Current Date

Search
Close this search box.
Search
Close this search box.

അവസാന വരിയില്‍ ഭാര്യ ഇങ്ങനെയെഴുതി: എത്ര അനുഗ്രഹീതമായ വര്‍ഷമായിരുന്നുവത്!

തന്റെ ഓഫീസിലെ കസേരയിലിരുന്ന് ആ പത്രപ്രവര്‍ത്തകന്‍ ഒരു പേപ്പറിലെഴുതി: ‘കഴിഞ്ഞ വര്‍ഷം പിത്തസഞ്ചി വീക്കം നീക്കം ചെയ്യാനുള്ള സര്‍ജറിക്ക് ഞാന്‍ വിധേയനായി. മാസങ്ങളോളം ശയ്യാവലംബിയായി. അറുപതാം വയസ്സിലേക്ക് ഞാന്‍ കടന്നു. മുപ്പതു വര്‍ഷത്തോളമായുള്ള എന്റെ ജോലി ഉപേക്ഷിച്ചു. എന്റെ പിതാവ് മരണപ്പെട്ടു. കാറപകടം കാരണം മകന്‍ മെഡിക്കല്‍ പഠനത്തില്‍ പരാജയപ്പെട്ട് പഠനം നിര്‍ത്തി. അവസാന വരിയില്‍ അയാള്‍ എഴുതി: എന്തൊരു ദുഷിച്ച വര്‍ഷമായിരുന്നുവത്!’ അപ്പോഴാണ് അയാളുടെ ഭാര്യ ഓഫീസിലേക്കു കടന്നുവന്നത്. മന്ദംമന്ദം അയാളുടെ അടുത്ത് ചെന്ന് അയാളെഴുതിയ കുറിപ്പ് വായിച്ച് ഒന്നും പറയാതെ ഓഫീസ് വിട്ടുപോയി. അല്‍പനേരം കഴിഞ്ഞ് കയ്യിലൊരു കടലാസുമായി അവര്‍ തിരിച്ചുവന്നു. ഭര്‍ത്താവെഴുതിവച്ച കടലാസിന്റെ അടുത്തായി ആ കടലാസവര്‍ വച്ചു. അതെടുത്ത് ഭര്‍ത്താവ് വായിച്ചുനോക്കി: ‘വര്‍ഷങ്ങളായി അലട്ടുന്ന പിത്തരോഗത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്ക് മോചനം ലഭിച്ചു. സമ്പൂര്‍ണ ആരോഗ്യത്തോടെ നിങ്ങള്‍ അറുപതാം വയസ്സിലേക്ക് കടന്നു. ഇനി രചനകള്‍ക്കും ഓര്‍മയെഴുത്തുകള്‍ക്കുമായി നിങ്ങള്‍ക്കൊഴിഞ്ഞിരിക്കാം. നിങ്ങളുടെ പിതാവ് ആര്‍ക്കും ഭാരമാവാതെ എണ്‍പത്തിയഞ്ചു വര്‍ഷം ജീവിക്കുകയും വേദനയില്ലാതെ ശാന്തനായി മരണമടയുകയും ചെയ്തു! അത്ഭുതകരമായി നിങ്ങളുടെ മകന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. അവസാന വരിയില്‍ ഭാര്യ ഇങ്ങനെയെഴുതി: എത്ര അനുഗ്രഹീതമായ വര്‍ഷമായിരുന്നുവത്!’

ഗുണപാഠം 1
നമ്മളെപ്പോഴും നോക്കുന്നത് നമുക്ക് ലഭിച്ച കാര്യങ്ങളിലേക്കല്ല, നമ്മില്‍ നിന്ന് എടുത്തു പോയവയിലേക്കാണ്. കേടുവന്നുപോയ തന്റെ ചെരുപ്പിനെക്കുറിച്ച് പരിഭവപ്പെടുന്നവന്‍ കാലുകള്‍ പോലുമില്ലാത്തനെക്കുറിച്ച് ആലോചിക്കാത്തതെന്താണ്?! വേതനം തികയാത്തതിനെച്ചൊല്ലി ആശങ്കപ്പെടുന്നവന്‍ ദിവസേന ആഹാരം ലഭിക്കാതെ മരിച്ചുവീഴുന്ന ജനങ്ങളെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?! മങ്ങിയ കാഴ്ചയോര്‍ത്ത് സങ്കടപ്പെടുന്നവന്‍ ലോകത്തിലെ വലിയൊരുപക്ഷം ജനങ്ങള്‍ അന്ധരാണെന്ന സത്യം അറിയാത്തവരാണോ?! തന്റെ ഒരു മകന്‍ മരണപ്പെട്ടതില്‍ ഹതാശരാവുന്നവര്‍ മക്കളെ മുഴുവന്‍ ഒറ്റത്തവണയില്‍ മറവുചെയ്യേണ്ടി വന്നിട്ടുള്ള രക്ഷിതാക്കളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?! മക്കളില്‍ ആരെങ്കിലും നഷ്ടപ്പെട്ടതില്‍ നിലവിളിക്കുന്നവര്‍ മാതൃത്വത്തിന്റെ മധുപോലും നുകരാന്‍ പറ്റാത്ത ആയിരങ്ങളായ സ്ത്രീകളുടെ മനോനില അറിഞ്ഞിട്ടുണ്ടോ?! ജോലിഭാരത്തെച്ചൊല്ലി പരാതിപ്പെടുന്നവര്‍ ജോലിപോലുമില്ലാതെ കഷ്ടപ്പെടുന്ന മില്യണ്‍ കണക്കിനാള്‍ക്കാരുടെ മാനസികാവസ്ഥ അനുഭവിച്ചിട്ടുണ്ടോ?! എല്ലാം നമുക്കു വേണമെന്നതാണ് നമ്മുടെ പ്രശ്‌നം. നമുക്ക് വല്ലതും ലഭിച്ചില്ലെങ്കില്‍ നാം കുപിതരാവുകയും ലഭിക്കുന്നപക്ഷം കൂടുതലായി ആഗ്രഹിക്കുകയും ചെയ്യുന്നു.

ഗുണപാഠം 2

ഒരേകാര്യം തന്നെ വ്യത്യസ്ത കണ്ണുകളിലൂടെ ആള്‍ക്കാര്‍ നോക്കിക്കാണും. പകുതി വെള്ളമുള്ള ഒരു ഗ്ലാസിലെ ഒഴിഞ്ഞ പകുതി ഗ്ലാസും നിറഞ്ഞ പകുതി ഗ്ലാസും കാണുന്നവരുണ്ട്. ഒഴിഞ്ഞ പകുതി ഗ്ലാസ് മാത്രം കാണുന്നപക്ഷം പകുതി വെള്ളം ശ്രദ്ധിക്കാതെ വരുന്നു. പകുതി നിറഞ്ഞ ഗ്ലാസ് ശ്രദ്ധിക്കുന്നപക്ഷം പകുതി ഇല്ലായ്മ കൊണ്ടുള്ള പ്രയാസം നാം മറക്കുന്നു. ഈ ജീവിതമെന്തൊരു നാശമാണ്, എന്റെ പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്ടപ്പെട്ടു എന്ന് പറയുന്നവരും എനിക്ക് ഇനിയുമൊരുപാട് സൗഹൃദങ്ങളെ ബാക്കിവച്ച പടച്ചവനാണ് സ്തുതിയെന്നു പറയുന്നവരുമുണ്ടാവും. എന്റെ ഭാര്യ ഭയങ്കര ദേഷ്യക്കാരിയാണെന്ന് പറയുന്നവരും എന്റെ ഭാര്യ ദേഷ്യക്കാരിയാണെങ്കിലും നല്ല സ്വഭാവമുള്ളവളാണെന്ന് പടച്ചവനെ സ്തുതിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. എന്റെ വീടെത്ര ചെറുതെന്ന് പരിഭവപ്പെടുന്നവരും അല്‍ഹംദുലില്ലാ, എനിക്ക് കിടക്കാനൊരു വീടുണ്ടല്ലോ എന്നാശ്വാസം കൊള്ളുന്നവരും നമുക്കിടയിലുണ്ട്. എന്റെ ഭര്‍ത്താവ് വാശിക്കാരനാണെന്ന് വേവലാതിപ്പെടുന്നവരും ഭര്‍ത്താവ് വാശിക്കാരനാണെങ്കിലും എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ആശ്വസിക്കുന്നവരും ഈ ലോകത്തുണ്ട്. എന്റെ പിതാവ് എന്റെ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് പരിഭവപ്പെടുന്നവരും അല്‍ഹംദുലില്ലാ, എന്റെ പിതാവ് എന്നെക്കുറിച്ച് നല്ല കരുതലുള്ളവരാണെന്ന് സമാധാനിക്കുന്നവരുമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും ഇത്തരത്തില്‍ ദ്വിമുഖങ്ങള്‍ കാണാം. ഇവയെല്ലാം ചന്ദ്രനെപ്പോലെയാണ്. ഒരു ഭാഗം പ്രകാശപൂരിതവും മറ്റൊന്ന് ഇരുണ്ടതുമാവും. തെറ്റുമാത്രം കാണുന്ന സ്വഭാവക്കാര്‍ അതിന്റെ ഇരുണ്ട ഭാഗം മാത്രമേ കാണൂ!

ഗുണപാഠം 3

ഒരു ഘട്ടം കഴിയുമ്പോള്‍ അടുത്തത് ആരംഭിക്കും. ഒരു സംഭവം കഴിഞ്ഞാല്‍ അടുത്തത് തുടങ്ങും. ഈ ജീവിതമെന്നാല്‍ നിരന്തരമായ തുടക്കങ്ങളാണ്! നമുക്ക് ബാക്കിയുള്ളതെന്തെന്ന് ആലോചിക്കാനുള്ളൊരു അവസരമാണ് ഓരോ പ്രതിസന്ധികളും. തെറ്റുകള്‍ മനസ്സിലാക്കാനുള്ളൊരവസരമാണ് പരാജയം. ജീവിതത്തെത്തന്നെ സമുദ്ധരിക്കാനുള്ളൊരു അവസരമാണ് പ്രയാസങ്ങള്‍. നമ്മുടെ ഇടപെടലുകളെ പുനര്‍വിചിന്തനം ചെയ്യാനുള്ളൊരു അവസരമാണ് തര്‍ക്കങ്ങള്‍. എന്തൊക്കെ സംഭവിച്ചാലും ഇല്ലെങ്കിലും ഈ നക്ഷത്രം അതിന്റെ ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടേയിരിക്കും. ഒരു പ്രകമ്പനം അതിനെ ഇളക്കിയാലും തീ കരിച്ചാലും രോഗം തളര്‍ത്തിയാലും അത് കറങ്ങുകതന്നെ ചെയ്യും. ജീവിതവും അതേപടി തുടര്‍ന്നുകൊണ്ടിരിക്കും. ഭൂമികുലുക്കം സംഭവിച്ചൊരു നാട് പഴയപടിയാവുന്നതുപോലെ തീപിടുത്തത്തില്‍ കരിഞ്ഞൊരു പ്രദേശവും പുനഃസ്ഥാപിക്കപ്പെടും. മഹാമാരികള്‍ക്ക് ചികിത്സയും യുദ്ധത്തിന് പരിധിയും വെക്കപ്പെടും. അല്ലേലും എന്തിനാണ് ജീവിതം എല്ലാ പ്രയാസങ്ങളിലും ഇടപെടുന്നത്?!

ഗുണപാഠം 4

മൃതിയടഞ്ഞ മരങ്ങളുപയോഗിച്ചാണ് കപ്പലുകള്‍ നിര്‍മിക്കപ്പെടുന്നത്. തീഗോളങ്ങള്‍ക്കിടയില്‍ എരിഞ്ഞ ഇരുമ്പുപയോഗിച്ചാണ്‌വിമാനങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. പാമ്പുകളുടെ വിഷത്തില്‍നിന്നാണ് പച്ചമരുന്നുകള്‍ രൂപപ്പെടുന്നത്. വിഷലിപ്തമായ ചില ചെടികളില്‍ നിന്നാണ് പല മരുന്നുകളുമുണ്ടാകുന്നത്. ഉഗ്രരൂപിയായ കാറ്റുമൂലമാണ് കാറ്റാടിയന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശക്തമായ തിരമാലകളില്‍നിന്നുമാണ് വൈദ്യുതി ഉല്‍പാദിപ്പിക്കപ്പെടുന്നതും. ജീവനില്ലാത്ത വിത്തുകളില്‍ നിന്നാണ് മരങ്ങള്‍ ഉണ്ടാവുന്നത്. ഉണങ്ങിയ കതിരുകള്‍കൊണ്ടാണ് വയലുകള്‍ പുഷ്പിക്കുന്നത്.

ജോലി നഷ്ടപ്പെടുന്നതോടെ ജോലിയുടെ വില നാമറിയുന്നു. സുഹൃത്തിന്റെ വേര്‍പാടില്‍ നാം മറ്റുള്ളവരോടൊപ്പം അത് അതിജീവിക്കുന്നു. മകന്റെ മരണത്തില്‍ നിന്ന് നാം മറ്റുള്ളതുമായി വ്യാപൃതമാവാന്‍ പഠിക്കുന്നു. പരീക്ഷണങ്ങള്‍ ചിലപ്പോള്‍ നമ്മെ പലതും പഠിപ്പിക്കുന്നു. സങ്കടമെന്നാല്‍ മദ്‌റസയൊക്കെ പോലെ മടുപ്പും ഭാരവും തോന്നിക്കുന്നിയടമാണ്. പക്ഷേ, പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടവും അതുതന്നെ. സന്തോഷം കഫ്റ്റീരിയകള്‍ പോലെയും. മാധുര്യവും സുഖവുമാണത് പകര്‍ന്നുതരുന്നതെങ്കിലും അതില്‍ നിന്നൊന്നും പഠിക്കാനില്ല!

വിവ: മുഹമ്മദ് ശാക്കിർ മണിയറ
????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles