Current Date

Search
Close this search box.
Search
Close this search box.

‘മറയിലിരിക്കുന്ന ഓരോ പെണ്‍കുട്ടിയും ഉമറിന്റെയും ബസ്വറക്കാരിയായ ഈ പെണ്ണിന്റെയും സംഭവം കേള്‍ക്കണം!’

ഇബ്‌നുല്‍ ജൗസി നിവേദനം ചെയ്യുന്നു: ഉമര്‍ ബ്ന്‍ അബീ റബീഅ് ത്വവാഫ് ചെയ്തുകൊണ്ടിരിക്കെയായിരുന്നു ബസ്വറക്കാരിയായൊരു സ്ത്രീയെ കണ്ടത്. കണ്ടമാത്രയില്‍ അയാള്‍ക്ക് അവളോടിഷ്ടം തോന്നുകയും അടുത്തുചെന്ന് സംസാരിച്ചപ്പോള്‍ അവള്‍ നീരസം പ്രകടിപ്പിച്ച് തിരിഞ്ഞുകളയുകയും ചെയ്തു. രണ്ടാമത്തെ രാത്രിയും അയാള്‍ അവളെ സന്ദര്‍ശിച്ചപ്പോള്‍ ‘ഒന്നു ദൂരെ നില്‍ക്കൂ മനുഷ്യാ, നിങ്ങള്‍ പവിത്രമായൊരു സ്ഥലത്താണുള്ളതെ’ന്ന് അവര്‍ പ്രതികരിച്ചു. അയാള്‍ വീണ്ടും ശല്യപ്പെടുത്തിയപ്പോള്‍ ത്വവാഫ് ചെയ്യുന്നിടത്തു നിന്ന് പോയി ഭര്‍ത്താവിനെ കൂട്ടിവന്നു. തിരിച്ചുവരുമ്പോള്‍ വഴിയില്‍ ഉമറിരിക്കുന്നുണ്ടായിരുന്നു. അവളുടെ കൂടെ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ഉമര്‍ മുഖം തിരിക്കുകയും ‘കാവല്‍ നായിക്കളില്ലാത്തതിനു മേല്‍ ചെന്നായ്ക്കള്‍ അക്രമിക്കും’ എന്നര്‍ഥം വരുന്ന കവിത അവള്‍ ആലപിക്കുകയും ചെയ്തു. അബ്ബാസി ഖലീഫ മന്‍സൂര്‍ ഇതറിഞ്ഞപ്പോള്‍ പറഞ്ഞത്രെ: ‘മറയിലിരിക്കുന്ന ഓരോ പെണ്‍കുട്ടിയും ഉമറിന്റെയും ബസ്വറക്കാരിയായ ഈ പെണ്ണിന്റെയും സംഭവം കേള്‍ക്കണമെന്ന് ഞാനാഗ്രഹിക്കുന്നു!’

ഗുണപാഠം 1
കവികളുടെ കൂട്ടത്തിലെ അത്യുന്നത സ്ഥാനമലങ്കരിക്കുന്ന ഒരാളാണ് ഉമര്‍ ബ്ന്‍ അബീ റബീഅ. കവിതയില്‍ പുതിയ മാതൃകകള്‍ അദ്ദേഹം പരീക്ഷിച്ചു. പഴഞ്ചന്‍ മാതൃകകള്‍ ഉപേക്ഷിച്ച് അദ്ദേഹം ഒരേയൊരു വിഷയത്തില്‍ കവിതകള്‍ പാടി. അറേബ്യന്‍ പ്രണയിനികളെപ്പോലെ അദ്ദേഹം ഏതെങ്കിലുമൊരു പ്രണയിനിയുടെ പേരില്‍ അറിയപ്പെട്ടില്ല. ചിലപ്പോള്‍ ലുബ്‌നയെക്കുറിച്ചും ചിലപ്പോള്‍ ബസീനയെക്കുറിച്ചും ചിലപ്പോള്‍ ലൈലയെക്കുറിച്ചും പ്രണയകാവ്യങ്ങളെഴുതി. ഒരു സ്ത്രീയില്‍ മാത്രം ഒരിക്കലും ഒതുങ്ങിയില്ല. അപ്പോഴും അദ്ദേഹം ചാരിത്ര്യം ഉപേക്ഷിച്ചിരുന്നില്ല. രോഗശയ്യയിലായിരുന്നപ്പോള്‍ ഇസ്തിഗ്ഫാര്‍ അദ്ദേഹം ധാരാളമായി ചൊല്ലി. ‘ഇത്രയൊക്കെ ചെയ്തശേഷം അല്ലാഹുവിനോട് കാരുണ്യം ചോദിക്കുകയാണോ’ എന്നാരോ ചോദിച്ചപ്പോള്‍ തന്റെ വസ്ത്രം പിടിച്ചദ്ദേഹം പറഞ്ഞത്രെ:’അല്ലാഹുവാണ, ഹറാമായ വഴിയില്‍ ഞാനൊരിക്കലും ഇത് അഴിച്ചിട്ടില്ല!’.

കവിതയുപയോഗിച്ച് ലാഭങ്ങളൊന്നും നേടിയിട്ടില്ലാത്ത തുലോം കവികളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം എന്നതും ശ്രദ്ധേയമാണ്. അറബി കവിതയെ മുച്ചൂടും ഗ്രിസിച്ചിരുന്നൊരു ദുഷിച്ച ശീലമായിരുന്നു കവിതയുപയോഗിച്ച് പണമുണ്ടാക്കുന്ന രീതി. മിക്കവരും ആ രീതി തുടര്‍ന്നു. നാബിഗ മുതല്‍ മുതനബ്ബി വരെ. ഥാലൂഥ് മുതല്‍ ജവാഹിരി വരെ! പക്ഷേ, ഉമര്‍ അതില്‍ നിന്നെല്ലാം വിട്ടുനിന്നു. അബ്ദുല്‍ മലിക് ബ്ന്‍ മര്‍വാന്‍ ഒരിക്കല്‍ തന്നെപ്പറ്റി കവിത പാടാന്‍ ആളെയച്ചപ്പോള്‍ ‘സ്ത്രീകളെ മാത്രമേ ഉമര്‍ വര്‍ണിക്കൂ’ എന്നായിരുന്നു മറുപടി!

ഗുണപാഠം 2
ചിലര്‍ സ്ഥലത്തിന്റെ പവിത്രതയെ തീരെ പരിഗണിക്കാത്തവരാകും. ഓരോ സ്ഥലത്തിനും അനുയോജ്യമായതേ പറയുകയും ചെയ്യുകയും ആകാവൂ എന്നവര്‍ മനസ്സിലാക്കില്ല. ഒരു കാര്യം തോന്നിയാല്‍ അവര്‍ സ്ഥലകാലം നോക്കാതെ അത് ചെയ്തിരിക്കും. പ്രസിദ്ധനാവാനാഗ്രഹിച്ച വിഡ്ഢിയായ ഒരാള്‍ ചെയ്തത് പരിശുദ്ധ സംസം ജലത്തില്‍ മൂത്രമൊഴിക്കുകയായിരുന്നു. ജനങ്ങളെല്ലാം ചേര്‍ന്ന് നന്നായി പ്രഹരിച്ചപ്പോള്‍ അവസാന നിമിഷം ഹറമിലെ കാവല്‍ക്കാരനായിരുന്നു അയാളുടെ ജീവന്‍ രക്ഷിച്ചത്. ഗവര്‍ണറുടെ അടുക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഇതു ചെയ്യാനുള്ള പ്രേരണ എന്തായിരുന്നുവെന്ന് അയാളോട് ചോദിച്ചു. ‘ഇയാളാണ് സംസം ജലത്തില്‍ മൂത്രമൊഴിച്ചതെന്ന്’ എനിക്കു നേരെ ചൂണ്ടി ആള്‍ക്കാര്‍ പറയാന്‍ ഞാനാഗ്രഹിച്ചു എന്നായിരുന്നു അയാളുടെ മറുപടി. ഉമര്‍ ബ്ന്‍ അബീ റബീഅയും ഒരര്‍ഥത്തില്‍ ഇതേ സ്വഭാവ്ക്കാരനായിരുന്നു. അറബികളില്‍ എല്ലാവർക്കും അദ്ദേഹത്തെ അറിയാമായിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ കവിതകള്‍ മനഃപാഠമാക്കി. എവിടെച്ചെന്നാലും പ്രണയകാവ്യങ്ങള്‍ പാടി. പക്ഷേ, ദൗര്‍ഭാഗ്യകരമെന്നോണം സ്ഥലത്തിന്റെ മഹത്വം അയാള്‍ പരിഗണിച്ചില്ല.

ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലത്ത് കഅ്ബയുടെ അടുക്കല്‍ ഇദ്ദേഹം ഒരു സ്ത്രീയെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നു, അവള്‍ പ്രതിരോധിക്കുന്നു. പിന്നീടൊരിക്കലും ഹറാമായ മാര്‍ഗത്തില്‍ അദ്ദേഹം തന്റെ വസ്ത്രമുരിയുന്നില്ല. തൗബ ചെയ്തു മടങ്ങിയൊരു തെറ്റുകാരന്‍ പറയുന്നു: സുന്ദരിയായൊരു സ്ത്രീയായിരുന്നു എന്റെ പശ്ചാതാപത്തിനു പ്രേരകം. ത്വവാഫിന്റെ വേളയില്‍ ഞാനവളെ സമീപിച്ചിപ്പോള്‍ അവള്‍ പറഞ്ഞു:’ഓ മനുഷ്യാ, ഭൂമിയുടെ ഒരറ്റത്തു നിന്ന് പാപങ്ങളൊക്കെ കഴുകിക്കളയാനാണ് നാമിവിടെ വന്നിട്ടുള്ളത്. ഇവിടെ നിന്നുമല്ലെങ്കില്‍ പിന്നെയെവിടെപ്പോയാണ് നിങ്ങള്‍ നിങ്ങളുടെ പാപങ്ങള്‍ കഴുകിക്കിളയുന്നത്!’. ആ വാക്കുകള്‍ ഒരു ഇടിമുഴക്കം പോലെ അയാളുടെ മേലെ പതിച്ചു. ആ നിമിഷം മുതല്‍ അദ്ദേഹം ആകെ മാറിമറിഞ്ഞു. നല്ലൊരു പര്യവസാനമാണ് ആ മനുഷ്യന്റേത്, തുടക്കം ഒട്ടും നല്ലതല്ലെങ്കിലും.

ഗുണപാഠം 3
പുരുഷന് സ്ത്രീകളോട് ചായ്‌വു തോന്നുക സ്വാഭാവിക പ്രതിഭാസമാണ്, തിരിച്ചും അങ്ങനെതന്നെ. ഭൂമി ജനവാസമുള്ളതാവാനും പ്രകൃതി അതിന്റെതായ രീതിയില്‍ തുടരാനും അല്ലാഹു നമ്മില്‍ നിക്ഷേപിച്ചിട്ടുള്ളതാണാ താല്‍പര്യം. പക്ഷേ അതോടൊപ്പം നാമൊക്കെയും മനുഷ്യരാണ്. നമ്മുടെ സ്വഭാവം കൊണ്ട് ഉന്നതരാവാന്‍ നമുക്ക് സാധിക്കണം. വെറും ആഗ്രഹപൂര്‍ത്തീകരണം മാത്രം നടത്തുന്ന കാളകളെപ്പോലെ ആവരുത് നാം. തെരഞ്ഞെടുക്കപ്പെടേണ്ട ഹൃദയങ്ങളും സൂക്ഷിക്കപ്പെടേണ്ട ആദരവുകളും കാക്കപ്പെടേണ്ട ചാരിത്ര്യവുമുണ്ട്. സിംഹം കാട്ടിലെ രാജാവായത് ശക്തനായി എന്നതുകൊണ്ടു മാത്രമല്ല, മാന്യനും അഭിമാനബോധവുമുള്ളവനായി എന്നതുകൊണ്ടു കൂടിയാണ്. വിശന്നുമരിക്കേണ്ടി വന്നാലും മറ്റൊരാള്‍ വേട്ടയാടിയ ഭക്ഷണം അതു കഴിക്കില്ല. ഇരകളില്‍ വല്ലതിനെയും ഒരിക്കല്‍ വെറുതെ വിട്ടാല്‍ പിന്നെ അതിനെത്തിരഞ്ഞ് പോവുകയുമില്ല. ചില മനുഷ്യരില്‍ സിംഹങ്ങളുടെ മാന്യത പോലുമില്ല. മറിച്ച്, കഴുതപ്പുലികൾക്ക് ആര്‍ത്തി മാത്രമാണുള്ളത്. കഴുതപ്പുലിക്ക് തന്റെ മുന്നിലുള്ള മാംസമെല്ലാം ഭക്ഷണമാണ്. ഉപേക്ഷിക്കപ്പെട്ട എല്ലാ ശവത്തിലും അതിന് അവകാശവുമുണ്ട്!

ഇഷ്ടം തോന്നുന്നത് നോട്ടത്തിലൂടെയാണ്. പക്ഷേ അല്ലാഹു നമുക്ക് ബുദ്ധിയും തിരിച്ചറിവും തന്നിട്ടുണ്ട്. നോട്ടത്തിലൂടെ കഴുതപ്പുലിയായി മാറുന്ന മനുഷ്യന്‍ യഥാര്‍ഥ കഴുതപ്പുലികളെക്കാള്‍ അപകടകാരിയാണ്. കാരണം, അവ പടക്കപ്പെട്ടത് ശവം തിന്നു ജീവിക്കുന്ന, ഭക്ഷണം മാത്രം ആലോചിക്കേണ്ടുന്ന ഒരു ജീവിയായാണ്. പക്ഷേ മനുഷ്യനായ നാം ഹൃദയത്തോടുകൂടി പടക്കപ്പെട്ടവരാണ്. ഉന്നതമായ രീതിയില്‍ സ്‌നേഹിക്കാന്‍. ബുദ്ധിസഹിതം പടക്കപ്പെട്ടവരാണ് നാം, മറ്റുള്ളവരുടെ മാംസത്തില്‍ ചെന്നു ചാടാതിരിക്കാന്‍.

ഗുണപാഠം 4
ലോകത്തെ എല്ലാ കാര്യവും ശക്തിയുപയോഗിച്ച് നേടിയെടുക്കാവുന്നതാണ്, സ്‌നേഹമൊഴിച്ച്. സ്‌നേഹം തൃപ്തിയോടെ മാത്രമേ ലഭിക്കൂ, അല്ലെങ്കില്‍ ലഭിക്കില്ല. ചിലര്‍ അതിയായ വാശിക്കാരാവും. അവരെ തടയുന്നത് കൂടുതല്‍ ശക്തിയായി തിരിച്ചുവരാനേ ഉപകരിക്കൂ. മനുഷ്യരുടെ മാന്യതയോ മൃഗങ്ങളുടെ സ്വഭാവമോ അവരില്‍ നിന്ന് പ്രതീക്ഷിക്കരുത്. സംഘമായി സഞ്ചരിക്കുന്ന ദേശാടനപ്പക്ഷികളുടെ ഒരു വിഭാഗമുണ്ട്. ഒരുമിച്ച് സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യും. ഇണചേരലിന്റെ കാലമായായല്‍ ആണ്‍പക്ഷികളെല്ലാം തങ്ങളെ പെണ്‍പക്ഷികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കും. നമ്മുടെ പെണ്ണുകാണല്‍ രീതിയൊക്കെ പോലെ. ശേഷം ഒരു ധാന്യമെടുത്ത് ഇഷ്ടപ്പെട്ട പെണ്‍പക്ഷിയുടെ മുന്നില്‍ കൊണ്ടുവെക്കും. അവളത് കൊത്തിയെടുത്താല്‍ വിവാഹാഭ്യര്‍ഥന സ്വീകരിച്ചുവെന്നര്‍ഥം, ഇല്ലെങ്കില്‍ അവള്‍ക്ക് അവനെ ഇഷ്ടമായില്ലെന്നും. അതോടെ അവനവളെ വിട്ടുനില്‍ക്കുകയും ജീവിതകാലം മുഴുവന്‍ അതിന്റെ അടുത്തു ചെല്ലാതിരിക്കുകയും ചെയ്യും. മനുഷ്യരായിരിക്കെ ഈയൊരു മര്യാദ ചെയ്യാന്‍ ഏറ്റവും ബാധ്യസ്ഥര്‍ നമ്മളല്ലേ!?

ഗുണപാഠം 5
കടകളില്‍ വാങ്ങാന്‍ കിട്ടാത്ത ചില മേക്കപ്പ് സാധനങ്ങളുണ്ട്. വില്‍പ്പനക്ക് വെച്ചിട്ടുള്ളവയെക്കാളൊക്കെ മനോഹരവുമാണത്. സ്വഭാവമാണ്
പുരുഷന്റെ സുഗന്ധം. ലജ്ജ സ്ത്രീയുടേതും. സ്ത്രീയുടെ ഏറ്റവും സുന്ദരമായ സുറുമ അന്യപുരുഷരില്‍ നിന്ന് കണ്ണടക്കലാണ്. പുരുഷന്റെ ഏറ്റവും മനോഹര വസ്ത്രം ചാരിത്ര്യശുദ്ധിയുമാണ്. സ്വഭാവത്തെക്കാള്‍ മനോഹരമായൊരു ഭംഗിയുമില്ലതന്നെ. സ്ത്രീ ചിലപ്പോള്‍ അസാധ്യ സൗന്ദര്യമുള്ളവരാവാം. പക്ഷേ, അവള്‍ പുരുഷരൂപം പ്രാപിക്കാന്‍ ശ്രമിച്ചാല്‍ പുരുഷന്മാര്‍ അവളെ വെറുത്തുതുടങ്ങും. കാരണം, സ്ത്രീത്വം എന്നതുതന്നെ മനോഹരവും അമൂല്യവുമായ മേക്കപ്പാണ്. പുരുഷനും സുന്ദരനാവുന്നത് ചാരിത്ര്യശുദ്ധി സൂക്ഷിക്കുമ്പോഴാണ്!

ഗുണപാഠം 6
കഥകളാണ് തര്‍ബിയത്തിന്റെ ഏറ്റവും രസകരമായ മാര്‍ഗം. വെറും ആശയങ്ങള്‍ കഠിനമായിത്തോന്നും. പക്ഷേ, അതേ ആശയം ഒരു കഥയായി അവതരിപ്പിച്ചാല്‍ അതിനെ മനസ്സ് ഹൃദയപൂര്‍വം സ്വീകരിക്കും. അതുകൊണ്ടാണ് ബസ്വറക്കാരിയായ സ്ത്രീയുടെയും ഉമര്‍ ബ്ന്‍ അബീ റബീഅയുടെയും കഥ എല്ലാ സ്ത്രീകളും അറിയണമെന്ന് ഖലീഫ മന്‍സൂര്‍ ആഗ്രഹിച്ചത്. മന്‍സൂറിന് മുമ്പും ശേഷവും തര്‍ബിയത്തിലെ കഥയുടെ സ്വാധീനം പറയാന്‍ വിശുദ്ധ ഖുര്‍ആനിലും വലിയ തെളിവൊന്നും ആവശ്യമില്ല. ഖുര്‍ആനിലെ മൂന്നിലൊരു ഭാഗമോ അതിലധികമോ കഥകളാണ്. സാന്ത്വനപ്പെടുത്തുക, സമാധാനിപ്പിക്കുക എന്നതില്‍ കവിഞ്ഞ് സംസ്‌കരിക്കുക, തര്‍ബിയത്ത് ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് അത് നിര്‍വഹിക്കുന്നത്.

ആദം നബിയുടെ രണ്ടു സന്താനങ്ങളുടെ കഥ ഖുര്‍ആന്‍ പറയുമ്പോള്‍ അസൂയയുടെ ദൂഷ്യഫലം കൂടിയാണ് പറയുന്നത്. അതേ സംഭവത്തിലെ കാക്കയെക്കുറിച്ചു പറയുമ്പോള്‍ ഭൗതികശരീരം എങ്ങനെയാണ് മറവു ചെയ്യേണ്ടതെന്നും മനുഷ്യന്‍ ചീത്തയായിക്കഴിഞ്ഞാല്‍ മൃഗങ്ങളെക്കാള്‍ അധഃപതിച്ചവനാകും എന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. യൂനുസ് നബിയുടെയും തിമിംഗലത്തിന്റെയും കഥ പറയുമ്പോള്‍, അല്ലാഹു ഒരു മനുഷ്യനെ രക്ഷപ്പെടുത്താനുദ്ദേശിച്ചാല്‍ അവനിനി ഭീകരനായ തിമിംഗലത്തിന്റെ വയറ്റിലാണെങ്കിലും അവനെ രക്ഷപ്പെടുത്തുമെന്നും വഅവനെ മരിപ്പിക്കാനുദ്ദേശിച്ചാല്‍ അവന്‍ കിടന്നുറങ്ങുന്ന വിരിപ്പില്‍ വെച്ചാണെങ്കിലും അവനെ പിടിക്കും എന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

ഉസൈറിന്റെ കഴുതയെക്കുറിച്ചു പറയുമ്പോള്‍ അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാനും എന്തും ചെയ്യാനും കഴിവുള്ളവനാണെന്ന് ഖുര്‍ആന്‍ നമ്മോടു പറയുന്നു. ബനൂ ഇസ്രാഈല്യരുടെ പശുക്കുട്ടിയെക്കുറിച്ചു പറയുമ്പോള്‍ സമ്പത്തിനോടുള്ള ആഗ്രഹം ചിലപ്പോള്‍ അവന്റെ മരണത്തില്‍ വരെ കലാശിച്ചേക്കാം എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. നൂഹ് നബിയുടെ കഥ പറയുമ്പോള്‍ ദഅ്‌വത്തിന്റെ മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ഖുര്‍ആന്‍ പകര്‍ന്നുതരുന്നത്. യൂസുഫ് നബിയുടെ കഥ പറയുമ്പോള്‍ സന്താനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചെന്നായയില്‍ നിന്ന് രക്ഷപ്പെട്ടപ്പോഴും സഹോദരങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടില്ല എന്നതും ചാരിത്ര്യശുദ്ധി വികാരത്തെ മറികടക്കാവുന്നതാണെന്നും പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടത് ആഗ്രഹങ്ങള്‍ കൊണ്ടുമാത്രമല്ല, പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടിയാണെന്നും മാന്യനായ മനുഷ്യന്‍ രാജാവായാലും വിട്ടുവീഴ്ച ചെയ്യുന്നവനാകും എന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

മൂസാ നബിയെക്കുറിച്ചു പറയുമ്പോള്‍ ഒരുപാട് ഗുണപാഠങ്ങളാണ് ഖുര്‍ആന്‍ പകര്‍ന്നുതരുന്നത്. ആയുസ്സിന്റെ കണക്കുപുസ്തകം അല്ലാഹുവിന്റെ അടുക്കല്‍ മാത്രമാണെന്ന് ഖുര്‍ആന്‍ പറയുന്നു. കാരണം, ഫിര്‍ഔന്‍ ആയിരക്കണക്കിന് ആണ്‍കുട്ടികളെ കൊന്നുകളഞ്ഞപ്പോഴും തന്റെ അന്തകനാവാന്‍ പോകുന്ന കുട്ടിയെ സ്വന്തം വീട്ടില്‍ അയാള്‍ വളര്‍ത്തുന്നു. മൂല്യങ്ങളെ സംരക്ഷിക്കാനുള്ള മാര്‍ഗത്തില്‍ പലതും ത്യജിക്കേണ്ടി വരുമെന്നും ഖുര്‍ആന്‍ പറയുന്നു. മാരണക്കാരനെ ഫിര്‍ഔന്‍ തൂക്കിലേറ്റിയപ്പോഴും അവര്‍ സത്യവിശ്വാസികളായിരുന്നു. ചിലരുടെ കപട വിശ്വാസത്തെയും ഖുര്‍ആന്‍ തുറന്നുകാട്ടുന്നു. മറ്റുള്ളവരുടെ സാമര്‍ഥ്യം അംഗീകരിക്കാനും ഖുര്‍ആന്‍ ഇതിലൂടെ പഠിപ്പിക്കുന്നു. ഹാറൂന്‍ നബി തന്നെക്കാള്‍ വ്യക്തമായി സംസാരിക്കുന്നവരാണെന്ന് മൂസ നബി അംഗീകരിച്ചല്ലോ. ബുദ്ധിമാന്മാര്‍ അങ്ങനെ ചെയ്യുന്നവരാകും.

ഇനി സൂറത്തുല്‍ കഹ്ഫിലെ രണ്ടു തോട്ടമുടമസ്ഥരെക്കുറിച്ചുള്ള കഥ പറയുമ്പോള്‍ നന്ദിയുള്ളവരായാല്‍ അനുഗ്രഹങ്ങള്‍ നിലനില്‍ക്കുമെന്നും തന്റെ സമ്പത്തില്‍ മാത്രം അവലംബിക്കുന്നവന്‍ തീര്‍ച്ചയായും പിന്നീട് ദരിദ്രനായിത്തീരുമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മര്‍യം ബീവിയുടെയും സകരിയ്യാ നബിയുടെയും കഥ പറയുമ്പോള്‍ കാര്യകാരണങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമേ ബാധകമുള്ളൂ, അല്ലാഹുവിന് ബാധകമല്ലെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അവിവാഹിതയായ ഒരു സ്ത്രീക്ക് സന്താനത്തെ നല്‍കിയതു പോലെ അതിവൃദ്ധനായൊരു മനുഷ്യന് തന്റെ അവസാന നാളുകളില്‍ സന്താനത്തെ നല്‍കുന്നു! ഇബ്‌റാഹിം നബിയെക്കുറിച്ചു പറയുമ്പോള്‍ തന്റെ പരമാധികാരത്തിലാണ് എല്ലാമെന്നും തീ ഒരു വസ്തുവിനെ കരിക്കണമെങ്കിലും കത്തി ഒരു വസ്തുവിനെ മുറിക്കണമെങ്കിലും തന്റെ സമ്മതം വേണമെന്നും അല്ലാഹു ഓര്‍മിപ്പിക്കുന്നു.

സുലൈമാന്‍ നബിയുടെ ഉറുമ്പുകളുടെ കഥ പറയുമ്പോള്‍ സംഘബോധം പരിഗണിക്കണമെന്നും ബുദ്ധിയുള്ള മനുഷ്യന്‍ ഒരിക്കലും സ്വന്തത്തെ മാത്രം രക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഹുദ്ഹുദിന്റെ കഥ പറയുമ്പോള്‍ ആര്‍ക്കും ദഅ്‌വത്തിന്റെ മാര്‍ഗത്തില്‍ എന്തെങ്കിലുമൊക്കെയായി ചെയ്യാനാവുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. നംറൂദിനെക്കുറിച്ചു പറയുമ്പോള്‍ അക്രമകാരികളെ നേരിടേണ്ടതിനെക്കുറിച്ചും അല്ലാഹുവിന്റെ പ്രപഞ്ചത്തില്‍ അവരൊക്കെയും വെറുമൊരു തരി മാത്രമാണെന്നും പ്രപഞ്ചത്തിലെ ഓരോ വസ്തുവും അല്ലാഹുവിന്റെ സൈന്യമാണെന്നും ഖുര്‍ആന്‍ പറയുന്നു. നംറൂദിനെ ഒരു കൊതുകിനെയുപയോഗിച്ച് അല്ലാഹു നിസ്സാരനാക്കി. നൂഹ് നബിക്കു വേണ്ടി വെള്ളമുപയോഗിച്ച് പ്രതികാരം ചെയ്തു. തവളകളെയും വെട്ടുകിളികളെയും ചെള്ളിനെയും രക്തവും ഉപയോഗിച്ച് മൂസാ നബിക്ക് സഹായം നല്‍കി! ഒരു സമൂഹത്തെ മുഴുവന്‍ ഉപരോധത്തിലാക്കിയ ഉടമ്പടിയിലെ ‘അല്ലാഹുവിന്റെ നാമത്തില്‍’ എന്ന വാക്കല്ലാത്ത മറ്റെല്ലാം ചിതലുകള്‍ തിന്നുകയും ഉപരോധം ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. തന്റെ വിശുദ്ധ ഗേഹത്തെ ചെറിയ പക്ഷികളെയുപയോഗിച്ച് അവന്‍ സംരക്ഷിക്കുന്നു!

ഇനി ഖാറൂനിന്റെ കഥ പറയുമ്പോള്‍ പണം കൊണ്ട് സ്വര്‍ഗം വാങ്ങാനാവില്ലെന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു! ത്വാലൂത്തിന്റെയും ജാലൂത്തിന്റെയും കഥ പറയുമ്പോള്‍ വിശ്വാസികളായ സംഘം അത് ചെറുതായാലും നിസ്സംശയം വിജയം നേടുമെന്നും ജനങ്ങളൊക്കെ എന്നും വിജയിച്ചിട്ടുള്ളത് വാളും ആയുധങ്ങളും കൊണ്ടല്ലെന്നും അതൊക്കെ വെറും കാരണങ്ങള്‍ മാത്രമാണെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ആയുധങ്ങള്‍ അവലംബിക്കുകയാണെങ്കില്‍ അതു മാത്രമേ കൂട്ടുണ്ടാവുകയുള്ളൂ എന്നും അതേസമയം അല്ലാഹുവിനെ അവലംബിക്കുകയാണെങ്കില്‍ എതിര്‍വിഭാഗം എത്രതന്നെ ശക്തമായാലും വിജയം സുനിശ്ചിതവുമാണ് എന്നര്‍ഥം! ഇബ്‌റാഹിം നബിയുടെ തീയണച്ചത് വെള്ളമായിരുന്നില്ലല്ലോ. മൂസാ നബി തന്റെ വടി കൊണ്ട് മഹാസമുദ്രം രണ്ടായി പിളര്‍ത്തി. അല്ലാഹുവിന്റെ കല്‍പനയുണ്ടാവുന്നതിനു മുമ്പ് ആടുകളെ നിയന്ത്രിക്കാനും താങ്ങുപിടിക്കാനും എല്ലാവരെയും പോലെ അദ്ദേഹവും ഉപയോഗിച്ചിരുന്നൊരു വടി മാത്രമായിരുന്നു അത്.

( ഈ പരമ്പര ഇവിടെ അവസാനിക്കുന്നു )

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles