Parenting

കൂരകള്‍ തകര്‍ക്കരുത്; പകരം കൊട്ടാരം പണിയുക

കഴിഞ്ഞതിനെയും വരാനിരിക്കുന്നതിനെയും റദ്ദാക്കുന്ന ‘പക്ഷേ’ എന്ന പദത്തെ നീരസത്തോടെ കാണുന്നവരാണ് മിക്കയാളുകളും. മറ്റൊരാളെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിലെ നല്ല വശങ്ങള്‍ പറഞ്ഞ് ആരംഭിച്ച് പിന്നെയൊരു ‘പക്ഷേ’യില്‍ നിര്‍ത്തുകയാണ്. തുടര്‍ന്ന് പറയുന്നത് അദ്ദേഹത്തിലെ ദോഷവശങ്ങളായിരിക്കും. ആ ഒരു വാക്ക് ഉച്ചരിക്കുന്നതോടെ എല്ലാ പ്രശംസയും നന്മകളും തകര്‍ത്തെറിയപ്പെടുന്നു. ഈ വാക്കിനെ സംബന്ധിച്ച മൂന്ന് വശങ്ങളാണ് വിശകലനം ചെയ്യാനുദ്ദേശിക്കുന്നത്.

വിമര്‍ശനത്തില്‍ അസ്വസ്ഥനാവാതിരിക്കുക
‘താങ്കളുടെ മൂല്യത്തിനനുസരിച്ച് താങ്കള്‍ക്ക് നേരെ വിമര്‍ശനങ്ങളുമുണ്ടാകും’ എന്നൊരു ചൊല്ലുണ്ട്. എന്റെ ന്യൂനതകള്‍ എനിക്ക് സമ്മാനിക്കുന്നവരോട് അല്ലാഹു കരുണ കാണിക്കട്ടെയെന്ന് ഉമര്‍ ബിന്‍ ഖത്താബ്(റ) പറഞ്ഞതായി റിപോര്‍ട്ടുകളില്‍ കാണാം. ജനങ്ങളില്‍ താങ്കളെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ താങ്കളാണ്. ആരെങ്കിലും താങ്കള്‍ക്ക് നേരെ ഒരു വിമര്‍ശനം ഉന്നയിക്കുന്നു, അല്ലെങ്കില്‍ എന്തെങ്കിലും കാര്യം ശ്രദ്ധയില്‍ പെടുത്തുകയോ ഉപദേശിക്കുകയോ ചെയ്യുന്നു. അത് സത്യസന്ധമാണെങ്കിലും അല്ലെങ്കിലും അതില്‍ അസ്വസ്ഥപ്പെടേണ്ടതില്ല. അത് സത്യമാണെങ്കില്‍ അതിനെ ന്യായീകരിക്കുന്നതിന് പകരം അത് അറിയിച്ച് തന്നവനോട് നന്ദിയറിയിക്കുക. ഉമര്‍(റ) പറഞ്ഞത് പോലെ അതിനെ സമ്മാനമായി കാണുക. ആ പറഞ്ഞത് ശരിയല്ലെങ്കില്‍ താങ്കള്‍ക്ക് ദോഷം ചെയ്യുകയോ വിലകുറക്കുകയോ ചെയ്യുന്നില്ല.

ഇത്തരത്തില്‍ വിമര്‍ശനങ്ങളെ സമീപിക്കുമ്പോള്‍ നിരവധി ഫലങ്ങളതുണ്ടാക്കുന്നുണ്ട്. ഒന്നാമതായി സത്യസന്ധവും അല്ലാത്തതുമായ വിമര്‍ശനങ്ങളെ സഹിക്കാന്‍ നിങ്ങള്‍ പരിശീലിക്കുന്നു. രണ്ടാമതായി താങ്കളുടെ സ്ഥാനവും പദവിയും അതിലൂടെ ഉയരുന്നു. മൂന്ന്, സ്വന്തത്തോടുള്ള പ്രതികാരത്തില്‍ നിന്ന് നിങ്ങളെയത് അകറ്റുന്നു. നാല്, ദുഖത്തില്‍ നിന്നും വിഷമത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ബഹുദൈവ വിശ്വാസികളുടെ ആരോപണങ്ങളെ നേരിടാന്‍ ഏറ്റവും ഫലപ്രദമായ മരുന്നായി അല്ലാഹു അവന്റെ ദൂതന് പരിചയപ്പെടുത്തുന്നത് നോക്കൂ: ”ഈ ജനം നിന്നെക്കുറിച്ച് പറയുന്ന വര്‍ത്തമാനങ്ങളില്‍ നിനക്ക് മനഃക്ലേശമുള്ളതായി നാം അറിയുന്നുണ്ട്. (അതിനു പരിഹാരം ഇതാകുന്നു:) നിന്റെ റബ്ബിന്റെ സ്തുതി കീര്‍ത്തനം ചെയ്യുക. അവന്റെ സന്നിധിയില്‍ സാഷ്ടാംഗം പ്രണമിക്കുക.” (അല്‍ഹിജ്ര്‍: 97-98) മറുപടി നല്‍കുന്നതിനും ന്യായീകരിക്കുന്നതിനും നിഷേധിക്കുന്നതിനും പകരം തസ്ബീഹ് ചൊല്ലാനാണ് ഇതില്‍ കല്‍പിക്കുന്നത്. അവര്‍ പറയുന്നതിനെ അവഗണിക്കാന്‍ അല്ലാഹു എത്രതവണ കല്‍പിച്ചിരിക്കുന്നു!

സൂറത്തുല്‍ അസ്വ്‌റില്‍ വിജയികളുടെ വിശേഷണമായി അല്ലാഹു പറയുന്നു: ”സത്യം കൊണ്ട് പരസ്പരം ഉപദേശിച്ചവരും ക്ഷമ കൊണ്ട് പരസ്പരം ഉപദേശിച്ചവരും” നബി(സ)യുടെ കരാറിലെ വ്യവസ്ഥകളിലൊന്നായിരുന്നു എല്ലാ മുസ്‌ലിംകളോടും ഗുണകാംക്ഷയോടെ പെരുമാറുകയെന്നത്.

നീയൊരിക്കലും ഗുണകാംക്ഷയെ സങ്കുചിതമായി കാണുന്നവരുടെ കൂട്ടത്തിലാവരുത്. താങ്കളുടെ പ്രതികരണം ഭയന്ന് ആളുകള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കും. ഗുണകാംക്ഷിക്കുന്നവരെ ഒരിക്കലും ‘നീയും ഇപ്രകാരം ഇന്നയിന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടില്ലേ’ എന്ന് പറഞ്ഞ് നേരിടരുത്. അതിനെ താങ്കള്‍ക്ക് നേരെയുള്ള വെല്ലുവിളിയായോ നിന്ദയായോ സ്വീകരിക്കരുത്. താങ്കളില്‍ അദ്ദേഹം ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യമുണ്ടാവാം. താങ്കളത് വെടിയണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ താങ്കളിലില്ലാത്ത ഒരു നന്മ ഉണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ താങ്കള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹത്തിലുള്ള അസൂയ കൊണ്ടായിരിക്കാം. അങ്ങനെയെങ്കില്‍ അതിന് മറുപടി നല്‍കേണ്ട ആവശ്യമില്ല.

ഒരു നന്മയും അവഗണിക്കപ്പെടരുത്
കുന്നോളം തെറ്റുകള്‍ ചെയ്ത ഒരാളെ കുറിച്ച് പറയുന്ന ഹദീസ് അതാണ് പഠിപ്പിക്കുന്നത്. പരലോകത്ത് മുഴുവന്‍ സൃഷ്ടികള്‍ക്ക് മുമ്പിലും ഒരാളെ ഹാജരാക്കപ്പെടും. അയാള്‍ ചെയ്ത തെറ്റുകള്‍ സംബന്ധിച്ച 99 രേഖകള്‍ അവിടെ ഹാജരാക്കപ്പെടും. അവ ഓരോന്നും കണ്ണെത്താ ദൂരത്തോളം വ്യാപ്തിയുള്ളതാണ്. ഇതില്‍ ഏതെങ്കിലും താങ്കള്‍ നിഷേധിക്കുന്നുണ്ടോ എന്ന അല്ലാഹുവിന്റെ ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണയാള്‍ നല്‍കുന്നത്. യാതൊരു ന്യായവും അയാള്‍ക്ക് ബോധിപ്പിക്കാനില്ല. അപ്പോഴാണ് ശഹാദത്ത് കലിമകള്‍ രേഖപ്പെടുത്തിയ ഒരു കാര്‍ഡ് അയാളുടെ നന്മയായി കൊണ്ടുവരപ്പെടുന്നത്. അയാളുടെ തിന്മയുടെ രേഖകളും നന്മയുടെ ആ കാര്‍ഡും അവിടെ വെച്ച് തൂക്കുന്നു. ആ കാര്‍ഡിനാണ് തിന്മയുടെ രേഖകളേക്കാള്‍ മുന്‍തൂക്കം ലഭിക്കുന്നത്. ആളുകളെ വിലയിരുത്തുമ്പോഴും ഈ മാനദണ്ഡം നാം പാലിക്കേണ്ടതുണ്ട്. അജ്ഞതയാലോ അശ്രദ്ധയാലോ ഒരാള്‍ക്ക് സംഭവിച്ച തെറ്റിന്റെ പേരില്‍ അയാളുടെ മറ്റു പ്രവര്‍ത്തനങ്ങളെ തകര്‍ത്തെറിയരുത്. ഒരാളിലെ എല്ലാ നന്മകളെയും മൂടിക്കളയുന്ന തരത്തില്‍ അയാളിലെ തെറ്റിനെ പെരുപ്പിച്ച് കാണിക്കുന്ന ചിലയാളുകളുണ്ട്. ”പ്രിയപ്പെട്ടവന് ഒരു തെറ്റ് സംഭവിച്ചാല്‍ ആയിരം ശിപാര്‍ശകരായി അവനിലെ നന്മകള്‍ വരും” എന്ന് പറഞ്ഞ കാമുകനെ പോലെയാണ് നീ ആവേണ്ടത്.

അപ്രകാരം ഒരാള്‍ നിങ്ങളെ പ്രശംസിക്കുന്നു പിന്നീട് നിങ്ങളിലെ തെറ്റായ ഒരു കാര്യം സൂചിപ്പിക്കുന്നു. അതിന്റെ പേരില്‍ അയാള്‍ പറഞ്ഞ നല്ല വാക്കുകളെ നിങ്ങള്‍ തകര്‍ത്തെറിയരുത്. മക്കാ വിജയത്തിന് തൊട്ടുമുമ്പ് ഹാതിം ബിന്‍ അബീ ബല്‍തഅ(റ) ചെയ്ത നീചമായ തെറ്റിന്റെ പേരില്‍ അദ്ദേഹത്തിന്റെ ദൈവമാര്‍ഗത്തിലെ സമരത്തെ ഇല്ലാതാക്കിയിട്ടില്ല. ബദ്‌റില്‍ പങ്കെടുത്തു യുദ്ധം ചെയ്തു എന്ന കാരണത്താല്‍ ചാരപ്രവര്‍ത്തനം നടത്തിയവനെ കൊല്ലണമെന്ന ദൈവിക വിധി നടപ്പാക്കേണ്ടന്ന് തീരുമാനിക്കുകയാണ് പ്രവാചകന്‍(സ) ചെയ്തത്. ആ വലിയ നന്മയാണ് അദ്ദേഹത്തിനവിടെ ശിപാര്‍ശകനായി എത്തിയത്.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
വിമര്‍ശനമാവാം എന്നാല്‍ അതില്‍ അതിരുവിടരുത്. കല്‍പനകള്‍ക്കും വിലക്കുകള്‍ക്കും പകരം ക്രിയാത്മകമായ രീതിയാണ് മക്കളോട് സ്വീകരിക്കേണ്ടത്. അമിതമായ വിമര്‍ശനം കുട്ടിയില്‍ താനൊന്നിനും കൊള്ളാത്തവനാണെന്ന അപകര്‍ഷതാബോധമാണ് വളര്‍ത്തുക.

ലക്ഷ്യം നിര്‍ണിതമായിരിക്കുമ്പോഴും ആ ലക്ഷ്യത്തിലേക്ക് പല മാര്‍ഗങ്ങളുണ്ടാവും. ചിലപ്പോഴെല്ലാം യുക്തമായ മാര്‍ഗം വിരളമായിരിക്കും. രാജാവിന്റെ സ്വപ്‌നം വ്യാഖ്യാനിച്ചു കൊണ്ട് ഒന്നാമത്തെയാള്‍ പറഞ്ഞു: ‘അങ്ങയുടെ കുടുംബത്തില്‍ അവസാനം മരിക്കുന്നത് അങ്ങായിരിക്കും.’ ഈ വ്യാഖ്യാതാവിനെ രാജാവ് ശിക്ഷിക്കുകയാണ് ചെയ്തത്. രണ്ടാമത്തെയാള്‍ വ്യാഖ്യാനിച്ചത് ഇങ്ങനെയായിരുന്നു: ”അങ്ങയുടെ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ ആയുസ്സുള്ളത് താങ്കള്‍ക്കാണ്.” അദ്ദേഹത്തിന് രാജാവ് പ്രതിഫലവും നല്‍കി. രണ്ട് പേരും ഒരേ വ്യാഖ്യാനമാണ് നല്‍കിയത്, ശൈലിയില്‍ മാത്രാമായിരുന്നു മാറ്റം. ‘നീ ചെരുപ്പിടാതെ കളിക്കരുത്’ എന്ന് കുട്ടിയോട് പറയുന്നതിന് പകരം ‘കളിക്കുമ്പോള്‍ നീ ചെരുപ്പിടണം’ എന്ന് പറഞ്ഞു നോക്കൂ. അത് പ്രയാസമുള്ള കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ അതിന് പരിശീലനം ശ്രദ്ധയും ആവശ്യമാണ്.

‘അരുത്’കളുടെ ആധിക്യം കുട്ടികളുടെ മനസ്സില്‍ ദോഷങ്ങളാണുണ്ടാക്കുക. ഒരു കുട്ടി ഭക്ഷണം കൊണ്ട് കളിക്കുന്നത് കണ്ടപ്പോള്‍ പ്രവാചകന്‍(സ) നീ ഭക്ഷണം കൊണ്ട് കളിക്കരുത് എന്നല്ല പറഞ്ഞത്. മറിച്ച് ‘നിന്നോട് അടുത്ത ഭാഗത്ത് നിന്നും നീ ഭക്ഷിക്കുക’ എന്നാണ് പറഞ്ഞത്. കുട്ടിയിലെ ദോഷവശങ്ങള്‍ ചൂണ്ടി മുന്നറിയിപ്പ് കൊടുക്കുമ്പോള്‍ സ്വന്തത്തെ കുറിച്ച് തെറ്റായ ചിന്തയാണ് അതവനില്‍ ഉണ്ടാക്കുക. ഈ ബോധം അവന്റെ രൂപത്തെയും ബാധിക്കും. അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ)നെ പ്രശംസിച്ചു കൊണ്ട് നബി(സ) പറഞ്ഞത് നമുക്ക് മാതൃകയാണ്. ‘അബ്ദുല്ല എത്ര നല്ല ദാസനാണ്, പക്ഷേ അദ്ദേഹം ഖിയാമുല്ലൈല്‍ നിര്‍വഹിക്കാറില്ല.’ എന്ന് പറയുന്നതിന് പകരം ‘അബ്ദുല്ല എത്ര നല്ല ദാസനാണ്, അദ്ദേഹം ഖിയാമുല്ലൈല്‍ നിര്‍വഹിച്ചിരുന്നുവെങ്കില്‍’ എന്നാണ് പറഞ്ഞത്. എന്തായിരുന്നു അതിന്റെ ഫലം? പിന്നീട് അബ്ദുല്ല ജീവിതകാലത്ത് ഖിയാമുല്ലൈല്‍ ഉപേക്ഷിച്ചിട്ടില്ല. ‘പക്ഷേ’ എന്ന വാക്ക് ഉപേക്ഷിച്ച് ‘ഇപ്രകാരം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു’ അല്ലെങ്കില്‍ ‘ഇങ്ങനെ ചെയ്താല്‍ ഒന്നുകൂടി പൂര്‍ണത ലഭിക്കുമായിരുന്നു’ എന്നുപയോഗിക്കാന്‍ ശ്രമിക്കുക.

മക്കളെ അമിതമായി ശകാരിക്കരുത്. നിര്‍ദേശങ്ങളെ വിലകുറച്ച് കാണുന്നവരാക്കി അവരെയത് മാറ്റും. ഉപ്പയുടെ അടുത്ത് നിന്നും ശകാരം കേള്‍ക്കുന്നത് എനിക്ക് ശീലമായി അല്ലെങ്കില്‍ അടി കിട്ടുന്നത് എനിക്ക് ശീലമായി എന്ന് കുട്ടികള്‍ പറയുന്നത് എത്രയോ നാം കേട്ടിട്ടുണ്ട്.

തെറ്റായ ഒരു സന്ദര്‍ഭത്തെ കുട്ടിയുടെ മനസ്സില്‍ ഒരു മൂല്യം വളര്‍ത്താനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നവനാണ് വിജയിയായ രക്ഷിതാവ്. അബൂ മഹ്ദൂറ കുട്ടിയായിരിക്കുമ്പോള്‍ ബാങ്കിനെ പരിഹസിക്കുന്നത് കേട്ട പ്രവാചകന്‍(സ) അദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തെ കുറിച്ച് ഉണര്‍ത്തിക്കൊണ്ട് പറഞ്ഞു: നീ ഞങ്ങളുടെ മുഅദിനാണ്. പിന്നീടദ്ദേഹം മരിക്കും വരെ മക്കയിലെ മുഅദ്ദിനായിരുന്നു എന്നത് ചരിത്രം.

സഹ്ല്‍ ബിന്‍ അബ്ദുല്ല അത്തസ്തുരിക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ അല്ലാഹു സദാ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം ഉള്ളില്‍ ഉറപ്പിച്ചത് വളരെ ആകര്‍ഷകമായ രീതിയിലാണ്. നീ കളവ് പറയരുത്, അല്ലാഹു കേള്‍ക്കും. നീ തെറ്റ് ചെയ്യരുത് അല്ലാഹു കാണുന്നുണ്ട്. എന്നൊന്നുമല്ല അദ്ദേഹം പറഞ്ഞത്. എന്നും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൂന്ന് വാക്കുകള്‍ പറയാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ‘അല്ലാഹു എന്റെ കൂടെയുണ്ട്. അല്ലാഹു എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. അല്ലാഹു എന്നെ കണ്ടുകൊണ്ടിരിക്കുന്നു.” അതില്‍ ഞാനൊരു മാധുര്യം അനുഭവിച്ചിരുന്നു എന്നാണ് സഹ്ല്‍ ബിന്‍ അബ്ദുല്ല പിന്നീട് അതിനെ കുറിച്ച് പറഞ്ഞത്. അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ ഗുരുനാഥന്‍ ആരും കാണാത്ത സ്ഥലത്ത് കൊണ്ടുപോയി അറുക്കാന്‍ ഒരു കോഴിയെ കൊടുത്തു. സഹപാഠികളെല്ലാം മനുഷ്യരാരും കാണാത്ത സ്ഥലങ്ങളില്‍ കൊണ്ടു പോയി അവര്‍ക്ക് നല്‍കിയ കോഴിയെ അറുത്തു തിരിച്ചു വന്നപ്പോള്‍ സഹ്ല്‍ തന്റെ കോഴിയെ ജീവനോടെ തിരിച്ചു കൊണ്ടുവന്നു. എന്നിട്ട് അദ്ദേഹം ഗുരുവിനോട് പറഞ്ഞു: എല്ലാ സ്ഥലത്തും അല്ലാഹു എന്നെ കാണുന്നു. ചെറുപ്പത്തില്‍ നട്ട ആ മൂല്യത്തിന്റെ ഫലമാണത്.

പോസിറ്റീവ് വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ ദോഷവശങ്ങള്‍ വിലക്കാതെ തന്നെ സ്വാഭാവികമായി ഇല്ലാതാകും. കുട്ടി ഒരു കോപ്പ പോലെയാണ്. അതില്‍ മലിനമായ വെള്ളം നിറഞ്ഞിരിക്കുകയാണെങ്കില്‍ തെളിഞ്ഞ വെള്ളം കൊണ്ട് അതിന്റെ അളവ് വര്‍ധിപ്പിക്കാന്‍ മാത്രമേ സാധിക്കൂ. കുടിക്കാന്‍ പറ്റുന്ന ശുദ്ധവെള്ളം അതില്‍ നിറക്കാന്‍ ആദ്യം അത് കാലിയാക്കേണ്ടതുണ്ട്. കുട്ടി തന്റെ മനസ്സില്‍ ദുര്‍ബലമായ ചില കൂരകള്‍ നിര്‍മിച്ചിട്ടുണ്ടാവും. അവയെ തകര്‍ക്കരുത്. എന്നാല്‍ അവന്റെ മനസ്സില്‍ താല്‍പര്യങ്ങളുടെ കൊട്ടാരം പണിതുകൊടുക്കുകയാണെങ്കില്‍ ആ കൊട്ടാരത്തിന് വേണ്ടി ആ കൂരകള്‍ ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറാവും.

വിവ. അബൂഅയാശ്

Facebook Comments
Related Articles
Show More
Close
Close