Current Date

Search
Close this search box.
Search
Close this search box.

മാനവ വിമോചനത്തിന് ഇസ്‌ലാമിക നാഗരികത

കിഴക്കും പടിഞ്ഞാറും വൈജ്ഞാനികമായി എത്രതന്നെ ഉന്നതി പ്രാപിച്ചാലും ദൈവികമായ ദര്‍ശനമില്ലാതെ ജീവിക്കാനാവില്ലെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. ഇഹലോകത്ത് സന്തോഷകരമായ ജീവിതത്തിനും, പരലോക മോചനത്തിനും അനിവാര്യമാണത്. ഐഹിക സുസ്ഥിതിക്കും ജീവിതം വ്യവസ്ഥപ്പെടുത്തുന്നതിനും മോചനത്തിനും ഏറ്റവും ഉത്തമമായ മാതൃകയാണ് ഇസ്‌ലാം. മനുഷ്യപ്രകൃതിയുടെ ഭാഗമാണ് ദീന്‍. ‘അതിനാല്‍ ശ്രദ്ധയോടെ നീ നിന്റെ മുഖം ഈ മതദര്‍ശനത്തിനുനേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ പടച്ചത് ഏതൊരു പ്രകൃതിയിലൂന്നിയാണോ ആ പ്രകൃതിതന്നെയാണ് ഇത്. അല്ലാഹുവിന്റെ സൃഷ്ടിഘടനക്ക് മാറ്റമില്ല. ഇതുതന്നെയാണ് ഏറ്റം ചൊവ്വായ മതം. പക്ഷേ; ജനങ്ങളിലേറെ പേരും അതറിയുന്നില്ല.’ (അര്‍റൂം: 30)

ദീന്‍ ജീവിതത്തിന്റെ സത്തയും നിലനില്‍പ്പിന്റെ രഹസ്യവുമാണ്. ദീനില്ലാതെ ജീവിക്കുന്നവന് ഐഹിക ജീവിതവും നഷ്ടമാണ്. മരുഭൂമിയില്‍ അലയുന്നവനെ പോലെയാണവന്‍. അല്ലാഹുവിന്റെ പ്രകാശം ലഭിക്കാത്തവന് ഒരു പ്രകാശവും ഉണ്ടാവില്ല. അന്ധകാരത്തിലായിരിക്കും അവന്റെ യാത്രകള്‍. അതുകൊണ്ടുതന്നെ ദീനിലേക്ക് മടങ്ങുന്നതിന്റെ അനിവാര്യതയില്‍ പരിഷ്‌കര്‍ത്താക്കള്‍ ഏകോപിച്ചിരിക്കുകയാണ്. ജീവിതത്തില്‍ പരിഭ്രാന്തി നീക്കി ഉള്‍ക്കാഴ്ച്ചയും ശാന്തതയും സ്വസ്ഥതയും നേടാനത് അത്യാവശ്യമാണ്.

നാഗരികത ജീവസുറ്റതാണ്
മനുഷ്യനെന്ന പോലെ തന്നെ നാഗരികതക്കും ശരീരവും ആത്മാവുമുണ്ട്. ഭൗതിക ഉല്‍പന്നങ്ങളാണ് അവയുടെ ശരീരത്തെ പ്രതിനിധീകരിക്കുന്നത്. കെട്ടിടങ്ങള്‍, ഫാക്ടറികള്‍, ഉപകരണങ്ങള്‍ തുടങ്ങി ജീവിതസൗകര്യം വര്‍ദ്ധിപ്പിക്കുന്ന എല്ലാം അതിന്റെ ശരീരമാണ്. ഒരു കൂട്ടം ആദര്‍ശങ്ങളും മൂല്യങ്ങളുമാണ് അതിന്റെ ആത്മാവ്. വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്വഭാവത്തിലും പരസ്പരം പെരുമാറ്റത്തിലുമാണത് പ്രതിഫലിക്കുക. മതത്തോടും ജീവിതത്തോടും പ്രപഞ്ചത്തോടും മനുഷ്യരോടും സമൂഹത്തോടുമുള്ള അവരുടെ വീക്ഷണവും അതുമായി ബന്ധപ്പെട്ടു കിടക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടുകളിലെ ആത്മാവില്ലാത്ത ഭൗതിക നാഗരികതകള്‍ മനുഷ്യരെ കഷ്ടപ്പെടുത്തുകയാണ് ചെയ്തത്. എല്ലാ തരത്തിലുമുള്ള ദുഖവും പ്രയാസവുമാണതവന് സമ്മാനിച്ചത്. അതിന്റെ പേരില്‍ എല്ലായിടത്തും നാശവും തകര്‍ച്ചയുമാണ് ഉണ്ടായത്. അതിന്റെ പരാജയം ഉറപ്പാവുകയും തൊട്ടിലില്‍ തന്നെ അവ മൃതിയടയുകയുമുണ്ടായി. അവയെ പുണര്‍ന്നിരുന്ന രാഷ്ട്രങ്ങള്‍ തകര്‍ന്നു. മതത്തിന്റെ ആദര്‍ശ പിന്‍ബലമില്ലാത്ത എല്ലാ ഭൗതിക നാഗരികതകളും തകരുക തന്നെ ചെയ്യും. മതത്തോട് യുദ്ധം പ്രഖ്യാപിച്ച് അവയെ ആരാധനാലയങ്ങളില്‍ തളച്ചിട്ട അവ എങ്ങനെയാണ് നിലനില്‍ക്കുക.

ഭൗതികമായി വളരെയധികം പുരോഗതി പ്രാപിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നിമിഷങ്ങള്‍ കൊണ്ട് ദൂരങ്ങള്‍ കീഴടക്കാനും അന്യഗ്രഹങ്ങളില്‍ എത്താനും നമുക്ക് കഴിഞ്ഞിരിക്കുന്നു. വികാരവിചാരങ്ങളെ തൃപ്തിപ്പെടുത്താനുള്ള എല്ലാ മാര്‍ഗങ്ങളും കണ്ടെത്തി. സുഖസൗകര്യങ്ങളുടെയും ഐശ്വര്യത്തിന്റെയും എല്ലാ മാര്‍ഗങ്ങളും അത് തുറന്നു. ശാസ്ത്രവും കലയും ചിന്തയുമെല്ലാം പുരോഗമിച്ചു. ധനം അധികരിക്കുകയും ലോകം മനോഹരമാവുകയും ചെയ്തു. പക്ഷെ ഇവയെല്ലാം മനുഷ്യന് സന്തോഷം നല്‍കിയോ? അവരുടെ മനസുകള്‍ക്ക് ശാന്തിയും നിര്‍ഭയത്വവും നല്‍കാനതിന് സാധിച്ചോ?

ലോകത്തിന്റെ ദൗര്‍ഭാഗ്യത്തിനു കാരണം
നിര്‍ഭയത്വവും സന്തോഷവും പ്രദാനം ചെയ്യുന്നതില്‍ ഭൗതിക നാഗരികതകള്‍ക്ക് ഒരു സംഭാവനയുമര്‍പ്പിക്കാനായില്ല എന്നതാണ് യാഥാര്‍ഥ്യം. ശാരീരിക സൗകര്യങ്ങള്‍ മാത്രമാണ് അവ പൂര്‍ത്തീകരിച്ചത്. ഭൗതികാഢംബരങ്ങള്‍ നല്‍കിയ അവ ആത്മീയശാന്തിക്കായി ഒന്നും നല്‍കിയില്ല. ഉള്ളുപൊള്ളയാണെങ്കിലും പുറംമോടിയില്‍ ജീവിക്കുന്നവനായിട്ടവന്‍ മാറി. ആധുനിക ശാസ്ത്രം മനുഷ്യന് ആയുധങ്ങളും ഉപകരണങ്ങളും നല്‍കി. അതവനെ ധിക്കാരിയും സ്വേഛാധിപതിയുമാക്കി.

അധിനിവേശ ശക്തികളായ വന്‍രാഷ്ട്രങ്ങളുടെ ഇരയാക്കപ്പെടുന്നതാണ് ഏതൊരു രാജ്യത്തിന്റെയും നവോത്ഥാനത്തിന് ഏറ്റവും വലിയ തടസ്സം. കിഴക്കും പടിഞ്ഞാറും തമ്മിലുണ്ടായ ശീതയുദ്ധങ്ങളില്‍ എത്രയെത്ര കോടികളാണ് ആയുധങ്ങള്‍ക്കായി ചെലവഴിച്ചതെന്നതിന് നാം സാക്ഷികളാണ്. ഏകധ്രുവലോക ശക്തികളില്‍ നിന്ന് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. വന്‍ശക്തികള്‍ അവരുടെ മാത്രം നേട്ടം ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്ന വാദത്തെ ശക്തിപ്പെടുത്തുകയാണിത്. മറ്റു സമൂഹങ്ങളുടെ നന്മ അവര്‍ക്ക് വിഷയമേ അല്ല. അതേസമയം അവര്‍ക്ക് ഗുണം ലഭിക്കുന്നതിനായി രക്തപ്പുഴകളൊഴുക്കാനും ശവങ്ങള്‍ കുന്നുകൂട്ടാനും അവര്‍ മടിക്കുകയുമില്ല.

രാഷ്ട്രങ്ങള്‍ മറ്റുള്ളവയുടെ മേല്‍ ശക്തിപ്രയോഗിക്കുന്നതും മനുഷ്യാവാകാശങ്ങള്‍ പിച്ചിചീന്തുന്നതും നാം കാണുന്നുണ്ട്. വന്‍ശക്തികള്‍ക്ക് സഹായകമാവുന്ന രൂപത്തില്‍ നിയമങ്ങള്‍ തെറ്റായി ഉപയോഗിക്കപ്പെടുന്നു. തങ്ങളുടെയും തങ്ങളോടൊപ്പമുള്ളവരുടെയും ഗുണത്തിനായി ഐക്യരാഷ്ട്രസഭയിലെ വീറ്റോ അധികാരം തെറ്റായി വിനിയോഗിക്കുന്നു. ഈ ബന്ധനത്തില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ ഒരു നവോത്ഥാനം സാധ്യമാകൂ. നമ്മുടെ ഉന്നമനത്തിന് വൈദേശിക ശക്തികളെ അധികം ആശ്രയിക്കുന്നതിന് പകരം സ്വന്തം ജനതയെയും അവരുടെ ശക്തിയെയുമാണ് നാം അവലംബിക്കേണ്ടത്. സ്വന്തം ജനതയുടെ പരിശ്രമത്തിലൂടെ മാത്രമേ ഏതൊരു വിമോചനവും സാധ്യമാവൂ. മറ്റുള്ളവരെ കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാം നവോത്ഥാന ശ്രമങ്ങളും മരീചികയായിരിക്കും.

ഇസ്‌ലാമിക നാഗരികതയുടെ അടിസ്ഥാനങ്ങള്‍
1. ദൈവികത: ജനങ്ങള്‍ തങ്ങളുടെ നാഥനെ തിരിച്ചറിയുക എന്ന അടിസ്ഥാനത്തെ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിക ശരീഅത്ത് നിലകൊള്ളുന്നത്. വിശുദ്ധമായ ഈ ആത്മീയ ബന്ധമാണ് കേവല ഭൗതിക ഘടനയില്‍ നിലകൊള്ളുന്ന മനുഷ്യനെ ഉന്നതനാക്കുന്ന ശ്രേഷ്ഠതയിലും സൗന്ദര്യത്തിലും എത്തിക്കുന്നത്. ‘ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ ഭക്തരായിത്തീരാന്‍.’ ഭൗതികത മനുഷ്യരെ ബന്ധിച്ചിരിക്കുന്ന എല്ലാതരം ബന്ധനങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള താക്കോലാണിത്. ഇതിലൂടെയല്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ സംസ്‌കരണം യാഥാര്‍ഥ്യമാക്കാനോ സാധിക്കുകയില്ല.

2. വിശ്വ സാഹോദര്യം: ഉത്തമ സമൂഹങ്ങള്‍ക്കായുള്ള സര്‍വ്വലോക സന്ദേശമാണ് ഇസ്‌ലാം. മനുഷ്യര്‍ക്കിടയില്‍ യാതൊരുവിധ വിവേചനവുമത് അംഗീകരിക്കുന്നില്ല. വര്‍ഗ-വര്‍ണ്ണ വിവേചനങ്ങളെല്ലാം അവസാനിപ്പിക്കാനാണത് ആഹ്വാനം ചെയ്യുന്നത്. മനുഷ്യചരിത്രത്തില്‍ തന്നെ ആദ്യമായി സാര്‍വലൗകികതയുടെ പതാകയുയര്‍ത്തി വിശ്വ സാഹോദര്യം പ്രഖ്യാപിക്കുകയാണത്. ‘ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നവനാണ്.’
ഒരിക്കല്‍ പ്രവാചന്‍ പറഞ്ഞു: ‘ജാഹിലിയത്തിന്റെ പൊങ്ങച്ചം അല്ലാഹു നിങ്ങളില്‍ നിന്ന് എടുത്തു കളഞ്ഞിരിക്കുന്നു. പിതാക്കന്‍മാരുടെയും പിതാമഹന്‍മാരുടെയും പേരില്‍ പെരുമ നടിക്കുന്നതും. മനുഷ്യരെല്ലാം ആദമില്‍ നിന്നാണ്, ആദം മണ്ണില്‍ നിന്നും. ദൈവഭക്തി കൊണ്ടല്ലാതെ അറബിക്ക് അനറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ യാതൊരുവിധ ശ്രേഷ്ഠതയുമില്ല.’

ലോകത്തെ നേതാക്കളെല്ലാം ഈ വിശ്വസാഹോദര്യത്തെ പറ്റിയാണ് സന്തോഷ വാര്‍ത്തയറിയിക്കുന്നത്. ശാന്തിയിലും സമാധാനത്തിലും നീതിയിലും സൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ സന്തുഷ്ടമായ ഒരു ലോകത്തിന് വേണ്ടിയാണവര്‍ മുദ്രാവാക്യം മുഴക്കുന്നത്. എന്നാല്‍ അത് നേടിയെടുക്കുന്നതില്‍ അവര്‍ക്കെന്ത് ചെയ്യാന്‍ സാധിച്ചുവെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തെക്കെ ആഫ്രിക്കയിലെ ഒരു നാട്ടിലെ ആളുകള്‍ക്കെങ്കിലും അവകാശ സമത്വം നല്‍കുന്നതിന് ഐക്യരാഷ്ട്ര സഭക്ക് സാധിച്ചിട്ടുണ്ടോ? അമേരിക്കയില്‍ നിലനില്‍ക്കുന്ന നികൃഷ്ടമായ വര്‍ണ്ണവിവേചനം ഇല്ലായ്മ ചെയ്യാന്‍ അതിന് സാധിച്ചുവോ? പരിശുദ്ധവും മധുവാര്‍ന്നതുമായി ദിവ്യ ബോധനം കൊണ്ടു മനസ്സുകളെ ശുദ്ധീകരിച്ചാല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. സാഹോദര്യത്തിന്റേയും ഐക്യത്തിന്റെയും മാനവികതയുടെയും മതമായ ഇസ്‌ലാം കൊണ്ടു മാത്രമേ അത് സാധിക്കുകയുള്ളൂ.

3. സമഗ്രനീതി: ഇസ്‌ലാമിക രാഷ്ട്രീയത്തിലെ സുപ്രധാന തത്വമാണ് നീതി. സമാധാനവും സത്യവും പുലരാന്‍ അത് അനിവാര്യമാണ്. അത് ഐക്യത്തിലേക്കും അനുസരണത്തിലേക്കും ക്ഷണിക്കുന്നതാണ്. എല്ലാ തരത്തിലും പുരോഗതി പ്രാപിക്കുന്ന അവിടെ ഭരണാധികാരികള്‍ നിര്‍ഭയരുമാവുന്നു. യാതൊരു സുരക്ഷയുമില്ലാതെ കിടന്നുറങ്ങിയ ഉമര്‍(റ)നോട് പേര്‍ഷ്യന്‍ പ്രതിനിധി പറഞ്ഞവാക്കുകള്‍ പ്രസിദ്ധമാണ് ‘താങ്കള്‍ വിധികല്‍പ്പിച്ചപ്പോള്‍ നീതി കാണിച്ചു. അതിനാല്‍ തന്നെ താങ്കള്‍ നിര്‍ഭയനായി കിടന്നുറങ്ങുകയും ചെയ്തു.’

സമൂഹത്തിലെ എല്ലാവരോടും നീതി കല്‍പ്പിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതില്‍ ഭരണാധികാരിയെന്നോ ഭരണീയനെന്നോ, ധനികനെന്നോ ദരിദ്രനെന്നോ, മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വിവേചനമില്ല. ‘വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്.'(അല്‍ മാഇദ: 8)

4.സമത്വം: അവകാശങ്ങളിലും ബാധ്യതകളിലുമുള്ള സമത്വം ഇസ്‌ലാമിന്റെ അടയാളമാണ്. വര്‍ഗ-വര്‍ണ്ണ-വിശ്വാസങ്ങള്‍ക്കതീതമായി മനുഷ്യവര്‍ഗത്തെയാണ് ഇസ്‌ലാം ആദരിക്കുന്നത്. ‘ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു.'(അല്‍ ഇസ്രാഅ്: 70)

ഇസ്‌ലാം ഭരണാധികാരികള്‍ക്കും ഭരണീയര്‍ക്കുമിടയില്‍ വേര്‍തിരിവ് കല്‍പ്പിക്കുന്നില്ല. മാത്രമല്ല ഇസ്‌ലാമില്‍ ഭരണാധികാരി കൂലിക്കാരന്‍ മാത്രമാണ്. ഹേ, കൂലിക്കാരാ, താങ്കള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവുമുണ്ടാവട്ടെ എന്നു പറഞ്ഞു കൊണ്ട് അബൂ മുസ്‌ലിം ഒരിക്കല്‍ മുആവിയയുടെ സദസില്‍ പ്രവേശിച്ചു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന സദസ്യര്‍ അദ്ദേഹത്തോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. അദ്ദേഹം പറയുന്ന കാര്യത്തില്‍ തികഞ്ഞ ജ്ഞാനമുള്ളവനാണ് എന്നാണ് മുആവിയ അതിനോട് പ്രതികരിച്ചത്. അല്ലാഹുവിന്റെ മുമ്പില്‍ സൃഷ്ടികളെല്ലാം സമന്‍മാരാണ്.

5. കാരുണ്യം: ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. ലോകത്തിന് കാരുണ്യമായിട്ടു മാത്രമാണ് നബി(സ)യെ അയച്ചതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തയാള്‍ക്ക് മുമ്പില്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെട്ടു. പൂച്ചയെ കെട്ടിയിട്ട് പീഢിപ്പിച്ച സ്ത്രീ നരകാവകാശിയാവുകയും ചെയ്തു. ഇസ്‌ലാം കാരുണ്യത്തിന് നല്‍കുന്ന പ്രാധാന്യമാണിത് വ്യക്തമാക്കുന്നത്.

