Current Date

Search
Close this search box.
Search
Close this search box.

ദോഷൈകദൃക്കായ ഭാര്യ

hope.jpg

ഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരന്‍ എന്നോട് വളരെ വേദനയോടെ ഒരു പരാതി പറഞ്ഞു. അതിപ്രകാരമായിരുന്നു: എന്റെ ഭാര്യ നല്ല സ്വഭാവവും മതകാര്യങ്ങളില്‍ കൃത്യതയുമുള്ള സ്ത്രീയാണ്. പക്ഷെ അവള്‍ക്ക് ചെറിയ കാര്യങ്ങളില്‍ പോലും വലിയ പേടിയും വസ്‌വാസും ആശങ്കയുമാണ്. അവള്‍ക്ക് ചില രോഗങ്ങളുണ്ടെന്ന് സ്വയം വിലയിരുത്തും. എല്ലാ കാര്യത്തിലും നെഗറ്റീവായതുമാത്രം കാണുന്ന ദോഷൈകദൃക്കുമാണ് അവള്‍. അവളെ വിശ്വാസവും ധൈര്യവുമുള്ള സ്ത്രീയായി എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതാണ് എന്റെ പ്രശ്‌നം.

ഞാന്‍ അദ്ദേഹത്തോട് അതിനെകുറിച്ച് സംസാരിച്ചു. ഒരു വ്യക്തിയില്‍ ഇത്തരം പ്രതികരണമുണ്ടാകാന്‍ വ്യത്യസ്ത കാരണങ്ങളുണ്ടാവാം. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും സാഹചര്യങ്ങളും നേരിടുമ്പോള്‍ ഒരാള്‍ക്കുണ്ടാവുന്ന വിഷമങ്ങളും അസ്വസ്ഥതകളും  വ്യക്തിത്വത്തില്‍ വല്ലാത്ത സ്വാധീനം ചെലുത്തിയേക്കും. പ്രസ്തുത സാഹചര്യങ്ങള്‍ക്കനുസരിച്ച് ആളുകളുടെ വ്യക്തിത്വം മാറികൊണ്ടിരിക്കും. ഇത്തരം അസ്വസ്ഥതകളും വിഷമങ്ങളും പേടിയും അല്ലാഹു സൃഷ്ട്രിച്ച മനുഷ്യന്റെ ഒരു സ്വഭാവം തന്നെയാണ്. എന്നാല്‍ അതിനെ ഒതുക്കാനും നിയന്ത്രിക്കാനും പരിശീലനങ്ങളിലൂടെ മനുഷ്യന് സാധിക്കും.

ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയുടെ പ്രധാന ഭാഗമാണ് രോഗിയുടെ ചരിത്രവും മുമ്പുണ്ടായ രോഗ ലക്ഷണങ്ങളും മനസ്സിലാക്കുകയെന്നത്. അതുപോലെ രോഗത്തിന് കാരണമാക്കിയിരുന്ന സാഹചര്യങ്ങളും മാനസികാവസ്ഥയും പൊതുവില്‍ അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ തുടക്കത്തിലുണ്ടായ എന്തെങ്കിലും ദുരനുഭവങ്ങളാകും ഈ അസുഖങ്ങള്‍ക്കൊക്കെ കാരണം. അല്ലെങ്കില്‍ അവസാനം സംഭവിച്ചതായിരിക്കും ഇവക്കെല്ലാം കാരണം.

ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയും വ്യത്യസ്തമാണ്. ചില സന്ദര്‍ഭങ്ങളില്‍ വിശ്വാസം ദൃഢമാക്കാനും ദൈവവിധിയില്‍ തൃപ്തിയടയാനും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഇതിന് പരിഹാരം. ഇത് വളരെ ക്രിയാത്മകമായ ഒരു പരിഹാരമാണ്. കാരണം ജീവിതത്തില്‍ അനുഭവിക്കുന്ന ഓരോ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും, അത് ഉണ്ടാക്കാനും ഇല്ലാതാക്കാനും കഴിവുള്ളവന് എന്റെ കഴിവും കഴിവുകേടും നന്നായറിയുമെന്നും തിരിച്ചറിയുന്നതോടെ ഒരാളുടെ ജീവിതത്തില്‍ പ്രയാസങ്ങള്‍ നിസാരമായിത്തീരും. കാരണം ദൈവവിധിയിലും അവന്റെ കഴിവിലും വിശ്വസിക്കുകയും ആ വിശ്വാസം അടിയുറക്കുകയും ചെയ്യുകയെന്നതായിരിക്കും ഇത്തരം പ്രശ്‌നങ്ങളുള്ള രോഗികള്‍ക്കുള്ള ഒരു ചികിത്സ. എന്നാല്‍ എല്ലാവര്‍ക്കും ഈ ചികിത്സകൊണ്ട് രോഗം മാറണമെന്നില്ല.

രോഗം പ്രത്യക്ഷപ്പെട്ടത് വ്യക്തിപരമായ എന്തെങ്കിലും അനുഭവം കാരണമോ, അല്ലെങ്കില്‍ പ്രത്യേക സന്ദര്‍ഭത്തില്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന ദുരനുഭവം കാരണമോ ആണെങ്കില്‍ അതിനെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള ചില കൗണ്‍സിലങ്ങുകളും വൈദ്യചികിത്സകളും അനിവാര്യമായി വരും. വിദഗ്ദരായ മനശാസ്ത്രജ്ഞരെയോ അല്ലെങ്കില്‍ ഡോക്ടര്‍മാരെയോ കണ്ട് അതിനുള്ള പ്രതിവിധികള്‍ തേടണം. രോഗത്തിന്റെ ചരിത്രം പഠിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സാധ്യമാകുന്ന പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഇവര്‍ക്ക് സാധിക്കുമല്ലോ. അതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താനും അവര്‍ക്ക് ധൈര്യം നല്‍കാനും സാധിക്കും. നേരത്തെ പറഞ്ഞതുപോലുള്ള വിശ്വാസപരമായ പിന്തുണയിലൂടെ ലഭിക്കുന്ന ധൈര്യത്തോടൊപ്പം ഇത്തരം രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന പിന്തുണയും രോഗം പരിഹരിക്കാന്‍ ആവശ്യമായിരിക്കും.

ഇത്തരം രോഗത്തിന് കാര്യമായ മറ്റൊരു ചികിത്സയാണ് സ്ത്രീകളോട് കണ്ടറിഞ്ഞ് നന്നായി പെരുമാറുകയെന്നത്. അവളുടെ വൈകാരികതകളെയും അസ്തിത്വത്തെയും സത്യപ്പെടുത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും മാനിക്കുന്നതുമാകണം നമ്മുടെ പെരുമാറ്റം. മറ്റുള്ളവരുടെ കണ്ണില്‍ വളരെ ചെറുതായി തോന്നുന്ന പ്രശ്‌നങ്ങള്‍ ഒരു പക്ഷെ മറ്റൊരാള്‍ക്ക് വലിയ പ്രതിബന്ധമായി അനുഭവപ്പെടുന്നുണ്ടാവാം. അത് കണ്ടറിഞ്ഞ് അവളുടെ വികാരം പരിഗണിക്കാന്‍ ഭര്‍ത്താവ് തയ്യാറാവണം. അവളുടെ ഭയവും മറ്റ് അനുഭവങ്ങളുമെല്ലാം ഒരിക്കലും ഭര്‍ത്താവ് നിസാരമായി കാണരുത്. അത് ഭാര്യയുടെ എല്ലാ ആത്മവിശ്വാസവും തകര്‍ക്കും. കാരണം തന്റെ ഭര്‍ത്താവ് തന്നെ മനസ്സിലാക്കുന്നില്ലെന്ന വിഷമം കൂടി ഭാര്യക്ക് അധികരിക്കാനാണ് അത് കാരണമാക്കുക.

ഭാര്യമാരുടെ സ്വഭാവവുമായി ബന്ധപ്പെട്ട് ധാരാളം വൈകല്യങ്ങള്‍ കാണപ്പെടാറുണ്ട്. ദാമ്പത്യ ജീവിതത്തെ നരകതുല്യമാക്കുന്നതാകും അവയില്‍ ചിലത്. എന്നാല്‍ ജീവിതത്തില്‍ നല്ല വിശ്വാസവും ഭാര്യമാരെ നന്നായി മനസ്സിലാക്കാനുള്ള സന്നദ്ധതയുമുണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കാനാകുമെന്നാണ് എന്റെ അഭിപ്രായം. കാരണം ദുര്‍വിചാരങ്ങളെ ക്രിയാത്മകമായ ജീവിത രീതികൊണ്ട് മറികടക്കുകയാണ് നാം ചെയ്യേണ്ടത്. അതിനായി തന്റെയും ഇണയുടെയും മനസ്സിനെ പാകമാക്കി പരിശീലിപ്പിച്ചെടുത്താല്‍ അല്ലാഹുവിന്റെ സഹായത്താല്‍ ജീവിതം സുഖകരമാക്കാം.

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles