Current Date

Search
Close this search box.
Search
Close this search box.

ഉമ്മയുടെ സന്തോഷം മാത്രം പരിഗണിച്ചുള്ള വിവാഹം

broken-life.jpg

ഞാന്‍ ജനിച്ച് അധികം കഴിയുന്നതിന് മുമ്പേ വിവാഹമോചനം ചെയ്തവരാണ് എന്റെ മാതാപിതാക്കള്‍. അതിന് ശേഷം ഉമ്മയോടൊപ്പമാണ് ഞാന്‍ ജീവിച്ചത്. അവര്‍ മറ്റൊരു വിവാഹം കഴിക്കാതിരുന്നത് എനിക്ക് വേണ്ടിയായിരുന്നു. ഇസ്‌ലാമിക മൂല്യങ്ങള്‍ പകര്‍ന്ന് അവര്‍ എന്നെ വളര്‍ത്തി. എനിക്ക് എല്ലാമെല്ലാം അവരായിരുന്നതിനാല്‍ അവരെ സന്തോഷിപ്പിക്കാനുള്ള വഴികളാണ് ഞാന്‍ തേടിയിരുന്നത്. എനിക്ക് 17 വയസ്സുള്ളപ്പോള്‍ നിള എന്ന് പേരുള്ള ഒരു വിദ്യാര്‍ഥിനി ഞങ്ങളുടെ വീടിനടത്തെ ഫഌറ്റില്‍ വാടക്ക് താമസിക്കാന്‍ വന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ നല്ല ഒരു ബന്ധം സ്ഥാപിക്കപ്പെട്ടു. അവളെ വളരെയേറെ ഇഷ്ടപ്പെട്ട ഉമ്മ എന്നോട് അവളെ വിവാഹം ചെയ്യാന്‍ പറഞ്ഞു. ഉമ്മയെ അന്ധമായി സ്‌നേഹിച്ചിരുന്നതിനാലും അവരിരുവര്‍ക്കുമിടയിലെ സ്‌നേഹം അറിയുന്നത് കൊണ്ടും ഞാന്‍ വിവാഹത്തിന് സമ്മതിച്ചു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടി ഇപ്പോള്‍ നാല് വര്‍ഷമായി. പഠനം തുടര്‍ന്നു കൊണ്ടിരുന്നതിനാല്‍  മാസത്തില്‍ മൂന്നോ നാലോ ദിവസം മാത്രമാണ് ഞാന്‍ വീട്ടിലുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അവളിലുള്ള എന്റെ താല്‍പര്യം കുറയാന്‍ തുടങ്ങി. എന്നാല്‍ അക്കാര്യം ഞാന്‍ അവളെ അറിയിച്ചില്ല. സൗന്ദര്യമില്ലെങ്കിലും ദൈവവഭക്തയും വിശ്വസ്തയുമാണ് അവള്‍. അതിലുപരിയായി എന്റെ ഉമ്മയെ അതിയായി സ്‌നേഹിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്നേക്കാള്‍ എട്ടര വയസ്സ് കൂടുതലാണ് അവള്‍ക്ക്. അതുകൊണ്ടു തന്നെ എന്ന വേണ്ടവിധം ആകര്‍ഷിക്കാന്‍ അവള്‍ക്കാവുന്നില്ല. മാത്രമല്ല, അവള്‍ക്ക് വലിയ കാര്യമായ വിദ്യാഭ്യാസവും ഇല്ല. അവള്‍ എന്റെ ഭാര്യയാണെന്ന് പുറത്തറിയുന്നത് എനിക്ക് ഒരു ജാള്യതയായിട്ടാണനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ വിവാഹിതനാണെന്ന് ആര്‍ക്കും അറിയുകയില്ല. സുന്ദരിയായ ഒരു ഭാര്യയെ കിട്ടിയിരുന്നെങ്കില്‍ എന്നും അവളോടൊപ്പം ഒരു കുടുംബ ജീവിതം ആസ്വദിക്കാനായിരുന്നെങ്കില്‍ എന്നുമുള്ള ചിന്ത പലപ്പോഴും മനസ്സില്‍ വരാറുണ്ട്. നിളക്കും അവളുടെ അവകാശങ്ങള്‍ ലഭിക്കുന്നില്ല. മൂന്ന് വര്‍ഷം കൊണ്ട് എന്റെ ഡിഗ്രി പഠനം പൂര്‍ത്തിയാവും. തുടര്‍ന്ന് വിദേശത്ത് തുടര്‍പഠനമോ ജോലിയോ ആണ് ഞാനുദ്ദേശിക്കുന്നത്. അവള്‍ക്കിപ്പോള്‍ മുപ്പതിന് മുകളില്‍ പ്രായമുണ്ട്. എത്ര കാലം അവള്‍ ഇനിയും കാത്തിരിക്കും? ഞാന്‍ അവളെ സ്‌നേഹിക്കുന്നില്ല, സ്‌നേഹം നടിക്കുകയാണ്. സാധാരണ നിലക്കായിരുന്നെങ്കില്‍ ഒരിക്കലും ഞാനവളെ ഭാര്യയായി സ്വീകരിക്കുകയില്ല. എന്നാല്‍ എനിക്ക് മുമ്പില്‍ മറ്റുവഴികളില്ല. എന്നെ അവള്‍ വളരെയേറെ സ്‌നേഹിക്കുന്നുണ്ട്. ഏതുതരം ബന്ധമാണിതെന്നോ എത്രകാലം ഇത് നിലനില്‍ക്കുമെന്നോ എനിക്കറിയില്ല. ഞങ്ങളിരുവര്‍ക്കും വലിയ പ്രയാസമാണിത്. വിവാഹമോചനമല്ലാത്ത മറ്റു വഴിയൊന്നും ഞാന്‍ കാണുന്നില്ല. അതേസമയം വിവാഹമോചനം ചെയ്താല്‍ അനാഥയായ അവള്‍ എവിടെ പോകുമെന്ന ചിന്തയും എന്നെ പ്രയാസപ്പെടുത്തുന്നു. മറുവശത്ത് അനിവാര്യമായ വിവാഹമോചനം നടക്കുകയാണെങ്കില്‍ എത്രയും നേരത്തെ അതാവുന്നതാണ് നല്ലത് എന്ന ചിന്തയും അസ്വസ്ഥപ്പെടുത്തുന്നു. കാരണം ഇപ്പോള്‍ തന്നെ അവള്‍ക്ക് മുപ്പത് വയസ്സായിരിക്കുന്നു, കുട്ടികളും ഇല്ല. ഇക്കാര്യം അവളുമായി ഞാന്‍ പങ്കുവെച്ചപ്പോള്‍ വിവാഹമോചനത്തിന് അവള്‍ സമ്മതിക്കുന്നില്ല. അവളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കിലും നീതി കാണിക്കാത്തതിന്റെ പേരില്‍ അല്ലാഹുവിന്റെ ശിക്ഷ ഞാന്‍ ഭയക്കുന്നു. എന്താണ് ഞാന്‍ ചെയ്യേണ്ടത്?

മറുപടി: ആദ്യവര്‍ഷം തന്നെ നിങ്ങള്‍ക്കിടയിലെ ബന്ധം പരാജയപ്പെട്ടു എന്നാണ് താങ്കളുടെ വിവരണത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. നിങ്ങളുടെ ഉമ്മയും ഭാര്യയായി സ്വീകരിച്ച പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധമായിരുന്നു നിങ്ങളുടെ വിവാഹം ചെയ്യാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം എന്നത് ദൗര്‍ഭാഗ്യകരമാണ്. അതിനിടയില്‍ നിങ്ങളുടെ താല്‍പര്യങ്ങളും ആവശ്യങ്ങളും നിങ്ങള്‍ അവഗണിച്ചു. ഉമ്മയെ സന്തോഷമാണ് നിങ്ങളാഗ്രഹിച്ചത്. എന്തൊക്കെയാണെങ്കിലും നിങ്ങളുടെ ഉമ്മയല്ല, നിങ്ങളാണ് ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത്. വിവാഹമെന്നത് ഒരു ആജീവനാന്ത ബന്ധമാണ്. അതിന് ചേര്‍ച്ചയും മുന്നൊരുക്കങ്ങളുമെല്ലാം ആവശ്യമാണ്. കറന്‍സി കൈമാറ്റം ചെയ്യുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നല്ല അത്.

ഉമ്മയോടുള്ള അവളുടെ സ്‌നേഹത്തോടെയുള്ള ഇടപഴകലുകളാണ് അവളെ തെരെഞ്ഞെടുത്തതിന് പിന്നിലെ പ്രധാന കാരണം. ബന്ധത്തിന്റെ തുടക്കത്തില്‍ പഠനപരമായ കാരണങ്ങളാല്‍ അവള്‍ക്കൊപ്പം നിങ്ങള്‍ ജീവിച്ചിട്ടില്ല. ഇപ്പോള്‍ അവളെ കൂടാതെ വിദേശത്ത് ഒരു ജീവിതമാണ് നിങ്ങള്‍ പരിഗണിക്കുന്നത്.

ഭാര്യയുമായി ശരിയായി ഇടപഴകാതെ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു നീക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും? യഥാര്‍ഥത്തില്‍ സ്വന്തത്തെയും അവളെയും പീഡിപ്പിക്കുകയാണ് നിങ്ങള്‍. ഉമ്മയെ മാത്രമാണ് ഇതിലൂടെ സന്തോഷിപ്പിക്കാന്‍ സാധിക്കുന്നത്. മാത്രമല്ല, ഭാര്യ എക്കാലത്തും പൊതുസമൂഹത്തില്‍ നിന്ന് മറച്ചുവെക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളിരുവര്‍ക്കും നേരെയുള്ള പീഡനവും അനീതിയുമായിരിക്കും അത്.

എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ക്ക് വിവാഹമോചനമാണ് വേണ്ടത്. അല്ലാഹുവിനെ ഭയക്കുന്നു എന്നത് തന്നെ അതിന് കാരണമായി മതി. അല്ലാഹുവിനെ ഭയക്കുന്നുവെങ്കില്‍ എങ്ങനെ സ്വന്തത്തോടും നിളയോടും അനീതി പ്രവര്‍ത്തിക്കും? അല്ലാഹുവിനെ സന്തോഷിപ്പിക്കുന്ന കാര്യത്തിനാണ് നിങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്. സ്വന്തത്തോട് ആത്മാര്‍ഥതയും വിശ്വസ്തതയും കാണിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച തെറ്റ് തിരുത്തുകയാണ് വേണ്ടത്. മുഹ്‌സിനീങ്ങളെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നതെന്ന് ഖുര്‍ആന്‍ പലയിടത്തും പറയുന്നുണ്ട്. ഏതൊരു കാര്യവും ഏറ്റവും നന്നായി ചെയ്യുക എന്നതാണ് ‘ഇഹ്‌സാന്‍’ കൊണ്ടുദ്ദേശ്യം. അടിച്ചമര്‍ത്തപ്പെട്ട ജീവിതത്തേക്കാള്‍ ഒരുപക്ഷേ ഉത്തമം വിവാഹമോചനമായിരിക്കും. വിവാഹമോചനം നിങ്ങളുടെ ഭാര്യയെ പ്രയാസപ്പെടുത്തുമെന്നതില്‍ സംശയമില്ല. എന്നാല്‍ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ ഇരുവരും പ്രയാസപ്പെട്ട് ജീവിക്കുന്നതിനേക്കാള്‍ നല്ലത് കുറഞ്ഞ കാലത്തേക്കുള്ള പ്രയാസമായിരിക്കും.

സമാനമായ അവസ്ഥയില്‍ ജീവിക്കുന്ന എത്രയോ ആളുകളുണ്ട്. തങ്ങളുടെ താല്‍പര്യങ്ങളെയും പ്രതീക്ഷകളെയും മാറ്റിവെച്ച് രക്ഷിതാക്കളുടെ ഇഷ്ടം മാത്രം പരിഗണിച്ച് ഇണയെ തെരെഞ്ഞെടുക്കുന്ന പല ബന്ധങ്ങളും അസന്തുഷ്ടമായ ദാമ്പത്യജീവിതത്തിലോ വിവാഹമോചനത്തിലോ ആണ് അവസാനിക്കാറുള്ളത്. പ്രായത്തിലുള്ള വലിയ അന്തരം ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരു തെറ്റല്ല. എന്നാല്‍ നിങ്ങക്കിടയില്‍ ഒരു ചേര്‍ച്ചയില്ലെന്നതും അവള്‍ക്ക് നേരെ ആകര്‍ഷം തോന്നുന്നില്ലെന്നതും അവഗണിക്കാവതല്ല. ഭര്‍ത്താവെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നത് അത് പരിഹരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നതിന്റെ സൂചനയാണ്.

വിവാഹമോചനം അങ്ങേയറ്റം നിരുത്സാഹപ്പെടുത്തപ്പെട്ട ഒന്നാണെങ്കിലും ന്യായമായ കാരണങ്ങളാല്‍ അനുവദനീയമായ ഒന്നാണ്. നിലവിലെ നിങ്ങളുടെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അവളോട് ദയയുണ്ടെങ്കില്‍ വിവാഹമോചനം ചെയ്യുകയാണ് വേണ്ടത്. അതിന്റെ പേരില്‍ അല്ലാഹുവിന്റെ അടുക്കല്‍ താങ്കള്‍ ശിക്ഷിക്കപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ വിവാഹമോചനം ചെയ്യുമ്പോള്‍ അതിന്റേതായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ ഇരുവര്‍ക്കും പുതിയൊരു ജീവിതം ലഭിക്കാന്‍ അത് സഹായകമായേക്കും. വിവാഹമോചനം ഇനിയും നീട്ടിവെക്കുന്നത് കൂടുതല്‍ ദുരിതങ്ങളിലേക്കായിരിക്കും നയിക്കുക. നിങ്ങള്‍ പറയുന്ന ന്യായങ്ങള്‍ സത്യസന്ധവും ആത്മാര്‍ഥവുമാണെങ്കില്‍ ഹൃദയങ്ങളിലുള്ളതെല്ലാം അറിയുന്നവനാണ് അല്ലാഹുവെന്ന് ഓര്‍ക്കുക. അവനില്‍ വിശ്വാസമര്‍പ്പിച്ച് ഇഹത്തിലും പരത്തിലും ഗുണകരമായ ഒരു തീരുമാനം എടുക്കുക.

Related Articles