Counter Punch

സമാധാനം പറഞ്ഞ് നീതി ഹനിക്കുമ്പോൾ

രാജ്യത്ത് സമാധാനം ഉണ്ടാകുമോ ഇല്ലയോ എന്നു നോക്കി കേസില്‍ വിധി പറയലല്ല പരമോന്നത നീതി പീഠത്തിന്റെ പണിയെന്നും സമ്പൂര്‍ണ നീതി ഉൽഘോഷിക്കുന്ന ഭരണഘടനയുടെ 142ാം ഖണ്ഡികയുടെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിച്ചുവെന്ന് പറയുന്ന അയോധ്യ കേസില്‍ നീതി ഒട്ടും പുലര്‍ന്നിട്ടില്ലെന്നും സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍. മത വികാരങ്ങൾക്കും ഭരണ കക്ഷിയുടെ സമ്മർദ്ദങ്ങൾക്കും പരമോന്നത കോടതി കീഴൊതുങ്ങിയെന്നും ‘ഇന്ത്യാ ടുഡെ’ ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിൽ ധവാൻ തുറന്നുപറയുന്നു.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

*വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് നിയമപാലക ഏജന്‍സികളുമായി അടച്ചിട്ട മുറിയില്‍ യോഗം ചേരേണ്ട ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഉണ്ടായിരുന്നില്ല. കോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ ഏതു വിധേനയും അത് നടപ്പാകുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. പോലീസുമായും രാഷ്ട്രീയക്കാരുമായും സംസാരിക്കേണ്ട കാര്യം ഗൊഗോയിക്കും ജസ്റ്റിസ് അശോക് ഭൂഷനുമില്ല. അതവരുടെ പരിധിയില്‍ പെടുന്നതുമല്ല. തുറന്ന കോടതിയിലായിരുന്നു വിധി പ്രഖ്യാപിക്കേണ്ടിയിരുന്നത്, അല്ലാതെ അടച്ചിട്ട മുറിക്കകത്തല്ല.

*റിവ്യൂ ഹരജി നല്‍കാനുള്ള അവകാശം സുന്നി വഖഫ് ബോര്‍ഡിനുണ്ട്. നീതി ലഭ്യമാകാതെ സമാധാനം കൈവരില്ല എന്ന ഒരൊറ്റ കാരണത്താല്‍ റിവ്യൂ ഹരജി ഫയല്‍ ചെയ്യണമെന്നാണ് എന്റെ നിലപാട്. അനുകൂല നടപടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ വിധിയിലെ അടിസ്ഥാന പിഴവുകള്‍ പുറത്തുകൊണ്ടുവരാന്‍ അത് വഴിവെക്കും.

*ബി.ജെ.പി പ്രകടനപത്രിക വിശുദ്ധ ഗ്രന്ഥമല്ല. രാമക്ഷേത്ര നിര്‍മാണം മാത്രമാണ് ഏക പരിഹാരമെന്ന പ്രകടന പത്രികയിലെ വാചകം കോടതിയലക്ഷ്യമാണ്. (ബാബരി മസ്ജിദ് തകര്‍ത്ത) തന്റെ നിലപാട് കോടതി വിധിയിലൂടെ ശരിവെക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്ന എല്‍.കെ. അദ്വാനി, പള്ളി പൊളിക്കല്‍ വീരകൃത്യമല്ലെന്ന് അറിയണം. അദ്ദേഹത്തിന്റെ രഥയാത്ര ഹിന്ദുക്കളെ ഏകീകരിക്കാനല്ല, മുസ്‌ലിംകളെ ഭീഷണിപ്പെടുത്താനായിരുന്നു.

*കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുമ്പോള്‍ ഇന്ന വിധിയാണ് ഉണ്ടാവേണ്ടതെന്ന് പറയാന്‍ ഗവണ്‍മെന്റിനോ വ്യക്തികള്‍ക്കോ അധികാരമില്ല. ‘മന്ദിര്‍ വഹീ ബനേഗാ’ (കോടതി എന്തു വിധിച്ചാലും ക്ഷേത്രം അവിടെത്തന്നെ നിര്‍മിക്കും) എന്ന സംഘ്പരിവാര്‍ മുദ്രാവാക്യം തികഞ്ഞ കോടതിയലക്ഷ്യമാണ്.

*മുസ്‌ലിംകള്‍ക്കും ഹിന്ദുകള്‍ക്കും വേണ്ടി വിവിധ കേസുകളില്‍ ഞാന്‍ ഹാജരാവാറുണ്ട്. ലിബറല്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി വാദിച്ചിട്ടുണ്ട്. ബാബരി കേസ് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ളതല്ല, രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ്.

*രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിൽ മുസ്ലിംകൾക്ക് ഒരു പങ്കുമില്ല, എന്നാൽ ഹിന്ദുക്കൾക്കുണ്ട് എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത് വിവാദമാക്കേണ്ടതില്ല. ഹിന്ദുക്കൾ എന്നുദ്ദേശിച്ചത് സംഘ് പരിവാറിനെയാണ്, വിശാലമായ ഹൈന്ദവ സമൂഹത്തെയല്ല. ഇത്തരം അക്രമങ്ങളെ ഹിന്ദു സമൂഹം അംഗീകരിക്കുന്നില്ല.

*പള്ളിയുടെ പേരില്‍ വലിയ നീതിനിഷേധമാണ് രാജ്യത്ത് ഉണ്ടായത്. 1934ലും 1949ലും പള്ളി സംരക്ഷിക്കാനുള്ള മുസ്‌ലിംകളുടെ ന്യായമായ അവകാശം ഹനിക്കപ്പെട്ടു. 1950നും 1992നുമിടയില്‍ കോടതികളുടെ ഭാഗത്തുനിന്നുള്ള ഒരു വിധികളും നടപ്പാക്കാന്‍ ഹിന്ദു വിഭാഗം തയ്യാറായില്ല. അതിന്റെ ഏറ്റവും ഭീകരമായ അന്ത്യമാണ് 1992 ഡിസംബറില്‍ പള്ളി പൊളിക്കലിലൂടെ സംഭവിച്ചത്. അതിനാല്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കലാപങ്ങള്‍ക്കും പിന്നില്‍ സംഘ്പരിവാറില്‍പെട്ട ഹിന്ദുക്കളാണെന്ന് പറയാന്‍ എനിക്ക് ഒരു ഭയവുമില്ല.

*ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍ ആക്രമണങ്ങളില്‍ എനിക്ക് ഭീതിയുണ്ട്. അവര്‍ ഹിന്ദു താലിബാനാണ്. കോടതിയിലും ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. കോടതി മുറിക്കകത്തുവെച്ച് അവരില്‍പെട്ട ഒരാള്‍ എന്നെ ആക്രമിക്കാന്‍ വരെ തുനിഞ്ഞു. വധഭീഷണിയും ശാപ ആക്രോശങ്ങളും വ്യക്തിഹത്യ നടത്തുന്ന രണ്ടായിരത്തോളം കത്തുകളും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ വീടിനുനേരെ മലം വരെ വലിച്ചെറിഞ്ഞിട്ടുണ്ട്. ഇതൊക്കെ സംഘ്പരിവാര്‍ ആക്രമണമായിരുന്നു.

*ബാബരി വിധിയെ വിലയിരുത്തി ‘നാഷനല്‍ ഹെറാള്‍ഡി’ല്‍ വന്ന ലേഖനത്തിന്റെ ഉത്തരവാദിത്തമൊഴിഞ്ഞ കോണ്‍ഗ്രസിന്റെ നടപടി വലിയ പിഴവാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വന്തം പത്രത്തിന്റെ അഭിപ്രായങ്ങള്‍ തള്ളിപ്പറയുന്നത് നാണക്കേടാണ്. സത്യത്തിന്റെയും നീതിയുടെയും കാര്യത്തില്‍ ഭീഷണിക്കു വഴങ്ങില്ലെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി പറയേണ്ടത്.

 

Facebook Comments
Related Articles
Show More

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India
Close
Close