നിലകൊള്ളുന്ന യുക്തിഭദ്രവും വ്യവസ്ഥാപിതവുമായ അതിൻറെ ക്രമം കാണുക എന്നതായിരുന്നു അത്. അതേസമയം അറബികൾ ഏതെങ്കിലും പരിമിതമായ ലക്ഷ്യങ്ങൾക്കായിരുന്നില്ല, മറിച്ച് ഇത്തരം അനേഷണങ്ങൾക്ക് പ്രേരിപ്പിച്ച നൂറുകണക്കിന് ലക്ഷ്യങ്ങൾ അവർക്കുണ്ടായിരുന്നു”. 

അപ്രകാരം, പല കാരണങ്ങളാൽ മുസ്‍ലിംകൾ മുൻകഴിഞ്ഞ നാഗരികതകളിൽ ഗോളശാസ്ത്ര രംഗത്ത് എഴുതപ്പെട്ടതെല്ലാം അറബിവൽക്കരിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തു. പൗരാണിക പേർഷ്യൻ സീജുകളിൽപ്പെട്ട ‘സീജ് -ശാഹ്’ അവർ കണ്ടെത്തുന്നതങ്ങനെയാണ്. അറബി ഭാഷയിൽ ഏറ്റവുമധികം പ്രചാരം നേടിയ പേർഷ്യൻ ഗോളശാസ്ത്ര പട്ടികയാണ് ‘സീജ് ഷാ’യെന്ന് റഷ്യൻ ഓറിയൻ്റലിസ്റ്റായ ക്റാഷ്കോവ്സ്കി (മരണം: 1951) തൻ്റെ ‘അറബി ജോഗ്രഫി സാഹിത്യ ചരിത്രം’ എന്ന ഗ്രന്ഥത്തിൽ വിശേഷിപ്പിക്കുന്നത് കാണാം.

പേർഷ്യൻ-മുസ്‍ലിം ഭൂമിശാസ്ത്രജ്ഞനായ ഇബ്‍നു റുസ്തഹ്, തന്റെ വിഖ്യാതമായ ‘അഅ്ലാഖുന്നഫീസ’ എന്ന ജിയോഗ്രഫി കൃതിയിൽ സീജ് ഷായെക്കുറിച്ച് പരാമർശിക്കുന്നുണ്ട്: ” ജ്യോതിശാസ്ത്രരംഗത്തെ പണ്ഡിതന്മാരെല്ലാം ഖലീഫ മഅമൂൻ്റെ (ക്രി. 833) കാലം വരെയും “സീജ് – ഷാ’ മാനദണ്ഡമാക്കിയാണ് നിഗമനങ്ങളിലെത്തിയിരുന്നത്. മാത്രമല്ല, അവർ പേർഷ്യൻ-സാസാനിയൻ ഭരണാധികാരിയായിരുന്ന യസ്കദിർ മൂന്നാമന് സീജ് ഷാ അടിസ്ഥാനപ്പെടുത്തി കലണ്ടർ തയ്യാറാക്കി നൽകുകയും ചെയ്തു. 

മുസ്‍ലിംകൾ ഇസ്‍ലാമിനു മുമ്പ് രചിക്കപ്പെട്ട ഗ്രീക്ക്-പേർഷ്യൻ ഗോളശാസ്ത്ര ഉറവിടങ്ങളെ കണ്ടെത്തിയത് ശരിയാണ്. പക്ഷേ, ഇസ്‍ലാമിൻ്റെ ആദ്യകാലങ്ങളിൽ ഇറാഖിലും ശാമിലുമൊക്കെ ഗോളശാസ്ത്രവിജ്ഞാനം ഗവേഷണ സ്വഭാവത്തിൽ തന്നെ നിലനിന്നിരുന്നു. സുറിയാനി ക്രൈസ്തവ പുരോഹിതന്മാരായിരുന്ന സവേറസ് സബോക്ത് (ഹി. 47/ക്രി. 667), യഅ്ഖൂബ് റുഹാവി (ക്രി.708/ ഹി. 89) അടക്കമുള്ളവർ ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ തന്നെ ആ മേഖലകളിൽ സംഭാവനകൾ അർപ്പിച്ചവരാണ്. 

ആകാശ പ്രതിഭാസങ്ങളിലുള്ള മുസ്‍ലിംകളുടെ അന്വേഷണ ശ്രമങ്ങൾ ആദ്യകാല ഉമവീ ചരിത്ര സ്രോതസ്സുകളിൽ രേഖപ്പെടുത്തിയതായി കാണാം. അറബികളുടെ ജാഹിലിയ്യ കാലഘട്ടത്തിലേക്കാണ് ചില രേഖകൾ പ്രകാരം ഈ വിജ്ഞാനത്തിന്റെ പഴക്കം നീളുന്നത്. അന്നത്തെ ബദവികളായ അറബികൾക്ക് ചന്ദ്രനു പുറമേ ശുക്രനും (Venus) ബുധനും (Mercury) അടക്കമുള്ള ഗ്രഹങ്ങളെ കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. മാത്രമല്ല, 250 ലധികം നക്ഷത്രങ്ങളെക്കുറിച്ചും -അവയുടെ അറബി പേരുകളിൽ തന്നെ – അവർക്ക് അറിവുണ്ടായിരുന്നു.

ജാഹിലിയ്യ കാലത്തെ അറബികൾക്കറിയാമായിരുന്ന നക്ഷത്രങ്ങളുടെ പേരുവിവരങ്ങൾ, പത്താം നൂറ്റാണ്ടിലെ ഗോളശാസ്ത്രജ്ഞൻ അബ്ദുറഹ്മാൻ അസ്സൂഫി ക്രോഡീകരിച്ചിട്ടുണ്ട്. ബൈസാൻഡിയ, പേർഷ്യ, ഇന്ത്യ അടക്കമുള്ള അയൽനാടുകളിൽ പ്രചരിച്ചിരുന്ന ഗോളശാസ്ത്ര വിജ്ഞാനീയങ്ങളിൽ നിന്നും കാര്യമായ വ്യത്യാസങ്ങളൊന്നും കൂടാതെയാണ് ജാഹിലിയ്യ അറബികളിലും ഈ വിജ്ഞാനം നിലനിന്നതെന്ന് ജോർജ് സലീബാ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘അൻവാഅ്’ (الأنواء ) എന്നു വിളിച്ചിരുന്നു ഒരു വിജ്ഞാനം അന്ന് അവർക്കിടയിൽ ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. ‘അൻവാ’ എന്നാൽ കാലാവസ്ഥ പ്രവചന രീതിയാണെന്ന് ക്റാശ്കോവ്സ്കി വിശദീകരിക്കുന്നുണ്ട്. നിർണിത നക്ഷത്രങ്ങളുടെ സ്ഥാനചലനങ്ങൾ നിരീക്ഷിച്ച് കൃഷിക്കനുയോജ്യമായ സമയങ്ങൾ കണ്ടെത്തുന്ന ഈ രീതി ദീർഘനാളത്തെ അനുഭവ പരിചയത്തിൽ നിന്ന് സിദ്ധമാകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇവ്വിഷയയകമായുള്ള മുസ്‍ലിംകളുടെ രചനകൾ ക്രി. 8,9 നൂറ്റാണ്ടുകളിൽ (ഹിജ്റ 3,4) മാത്രം ഇരുപതിലധികം തലക്കെട്ടുകളിൽ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു.

കാലാവസ്ഥ ശാസ്ത്രവുമായി ബന്ധപ്പെട്ട് ഉമവി ഖലീഫ അബ്ദുൽ മലിക് ബിൻ മർവാൻ്റെ ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നുണ്ട്. അദ്ദേഹം ഒരിക്കൽ ഇസ്‍ലാമിക പണ്ഡിതനായ ഇമാം അബൂ ആമിർ ശഅബിയോട് കാറ്റിൻ്റെ ഉത്ഭവം അറിയാമോ എന്നു ചോദിച്ചു. ഇമാം അറിയില്ലെന്ന് പറഞ്ഞപ്പോൾ ഖലീഫ ഉത്തരം പറഞ്ഞു: ”ബനാത് നഅശിൻ്റെ (വടക്കു ഭാഗത്തുള്ള നക്ഷത്രം) ഉദയം മുതൽ സൂര്യാസ്തമയം വരെ വടക്കു നിന്നാണ് കാറ്റുവീശുക, സൂര്യോദയം മുതൽ തെക്കുള്ള സുഹൈൽ നക്ഷത്രത്തിന്റെ ഉദയം വരെ കാറ്റ് കിഴക്കു നിന്നായിരിക്കും, സുഹൈൽ നക്ഷത്രത്തിന്റെ ഉദയം മുതൽ സൂര്യാസ്തമയം വരെ തെക്കുനിന്നും സൂര്യാസ്തമയം മുതൽ ബനാത് ‘നഅശിൻ്റെ ഉദയം വരെ പടിഞ്ഞാറ് നിന്നുമാണ് കാറ്റുവീശുക”. ഈ സംഭവം അൽ മസ്ഊദിയുടെ ‘മുറൂജുദ്ദഹബി’ൽ കാണാം. 

ഒന്നാം ഉമവി ഖലീഫ മുആവിയയുടെ പേരമകനായിരുന്ന ഖാലിദ് ഇബ്‍നു യസീദ് വിദ്യാസമ്പന്നനും ബഹുമുഖ പ്രതിഭയുമായിരുന്നുവെന്ന് ചരിത്രരേഖകളിൽ കാണാം. അദ്ദേഹം ഗോളശാസ്ത്രത്തിലും നിപുണനായിരുന്നു. ഗോളശാസ്ത്രത്തിൽ അദ്ദേഹത്തിൻറെ കവിതകൾ ‘ദീവാനുന്നുജൂം’ എന്ന പേരിൽ പ്രസിദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള പരീക്ഷണോപകരണങ്ങളുടെ തൻ്റെ വലിയ ശേഖരം ഈ മേഖലയിൽ അദ്ദേഹത്തിൻറെ താൽപര്യത്തെ കുറിക്കുന്നതാണ്. അക്കൂട്ടത്തിൽ ഗ്രീക്ക് ഗണിതജ്ഞൻ ടോളമി തന്നെ നിർമ്മിച്ചതായി പറയപ്പെടുന്ന ചില ഗോളശാസ്ത്ര പ്രശ്നങ്ങളെ ലഘൂകരിക്കുന്ന ഒരു ഗോളവും ഉണ്ടായിരുന്നത്രെ.

ഫാത്വിമി ഭരണകാലത്ത് ഇബ്‍നു സൻബദി എന്നു പേരുള്ള മുസ്‍ലിം ഗോളശാസ്ത്രജ്ഞനെ കുറിച്ച് ചരിത്രകാരനായ അബൂബക്കർ ഖിഫ്ത്വി പരിചയപ്പെടുത്തുന്നു: ”ഈജിപ്ത് സ്വദേശിയായ ഇബ്‍നു സൻബദി ശാസ്ത്രത്തിൽ അഗാധ ജ്ഞാനമുള്ള വ്യക്തിയും ആസ്ട്രോ ലാബ് പ്രവർത്തിപ്പിക്കുന്നതിൽ വിദഗ്ധനുമാണ്. ഗവേഷണങ്ങൾക്കായി അദ്ദേഹം കൃത്യമായ ആസൂത്രണത്തോടെ ധാരാളം മികച്ച ഉപകരണങ്ങൾ നിർമ്മിച്ചു”. 

ക്രി. 1044 ൽ ഈജിപ്തിലെ ഫാത്തിമീ ഭരണകൂടം കൈറോയിലെ ഫാത്തിമിയ്യ ഗ്രന്ഥാലയത്തിൻ്റെ പരിപാലനത്തിന് ചുമതലപ്പെടുത്തിയ ടെക്നിക്കൽ ടീമിൽ തന്നെയും ഉൾപ്പെടുത്തിയതായി ഇബ്‍നു സൻസൻബ പറയുന്നുണ്ട്. അദ്ദേഹം തുടരുന്നു: ”അങ്ങനെ ആ ലൈബ്രറിയിൽ ഞാൻ ചെന്നു. എന്റെ വിഷയവുമായി (ജാമിതി, ഗോളശാസ്ത്രം) ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ ഞാൻ തിരഞ്ഞു. ശാസ്ത്രം, ജ്യോതിശാസ്ത്രം, ജ്യാമിതി എന്നീ മേഖലയിൽ മാത്രം 6500 പുസ്തകങ്ങളാണ് എനിക്ക് കാണാൻ കഴിഞ്ഞത്. പിച്ചളയിൽ തീർത്ത ഒരു ഗ്ലോബും അവിടെയുണ്ടായിരുന്നു. ‘മുആവിയുടെ മകൻ യസീദിന്റെ മകൻ ഖാലിദിൽ നിന്നും ലഭിച്ചത്’ എന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു”.

മുസ്ലിം ഗോളശാസ്ത്രജ്ഞർ കണ്ടുപിടിച്ച സമാനമായ മറ്റ് ഉപകരണങ്ങളുടെ തുടക്കം മാത്രമായിരുന്നു ഖാലിദിന്റെ ഗോളശാസ്ത്ര ഗ്ലോബും. ചരിത്രകാരനായ വിൽ ഡ്യൂറൻ്റ് അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് : ”1181 ൽ (ഹിജ്റ 474) അന്തലൂസിലെ വലൻസിയൻ ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്ന ഇബ്രാഹിം അസ്സഹ്‌ലി (ഹി. 185/ ക്രി.478) ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ആകാശഗോളം നിർമ്മിച്ചു. അതിൻ്റെ വ്യാസം 5.18 ഇഞ്ച് ആയിരുന്നു. 47 നക്ഷത്ര രാശികളിലായി വിഭജിച്ചു കിടന്ന 1015 നക്ഷത്രങ്ങളെ ഗ്ലോബിൻ്റെ ഉപരിതലത്തിൽ രേഖപ്പെടുത്തി. ആ കണക്ക് പ്രകാരമാണ് അതിൽ നക്ഷത്രങ്ങൾ തെളിഞ്ഞു വന്നിരുന്നത്”. 

ക്രാഷ്കോവ്സ്‍കി എഴുതുന്നു: ”ഉമവി കാലഘട്ടത്തിൽ ഗോളശാസ്ത്ര മേഖലയ്ക്ക് വലിയ പരിഗണന ലഭിച്ചെങ്കിലും, അക്കാലത്തെ ഗോളശാസ്ത്രത്തിന്റെ ലിഖിതമായ രേഖകൾ ഒന്നും കണ്ടെത്താൻ സാധിക്കുന്നില്ല. എന്നാൽ എട്ടാം നൂറ്റാണ്ടിന്റെ അവസാനം ഒരു കുത്തൊഴുക്കായി ആ വിജ്ഞാന ശാഖ രൂപപ്പെട്ടു. ഇത് ഒരു പുതിയ വൈജ്ഞാനിക ശാഖയെ ഉയർത്തിക്കാട്ടുക മാത്രമല്ല, അന്ന് രൂപം കൊണ്ട ജിയോഗ്രഫി അടക്കമുള്ള മണ്ഡലങ്ങളിൽ ശ്രദ്ധേയമായ മാറ്റം വരുത്തുകയും ചെയ്തു. ഇസ്‍ലാമിക ഗോളശാസ്ത്ര മേഖലക്ക് സംഭവിച്ച കുതിച്ചുചാട്ടത്തെ തുടർന്ന് വളർന്ന് വന്ന മുസ്‍ലിം ശാസ്ത്രജ്ഞരെയും അവരുടെ ഗ്രന്ഥങ്ങളെയും മാത്രം ക്രോഡീകരിച്ച് സ്വിസ് ഓറിയന്റലിസ്റ്റ് ആയ ഹെൻട്രിക് സ്യൂടർ (1922) ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ജർമ്മൻ ഭാഷയിൽ എഴുതിയ പുസ്തകത്തിന്റെ പേര് ‘അറബി ഗോളശാസ്ത്രജ്ഞരും അവരുടെ കൃതികളും’ എന്നാണ്. ഗണിത- ഗോളശാസ്ത്ര രംഗത്ത് നിറഞ്ഞുനിന്ന 500 ഓളം അറബികളെയും അവരുടെ ഗ്രന്ഥങ്ങളെയും അതിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്. 

ഗോളശാസ്ത്ര മേഖലയിൽ വ്യവസ്ഥാപിതവും വൈജ്ഞാനികവുമായ രൂപത്തിൽ ആദ്യം കടന്നുവന്ന മുസ്ലിം ശാസ്ത്രജ്ഞനാണ് മുഹമ്മദ് ഇബ്‍നു ഇബ്രാഹിം അൽ ഫസാരി (ഹി. 189) എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഗോളശാസ്ത്ര മേഖലയിൽ വൈജ്ഞാനികമായി തിളങ്ങിയ ഫസാരി കൂടുതൽ ശോഭിക്കുന്നതിനായി സംസ്കൃതമടക്കമുള്ള അനറബി ഭാഷകൾ സ്വായത്തമാക്കി. നക്ഷത്ര-ഗോളങ്ങളുടെ സഞ്ചാരങ്ങളെ കുറിച്ച് സൂക്ഷ്മമായ അറിവുള്ള ഫസാരി, മുസ്‍ലിം ഉമ്മത്തിൽ അബ്ബാസി ഖിലാഫത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ തൻ്റെ മേഖലയിൽ പ്രാവീണ്യമുള്ള ഏക വ്യക്തിയായി പരിഗണിക്കപ്പെട്ടിരുന്നതായി ചരിത്രകാരനായ ജമാലുദ്ദീൻ അൽ ഖിഫ്ത്വി എഴുതുന്നു. 

ഖലീഫ മൻസൂർ തൻ്റെ രാഷ്ട്രത്തിലെ ഗോളശാസ്ത്ര പണ്ഡിതന്മാരുടെ തലവനായി ഫസാരിയെ പ്രഖ്യാപിച്ചു. വിഖ്യാതമായ ‘സിദ്ധാന്ത’ സംസ്കൃതത്തിൽ നിന്നും അറബിയിലേക്ക് മൊഴിമാറ്റുന്ന ചുമതല കൂടി ഖലീഫ അദ്ദേഹത്തിന് നൽകി. സിദ്ധാന്തയുടെ മാതൃകയിൽ, നക്ഷത്രങ്ങളുടെ ചലനങ്ങളെ അടിസ്ഥാനമാക്കി അറബികൾക്ക് ആശ്രയിക്കാവുന്ന ഒരു ഗ്രന്ഥം വേണമെന്നായിരുന്നു ഖലീഫയുടെ ആവശ്യം. അങ്ങനെ അദ്ദേഹം രചിച്ച ഗ്രന്ഥമാണ് ശാസ്ത്രജ്ഞർ ‘സിദ്ധാന്ത അൽ കബീർ’ അഥവാ ‘ദ ഗ്രേറ്റ് സിദ്ധാന്ത’ എന്ന് പേരിട്ടു വിളിച്ചത്. പ്രപഞ്ചത്തിന്റെ ദൈർഘ്യം അളന്നുകൊണ്ടുള്ള ഫസാരിയുടെ കണ്ടെത്തൽ നേരത്തെ സൂചിപ്പിച്ചല്ലോ. പൗരാണിക ‘സിദ്ധാന്ത’യെ ആശ്രയിച്ചതു കാരണമായി തന്റെ നിഗമനങ്ങളിൽ വന്ന കണക്കുകളിലെ കൃത്യതക്കുറവ് മറ്റു ഗോളശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

എന്നിരുന്നാലും, ഇന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അതിൻറെ ബൃഹത് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന നിഗമനങ്ങൾക്ക് സമാനമായി 1300 വർഷങ്ങൾക്കു മുമ്പ് ഗോള നക്ഷത്രാദികളുടെ ദൈർഘ്യം കോടിക്കണക്കിന് പ്രകാശവർഷങ്ങളിൽ കണക്കുകൂട്ടിയ മുസ്‍ലിം ഗോളശാസ്ത്രജ്ഞനായി ഫസാരി അറിയപ്പെടുന്നു. നഗ്ന നേത്രങ്ങളാൽ നാം കാണുന്ന മിക്ക നക്ഷത്രങ്ങളും ഭൂമിയിൽ നിന്ന് 200 മുതൽ 300 പ്രകാശവർഷങ്ങൾ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന ഫസാരിയുടെ കണ്ടെത്തൽ പ്രശസ്ത ലെബനീസ് ഗോളശാസ്ത്രജ്ഞനായ മൻസൂർ ഹനാ ജർദാക്ക് (1964) തന്റെ ‘ആധുനിക ഗോളശാസ്ത്ര തത്വങ്ങൾ’ എന്ന കൃതിയിൽ ഉദ്ധരിക്കുന്നുണ്ട്. ഗോളശാസ്ത്ര അളവുകൾ കണക്കാക്കാനുള്ള മാനദണ്ഡമായി പ്രകാശത്തിന്റെ വേഗതയെ കണ്ടെത്തിയത് ആദ്യമായി മുസ്‍ലിംകളാണെന്ന് ഇത് തെളിയിക്കുന്നു. ശബ്ദ വേഗതയെക്കാൾ പതിന്മടങ്ങാണ് പ്രകാശ വേഗതയെന്ന് തെളിയിച്ചയാളാണ് അബുറൈഹാൻ അൽ ബിറൂനി (ഹി440/ക്രി. 1049) എന്ന് സ്പാനിഷ് ഓറിയന്റലിസ്റ്റായ ജോൺ വെർനറ്റ് (2011)തന്റെ പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

(തുടരും)

 

വിവ: ബിലാൽ നജീബ്

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles