Current Date

Search
Close this search box.
Search
Close this search box.

അതിനർഥം ശരിയായ രീതിയിലാണ് പോക്കെന്നാണ്

പത്താൻകോട്ട് സൈനിക താവളത്തിനുനേരെയുണ്ടായ ആക്രമണം റിപ്പോർട്ട് ചെയ്തതിനാണ് 2016 നവംബറിൽ എൻഡി റ്റിവി ചാനലിനെ 24 മണിക്കൂർ വിലക്കിയത്. സെൻസിറ്റീവ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നായിരുന്നു കുറ്റം. എന്നാൽ, പബ്ലിക് ഡൊമെയിനിലുള്ള വിവരങ്ങളേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നും പ്രസ്തുത വിവരങ്ങൾ ഐ.എ.എൻ.എസ് വാർത്താ ഏജൻസിയും അതിനു പിന്നാലെ ഇന്ത്യൻ എക്‌സ്പ്രസും റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് എൻഡി റ്റിവി വ്യക്തമാക്കിയെങ്കിലും ഭരണകൂടത്തിന് വേണ്ടത് ആ ചാനലിനെ ആയിരുന്നു. പിന്നാലെ ന്യൂസ് ടൈം അസം എന്ന ചാനലിനും മറ്റു ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി 24 മണിക്കൂർ വിലക്കുണ്ടായി.

ദൽഹിയിൽ സംഘ് പ രിവാരം അഴിച്ചുവിട്ട ഭീകരമായ മുസ്ലിം വേട്ടയെക്കുറിച്ച് സത്യസന്ധമായ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നതിനാണ് 2020 മാർച്ചിൽ മീഡിയ വൺ, ഏഷ്യാനെറ്റ് ചാനലുകളെ 48 മണിക്കൂർ നേരത്തെക്ക് വിലക്കാൻ തീരുമാനിച്ചത്. 24 മണിക്കൂർ പോലും തികയും മുമ്പ് അത് പിൻവലിക്കാൻ ഭരണകൂടം നിർബന്ധിതരായി എന്നത് മറ്റൊരു കാര്യം.

അപ്രിയ സത്യങ്ങൾ പറയുന്ന മാധ്യമങ്ങളുടെ വായ അടപ്പിക്കുകയും നുണകൾ വിളമ്പി ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന ഗോഡി മീഡിയകളെ പട്ടും വളയും നൽകി ആദരിക്കുകയും ചെയ്യുന്നതിന്റെ തിക്ത ഫലം എന്താണെന്ന് ഫാഷിസ്റ്റുകൾ അധികാരത്തിലേറിയ ശേഷം മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലോകാടിസ്ഥാനത്തിൽ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സ്ഥാനം പറഞ്ഞുതരും.

റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്.എഫ്) 2002 മുതലാണ് 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച കണക്കെടുപ്പ് വർഷാ വർഷം പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. വിവിധ രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെ അവയുടെ തോത് അനുസരിച്ച് മികച്ചത്, തൃപ്തികരം, എന്നു തുടങ്ങി അഞ്ചു വകുപ്പുകളിലാണ് ആർ.എസ്.എഫ് വിലയിരുത്തുന്നത്. 2013ലാണ് ഇന്ത്യ ഈ പട്ടികയിൽ ഉൾപ്പെട്ടു തുടങ്ങിയത്. അന്ന് 180ൽ 140-ാ0 റാങ്കായിരുന്നു. ഏറ്റവുമൊടുവിൽ 2021ലെ റാങ്ക് പുറത്തു വന്നപ്പോൾ 142ൽ എത്തിയിരിക്കുന്നു. ഏറ്റവും ഗുരുതരമായ അഞ്ചാം കാറ്റഗറിക്കു മുമ്പുള്ള ഗുരുതരം എന്ന ലെവലിലാണ് ഇന്ത്യയുടെ സ്ഥാനം. രണ്ടു കൊല്ലമായി ഇതേ സ്ഥാനം ഇന്ത്യ നിലനിർത്തിവരുന്നു. ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമർത്തുന്ന ഹോങ്കോങ്ങും (80-ാം റാങ്ക്) മ്യാന്മറും (140) ഇന്ത്യയേക്കാൾ മെച്ചപ്പെട്ട സ്ഥാനത്താണ്.

1867ൽ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സന്ദിഷ്ടവാദി’എന്ന പത്രമാണ് ഭരണകൂട നിരോധനം നേരിട്ട ആദ്യ മലയാള പത്രം. തുടർന്ന് വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ഉടമസ്ഥതയിലുള്ള ‘സ്വദേശാഭിമാനി’ പത്രം 1910ൽ നിരോധിച്ച് പ്രസ് കണ്ടുകെട്ടുക മാത്രമല്ല, അതിന്റെ പത്രാധിപരായ കെ. രാമകൃഷ്ണ പിള്ളയെ തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് നാടു കടത്തുകയും ചെയ്തു. അൽ അമിൻ, പ്രഭാതം, ദിനബന്ധു, ഗോമതി തുടങ്ങി പലതും നിരോധിക്കപ്പെട്ട പത്രങ്ങളിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് സർക്കാർ പല പ്രാവശ്യം നിരോധിച്ച ദിനപത്രമാണ് ‘ദേശാഭിമാനി’.

അതൊക്കെ പഴയ കഥ. നാട്ടു രാജാക്കന്മാരും ബ്രിട്ടീഷ് സാമ്രാജ്യത്വവും നാടുനീങ്ങിയിട്ടും പത്രമാരണ നിയമങ്ങൾ മാറിയിട്ടില്ലെന്ന് ബോധ്യപ്പെടാൻ സ്വാതന്ത്ര്യം ലഭിച്ച് മൂന്നു പതിറ്റാണ്ടു പോലും തികയേണ്ടി വന്നില്ല. ഇന്ദിരാ ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ പത്രങ്ങളുടെ വായ മൂടിക്കെട്ടി. പിന്നെയും നാലു പതിറ്റാണ്ട് തികയുമ്പോഴേക്ക് ജനാധിപത്യത്തിന്റെ കുപ്പായമണിഞ്ഞ ഫാഷിസം ഇന്ത്യയെ വീണ്ടും നാണം കെടുത്തിക്കൊണ്ടിരിക്കുന്നു.

ഒമ്പതു വർഷം തികയുന്നതിനു മുമ്പ് രണ്ടു തവണ ഒരു ചാനലിന് നിരോധം (അത് താൽക്കാലികമാണെങ്കിലും) നേരിടേണ്ടി വന്നെങ്കിൽ അതിനർഥം ശരിയായ രീതിയിലാണ് അതിന്റെ പോക്കെന്നാണ്. രാജാവ് നഗ്നനാണെന്ന് നിരന്തരം വിളിച്ചു പറയുന്ന, നട്ടെല്ല് വളയ്ക്കാൻ തയ്യാറാവാത്ത ഒരു മീഡിയ മലയാള മണ്ണിൽ ഉണ്ടെന്നതിൽ അഭിമാനിക്കാം.

സംഘ്പരിവാറുകാരനായ കേന്ദ്ര മന്ത്രി മുതലാളിയായതിനാൽ തങ്ങളെ ഇതൊന്നും ബാധിക്കില്ലെന്നാണ് രാജ്യം കത്തുമ്പോൾ ചെമ്പോല ചർച്ച നടത്തുകയും സവർക്കറിസ്റ്റിനെ നിരീക്ഷക വേഷം കെട്ടിച്ച് സായാഹ്നങ്ങളിൽ എഴുന്നള്ളിക്കുകയും ചെയ്യുന്ന കേരളത്തിലെ ഒരു ചാനൽ കരുതുന്നത്. നിരോധം നീക്കിക്കിട്ടാൻ മാപ്പു പറഞ്ഞും മുട്ടിലിഴഞ്ഞും ഫാഷിസ്റ്റുകളുടെ അരമനകൾ നിരങ്ങിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടാവുന്ന ഒരേയൊരു ചാനൽ! മീഡിയ വണ്ണിന് ‘ശിക്ഷ’ കിട്ടിയതിന്റെ സന്തോഷത്തിലാണ് അവരും മറ്റു സഹജീവികളും. ഇവർക്കൊക്കെ എന്തെങ്കിലും സംഭവിച്ചാൽ ചേർത്തു പിടിക്കാൻ ഒന്നാമതായി ഞങ്ങളുണ്ടാകുമെന്ന മീഡിയ വണ്ണിന്റെ പ്രഖ്യാപനം പാസ്റ്റർ മാർട്ടിൻ നിമോളറിന്റെ പതിവ് കഥയെ തോൽപ്പിക്കുന്ന ഉറപ്പാണ്. Well done MediaOne!

Related Articles