Current Date

Search
Close this search box.
Search
Close this search box.

താലിബാൻ ആരുടെ ബാധ്യത?

നിങ്ങൾ താലിബാൻ്റെ കൂടെയാണോ താലിബാൻ്റെ എതിർപക്ഷത്താണോ എന്ന ഗമണ്ടൻ ചോദ്യമാണ് പരക്കെ ഉന്നയിക്കപ്പെടുന്നത്. ഈ രണ്ടിലൊരു നിലപാട് മാത്രമേ സാധ്യമാവൂ എന്നാണ് ലിബറൽ മതേതരവാദികളുടെ തീട്ടൂരം. താലിബാനെക്കാൾ പതിൻമടങ്ങ് ഹിംസാത്കമാണ് അമേരിക്കൻ സാമ്രാജ്യത്വം എന്ന് അനുഭവങ്ങളുടെയും ചരിത്രത്തിൻ്റെയും വെളിച്ചത്തിൽ ബോധ്യമുള്ള ഒരാൾക്ക് അഫ്ഗാനിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ ഏറ്റവും പ്രാധാന്യപൂർവം അടയാളപ്പെടുത്താൻ കഴിയുക രണ്ട് പതിറ്റാണ്ട് നീണ്ട അമേരിക്കൻ അധിനിവേശത്തിൻ്റെ നാണം കെട്ട അന്ത്യമാണ്. അഫ്ഗാനിലെ സോവിയറ്റ്, അമേരിക്കൻ അധിനിവേശങ്ങളുടെ മുഴുവൻ ചരിത്രവും താലിബാൻ ഉൾപ്പെടെയുള്ള സായുധസംഘങ്ങൾ ജൻമംകൊണ്ട സാഹചര്യവും അപ്പടി വിസ്മരിച്ചു കൊണ്ടാണ് ആകാശത്ത് നിന്ന് അടർന്ന് വീണ ഒരു ഭീകര സത്വം എന്ന കണക്കെ താലിബാനെക്കുറിച്ച് പലരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. പതിനായിരങ്ങളെ കൊന്നൊടുക്കിയ യുദ്ധഭീകരതയിലൂടെ അമേരിക്ക അധികാരത്തിൽ നിന്ന് പുറന്തള്ളിയ താലിബാൻ, അമേരിക്കൻ സൈന്യം പടിയിറങ്ങിയ നിമിഷം അധികാരത്തിൽ തിരിച്ചെത്തിയെന്നത് അധിനിവേശ ങ്ങളുടെ ചരിത്രത്തിലെ പഠനവിധേയമാക്കേണ്ട അദ്ധ്യായമാണ്.

താലിബാൻ എന്തായിത്തീരും എന്നത് പ്രവചനങ്ങൾക്ക് വഴങ്ങുന്ന കാര്യമല്ല. പഴയ താലിബാൻ അല്ല പുതിയ താലിബാൻ എന്ന് വിശ്വസിക്കുന്നവർക്ക് അതിന് ന്യായങ്ങളുണ്ട്. താലിബാനെ ഭയാശങ്കകളോടെ നോക്കിക്കാണുന്നവർക്ക് അതിനും ന്യായങ്ങളുണ്ട്. പക്ഷെ അഫ്ഗാൻ്റെ ഭാവി തീരുമാനിക്കുക നമ്മുടെ പ്രതീക്ഷകളാ ഭയാശങ്കകളോ അല്ല, താലിബാൻ്റെയും അഫ്ഗാനിലെ മറ്റു സായുധ ഗ്രൂപ്പുകളുടെയും നിലപാടുകളും അതിനോട് ലോക രാഷ്ട്രങ്ങൾ സ്വീകരിക്കുന്ന സമീപനങ്ങളുമാണ്. താലിബാനെ ഒറ്റപ്പെടുത്താനും പൈശാചികൽക്കരിക്കാനുമായിരിക്കും അമേരിക്കയുടെയും പശ്ചാത്യശക്തികളുടെയും ശ്രമം. താലിബാൻ നേതൃത്വത്തിൻ്റെ യാഥാർത്ഥ്യബോധത്തോടെയുള്ള പ്രസ്താവനകൾ സൂചിപ്പിക്കുന്നത് അന്തർദേശീയ സമൂഹത്തിൻ്റെ പിന്തുണ കൂടാതെ നിലനിൽക്കാൻ കഴിയില്ല എന്ന അവരുടെ തിരിച്ചറിവ് കൂടിയാണ്. സ്വന്തം വാക്കുകളോട് നീതി പുലർത്താനും ആയുധവൽക്കരിക്കപ്പെട്ട അണികളെ അച്ചടക്കം പഠിപ്പിക്കാനും നേതൃത്വത്തിലെ വകതിരിവുള്ളവർക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണണം. പരസ്പരം പോരടിക്കുന്ന നിരവധി സായുധ ഗ്രൂപ്പുകളെ താലിബാൻ എങ്ങനെ കൈകാര്യം ചെയ്യും എന്നതും കാണാനിരിക്കുന്നേയുള്ളൂ. ഇസ്ലാമിക് എമിറേറ്റ് എന്ന മേൽവിലാസത്തിൽ ഇസ്ലാമിൻ്റെ എന്ത് തരം പ്രധിനിധാനമാണ് ഇനിയുള്ള കാലത്ത് താലിബാൻ കാഴ്ചവെക്കാൻ പോകുന്നത് എന്ന ചോദ്യം വളരെ പ്രധാനമാണ്. ഇസ്ലാമിൻ്റെ ബ്രാൻഡ് അംബാസഡർമാരായി ഐ എസിനെയും അൽ ഖാഇദയെയും താലിബാനെയും നിയമിച്ചിരിക്കുകയാണല്ലോ ഇസ് ലാം വിമർശകർ ! സ്ഥിരതയുള്ള ഒരു ഭരണം സ്ഥാപിക്കാൻ താലിബാന് കഴിയുമോ, ബാഹ്യശക്തികൾ അവരെ അതിന് അനുവദിക്കുമോ എന്ന അടിസ്ഥാന ചോദ്യത്തെ ആശ്രയിച്ചു നിൽക്കുന്നു മറ്റെല്ലാ ചോദ്യങ്ങളും.

ഇതൊക്കെ കാണാൻ പോകുന്ന പൂരം. പക്ഷെ, കേരളത്തിൽ വെടിക്കെട്ട് നേരത്തെ തുടങ്ങിക്കഴിഞ്ഞു. അഫ്ഗാനിൽ താലിബാൻ തിരിച്ചെത്തിയതിൻ്റെ ഉത്തരവാദിത്തം കേരളത്തിലെ മുസ്ലിംകൾ ഏറ്റെടുക്കണം എന്ന മട്ടിലാണ് ലിബറൽ ഉദീരണങ്ങൾ. താലിബാനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളും ചിത്രങ്ങളും അതേപടി വിഴുങ്ങാൻ ആരെങ്കിലും വിസമ്മതിച്ചാൽ അയാൾ താലിബാനിയായി. കേരള മുസ്ലിംകൾക്കിടയിലെ താലിബാൻ ഫാൻസിൻ്റ കൃത്യമായ കണക്ക് ചാപ്പയടി സംഘത്തിൻ്റെ കയ്യിലുണ്ട്! ഇത് കണ്ട് ഭയപ്പെട്ടു പോയവരിൽ എണ്ണം പറഞ്ഞ ഇടതു ബുദ്ധിജീവികളുമുണ്ട്. ആയതിനാൽ ഞങ്ങൾ താലിബാനികളല്ല എന്ന് തെളിയിക്കേണ്ട അധിക ബാധ്യത കൂടി, മറ്റൊരു പാട് ബാധ്യതകൾ പേറുന്ന മുസ്ലിംകൾക്കും അവരുടെ സംഘടനകൾക്കും വന്നു ചേർന്നിരിക്കുന്നു. അതിനുള്ള പെടാപാടിലാണ് ഇപ്പോൾ മുസ്ലിം സംഘടനകളും ബുദ്ധിജീവികളും സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുകളുമൊക്കെ. ലിബറൽ ബ്രാൻഡിംഗ് ഏജൻസികൾ എത്ര പേർക്കാണ് ഇത് വരെ ഗുഡ് സർട്ടിഫിക്കറ്റ് ഒപ്പിട്ടു കൊടുത്തത് എന്നതിൻ്റെ കണക്ക് ഇനിയും ലഭ്യമല്ല.

ചുരുക്കം: സാമ്രാജ്യത്വ അധിനിവേശങ്ങളുടെ ഉൽപന്നമായ താലിബാൻ ഉൾപ്പെടെയുള്ള മിലിറ്റൻ്റ് ഗ്രൂപ്പുകളുടെ ബാധ്യത ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടെങ്കിൽ അത് മുസ്ലിംകളല്ല, അധിനിവേശകരും അവർക്ക് ഹലേലുയ്യ പാടുന്ന ആധുനികതാവാദികളുമാണ്.

Related Articles