Current Date

Search
Close this search box.
Search
Close this search box.

യാത്രക്കാരന് ഇസ്‌ലാം നല്‍കുന്ന വേറിട്ട പരിഗണന

travellor.jpg

വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിരവധി സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചു കാണുന്ന ഒന്നാണ് ‘ഇബ്‌നു സബീല്‍’ എന്നുള്ളത്. ഇങ്ങനെ ആവര്‍ത്തിച്ചു പറയാന്‍ മാത്രം എന്ത് പ്രാധാന്യമാണ് ഇതിനുള്ളത്? ആരാണ് ഇബ്‌നു സബീല്‍ എന്നതിന് പണ്ഡിതന്‍മാര്‍ വ്യത്യസ്ത നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു നാട്ടില്‍ നിന്ന് മറുനാട്ടിലേക്ക് യാത്ര ചെയ്യുന്നവനാണ് ‘ഇബനു സബീല്‍’ എന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഇബ്‌നു സൈദ് പറയുന്നു: ഇബ്‌നു സബീല്‍ യാത്രക്കാരനാണ്, അവന്‍ ധനികനാകട്ടെ ദരിദ്രനാകട്ടെ അവന്റെ ചിലവിനുള്ളവ നശിക്കുകയോ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ അവന് വല്ലതും സംഭവിക്കുകയോ അവന്റെ പക്കല്‍ ഒന്നും ശേഷിക്കാതിരിക്കുകയോ ചെയ്താല്‍ അവന്റെ അവകാശം നല്‍കല്‍ നിര്‍ബന്ധമാണ്. (തഫ്‌സീര്‍ ത്വബ്‌രി)
ഇബ്‌നു സബീല്‍ എന്ന പദം ഖുര്‍ആന്‍ എട്ട് സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അവരോട് അനുകമ്പയിലും നന്മയിലും വര്‍ത്തിക്കാനാണ് അതിലെല്ലാം കല്‍പ്പിക്കുന്നത്.
1. സൂറത്ത് ഇസ്‌റാഇല്‍ പറയുന്നു: ‘അടുത്ത കുടുംബക്കാരന്ന് അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കന്നുമുള്ളത് അവര്‍ക്കും. എന്നാല്‍ ധനം ധൂര്‍ത്തടിക്കരുത്.’ (അല്‍-ഇസ്‌റാഅ്: 26)
2. സൂറത്ത് റൂമില്‍ പറയുന്നു: ‘അതിനാല്‍ അടുത്തബന്ധുക്കള്‍ക്കും അഗതിക്കും വഴിപോക്കന്നും അവരുടെ അവകാശം നല്‍കുക. അല്ലാഹുവിന്റെ പ്രീതി കൊതിക്കുന്നവര്‍ക്ക് അതാണുത്തമം. വിജയം വരിക്കുന്നവരും അവര്‍തന്നെ.’ (അര്‍റൂം : 38)
3. നിര്‍ബന്ധമോ ഐശ്ചികമോ ആയി സമ്പത്ത് ചെലവഴിക്കേണ്ടത് ആര്‍ക്കാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘അവര്‍ ചോദിക്കുന്നു: അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്? പറയുക: നിങ്ങള്‍ ചെലവഴിക്കുന്ന നല്ലതെന്തും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെയ്താലും തീര്‍ച്ചയായും അല്ലാഹു അതെല്ലാമറിയും.’ (അല്‍ബഖറ : 215)
4. അവകാശങ്ങളുടെ ആയത്ത് എന്നറിയപ്പെടുന്ന സൂക്തത്തില്‍ അവരോട് നന്മകാണിക്കാന്‍ കല്‍പ്പിക്കുന്നുണ്ട് : ‘നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.’ (അന്നിസാഅ്: 36)
5. മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന സമരാര്‍ജിത സമ്പത്തിന്റെ അഞ്ചിലൊന്ന് അവര്‍ക്കായി നിശ്ചയിച്ചിട്ടുണ്ട് : ‘അറിയുക: നിങ്ങള്‍ നേടിയ യുദ്ധമുതല്‍ എന്തായാലും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്’ (അല്‍-അന്‍ഫാല്‍ : 41)
6. ശത്രുക്കള്‍ ഉപേക്ഷിച്ചു പോയ സ്വത്തിലും അവര്‍ക്ക് അവകാശമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു : ‘വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്ത തൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്.’ (അല്‍-ഹശ്ര്‍ : 7)
7. സകാത്തിന്റെ അവകാശികളിലും ഖുര്‍ആന്‍ വഴിപോക്കനെ എണ്ണിയിട്ടുണ്ട്. ‘സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്.’ (അത്തൗബ : 60)
8. സകാത്തിന് പുറമെ നന്മയുടെ ദൈവഭക്തിയുടെയും ഭാഗമായി വ്യക്തികള്‍ ചെലവഴിക്കുന്നതിന്റെയും ഒരു ഓഹരി അവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ‘ സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും ചെലവഴിക്കുക; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍.’ (അല്‍-ബഖറ : 177)

തുല്ല്യതയില്ലാത്ത പരിഗണന
അപരിചിതരും ഒറ്റപ്പെട്ടവരുമായ യാത്രക്കാരന് ഇസ്‌ലാം വേറിട്ട പരിഗണനയാണ് നല്‍കുന്നത്. മറ്റൊരു നിയമവ്യവസ്ഥയും പ്രത്യയശാസ്ത്രവും ഇതിന് സമാനമായ പരിഗണന നല്‍കിയിട്ടില്ല. ഇസ്‌ലാം കാഴ്ചവെക്കുന്ന സാമൂഹ്യസഹവര്‍ത്തിത്വത്തിന്റെ ഇനങ്ങളില്‍ ഒന്നാണത്. നാട്ടില്‍ സ്ഥിരമായി താമസിക്കുന്ന ആളുകളുടെ ആവശ്യങ്ങള്‍ മാത്രമല്ല ഇസ്‌ലാമിക വ്യവസ്ഥ പരിഗണിച്ചിട്ടുള്ളത്. മറിച്ച് ആളുകള്‍ക്ക് ആകസ്മികമായി സംഭവിക്കുന്ന സന്ദര്‍ഭങ്ങളിലുള്ള ആവശ്യങ്ങളുമത് പൂര്‍ത്തീകരിക്കുന്നു. വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് ചെയ്യുന്ന യാത്രകള്‍ അതില്‍ പെട്ട ഒന്നാണ്. ഇന്നത്തെ പോലെ നല്ല വഴികളോ ഹോട്ടലുകളോ ലോഡ്ജുകളോ ഇല്ലാതിരുന്ന കാലത്ത് അതിന്റെ പ്രസക്തി ഏറെയായിരുന്നു.
ഇതിന്റെ പ്രായോഗിക രൂപങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാവുന്നതാണ്. ഇബ്‌നു സഅദ് റിപോര്‍ട്ട് ചെയ്യുന്നു: ‘ഉമര്‍ ഖത്താബ് തന്റെ ഭരണകാലത്ത് വഴിയോരങ്ങള്‍ ‘ദാറുദ്ദഖീഖ്’ എന്ന പേരില്‍ യാത്രക്കാര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചിരുന്നു. അവിടെ ഗോതമ്പ് മാവ്, ഈത്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ വസ്തുക്കള്‍ യാത്രക്കാര്‍ക്കായി അവിടെ കരുതിവെക്കുകയും ചെയ്തിരുന്നു. (ത്വബഖാത് ഇബ്‌നു സഅദ് 3/283)
അഞ്ചാം ഖലീഫ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഇമാം ഇബ്‌നു ശിഹാബ് സുഹ്‌രിയോട് സകാത്ത് ചെലവഴിക്കേണ്ട മേഖലകളെ കുറിച്ച് എഴുതാന്‍ കല്‍പ്പിച്ചു. പ്രവാചകന്‍ (സ)യും ഖുലഫാഉ റാശിദീനും അതില്‍ കാണിച്ച ചര്യയനുസരിച്ച് എഴുതാനാണ് കല്‍പ്പിച്ചിരുന്നത്. ഓരോരുത്തരുടെയും ഓഹരികള്‍ വിഭജിച്ച് കൊണ്ട് വളരെ ദീര്‍ഘിച്ച ഒരു ഗ്രന്ഥം തന്നെ അദ്ദേഹം തയ്യാറാക്കി. അതില്‍ ഇബ്‌നു സബീലിന്റെ ഭാഗത്ത് അദ്ദേഹം പറയുന്നു: ‘ഇബ്‌നു സബീലിനുള്ള ഓഹരി എല്ലാ മാര്‍ഗങ്ങളിലും അതിലൂടെ കടന്ന് പോകുന്നവന്റെയും അവിടത്തെ ആളുകളുടെയും തോതനുസരിച്ചാണ്. അഭയകേന്ദ്രമോ അഭയം നല്‍കാന്‍ ആളുകളോ ഇല്ലാത്ത ഓരോ യാത്രക്കാരനും ഇബ്‌നു സബീലിലാണ് ഉള്‍പ്പെടുക. ഒരു താമസസ്ഥലം കണ്ടെത്തുകയോ വന്നകാര്യം പൂര്‍ത്തിയാകുകയോ ചെയ്യുന്നത് വരെ അവന് ഭക്ഷണം നല്‍കണം. ജനങ്ങളുടെ പക്കലുള്ള നിര്‍ഭയമായ വീടുകളില്‍ അവരെ താമസിപ്പിക്കണം. ഒരു വഴിയാത്രികനും അദ്ദേഹത്തിന് അഭയവും ഭക്ഷണവും അയാളുടെ ഒട്ടകത്തിന് ആവശ്യമായ ഭക്ഷണവും ലഭ്യമായിട്ടല്ലാതെ കടന്ന് പോകരുത്.’ ഇസ്‌ലാമല്ലാത്ത ഒരു മതവും ദര്‍ശനവും ഇത്തരത്തില്‍ ആവശ്യക്കാരന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പരിഗണന നല്‍കിയതായി കാണാനാവില്ല.
വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles