Current Date

Search
Close this search box.
Search
Close this search box.

മറ നീക്കുന്ന പടിഞ്ഞാറൻ വംശീയ ഭ്രാന്ത്

സിറിയയിലെ യുദ്ധ ഭീരകരതയില്‍നിന്ന് രക്ഷപ്പെട്ട് പത്തു വര്‍ഷം മുമ്പാണ് അഹ് മദ് അല്‍ ഹരീരി അയല്‍രാജ്യമായ ലെബനാനില്‍ എത്തിയത്. രാഷ് ട്രീയമായും സാമ്പത്തികമായും വന്‍ പ്രതിസന്ധി നേരിടുന്ന തന്നെപ്പോലുള്ളവരെ കൂടി ഉള്‍ക്കൊള്ളാന്‍ ലെബനാന് ആവില്ലെന്ന് അദ്ദേഹത്തിന് അറിയാം. മെച്ചപ്പെട്ട ജീവിത മാർഗം തേടി യൂറോപ്പിലേക്ക് കടക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷമായി വിജയം കണ്ടിട്ടില്ല.
യുക്രൈനില്‍നിന്ന് പലായനം ചെയ്‌തെത്തുന്നവരെ അതിര്‍ത്തികള്‍ തുറന്നിട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്നതു കാണുമ്പോള്‍ മൂന്നു കുട്ടികളുടെ പിതാവായ അഹ് മദ് തന്നെപ്പോലെയുള്ളവരുടെ വിധിയാണ് ഇതെന്ന് കരുതി സമാധാനിക്കുകയാണ്.

റഷ്യ യുദ്ധം ആരംഭിച്ച് ഒരാഴ്ച പോലും പൂര്‍ത്തിയാകും മുമ്പ് അതിര്‍ത്തികള്‍ കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവേശിച്ചവരുടെ എണ്ണം ഏതാണ്ട് പത്തു ലക്ഷത്തിനടുത്തെത്തി. നാല്‍പത് ലക്ഷം പേരെങ്കിലും അഭയാര്‍ഥികളായി എത്തുമെന്നാണ് യൂറോപ്യന്‍ യൂനിയന്‍ കണക്കാക്കിയിരിക്കുന്നത്. അവരെ സ്വീകരിക്കാന്‍ മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങള്‍ വിസാ ചട്ടങ്ങള്‍ വരെ ഭേദഗതി ചെയ്തിട്ടുണ്ട്.

“യുക്രൈനികളെ എല്ലാവരും ഇരു കൈകളും നീട്ടി സ്വീകരിക്കുമ്പോള്‍ ഞങ്ങള്‍ സിറിയന്‍ അഭയാര്‍ഥികള്‍ ടെന്റുകളില്‍ മഞ്ഞും തണുപ്പുമേറ്റ് മരണം മുന്നില്‍ കണ്ടു കഴിയുകയാണ്. ഞങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ല…” ലെബനാനിലെ മെഡിറ്ററേനിയന്‍ നഗരമായ സിഡോണിലെ 25 സിറിയന്‍ കുടുംബങ്ങള്‍ കഴിയുന്ന അഭയാര്‍ഥി ക്യാമ്പിലിരുന്ന് അഹ് മദ് ചോദിക്കുന്നു.

പത്തു വര്‍ഷത്തിനിടയില്‍ ഒരു കോടി 20 ലക്ഷം സിറിയക്കാരാണ് ജന്മനാട്ടില്‍നിന്ന് പുറന്തള്ളപ്പെട്ടത്. അവരില്‍ പത്തു ലക്ഷത്തില്‍ താഴെ പേരെ മാത്രമേ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളൂ. അതില്‍ തന്നെ പകുതിയിലേറെ പേര്‍ക്കും ജര്‍മനിയാണ് അഭയം നല്‍കിയത്. ഇപ്പോള്‍ യുക്രൈനികള്‍ക്കായി സകല വാതിലുകളും തുറന്നിട്ട ഹംഗറി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തികഞ്ഞ വംശീയ നിലപാടാണ് സിറിയൻ അഭയാർഥികളോട് സ്വീകരിച്ചത്. ഹംഗറി തങ്ങളുടെ തെക്കന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയാന്‍ വലിയ മുള്ളുവേലികൾ നിര്‍മിച്ചതും അഭയാർത്ഥികളെ സഹായിക്കുന്ന പൗരന്മാരെ ശിക്ഷിക്കുന്ന നിയമവും യൂറോപ്യൻ യൂണിയന്റെ നിശിത വിമർശനത്തിന് ഇടയാക്കിയിരുന്നു.
തുര്‍ക്കിയും ജോര്‍ദാനും ലെബനാനുമൊക്കെയാണ് ലക്ഷക്കണക്കിന് സിറിയക്കാര്‍ക്ക് അഭയം നല്‍കിയത്. തുര്‍ക്കി മാത്രം 37 ലക്ഷം അഭയാര്‍ഥികളെ പോറ്റുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയം തേടിപ്പോയെവരുടെ കദന കഥകള്‍ മാധ്യമങ്ങളില്‍ എത്രയോ വന്നുകഴിഞ്ഞു. എത്രയോ പേര്‍ മരണത്തിലേക്ക് തള്ളപ്പെട്ടു. എന്നിട്ടും അഭയാര്‍ഥികള്‍ക്ക് മാനുഷിക പരിഗണ നല്‍കല്‍ തങ്ങളുടെ ചാര്‍ട്ടറില്‍ എഴുതിവെച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും തികഞ്ഞ മനുഷ്യത്വ വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചുപോന്നത്.

കിയെവില്‍നിന്നെത്തുന്നവര്‍ സംസ്‌കാരമുള്ളവരും മറ്റുള്ളവര്‍ അതില്ലാത്തവരുമാണെന്ന പുഴുത്തുനാറിയ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയത് തീവ്ര വലതുപക്ഷക്കാരായ യൂറോപ്യന്‍ നേതാക്കള്‍ മാത്രമല്ല, അവിടങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ കൂടിയാണെന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. അതിലൊരാളാണ് അമേരിക്കയിലെ സിബിഎസ് നെറ്റ് വര്‍ക്കിലെ റിപ്പോര്‍ട്ടര്‍ ചാര്‍ലി ഡി അഗാത. കിയെവ് സംസ്‌കാര സമ്പന്നവും യൂറോപ്യന്‍ നഗരവുമാണെന്നും അതിനാല്‍ അവിടെനിന്നുള്ളവരെ സ്വീകരിക്കേണ്ടത് യൂറോപ്പിന്റെ ബാധ്യതയാണെന്നും പറഞ്ഞ ഇയാള്‍ പരാമര്‍ശം വിവാദമായപ്പോള്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ചാനല്‍ അങ്ങനെ ചെയ്തിട്ടില്ല.

എന്തിനേറെ, അൽ ജസീറയിലെ വാർത്ത അവതാരകൻ പീറ്റർ ഡോബ്ബി എന്ന പടിഞ്ഞാറൻ ജേർണലിസ്റ്റ് പോലും അറബികളെയും ആഫ്രിക്കക്കാരെയും അധിക്ഷേപിക്കുന്ന വംശീയ പരാമർശങ്ങൾ കഴിഞ്ഞ ദിവസം നടത്തിയത് അമ്പരപ്പിക്കുന്നു. ചാനൽ അതിൽ ഖേദം പ്രകടിപ്പിക്കുകയുണ്ടായി.

ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോസഫ് കോണ്‍റാഡിന്റെ ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നസ്’ എന്ന നോവല്‍ അവലോകനം ചെയ്ത് പ്രമുഖ നൈജീരിയന്‍ നോവലിസ്റ്റ് ചിന്‍വ ഉചൈബി 1977ല്‍ എഴുതിയത് ഇങ്ങനെ:
“പാശ്ചാത്യ ലോകം തങ്ങളുടെ നാഗരികതയുടെ അനിശ്ചിതത്വത്തെക്കുറിച്ച് ആഴമായ ഉത്കണ്ഠകള്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ആഫ്രിക്കയുമായി നിരന്തരം താരതമ്യം ചെയ്ത് തങ്ങളുടെത് മെച്ചപ്പെട്ട എന്തോ ഒന്നാണെന്ന് അവര്‍ സമാധാനിക്കുന്നത്…” ഇന്നിപ്പോള്‍ ആഫ്രിക്ക മാത്രമല്ല, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളെയും പ്രസ്തുത താരതമ്യപ്പട്ടികയില്‍ നമുക്ക് ഉള്‍പ്പെടുത്തേണ്ടി വരും. പാശ്ചാത്യരുടെ വംശവെറി യുടെ ആഴം യുക്രൈൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അങ്ങനെയേ വായിക്കാനാവൂ.
യുക്രൈനില്‍നിന്ന് പലായനം ചെയ്യുന്ന ആഫ്രിക്കക്കാരെ മര്‍ദ്ദിക്കുകയും തിരിച്ചയക്കുകയും ചെയ്ത സംഭവത്തില്‍ ആഫ്രിക്കന്‍ യൂനിയന്‍ ഞെട്ടല്‍ പ്രകടിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്.

അറബ് ലോകത്തുനിന്നുള്ള അഭയാര്‍ഥികളെ ഗൗനിക്കാത്ത ചില അറബ് ഭരണകൂടങ്ങളെ മറന്നുകൊണ്ടല്ല ഇത്രയും എഴുതിയത്. അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തിലെ വിവേചനവും വെള്ള വംശീയതയുമാണ് ഇവിടെ വിഷയം എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

Related Articles