6.കൂടിയാലോചന: ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനമാണ് കൂടിയാലോചന. തങ്ങളുടെ കാര്യങ്ങള്‍ കൂടിയാലോചിക്കുന്നവരെന്ന് ഖുര്‍ആന്‍ വിശ്വാസികളെ വിശേഷിപ്പിച്ചത് അതിന്റെ മഹത്വത്തെയാണ് കുറിക്കുന്നത്. നബി(സ) നമ്മോട് കല്‍പ്പിച്ചിട്ടുള്ള കാര്യവുമാണത്. കൂടിയാലോചന എന്ന ഒരു അടിസ്ഥാനം മുന്നില്‍ വെക്കുകയാണ് ഇസ്‌ലാം. അതിന്റെ രൂപമോ ശൈലിയോ എങ്ങനെയായിരിക്കണമെന്ന് അത് പറഞ്ഞ് തന്നിട്ടില്ല. കാരണം സ്ഥല-കാല സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്ന ഒന്നാണ്. ഇസ്‌ലാമിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന രീതി ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയധികം പുരോഗതി പ്രാപിച്ച ഇക്കാലത്തിന് യോജിക്കുകയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് പ്രതിനിധി സഭകള്‍ രൂപീകരിക്കാം. ഒരു സംഘത്തിന്റെ അഭിപ്രായം അറിയാന്‍ ഇതിലേറെ ഉത്തമമായ മാര്‍ഗമില്ല. ഈ വിശാലതയും അഭിപ്രായ സ്വാതന്ത്ര്യവുമാണ് ഇസ്‌ലാമിനെ എക്കാലത്തേക്കും എല്ലാ സ്ഥലങ്ങളിലേക്കും അനുയോജ്യമാക്കുന്നത്.

7. സ്ഥൈര്യം: മനുഷ്യ നിര്‍മ്മിത വ്യവസ്ഥകള്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാണ്. എന്നാല്‍ ഇസ്‌ലാമിക വ്യവസ്ഥ സ്ഥിരതയുള്ളതാണ്. കാരണമവ അല്ലാഹുവില്‍ നിന്നുള്ളതാണ്. അവനാണ് തന്റെ സൃഷ്ടികളെയും അവരുടെ ആവശ്യങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍. അവന്റെ അറിവ് എല്ലാ കാര്യങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്നതായതു കൊണ്ടുതന്നെ അവന്റെ വ്യവസ്ഥ സമ്പൂര്‍ണ്ണമായിരിക്കും.

മനുഷ്യന്റെ അറിവ് പരിമിതമായതു കൊണ്ടുതന്നെ അവനുണ്ടാക്കുന്ന വ്യവസ്ഥകള്‍ക്ക് ന്യൂനതയുണ്ടാവുകയും മാറ്റത്തിരുത്തല്‍ ആവശ്യമായി വരികയും ചെയ്യും. ഓരോ സമൂഹവും സ്വീകരിച്ച നിയമങ്ങള്‍ പരിശോധിച്ചാലത് വ്യക്തമാകും. തദ്ദേശിയര്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രാധാന്യം നല്‍കുന്നവയായിരിക്കുമത്. അതിന് വേണ്ടി എത്ര ആളുകളെ ഇല്ലാതാക്കാനും അവര്‍ മടിക്കുകയില്ല. അമേരിക്ക അഫാഗാനിലും ഇറാഖിലുമെല്ലാം നടത്തിയ നരനായാട്ടിനെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. മനുഷ്യ കുലത്തിന് തന്നെ അപമാനമാണ് ഫലസ്തീനില്‍ നടക്കുന്ന കാര്യങ്ങള്‍.

വ്യക്തി താല്‍പര്യങ്ങള്‍ക്കും പൊതുതാല്‍പര്യങ്ങള്‍ക്കിടയിലും സന്തുലിതത്വം പാലിക്കുക. വ്യക്തി താല്‍പര്യങ്ങളേക്കാള്‍ സമൂഹത്തിന്റെ താല്‍പര്യങ്ങളാണ് പരിഗണനീയം. വളരെ സൂക്ഷ്മമായ സന്തുലനത്തിലൂടെയാണ് ഇസ്‌ലാം വ്യക്തിയെയും സമൂഹത്തെയും കൈകാര്യം ചെയ്യുന്നത്.

8. സമാധാനം: സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം. ശഹീദ് ഹസനുല്‍ ബന്നാ പറയുന്നു: ‘ഇസ്‌ലാം സമാധാനത്തിന്റെ വ്യവസ്ഥയാണ്. അത് കാരുണ്യത്തിന്റെ മതമാണെന്നതില്‍ സംശയമില്ല. അതിന്റെ വിധികളെ കുറിച്ച് അറിയാത്തവനല്ലാതെ അതിനോട് വിയോജിക്കില്ല. അല്ലെങ്കില്‍ അതിനോട് പകയുള്ളവനോ അഹങ്കാരിയോ ആയിരിക്കുമവന്‍. അവന്‍ തെളിവുകള്‍ അംഗീകരിക്കുകയോ തൃപ്തനാവുകയോ ഇല്ല. ‘സലാം’ (സമാധാനം) എന്ന പദത്തില്‍ നിന്നാണ് ഇസ്‌ലാം ഉണ്ടായിട്ടുള്ളത്. അതില്‍ വിശ്വസിക്കുന്നവരെയാണ് മുസ്‌ലിങ്ങള്‍ എന്നു വിളിക്കുന്നത്. ലോകനാഥന് കീഴ്‌പ്പെടലാണ് ഈ ദര്‍ശനത്തിന്റെ അടിസ്ഥാനം. ഇസ്‌ലാമിന്റെ ആളുകളുടെ അഭിവാദ്യം സമാധാനമുണ്ടാകട്ടെ എന്നു പറഞ്ഞുകൊണ്ടാണ്. നമസ്‌കാരം അവസാനിപ്പിക്കുന്നതും സലാം പറഞ്ഞു കൊണ്ടു തന്നെ. സര്‍വ്വജ്ഞനായ അല്ലാഹുമായുള്ള സംഭാഷണത്തിനായി ആളുകളില്‍ നിന്ന് മാറി നില്‍ക്കുന്ന അവന്‍ തിരിച്ച് ചെല്ലുന്നതും സലാം പറഞ്ഞുകൊണ്ടാണ്.’

ഇത് നമ്മുടെ ദര്‍ശനവും വിശ്വാസവും നാഗരികതയുമാണ്. നീതിയുടെ സംസ്ഥാപനം, സമത്വം, കാരുണ്യം തുടങ്ങിയവയാണ് അതിന്റെ അടിസ്ഥാനം. അതില്‍ അഭയം തേടുന്നവരുടെ വിശ്വാസത്തിനും ശരീരത്തിനും ധനത്തിനും അഭിമാനത്തിനുമത് സുരക്ഷിതത്വം നല്‍കുന്നു. എല്ലാ കോണുകളിലും സമാധാനം കാത്തുസൂക്ഷിക്കുന്ന ഈ നാഗരികതയുടെ മഹത്വമുള്‍ക്കൊള്ളാന്‍ നിങ്ങള്‍ ഇനിയും വൈകുകയാണോ? ഇസ്‌ലാമിക നാഗരികത ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്നതും അവക്ക് സമാധാനവും നിര്‍ഭയത്വവും നല്‍കുന്നതാണെന്ന് മനസിലാക്കാന്‍ നിങ്ങള്‍ക്ക് സമയമായില്ലേ?

മുഴുവന്‍ ലോകത്തിനും പ്രകാശമാണ് ഇസ്‌ലാമിക നാഗരികത. സൂര്യന്റെ പ്രകാശം കൊട്ടാരങ്ങളെയും കൂരകളെയും ഒഴിവാക്കാത്തതു പോലെ ഇതിന്റെ പ്രയോജനവും എല്ലാവര്‍ക്കുമുള്ളതാണ്. സൂര്യനും നമ്മുടെ നാഗരികതയും ഇരട്ടകളാണ്. അവ രണ്ടുമില്ലാതെ മനുഷ്യജീവിതം സാധ്യമല്ല. ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ അസ്തമനം ആസന്നമാണ്. ഇസ്‌ലാമിക നാഗരികതയുടെ പ്രകാശം ചക്രവാളത്തില്‍ ശോഭിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിന്റെ സൂര്യന്‍ ഉദിച്ചതിന് ശേഷം അതിന്റെ പ്രകാശം ഇല്ലാതായിട്ടില്ല. ചില മേഘങ്ങള്‍ അതിനെ മറക്കുക മാത്രമാണ് സംഭവിച്ചത്. ആ മറ അധിക കാലം നീണ്ടു നില്‍ക്കില്ല.

വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles