Current Date

Search
Close this search box.
Search
Close this search box.

മൊബൈല്‍ അഡിക്ഷനില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നില്ലേ?

ആവശ്യത്തിലേറെ സമയം ഞാന്‍ എന്റെ ഫോണില്‍ ചെലവഴിക്കുന്നു. ഫോണ്‍ ഇടക്കിടെ നോക്കുന്നത് മിക്കയാളുകളുടെയും ഒഴിച്ചുകൂടാനാവാത്ത ശീലമായി മാറിയിരിക്കുന്നു. ലിഫ്റ്റില്‍, കാറില്‍, ട്രെയിനില്‍, കൂട്ടുകാര്‍ക്കൊപ്പമുള്ള ആഹാരവേളകളില്‍, ബെഡ്‌റൂമില്‍ പോലും മാറ്റിനിര്‍ത്താനാവാത്ത ഒന്നായിട്ടത് മാറിയിരിക്കുന്നു. എന്തെങ്കിലും വിരസതയുണ്ടാവുമ്പോഴേക്കും ഫോണില്‍ അഭയം തേടുന്നവരായി നാം മാറിയിരിക്കുന്നു. തത്ഫലമായി നമ്മുടെ ഉല്‍പാദനക്ഷമതയും ചുറ്റുപാടുമുള്ള ആളുകളോടുള്ള ഇടപഴകലുകളും ചുരുങ്ങുന്നു.

സയന്‍സ് ജേണലിസ്റ്റും സാങ്കേതികവിദ്യക്ക് അഡിക്റ്റുമായിരുന്ന കാഥറിന്‍ പ്രൈസ് തന്റെ തന്നെ ഫോണ്‍ അഡിക്ഷനെ കുറിച്ച് ഗവേഷണം നടത്താന്‍ തീരുമാനിക്കുകയും How To Break Up With Your Phone എന്ന പേരില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഫോണിന്റെ അമിതമായ ഉപയോഗം വരുത്തുന്ന ദോഷങ്ങളെ കുറിച്ചാണ് ആ പുസ്തകത്തിന്റെ ആദ്യ പകുതിയില്‍ വിവരിക്കുന്നത്. അവ എങ്ങനെ നമ്മെ അടിമപ്പെടുത്തുന്നു എന്നിടത്ത് തുടങ്ങി നമ്മുടെ മസ്തിഷ്‌കത്തെ അതെങ്ങനെ നശിപ്പിക്കുകയും നമുക്ക് മേല്‍ സമ്മര്‍ദ്ദം അധികരിപ്പിക്കുകയും രാത്രിയിലെ സുഗമമായ ഉറക്കത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് അത് വ്യക്തമാക്കുന്നു. അതിന്റെ രണ്ടാം പകുതിയില്‍ ഫോണിനെ വേര്‍പിരിയാനുള്ള മുപ്പത് ദിവസത്തേക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളാണ്. നിങ്ങളുടെ ഫോണ്‍ വെള്ളത്തില്‍ മുക്കിക്കൊണ്ടല്ല അത്. മറിച്ച് ഫോണുമായുള്ള നമ്മുടെ ബന്ധം ‘നാം ആഗ്രഹിക്കുന്നുണ്ട്, എന്നാല്‍ നാം നിര്‍ബന്ധിക്കപ്പെടുന്നില്ല’ എന്ന അവസ്ഥയിലേക്ക് മാറ്റുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ്. ഫോണ്‍ സ്‌ക്രീനില്‍ ചെലവഴിക്കുന്ന നമ്മുടെ സമയം വെട്ടിച്ചുരുക്കാന്‍ സഹായിക്കുന്ന കാഥറിന്‍ പ്രൈസിന്റെ നിര്‍ദേശങ്ങളില്‍ ചിലതാണ് ഇവിടെ നല്‍കുന്നത്.

ഫോണിനോടുള്ള ആസക്തിയെ അതിജയിക്കുക
പുകവലിക്കാരില്‍ പ്രായോഗികമായ ആസക്തിയെ അതിജയിക്കുകയെന്ന വിദ്യ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം വരുത്താന്‍ ശ്രമിക്കുന്നവര്‍ക്കും അനുയോജ്യമാണെന്നാണ് പ്രൈസ് അഭിപ്രായപ്പെടുന്നത്. അസ്വസ്ഥത അംഗീകരിച്ചു കൊണ്ട് നാം മുന്നോട്ടു പോവുകയാണെങ്കില്‍ ആസക്തിക്ക് സ്വയം തന്നെ മങ്ങലേല്‍ക്കും. താങ്കളുടെ ഫോണിനടുത്തെത്തുമ്പോള്‍ ആസക്തിയോട് പൊരുതുകയോ സ്വന്തത്തെ ശിക്ഷിക്കുകയോ ചെയ്യുന്നതിന് പകരം അല്‍പസമയം നില്‍ക്കുകയും നന്നായിട്ടൊന്ന് ശ്വസിക്കുകയും ചെയ്യുക. അതിയായ ആസക്തിയെ കുറിച്ച് ബോധവാനാവുകയും ചെയ്യുക. അതിനൊരിക്കലും കീഴടങ്ങുകയോ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയോ അരുത്. ലളിതമായി അക്കാര്യം തിരിച്ചറിയുകയും ‘എന്താണം സംഭവിക്കുന്നതെന്ന് കാണുകയും ചെയ്യുക’ എന്നാണ് പ്രൈസ് നിര്‍ദേശിക്കുന്നത്.

മറ്റുള്ളവരെ പങ്കാളികളാക്കുക
ഞാന്‍ എന്റെ ഫോണിന്റെ ഉപയോഗം കുറക്കാനാഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ പറയുമ്പോള്‍ നിങ്ങളുടെ കുട്ടുകാരും കുടുംബാംഗങ്ങളും ‘ഞങ്ങളും’ എന്ന് പ്രതികരിക്കാനുള്ള സാധ്യത ഏറെയാണ്. താങ്കള്‍ക്കൊപ്പം ഇത് പരീക്ഷിക്കാന്‍ അവരെ കൂടി ക്ഷണിക്കുക. പുതിയൊരു ഭക്ഷണക്രമമോ കായിക പരിശീലനമോ ശീലിക്കുമ്പോള്‍ ഒരു കൂട്ടുണ്ടാകുന്നത് അത് കൂടുതല്‍ ആസ്വാദ്യകരമാവുകയും വിരസത കുറക്കുകയും ചെയ്യുമെന്നത് ഇതിലും പ്രായോഗികമാണ്.

നിലവിലെ ബന്ധം വിലയിരുത്തുക
നിങ്ങളുടെ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള ഏക മാര്‍ഗം അതിനെ ചുറ്റിപ്പിടിച്ച് നോക്കുകയെന്നതാണ്. അതായത് നിങ്ങള്‍ എത്രസമയം ഫോണില്‍ നോക്കുന്നുണ്ടെന്ന് കണക്കാക്കണം. നിങ്ങള്‍ അതിന് ഒന്നാമതായി ചെയ്യേണ്ട കാര്യം ഫോണ്‍ ഉപയോഗം അളക്കാനുള്ള ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നുള്ളതാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് Moment, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് OFFTIME പോലുള്ള ആപ്പുകള്‍ ലഭ്യമാണ്. ദിവസത്തില്‍ എത്ര തവണ ഫോണ്‍ എടുക്കുന്നു, എത്ര സമയം അതില്‍ ചെലവഴിക്കുന്നു തുടങ്ങിയ കൃത്യമായ വിവരം അതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ആ വിവരങ്ങള്‍ ലഭിച്ചാല്‍ ഫോണുമായി ഏത് തരം ബന്ധം വേണമെന്ന് നിങ്ങള്‍ തീരുമാനിക്കണണമെന്നാണ് പ്രൈസ് നിര്‍ദേശിക്കുന്നത്. ഫോണുമായുള്ള ബന്ധത്തില്‍ കൃത്യമായ ഒരു ലക്ഷ്യമില്ലെങ്കില്‍ അതിന്റെ ഉപയോഗം നിയന്ത്രിക്കാനോ അതില്‍ പുരോഗതി കൈവരിക്കാനോ സാധിക്കുകയില്ല. ഫോണ്‍ ഉപയോഗം ജോലി സമയത്ത് മാത്രമാക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അല്ലെങ്കില്‍ വളരെ അത്യാവശ്യമായി വരുമ്പോള്‍ മാത്രമാണോ? ഫോണില്‍ നോക്കിയിരിക്കുന്നത് നിങ്ങള്‍ക്ക് ആനന്ദം നല്‍കുന്നുണ്ടോ, എന്നാല്‍ അത് ദിവസത്തില്‍ ഒരു മണിക്കൂറോ അര മണിക്കൂറോ ആയി ചുരുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇക്കാര്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ ദിശയില്ലാതെ തുഴയുകയാണ്. സ്വാഭാവികമായും അത് പരാജയത്തിലേക്കാണ് നയിക്കുക.

പരിധികള്‍ നിര്‍ണ്ണയിക്കുക
ഇമെയില്‍ നോട്ടിഫിക്കേഷന്‍ അടക്കമുള്ള എല്ലാ നോട്ടിഫിക്കേഷനുകളും ഓഫാക്കണമെന്ന് പ്രൈസ് നിര്‍ദേശിക്കുന്നു. ജോലിസംബന്ധമായതോ കുടുംബാംഗങ്ങളില്‍ നിന്നുള്ളതോ ആയ കോളോ മെയിലോ ലഭിക്കാതെ പോകുമെന്ന് നിങ്ങള്‍ അസ്വസ്ഥപ്പെടുന്നുവെങ്കില്‍ അവയെ പ്രത്യേക പ്രാധാന്യമുള്ള ലിസ്റ്റാക്കി അവക്ക് നോട്ടിഫിക്കേഷന്‍ സൗകര്യം ഒരുക്കുക. അപ്രകാരം പ്രൈസ് നിര്‍ദേശിക്കുന്ന മറ്റൊരു കാര്യമാണ് തീന്‍മേശയും ബെഡ്‌റൂമും ഫോണ്‍രഹിത മേഖലയാക്കുകയും വൈകുന്നേരം 6 മണിക്ക് ശേഷം ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം വരുത്തുകയും ചെയ്യുകയെന്നത്. അവരുടെ മറ്റൊരു നിര്‍ദേശം ഫോണില്‍ നിന്നും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുകയെന്നുള്ളതാണ്. അവ പരിശോധിക്കുന്നത് കമ്പ്യൂട്ടറില്‍ നിന്ന് മാത്രമാക്കുക. ജോലി സംബന്ധമായ കാരണങ്ങളാല്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളോ ഗെയിമുകളോ ഷോപ്പിംഗ് ആപ്ലിക്കേഷനുകളോ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ഒരു ആപ് ബ്ലോക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണുമായി നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള ബന്ധത്തെയും അതിന് നിശ്ചയിച്ചിട്ടുള്ള പരിധികളും രേഖപ്പെടുത്തി വെക്കുക. വിജയം ഉറപ്പാക്കുന്നതിനുള്ള മാധ്യമമായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുക.

‘ഫബ്ബിങ്’ അവസാനിപ്പിക്കുക
ഫോണിനെ വിവാഹം കഴിക്കുന്നതിനാണ് ‘ഫബ്ബിങ്’ എന്നുപയോഗിക്കുന്നത്. കുടുംബത്തിനോ കൂട്ടുകാര്‍ക്കോ ഒപ്പം ആഹാരം കഴിക്കുമ്പോള്‍ നിങ്ങള്‍ ഫോണ്‍ നോക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതിനാണ് ഫബ്ബിങ് എന്ന് വിളിക്കുന്നത്. ഒരു സംഭാഷണം നടത്തുന്നതിനിടെ നിങ്ങള്‍ മെസ്സേജ് അയച്ചിട്ടുണ്ടോ? അതിന് നിങ്ങള്‍ ഫബ്ബിങ് നടത്തിയെന്നാണ് പറയുക. ഒരര്‍ത്ഥത്തില്‍ നാമെല്ലാം ഫബ്ബിങ് എന്ന അപരാധം ചെയ്തവരായിരിക്കും. അത്രത്തോളം വ്യാപകമായ ഒരു പൊതുപ്രവണതയായിട്ടത് മാറിയിരിക്കുന്നു. ചിലയാളുകള്‍ അത് ശ്രദ്ധിക്കുന്നു പോലുമില്ല. എന്നാല്‍ ചുറ്റുപാടില്‍ നിന്ന് നമ്മെയത് അശ്രദ്ധരാക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ അതുകൊണ്ടാവില്ല. നമ്മുടെ നേര്‍മുന്നിലിരിക്കുന്നവര്‍ക്ക് പോലും നമ്മുടെ പൂര്‍ണമായ സാന്നിദ്ധ്യം ലഭിക്കുകയില്ല. ആഹാരം കഴിക്കുമ്പോഴും പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോഴും ഫോണ്‍ ഒഴിവാക്കുകയെന്നത് നല്ല ഒരു വ്യവസ്ഥയാണ്. അതിലൂടെ കുടുംബത്തിനും കൂട്ടുകാര്‍ക്കും നിങ്ങളുടെ സാന്നിദ്ധ്യം അനുഭവിക്കാന്‍ അത് സഹായിക്കും. ആളുകളുമായി സംസാരിക്കുമ്പോള്‍ ആവശ്യവന്നാല്‍ ഒരു ഫോട്ടോ കാണിക്കുന്നതിനോ അടുത്ത മീറ്റിംഗിന്റെയോ മറ്റേതെങ്കിലും പരിപാടിയുടെയോ തിയ്യതി പരിശോധിക്കുന്നതിനുമല്ലാതെ ഫോണ്‍ പുറത്തെടുക്കാതിരിക്കുക.

ഒരു പരീക്ഷണ വേര്‍പിരിയല്‍ നടപ്പാക്കാന്‍ ശ്രമിക്കുക
പ്രൈസ് നിര്‍ദേശിക്കുന്ന 30 ദിന പരിശീലനത്തില്‍ ഇരുപതാമത്തെയോ ഇരുപത്തിയൊന്നാമത്തെയോ ദിവസം 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷണ വേര്‍പിരിയലുണ്ട്. നിങ്ങളുടെ അച്ചടക്കവും നിങ്ങള്‍ വെച്ചിട്ടുള്ള അതിരുകളും ഇതുവരെ എവിടെയാണെത്തിയിട്ടുള്ളതെന്ന വിലയിരുത്തുന്നതിന് വേണ്ടിയാണത്. ഇതെല്ലാം ചെയ്യുന്നത് സൗഭാഗ്യകരമായ ജീവിതത്തിലേക്കുള്ള പുനപ്രവേശനത്തിന് വേണ്ടിയാണെന്ന് പ്രൈസ് എഴുതുന്നു. നടക്കാന്‍ പോകാനും അടുത്തുള്ള റെസ്‌റ്റോറന്റില്‍ പോയി ആഹാരം കഴിക്കാനും പേപ്പറോ പുസ്തകമോ വായിക്കാനുമുള്ളതാണ് ആ 24 മണിക്കൂര്‍. ഫോണില്‍ നോക്കിയിരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ഗുണകരവും താല്‍പര്യമുള്ളതുമായ ഒട്ടനവധി കാര്യങ്ങളുണ്ടെന്ന യാഥാര്‍ത്ഥ്യം ഉറപ്പിക്കുന്നതിനാണ് ഈ വേര്‍പിരിയല്‍.

മറ്റുകാര്യങ്ങള്‍ കണ്ടെത്തുക
നിങ്ങള്‍ സാധാരണ ഫോണില്‍ കഴിച്ചുകൊണ്ടിരിക്കുന്ന, സോഷ്യല്‍ മീഡിയകളില്‍ പരതിക്കൊണ്ടിരിക്കുന്ന, അലക്ഷ്യമായി ഫോണില്‍ ചെലവിടുന്ന സമയം ഏതെങ്കിലും ഹോബിയിലേക്കോ മറ്റു പ്രവര്‍ത്തനങ്ങളിലേക്കോ തിരിച്ചുവിടാമെന്ന് പ്രൈസ് എഴുതുന്നു. നടത്തം, മ്യൂസിയം സന്ദര്‍ശനം, കളികള്‍, പുസ്തക വായന, കൂട്ടുകാര്‍ക്കോ വളര്‍ത്തുമൃഗങ്ങള്‍ക്കൊ ഒപ്പം സമയം ചെലവിടല്‍ തുടങ്ങിയ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ സമയം ചെലവിടുന്നത് നിങ്ങളെ കൂടുതല്‍ സന്തോഷവാന്‍മാരും ആരോഗ്യവാന്‍മാരുമാക്കും.

വിവ: അബൂഅയാശ്‌

Related Articles