Current Date

Search
Close this search box.
Search
Close this search box.

വീടിനു വാതില്‍ പോലുമില്ലാത്ത പാവങ്ങള്‍ എന്താണ് ചെയ്യുക ഉമ്മാ..?

തകര്‍ന്നടിഞ്ഞൊരു മുറിയിലായിരുന്നു ആ ഉമ്മയും ചെറിയ മകനും താമസിച്ചത്. നുരുമ്പിയ വസ്ത്രങ്ങള്‍ ധരിച്ച്, വിലകുറഞ്ഞ ഭക്ഷണങ്ങള്‍ കഴിച്ചുള്ള ലളിതമായൊരു ജീവിതം. ജീവിക്കുകയെന്നതു തന്നെ അവര്‍ക്ക് അത്യധികം പ്രതിസന്ധി നിറഞ്ഞതാണെങ്കിലും അല്ലാഹുവിന്റെ വിധിയില്‍ അവരെത്രയോ സംതൃപ്തരായിരുന്നു. എന്നാലും, ആ ഉമ്മയെ ഏറ്റവുമധികം പേടിപ്പെടുത്തിയത് ശക്തമായ മഴ വന്നാലുള്ള വീടിന്റെ അവസ്ഥയായിരുന്നു. മേല്‍ക്കൂര തകര്‍ന്നു തുടങ്ങിയതായിരുന്നു. അന്നാണെങ്കില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പുമുണ്ടായിരുന്നു.

രാവിലെത്തന്നെ ഇരുണ്ട കാര്‍മേഘങ്ങള്‍ നഗരത്തിനു മുകളില്‍ വലവിരിച്ചു. ഇന്നു രാത്രി ജീവിതത്തിലിതുവരെ കണ്ടിട്ടില്ലാത്ത നിമിഷങ്ങള്‍ക്കു തന്റെ മകനൊപ്പം സാക്ഷിയാകേണ്ടി വരുമെന്ന് ആ ഉമ്മയുടെ മനസ്സ് വേദനിച്ചു. രാത്രിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ അവര്‍ പേടിച്ചതു സംഭവിച്ചു. ആകാശം കോരിച്ചൊരിഞ്ഞു. ജനങ്ങള്‍ വീടുകളുടെ അകത്തളങ്ങളില്‍ ഒളിച്ചു. പേടിച്ചരണ്ട മാതാവും ഒരു മുറിയുടെ മൂലയിലിരുന്നു. മാതാവിനെ അത്ഭുതത്തോടെ നോക്കി ആ മകന്‍ ഉമ്മയുടെ മാറോടു ചേര്‍ന്നുകിടന്നു. പക്ഷെ, ആ ഉമ്മയുടെ മാറിടം മേല്‍ക്കൂരയില്‍ നിന്നുറ്റി വീണ മഴവെള്ളത്താല്‍ എപ്പഴോ കുതിര്‍ന്നിരുന്നു. അപ്പോഴാണ് മാതാവ് ഓടിച്ചെന്ന് വീടിന്റെ കതക് പൊളിച്ചെടുത്ത് മേല്‍ക്കൂരയില്‍ വെള്ളം വീഴുന്ന സ്ഥലത്ത് വച്ച് തന്റെ മകനെ വീണ്ടും മാറത്തേക്കു ചേര്‍ത്തുപിടിച്ചത്. പുഞ്ചിരിക്കുന്ന മുഖത്തോടെ മാതാവിനെ നോക്കി അപ്പോഴാ മകന്‍ ചോദിച്ചു: ” വീടിനു വാതില്‍ പോലുമില്ലാത്ത പാവങ്ങള്‍ എന്താണ് ചെയ്യുക ഉമ്മാ?!”

ഗുണപാഠം 1

ദുനിയാവിന്റെ വിഷയത്തില്‍ നിന്നെക്കാള്‍ കുറഞ്ഞതു മാത്രം കിട്ടിയവരിലേക്കു നോക്കൂ, നിനക്ക് ആശ്വസിക്കാം. ദീനിന്റെ കാര്യത്തില്‍ നിന്നിലേറെ ഭാഗ്യം ലഭിച്ചവരെയും നോക്കൂ, നിനക്ക് കൂടുതല്‍ പരിശ്രമിക്കാം. യഥാര്‍ഥ ദുരന്തം സംഭവിക്കുന്നത് ഈ നോട്ടം മാറിമറിയുമ്പോഴാണ്! ദുനിയാവിന്റെ കാര്യത്തില്‍ നിന്റെ മുകളിലുള്ളവരെയും ദീനിന്റെ കാര്യത്തില്‍ നിന്റെ താഴെയുള്ളവരെയും നോക്കുന്നതോടെ നിനക്കു രണ്ടും നഷ്ടമാവും.

ദീനും ദുനിയാവും രണ്ടും! കാരണം, ദുനിയാവില്‍ നിന്നെക്കാള്‍ സൗഭാഗ്യം ലഭിച്ചവരിലേക്ക് നോക്കുമ്പോള്‍ അസൂയ പതിയെപ്പതിയെ നിന്നെ പിടികൂടും. അതിലേറെ ഗുരുതരമാണ് അല്ലാഹുവിന്റെ വിധിയെ പഴിച്ചുപോവുന്നൊരു അവസ്ഥ! ഇനി നിന്നെക്കാള്‍ ആരാധന കുറഞ്ഞവനെ നോക്കിയാല്‍ നീ സ്വയം പറഞ്ഞുതുടങ്ങും: “എന്റെ ആരാധനകള്‍ ആവശ്യത്തിനുള്ളതുണ്ട്. മറ്റുള്ള എത്രയോ പേരിലേറെ ഞാന്‍ മെച്ചമാണ്!”പക്ഷെ, അല്‍പമൊന്ന് ആലോചിച്ചു നോക്കിയാല്‍ പക്ഷാഘാതം ബാധിച്ച ആളോടു മത്സരിക്കുന്നതിനു തുല്യമല്ലേ അത്. ആ മത്സരത്തില്‍ പങ്കെടുക്കുക തന്നെ മോശമാണ്. ഇനി അതില്‍ വിജയിച്ചാല്‍ തന്നെ അതൊരു അര്‍ഥമില്ലാത്ത ശൂന്യമായ വിജയമാണ്. യഥാര്‍ഥ മികവ് നിന്നെക്കാള്‍ ബലവാനോട് മത്സരിച്ച് അവരെ പരാജയപ്പെടുത്താനോ ചുരുങ്ങിയത് അവരുടെ അടുത്തെങ്കിലും എത്താനോ ശ്രമിക്കലല്ലേ!

ഗുണപാഠം 2

മനുഷ്യന്റെ യഥാര്‍ഥ മൂല്യം അവന്റെ ഹൃദയത്തിന്റെതാണ്, പണത്തിന്റെതല്ല. പണം മുഖ്യമാണ്, നിസ്സംശയം. എന്നല്ല, ജീവിതത്തിന്റെ അതിപ്രധാനമായ മാര്‍ഗങ്ങളിലൊന്നു തന്നെയാണത്. പക്ഷെ, ശ്രദ്ധിക്കുക, ജീവിതമാര്‍ഗങ്ങള്‍ എന്നാണു ഞാന്‍ പറഞ്ഞത്, ലക്ഷ്യങ്ങള്‍ എന്നല്ല.

വിലയേറിയ വസ്ത്രങ്ങള്‍ക്കകത്ത് അല്‍പം പോലും വിലയില്ലാത്ത സ്വഭാവങ്ങളുള്ള എത്ര മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. അവരുടെ ബാഹ്യം സുഗന്ധമയമാണെങ്കിലും ഹൃദയങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്നതാണ്. പണം സ്വരുക്കൂട്ടാന്‍ വേണ്ടി നെട്ടോട്ടമോടുന്ന വെറും പേക്കോലങ്ങള്‍ മാത്രം. മറ്റുള്ളവര്‍ രണ്ടുകാലിന്മേല്‍ നടക്കുന്ന റിയാലുകളും ഡോളറുകളും ദീനാറുകളും ദിര്‍ഹമുകളും മാത്രം കാണുന്നവര്‍! സമ്പത്ത് വര്‍ധിപ്പിക്കുകയെന്നൊരു ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ജീവിക്കുന്നവര്‍. സമയവുമായുള്ള അവരുടെ ഏകബന്ധം കയ്യിലുള്ള ഘടികാരമാണ്. കുടുംബവുമായുള്ള അവരുടെ ഒരേയൊരു ബന്ധം ഓഫീസിനു പുറത്ത് ചുവരില്‍ തൂക്കിയിട്ടിട്ടുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയും! ഇവരൊക്കെ അര്‍ഹിക്കുന്നത് സഹതാപമാണ്, അസൂയയല്ല.

ബില്‍ഗേറ്റ്‌സിനോട് ഒരിക്കല്‍ പണം നിങ്ങള്‍ക്കെന്താണെന്നൊരാള്‍ ചോദിക്കുന്നുണ്ട്. പണ്ട് അതെനിക്കൊരു മുഖ്യ കാര്യമായിരുന്നു, എന്നാലിന്ന് വെറും അക്കങ്ങള്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി! ചോദ്യകര്‍ത്താവ് അന്ധാളിപ്പ് മാറാതെ തിരിച്ചു ചോദിച്ചു: അതെങ്ങനെ വെറും അക്കങ്ങളാവും?! അയാള്‍ പ്രതിവചിച്ചു: ഇപ്പോഴെന്റെ സമ്പത്ത് നാല്‍പത് ബില്യണ്‍ ഡോളറാണ്. അത് സത്യത്തില്‍ വെറും അക്കങ്ങളാണ്. ആദ്യത്തെ ഒരു ബില്യണ് ശേഷം സത്യത്തില്‍ അങ്ങനെയായി മാറിയതാണ്. കാര്യമെന്തെന്നാല്‍, ഞാനാഗ്രഹിക്കുന്ന എന്തു കാര്യങ്ങളും വാങ്ങാന്‍ എനിക്ക് ഒരു ബില്യണ്‍ തന്നെ ധാരാളമാണെന്നെനിക്കറിയാം. അപ്പോള്‍, ബാക്കിയുള്ള തുക മുഴുവനും എന്റേതായ, എന്നാല്‍ ഞാനുപയോഗിക്കാത്ത വെറും അക്കങ്ങള്‍ മാത്രമല്ലേ!

മനുഷ്യന്റെ കയ്യില്‍ പണമുണ്ടാവുകയെന്നത് ഒരിക്കലും ഒരു ന്യൂനതയല്ല. തന്റെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ അവന്‍ ശ്രമിക്കുന്നതും ഒരു ആക്ഷേപവിഷയമല്ല. കാരണം, സദ്‌സ്വഭാവിയായ അടിമയുടെ കയ്യിലുള്ള ഹലാലായ സമ്പത്ത് എത്ര സുന്ദരമാണ്. പക്ഷെ, ന്യൂനതയെന്നത് സമ്പത്ത് വഴി നാം മനുഷ്യന്‍ എന്നതില്‍ നിന്നുമാറി വെറും യന്ത്രങ്ങളാവുന്നതാണ്.

പണം പറിച്ചെടുക്കാന്‍ പ്രാക്ടീസ് ചെയ്യപ്പെട്ട വെറും റോബോട്ടുകള്‍! അല്ലെങ്കിലും, ബിലാല്‍ (റ) വിനെ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് വഴിനടത്തിയത് അബൂ ബക്‌റി (റ) ന്റെ സമ്പത്താണല്ലോ. ഒരു യാത്രാ ദിവസം ആയിരങ്ങളുടെ പശിയകറ്റിയതും ഉസ്മാന്‍ (റ) വിന്റെ സമ്പത്താണല്ലോ. പണം കൊണ്ടുമാത്രം പരിഹരിക്കാവുന്ന പല പ്രശ്‌നങ്ങളുമുണ്ട്. അടഞ്ഞുകിടക്കുന്ന പല വാതിലുകളുടെയും താക്കോലും പണം തന്നെയാണ്. അതാണ് പണത്തിന്റെ ദൗത്യമെന്ന കാര്യം നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കലാണ് പ്രധാനം. അടഞ്ഞുകിടക്കുന്ന കതകുകളുടെ താക്കോലെന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല സമ്പത്തെന്ന ബോധ്യം!  ( തുടരും )

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles