Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെയാണ് ദുര്‍ബലനായ മനുഷ്യന്‍ ശക്തനില്‍ നിന്ന് തന്റെ അവകാശം നേടിയെടുക്കുന്നത്!

ഞാന്‍ വായിച്ചതില്‍ വെച്ച് മനോഹരമായൊരു കഥയാണിത്. ബനൂ ഇസ്‌റാഈല്യരെക്കുറിച്ചുള്ളത്. അതിലെത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന കാര്യം പക്ഷേ എനിക്കറിയില്ല. എന്തായാലും കഥ പറയാം. മൂസാ നബി അല്ലാഹുവുമായി അഭിമുഖ സംഭാഷണം നടത്താന്‍ പോയ ദിവസവം അല്ലാഹുവോടു ചോദിച്ചു: ‘ദുര്‍ബലന്‍ എങ്ങനെയാണ് ശക്തനായ മനുഷ്യനില്‍ നിന്ന് തന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നത്?’ അല്ലാഹു പറഞ്ഞത്രെ: ‘നാളെ ഇന്നാലിന്ന സ്ഥലത്തേക്കു പോവുക. അവിടെ കാണാം’. അല്ലാഹു പറഞ്ഞ സ്ഥലത്ത് മൂസ നബിയെത്തി.
മലമുകളില്‍ നിന്നിറങ്ങി വന്ന് ഒഴുകുന്ന പുഴയായി മാറുന്നൊരു ചെറിയൊരു വെള്ളച്ചാട്ടം നബി കണ്ടു. കാണാന്‍ കരുതിയ കാര്യവും കാത്ത് നബിയങ്ങനെ ഒരുപാടു നേരമിരുന്നു. അപ്പോഴാണ് കുതിരപ്പുറത്ത് വെള്ളം കുടിക്കാനായി ഒരു യോദ്ധാവ് അവിടെ വന്നിറങ്ങിയത്. തന്റെ ഭാണ്ഡക്കെട്ടുകൾ അവിടെയിറക്കിവെച്ച് വെള്ളം കുടിക്കുകയും കുളിക്കുകയും വിശ്രമിക്കുകയും ചെയ്ത് അയാള്‍ തിരിച്ചുപോയി. തിരിച്ചുപോവുമ്പോള്‍ ഭാണ്ഡക്കെട്ട് അവിടെ മറന്നുവെക്കുകയും ചെയ്തു. അല്‍പം കഴിഞ്ഞ് കഴുതപ്പുറത്ത്  ചെറിയൊരു കുട്ടി അവിടെയെത്തി. വെള്ളം കുടിക്കുകയും കുളിക്കുകയും ചെയ്തശേഷം തിരിച്ചുപോവാനുദ്ദേശിച്ചപ്പോഴാണ് കുതിരക്കാരന്‍ മറന്നുവച്ച ഭാണ്ഡക്കെട്ട് അവന്‍ കണ്ടത്. തുറന്നു നോക്കിയപ്പോഴോ അതില്‍ മുഴുവന്‍ സ്വര്‍ണവും! കുട്ടി അതുമായി തിരിച്ചുപോവുകയും ചെയ്തു.
അല്‍പനേരം കൂടി കഴിഞ്ഞപ്പോള്‍ വൃദ്ധനായൊരു മനുഷ്യന്‍ ആ പുഴക്കരയിലെത്തുകയും വെള്ളം കുടിക്കുകയും കുളിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് കുതിരക്കാരന്‍ മടങ്ങിവന്ന് വൃദ്ധനോട് തന്റെ മറന്നുവച്ച ഭാണ്ഡക്കെട്ടിനെക്കുറിച്ച് ചോദിച്ചത്. തനിക്കറിയില്ലെന്ന മറുപടി കേട്ട താമസം, അയാള്‍ തന്റെ വാളുകൊണ്ട് വൃദ്ധന്റെ ശിരസ്സു ഛേദിച്ചു. മൂസാ നബി അല്ലാഹുവിനോടായി പറഞ്ഞു: ‘ആ യോദ്ധാവ് വൃദ്ധനായ ആ മനുഷ്യനോട് അതിക്രമം കാണിച്ചല്ലോ റബ്ബേ’. അല്ലാഹു പ്രതിവചിച്ചു:’ഓ മൂസാ, ആ വൃദ്ധന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് യോദ്ധാവിന്റെ പിതാവിനെ വധിച്ചിരുന്നു. ആ കുട്ടിയുടെ പിതാവാണെങ്കില്‍ യോദ്ധാവായ മനുഷ്യന്റെ പിതാവിന്റെ അടുക്കല്‍ ഇരുപത് വര്‍ഷം ജോലി ചെയ്തിരുന്നു. അതിന്റെ അവകാശമാണ് ആ കുട്ടി എടുത്തത്. യോദ്ധാവ് തന്റെ പിതാവിന്റെ അവകാശം വൃദ്ധനില്‍ നിന്ന് നേടിയെടുത്തപ്പോള്‍, കുട്ടി തന്റെ പിതാവിന്റെ അവകാശം യോദ്ധാവില്‍ നിന്നും നേടിയെടുത്തു. ഇങ്ങനെയാണ് ദുര്‍ബലന്‍ ശക്തനില്‍ നിന്ന് തന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നത്!’
ഗുണപാഠം 1
യഹൂദികളിലേക്കാണ് ഏറ്റവുമധികം പ്രവാചകര്‍ വന്നിട്ടുള്ളത്. ഏറ്റവുമധികം കാപട്യവും ദ്രോഹവും നിറഞ്ഞവരായിരുന്നു അവരെന്നതുതന്നെ കാരണം. ഒന്നിനുപിറകെ ഒന്നായി നബിമാര്‍ അവിടെ നിയോഗിക്കപ്പെട്ടു. ചിലരെ അവര്‍ അവിശ്വസിക്കുകയും ചിലരെ അവര്‍ വധിക്കുകപോലും ചെയ്തു. അവരില്‍ അല്‍പം പേര് മാത്രമേ രക്ഷപ്പെട്ടതുള്ളൂ. ഈയൊരു സാഹചര്യത്തില്‍ അവരെക്കുറിച്ച് കൂടുതല്‍ കഥകളും സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടലും സ്വാഭാവികം മാത്രമാണ്. കൂട്ടത്തില്‍ സദുദ്വേശ്യപൂര്‍ണമായ, ഇസ്‌ലാമുമായി വൈരുധ്യമില്ലാത്തവ നാം മടികൂടാതെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ പ്രത്യേകം അഖീദയുമായി ബന്ധപ്പെട്ടാത്തവയൊക്കെ ‘ബനൂ ഇസ്‌റാഈല്യരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞുകൊള്ളുക, കുഴപ്പമില്ല’ എന്ന നബിവചനത്തിനു കീഴില്‍ വരുന്നതാണ്.
ഗുണപാഠം 2
പ്രതിഫലം കര്‍മത്തിന്റെ ഭാഗമാണ്. വിതച്ചതു തന്നെയേ കൊയ്യൂ. അല്ലാഹു സൃഷ്ടികള്‍ക്കായി സംവിധാനിച്ച നീതിയുടെ നടപ്പാണത്. മോഷ്ടിച്ചവന്‍ മോഷ്ടിക്കപ്പെടുകയും അക്രമിച്ചവന്‍ അക്രമിക്കപ്പെടുകയും ചെയ്യും. വല്ലവരുടെയും അഭിമാനത്തിനു ക്ഷതമേല്‍പിച്ചാല്‍ അവന്റെ അഭിമാനത്തിനും ക്ഷതമേല്‍ക്കും. ആയതിനാല്‍, മറ്റുള്ളവരെ നാം സംരക്ഷിക്കുമ്പോള്‍ സത്യത്തില്‍ സ്വന്തത്തെത്തന്നെയാണ് നാം സംരക്ഷിക്കുന്നത്. നന്മ വിതച്ചവന്‍ ഗുണഫലം കൊയ്യുകതന്നെ ചെയ്യും. മുള്ളു വിതച്ചവന്‍ മുന്തിരി കൊയ്യുകയുമില്ല! പ്രസിദ്ധമായൊരു കഥയുണ്ടല്ലോ. ഭര്‍തൃപിതാവിനെക്കുറിച്ചുള്ള നിരന്തരമായ പരാതികള്‍ കാരണം സ്വന്തം പിതാവിനെ അറുകൊല ചെയ്യാന്‍ വേണ്ടി പുറപ്പെട്ടതായിരുന്നു മകന്‍. വധിക്കാനോങ്ങിയപ്പോള്‍ പിതാവു പറഞ്ഞു: എന്നെ വധിക്കുക തന്നെയാണ് നിന്റെ തീരുമാനമെങ്കില്‍ ഇവിടെവച്ചല്ല, ദാ, ആ പാറയുടെ അടുത്തുവച്ച് എന്നെ വധിച്ചുകളയുക. അന്ധാളിപ്പോടെ എന്തിനാണെന്നു മകന്‍ ചോദിച്ചപ്പോള്‍ ഇതായിരുന്നു പിതാവിന്റെ മറുപടി:’അവിടെവച്ചായിരുന്നു ഞാനെന്റെ പിതാവിനെ കൊന്നുകളഞ്ഞത്!’
ഗുണപാഠം 3
പലിശയും ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സുമെല്ലാം ഹലാലാവുന്നൊരു ബാങ്ക് സംവിധാനമുണ്ട്! തഖ് വയുടെ ബാങ്കാണത്! അവിടെ നന്മകള്‍ക്ക് പത്തിരട്ടിയാണ് പ്രതിഫലം. ആ ബാങ്കിന്റെ കവാടത്തില്‍ ഇപ്രകാരം എഴുതിവച്ചിട്ടുമുണ്ട്:’ബലഹീന സന്തതികളെ വിട്ടേച്ച് മരിക്കുന്നത് ഭയക്കുന്നവര്‍ മറ്റനാഥരെക്കുറിച്ചും പേടിച്ചുകൊള്ളട്ടെ. അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നേര്‍വാക്കു പറയുകയും ചെയ്യണം.’ ഇത് സത്യത്തില്‍ മക്കള്‍ക്കുവേണ്ടിയുള്ള ഇന്‍ഷുറന്‍സല്ലേ!? അല്ലാഹു എന്തിനായിരുന്നു മൂസ നബിയെയും ഖിദ്‌റ് നബിയെയും രണ്ടു യത്തീം മക്കളുടെ പൊളിഞ്ഞുവീഴാറായ മതിലു നേരെയാക്കാന്‍ വേണ്ടി അയച്ചത്? അവരുടെ പിതാവ് നല്ല മനുഷ്യനായിരുന്നു എന്നതുകൊണ്ടല്ലേ? പിതാവ് നല്ല മനുഷ്യനായാല്‍ സ്വാഭാവികമായും അല്ലാഹു അയാളുടെ മക്കളെ സംരക്ഷിക്കും. ദുഷിക്കുന്നതിലൂടെ നേരെ തിരിച്ചും സംഭവിക്കാം!
ഗുണപാഠം 4
കാലം അല്ലാഹുവിന്റെ പോരാളിയാണ്. ചിലര്‍ അതില്‍ ഉന്നതങ്ങള്‍ താണ്ടുകയും മറ്റുചിലര്‍ നിന്ദ്യത കൈവരിക്കുകയും ചെയ്യും. കാലമങ്ങനെ കറങ്ങിക്കറങ്ങി അക്രമിക്കപ്പെട്ടവന്‍ വിജയിക്കുന്നതും അക്രമി പരാജയപ്പെടുന്നതും നമുക്കു കാണാം. നബി തങ്ങളും സഹചാരി അബൂബക്‌റും(റ) ഇരുട്ടിന്റെ മറവില്‍ സ്വന്തം നാട്ടില്‍ നിന്ന് ഹിജ്‌റ പോയതിനും തിരിച്ച് പിന്നീട് വിജയശ്രീലാളിതരായി അതേ മക്കയിലേക്കുതന്നെ ആരവങ്ങളോടെ തിരിച്ചുവരുന്നതിനുമിടയില്‍ അല്‍പം ചില വര്‍ഷങ്ങളുടെ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ! സ്വന്തം നാട്ടില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും അവരെ ആട്ടിയോടിച്ചവരുടെ മക്കളെ കൊണ്ടുതന്നെ ആ നാട് നബി തങ്ങള്‍ക്കു കീഴടങ്ങി! ഹസ്‌റത്ത് ബിലാലി(റ)നെ മക്കയുടെ മണല്‍പ്പരപ്പില്‍ ഭിന്നങ്ങളായ ശിക്ഷാമുറകള്‍ക്ക് വിധേയരാക്കിയിവര്‍ ബദ്‌റിന്റെ ദിവസം ബിലാലി(റ)ന്റെ കാല്‍ക്കല്‍ തന്നെ വീണുപിടഞ്ഞു! ഒന്നിനുപകരം മറ്റൊന്ന്! ഉമയ്യയുടെ കാല്‍ക്കീഴില്‍ ഒരുകാലത്ത് ഹസ്‌റത്ത് ബിലാല്‍(റ) രക്തം വാര്‍ന്നു കിടന്നിരുന്നെങ്കില്‍ അന്നേദിവസം ബിലാലി(റ)ന്റെ കാല്‍ക്കീഴിയില്‍ രക്തം വാര്‍ന്ന് അന്ത്യനിദ്ര പൂകിയിരുന്നു ഉമയ്യ! കാലം അങ്ങനെയാണ്, അല്ലാഹുവിന്റെ സൈന്യങ്ങളില്‍ അതിശക്തനും നീതിയുടെ പര്യായവും. ദിവസങ്ങളങ്ങനെ കറങ്ങിവരും. മുറിവുകള്‍ക്കെല്ലാം പകരം ചോദിക്കപ്പെടുകയും ചെയ്യും!
വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles