Current Date

Search
Close this search box.
Search
Close this search box.

അറബി ഭാഷക്ക് അബൂ ഉബൈദ നൽകുന്ന സംഭാവനകൾ

ഏറെ ജനപ്രീതിയുള്ള തൻറെ ചുവന്ന മുഖംമൂടിയും സൈനിക യൂണിഫോമും ധരിച്ച് അയാൾ നിറഞ്ഞു നിൽക്കുകയാണ്. പ്രായഭേദമന്യേ ജനം അയാളെ കാത്തിരിക്കുന്നു. മുഖം കാണുന്നില്ലെങ്കിലും ആ ശബ്ദം വ്യക്തമാണ്. അയാളുടെ മറ്റ് വിവരങ്ങളൊന്നും ആർക്കുമറിയില്ല. പക്ഷേ, ആ സംസാരം കേൾക്കുന്ന മാത്രയിൽ അവർ അത് ആസ്വദിക്കുന്നു. ഗസ്സ ചെറുത്തു നിൽപിൻ്റെ സൈനിക വക്താവായ അബൂ ഉബൈദ യുവത്വത്തിൻ്റെ പ്രതീകമായി മാറിയിരിക്കുകയാണ്.

ചരിത്രത്തിൽ ഇസ്ലാമിൻ്റെ തുടക്കകാലത്തും പിന്നീടുള്ള സമയങ്ങളിലും മുസ്ലീങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രീയ- യുദ്ധ പ്രസംഗങ്ങൾ പോലുള്ളവ ഈ കാലഘട്ടത്തിൽ കേൾക്കേണ്ടി വരുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ഏതായാലും സ്വാതന്ത്ര്യവും സമാധാനവും കാംക്ഷിക്കുന്ന സമൂഹത്തിലെ എല്ലാ തുറയിൽപ്പെട്ടവരും യഥാർത്ഥ വാർത്തകൾ അറിയുന്നതിന് അബൂ ഉബൈദയെന്ന മനുഷ്യനെ കാത്തിരിക്കുന്നു എന്നത് അത്ഭുതകരം തന്നെ.

സന്തോഷത്തിന്റെ പുതിയ വാർത്തകളുമായി വരുന്ന ആ ദൂതനാകട്ടെ സ്പഷ്ടമായ അറബി ശൈലിയിൽ തന്റെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. അറബി ഭാഷയെ ഇതര ഭാഷാപദങ്ങളുമായി കൂട്ടിക്കുഴച്ച് നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്ന അറബ് ഭരണാധികാരികളെ നാം കണ്ടുകൊണ്ടിരിക്കുന്ന കാലമാണിത്. അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും ഉണർത്തുന്ന നിരവധി സംസാരങ്ങൾ അവർ നടത്തും, പക്ഷേ പ്രേക്ഷകരുടെയോ സമൂഹത്തിന്റെയോ മുമ്പിൽ സംസാരിക്കുമ്പോൾ ഒരു വാചകം പോലും നല്ല നിലയ്ക്ക് പൂർത്തിയാക്കാൻ പോലും അവർക്കാകുന്നില്ല.

നേതാക്കളും സംസാരത്തിൻ്റെ ഭാഷയും

ഒരു പ്രഭാഷകൻറെ സംസാരത്തിലെ പാളിച്ചകളും ന്യൂനതകളും അയാൾക്ക് കോട്ടമുണ്ടാക്കുന്ന ഘടകമായി പൊതുവേ വിലയിരുത്തപ്പെടുന്ന ഒന്നാണ്. അയാളുടെ പദവിയും വഹിക്കുന്ന സ്ഥാനവും ഉയരുന്നതിനുസരിച്ച് ഏൽക്കുന്ന ക്ഷതത്തിന് ആഘാതം കൂടുന്നു. ഒരു ഭരണാധികാരിയുടെ ഭാഷണത്തിലെ പിഴവുകൾ അത്തരത്തിൽ ഗുരുതരമാണ്.

യാഖൂതുൽ ഹമവിയുടെ ‘മുഅ്ജമുൽ ഉദബാ’ ഇൽ ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നുണ്ട്. ഖലീഫ അബൂ ജഅ്ഫർ അൽ മൻസൂർ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ആ സദസ്സിൽ ഒരു അഅ്റാബിയും ഉണ്ട്. സംസാരമധ്യേ ഖലീഫയുടെ സംസാരത്തിന്റെ ഭാഷാ പ്രശ്നം അഅ്റാബി ചൂണ്ടിക്കാട്ടി. തെറ്റു തിരുത്തി ഖലീഫ സംസാരം തുടർന്നു. വീണ്ടും അദ്ധേഹത്തിന് പിഴവ് വന്നു. അഅ്റാബി പറഞ്ഞു: ‘ച്ചെ എന്തൊരു അവസ്ഥയാണിത്’. അബൂ ജഅ്ഫർ വീണ്ടും സംസാരിച്ചു തുടങ്ങി. മൂന്നാമതും ഭാഷയിൽ പിഴക്കുന്നത് കേട്ടപ്പോൾ അഅ്റാബി ഇങ്ങനെ പറഞ്ഞു: ”പടച്ചതമ്പുരാൻ വിധിച്ചു എന്നത് മാത്രമാണ് താങ്കൾ ഇപ്പോഴും അധികാരത്തിൽ തുടരാൻ കാരണം”.

ഭാഷയിൽ ഉണ്ടാകുന്ന പിഴവുകൾ അധികാരത്തിന്റെ അയോഗ്യതയായാണ് അഅ്റാബി മനസ്സിലാക്കിയതെന്ന് ചുരുക്കം. ഇന്നത്തെ കാലത്ത് ഏതെങ്കിലും അറബ് ഉച്ചകോടിയിലാണ് ഈ അഅ്റാബി സന്നിഹിതനാകുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ! കെട്ടിക്കുഴഞ്ഞ് അവ്യക്തമായ സംസാരങ്ങളും സാഹചര്യത്തിന് നിരക്കാത്ത പ്രസ്താവനങ്ങളും ഒക്കെയായി സംസാരിക്കുന്ന അറബ് നേതാക്കളെ കാണുന്ന ആ അഅ്റാബിയുടെ അവസ്ഥ അചിന്തനീയമാണ്.

എന്നാൽ അബൂ ഉബൈദയുടെ സംസാരം കേൾക്കുന്ന അഅ്റാബിയെ ആലോചിച്ചു നോക്കൂ. സ്ക്രീനുകൾക്ക് മുമ്പിൽ തടിച്ചുകൂടിയ ആളുകൾക്കിടയിൽ സന്തോഷത്താൽ നൃത്തമാടുന്ന അറബി ഭാഷയെ അദ്ദേഹത്തിന് കാണാം. വലിപ്പ ചെറുപ്പമില്ലാതെ നാം ഇതാ അബൂ ഉബൈദയെ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ കേട്ടുകൊണ്ടിരിക്കുകയാണ്. അറബി ഭാഷയിലേക്ക് ജനങ്ങളെ അടുപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ മികവിന്റെ ചില ഘടകങ്ങളിലേക്ക്.

തുടക്കവും പ്രഭാഷണ കലയുടെ തത്വങ്ങളും

ശ്രോതാക്കളെ ആകർഷിക്കുന്ന തുടക്കവും പിടിച്ചിരുത്തുന്ന ശൈലിയും തന്റെ സംസാരത്തിൽ അബൂ ഉബൈദ കാര്യമായി ശ്രദ്ധിക്കുന്നത് കാണാം. ബിസ്മിയും ഹംദും പറഞ്ഞാണ് തുടക്കം. ശേഷം പ്രവാചകനും അനുയായികൾക്കും മുഴുവൻ മുസ്‍ലിംകൾക്കും സ്വലാത്തും സലാമും നൽകി തുടരുന്നു. പറയാൻ ഉദ്ദേശിക്കുന്ന വിഷയത്തിലേക്ക് കടക്കും മുമ്പ് ദൈവിക മാർഗ്ഗത്തിൽ സഹനമവലംബിക്കുകയും ജാഗ്രതയോടെ നിലയുറപ്പിക്കുകയും പോരാടുകയും ചെയ്യുന്നവരായ തൻറെ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജിഹാദുമായി ബന്ധപ്പെട്ട ഏതാനും ഖുർആനിക വചനങ്ങൾ, ശേഷം അബൂഉബൈദ പ്രസ്താവിക്കുന്നു.

അദ്ദേഹത്തിൻറെ ഒരു പ്രസംഗത്തിന്റെ തുടക്കം ഇങ്ങനെയാണ്: ”സർവ്വസ്തുതിയും അഖിലലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. ക്ഷമാശീലരും സ്ഥൈര്യം പുലർത്തുന്നവരും വിജയികളുമായ പോരാളികളുടെ സ്തുതിയാണിത്. നാഥന്റെ അനുഗ്രഹവും സമാധാനവും പോരാളിയായ ഞങ്ങളുടെ നബിവര്യരിലും അദ്ദേഹത്തിൻറെ കുടുംബത്തിനും അനുചരർക്കും ജിഹാദ് ചെയ്യുന്ന സകല മനുഷ്യർക്കും മേൽ വർഷിക്കട്ടെ.

ആകർഷണീയമായ ഭാഷ പ്രയോഗങ്ങൾ

പിടിച്ചിരുത്തുന്ന പ്രാരംഭത്തിനുശേഷം അബൂ ഉബൈദ, സഹനശീലരും ചെറുത്തുനിൽക്കുന്നവരുമായ തൻറെ ഫലസ്തീനീ ജനതയെയും മുഴുവൻ ഇസ്ലാമിക സമാജത്തെയും അഭിസംബോധന ചെയ്യുന്നു. ഭൂമുഖത്ത് ആത്മാഭിമാനമുള്ള മുഴുവൻ സ്വതന്ത്ര മനുഷ്യരെയും തുടർന്ന് സംബോധന ചെയ്യുന്നു. സമീപത്തും അകലെയുമുള്ള ആളുകളെ പൂർണമായും ഉൾക്കൊള്ളും വിധം ‘അല്ലയോ’ എന്ന പദം ഉപയോഗിച്ച് തന്നെയാണ് അദ്ദേഹം വിളിക്കുന്നത്. ലോകത്തുള്ള പലതരം സമൂഹങ്ങളെയും അവരുടെ വിശേഷണങ്ങളിലൂടെ തന്നെ പ്രത്യേകം വിളിച്ചുകൊണ്ടാണ് അബൂബൈദയുടെ സംസാരം.

ഒരു ഉദാഹരണം നോക്കുക. ഒരു പ്രസംഗ ഭാഗം ഇങ്ങനെ: ”ആത്മാഭിമാനികളായ ഞങ്ങളുടെ സമൂഹമേ, അന്തസ്സ് കൈവിടാത്ത ധീര മുജാഹിദുകളെ, ഈ ഉമ്മത്തിന്റെ പോരാളികളേ, ലോകത്ത് പരന്നുകിടക്കുന്ന ഞങ്ങളുടെ സമുദായമേ, അക്രമത്തെയും അനീതിയെയും എതിർക്കുന്ന സ്വതന്ത്ര ലോകമേ..നിങ്ങൾക്ക് രക്ഷിതാവിൻറെ ശാന്തിയും സമാധാനവും ഉണ്ടാകട്ടെ”. സംസാരത്തിൽ ഉടനീളം വിവരദായകശൈലി (Informative) യും സൃഷ്ടിപരമായ ശൈലി (Constructive) യും അബൂ ഉബൈദ പുലർത്താൻ ശ്രദ്ധിക്കുന്നത് കാണാം. സംബോധന ചെയ്യൽ, ചോദ്യം ചെയ്യൽ, അത്ഭുതം പ്രകടിപ്പിക്കൽ പോലെയുള്ള ‘സൃഷ്ടിപരമായ ശൈലി’ യ്ക്ക് ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിൽ വലിയ പങ്കുണ്ട്.

സങ്കീർണ്ണതയും പിഴവുമില്ലാതെ സരളമായി ഒഴുകുന്ന ശൈലി

നേതാക്കളുടെ സംസാരത്തിലെ ഭാഷാ മികവും കൃത്യതയും തലമുറകളെ പ്രചോദിപ്പിക്കുമെന്നതിൽ സംശയമില്ല. മാത്രമല്ല, അത് തങ്ങളുടെ അസ്തിത്വബോധം സംരക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജനഹൃദയങ്ങളെ കീഴടക്കുന്ന ഭാഷണ മികവില്ലാതെ ഒരു സമൂഹവും ഉന്നതി പ്രാപിച്ചിട്ടില്ല. സമൂഹ മനസ്സാക്ഷിയിലേക്ക് കടന്നു ചെല്ലാൻ ഏതു അധികാരികളും ആദ്യമായി ഭാഷയും ശേഷം പ്രവർത്തിയുമാണ് ഉപയോഗപ്പെടുത്താറ്.

സംസാരം ഒരേസമയം ബുദ്ധിയോടും ഹൃദയത്തോടും സംവേദനം ചെയ്യുന്നു. സംസാരത്തിലെ പിഴവ് ആ വ്യക്തിയുടെ കൂടി ന്യൂനതയായി കണക്കാക്കപ്പെടുന്നു. ഇബ്നു തബീബിന്റെ ഒരു കവിത ഇങ്ങനെയാണ്: ”വ്യാകരണം വിക്കുള്ളയാളുടെ നാവിന് വിശാലത നൽകും. പാകപ്പിഴയില്ലാത്ത സംസാരമാകട്ടെ മനുഷ്യനെ ഉന്നതനാക്കും. സംസാരത്തിലെ അബദ്ധം നേതാവിനെ അനർഹനാക്കുന്നു. ആളുകളുടെ നോട്ടത്തിൽ അങ്ങനെ അവൻ കുത്തനെ വീഴുന്നു”.

ഒരാളെ അളക്കാനുള്ള മാനദണ്ഡം അയാളുടെ സംസാരമാണ്. നാവ് ഒരു പേന പോലെയാണ്. ശ്രോതാക്കളുടെ മനസ്സുകളിൽ സംസാരിക്കുന്നവന്റെ ചിത്രം അത് വരച്ചുവയ്ക്കുന്നു. ഖലീഫ ഉമർ (റ) ഒരിക്കൽ പറഞ്ഞല്ലോ, ”ഒരാളെ കണ്ടാൽ അയാൾ സംസാരിക്കുന്നത് വരെ ഞാൻ കാത്തിരിക്കും. അയാൾ സംസാരിച്ചാൽ ഒന്നുകിൽ എന്റെ മനസ്സിൽ അയാളുടെ സ്ഥാനം ഉയരും അല്ലെങ്കിൽ ഇടിയും”.

സുപ്രസിദ്ധ ഗ്രീക്ക് തത്വചിന്തകൻ സോക്രട്ടീസ് പറഞ്ഞത് ഓർമ വരികയാണ്. “നീ എന്തെങ്കിലും സംസാരിക്കൂ ഞാൻ നിന്നെ മനസ്സിലാക്കട്ടെ”. ഒരാളുടെ രൂപം അയാളുടെ സംസാരത്തിൽ അടങ്ങിയിട്ടുണ്ടെന്ന ചിന്തയാണ് സോക്രട്ടീസ് പങ്കുവെക്കുന്നത്. സോക്രട്ടീസ് ഉൾപ്പെടെ പറഞ്ഞത് പ്രകാരം ഇന്നത്തെ നമ്മുടെ ബഹുമാന്യരായ നേതാക്കളുടെ അവസ്ഥ നോക്കുമ്പോൾ പഴയൊരു അറബി ചൊല്ലാണ് പറയാൻ തോന്നുന്നത്: ‘മഈദിയെ (രൂപത്തിൽ പ്രൌഢിയും ഉള്ള് പൊള്ളയുമായ പൗരാണിക കഥാപാത്രം) കാണുന്നതിനേക്കാൾ നല്ലത് മഈദിയെ കേൾക്കുന്നതാണ്’.

ഇവിടെയാണ് അബൂ ഉബൈദ വ്യത്യസ്‍തനാകുന്നത്. സമീപത്തും വിദൂരത്തുമുള്ള പ്രേക്ഷക വൃന്ദത്തെ തൻറെ മുമ്പിലേക്ക് കൊണ്ടുവരുന്ന ഭാഷണ വിദ്യയാണത്. കെട്ടിക്കുടുക്കുകളും അവ്യക്തതകളും ഒഴിവാക്കി സുന്ദരമായ അറബി അയാളുടെ നാവിലൂടെ ഒഴുകുന്നു. പൊതുജനവും വിദ്യാർത്ഥികളും കുട്ടികളും മുതിർന്നവരും അത് കേട്ട് കാര്യങ്ങൾ മനസ്സിലാക്കുന്നു. വിവരണത്തിലെ സത്യസന്ധതയാണ് അബൂ ഉബൈദയുടെ സംസാരത്തിൽ ആളുകൾക്ക് ലഭിക്കുന്ന മറ്റൊന്ന്. ഇതൊക്കെ അറബി ഭാഷയിലേക്ക് സാധാരണക്കാരെ കൂടുതൽ അടുപ്പിക്കുന്നു. ഇത്തരം സംസാരശൈലികൾ ക്ലാസിക്കൽ അറബി വരണ്ടതും പരുക്കനും ആണെന്ന വിമർശനങ്ങളുടെ മുനയൊടിക്കുകയും ചെയ്യുന്നുണ്ട്.

വിവിധ മാർഗങ്ങളിലൂടെ ശ്രോതാക്കളെ പിടിച്ചിരുത്തുന്നു

നേതാക്കളുടെ ഭാഷാവതരണ മികവിന്റെ പ്രാധാന്യവും അത് കേൾവിക്കാരിൽ വരുത്തുന്ന സ്വാധീനവും സൂചിപ്പിച്ചല്ലോ. പത്തൊൻപതോളം ശ്രവണ രീതികൾ വിദഗ്ധർ പറയുന്നുണ്ട്. സംസാരിച്ചുകൊണ്ടിരിക്കെ കേൾക്കുന്നവരുടെ അവസ്ഥയെന്തെന്ന് അതിൽ പ്രധാനമാണ്. അബൂ ഉബൈദയുടെ സംസാരം വിവിധ രീതികളിലൂടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മൊത്തത്തിൽ ആശയം മാത്രം മനസ്സിലാക്കുന്ന കേൾവിക്കാർ ഉണ്ട് അതിൽ. അതേസമയം അബൂ ഉബൈദയുടെ മുഖത്തിന്റെയും കൈകളുടെയും ചലനങ്ങളെ വിശകലനം ചെയ്ത് ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ നിരീക്ഷിച്ച് സൂക്ഷ്മമായി ശ്രവിക്കുന്നവരും ഉണ്ട്.

ആശയങ്ങളേക്കാൾ പറയുന്ന വാക്കുകളുടെ മനോഹാരിത കണ്ടു സൗന്ദര്യശാസ്ത്ര സമീപനം പുലർത്തുന്നവരാണ് വേറൊരു വിഭാഗം. അവിടെ സംസാരിക്കുന്ന വ്യക്തിയോടുള്ള പ്രിയമാണ് നിറഞ്ഞ് നിൽക്കുന്നത്. അബൂ ഉബൈദയെ നിരൂപണാത്മകമായി കേൾക്കുന്നവരും നിലവിലുണ്ട്. യുദ്ധത്തിലെ ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ വിശകലന വിദഗ്ധരാണ് ഈ രീതി സ്വീകരിക്കുന്നത്. ഇനിയും ചില സാധാരണക്കാർ അബൂ ഉബൈദയുടെ വാക്കുകൾക്കപ്പുറമുള്ള അർത്ഥം കണ്ടെത്തുന്നു. സ്വന്തം നിലപാടുകൾ ഊട്ടിയുറപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. അതേസമയം ചെറിയ കുരുന്നുകൾ അബൂ ഉബൈദയെ നേതാവായി വിശേഷിപ്പിച്ച് കേട്ടിരിക്കുന്നത് കാണുന്നുണ്ട് നാം. അതാകട്ടെ സ്നേഹത്തിൽ ചാലിച്ച വൈകാരികമായ ശ്രവണ രീതിയാണ്.

ഒരു ഭാഷ എന്ന നിലയ്ക്ക് അറബിയെ പ്രിയങ്കരമാക്കുന്നതിൽ വിവിധ നാടുകളിലെ ജനങ്ങളെ പ്രചോദിപ്പിക്കുന്ന അബൂ ഉബൈദയുടെ സംഭാഷണത്തിലെ പ്രധാന ഘടകങ്ങളെ സൂചിപ്പിച്ചതാണിവിടെ. അബൂ ഉബൈദയുടെ വാക്കുകൾ ജനഹൃദയങ്ങളെ ജീവസ്സുറ്റതാക്കുന്നത് പോലെ ഇതര നേതാക്കളുടെ മനസാക്ഷിയെയും ചിന്തിപ്പിക്കാൻ ഉപകരിക്കുന്നതാകട്ടെ എന്ന് ആഗ്രഹിച്ചു പോവുകയാണ്.

അങ്ങനെയെങ്കിലും നോർമലൈസേഷന്റെയും ദൗർബല്യത്തിന്റെയും രാഷ്ട്രീയ നാടകങ്ങൾക്ക് അറുതി വരുമെന്ന് പ്രതീക്ഷിക്കാമല്ലോ. പക്ഷേ അവരെ വിശേഷിപ്പിച്ചുകൊണ്ട് നേരത്തെ തന്നെ ഫുർഖാനിലെ നാൽപ്പതിനാലാം വചനം വന്നു കഴിഞ്ഞിട്ടുണ്ട്: ”അവരിൽ അധികവും കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്നാണോ നീ കരുതുന്നത്? അവരോ, വെറും നാൽക്കാലികളെ പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു”.

Related Articles