Current Date

Search
Close this search box.
Search
Close this search box.

എനിക്കു ചാട്ടവാറടി കിട്ടിയപ്പോള്‍ അയാളുടെ വാക്കുകള്‍ ഞാനോര്‍ക്കുകയും ക്ഷമിക്കുകയും ചെയ്തു!

‘സ്വഹീഹായ ഹദീസുകള്‍ ഒരുമിച്ചുകൂട്ടാന്‍ നിങ്ങളിലാരാണ് മുന്നോട്ടുവരിക’യെന്ന് ഒരു ഹദീസ് മജ്‌ലിസില്‍ ചോദിച്ചതായിരുന്നു ഇസ്ഹാഖ് ബിന്‍ റാഹവൈഹി. ഇമാം ബുഖാരി പറയുന്നു: അദ്ദേഹം പറഞ്ഞത് എന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി!

പ്രവര്‍ത്തിക്കുന്നില്ലെങ്കിലും നന്മയുടെ പ്രചാരകനാവുക. ‘നന്മയിലേക്ക് വഴിതെളിച്ചവന്‍ അതു ചെയ്തവനെപ്പോലെയാണ്’ എന്നു പറയുന്ന മതമാണിത്. ചിലപ്പോള്‍ നിന്റെ കയ്യില്‍ ചിന്തയുണ്ട്, അവസരമില്ല എന്ന സാഹചര്യം വരാം. സാഹചര്യമുള്ള, ചിന്തയില്ലാത്ത ആള്‍ക്കാര്‍ക്ക് അതു പകര്‍ന്നുകൊടുക്കുക. സ്വഹീഹായ ഹദീസുകള്‍ ഒരുമിച്ചു കൂട്ടാന്‍ ആരാണു മുന്നോട്ടുവരികയെന്ന ചോദ്യം ഒരാളുടെ ഹൃദയത്തില്‍ തട്ടിയപ്പോഴാണ് സ്വഹീഹുല്‍ ബുഖാരി പിറന്നത്. ‘രണ്ടാലൊരു ഉമറിനെക്കൊണ്ട് ഇസ്‌ലാമിനെ ശക്തിപ്പെടുത്തണേ’യെന്ന പ്രാര്‍ഥന ഉമറി(റ)ന്റെ ഹൃദയത്തില്‍ പതിച്ചപ്പോഴാണ് അദ്ദേഹം ഫാറൂഖായത്. ‘ഇവിടെയുള്ളവര്‍ ഇല്ലാത്തവര്‍ക്ക് കാര്യങ്ങള്‍ എത്തിച്ചുകൊടുക്കുക. ചിലപ്പോള്‍ നേരിട്ടുള്ള കേള്‍വിക്കാരനെക്കാള്‍ കാര്യങ്ങള്‍ ഗ്രഹിക്കുക അവരാകും’ എന്ന തിരുവചനമാണ് വിദൂരത്തൂള്ള വലിയ ശക്തികളെ അടുപ്പിച്ചത്. ‘അവരുടെ അസ്വസ്ഥതകളെ ഖാലിദ് ബിന്‍ വലീദിനെക്കൊണ്ട് ഞാന്‍ ശരിപ്പെടുത്തുമെന്ന്’ പറഞ്ഞ മതത്തിന്റെ വാക്താവ് തന്നെയാണ് ഹസ്സാന്‍ ബിന്‍ സാബിത്തിനോട് ‘അവര്‍ക്ക് കവിതകൊണ്ട് മറുപടി പറയൂ, ജിബ്രീലിന്റെ കാവല്‍ നിന്റെ കൂടെയുണ്ടെ’ന്നും പറഞ്ഞത്. അഭിപ്രായം വാളിനോടേറ്റു മുട്ടുന്നു. വാള്‍ അഭിപ്രായത്തെ സംരക്ഷിക്കുന്നു. കവിത പ്രബോധനത്തെ പ്രതിരോധിക്കുന്നു. പ്രബോധനം കവിതയെ പരിഷ്‌കരിക്കുന്നു.

ഇമാം ശാഫി ആദ്യകാലത്ത് നിരന്തരമായി കവിതള്‍ പാടിയിരുന്ന ആളായിരുന്നു. ഒരിക്കല്‍ ഒരു കവിത പാടിയപ്പോള്‍ മുസ്അബ് ബിന്‍ സുബൈറി(റ)ന്റെ എഴുത്തുകാരന്‍ അദ്ദേഹത്തോടായി ചോദിച്ചു:’ഫിഖ്ഹില്‍ എന്താണ് താങ്കളുടെ സ്ഥാനം?!’ ആ വാക്ക് ഇമാമിന്റെ ഹൃദയത്തില്‍ തട്ടിയപ്പോഴാണ് ഫിഖ്ഹില്‍ പിന്നീടദ്ദേഹത്തിന് സാധ്യമായതൊക്കെ സാധ്യമാക്കിയത്.

നല്ലവാക്ക് ദാനധര്‍മമാണ്. വിശപ്പകറ്റുന്ന റൊട്ടിയെക്കാളേറെ ജനങ്ങള്‍ക്കാവശ്യം നല്ല വാക്കാണ്. റൊട്ടി ഒരാമാശയത്തിന്റെ വിശപ്പാണ് ശമിപ്പിക്കുകയെങ്കില്‍ ബുദ്ധിയുടെയും ഹൃദയത്തിന്റെയും വിശപ്പ് ശമിപ്പിക്കുന്നതാണ് വാക്ക്! ഇബ്‌നു അബ്ബാസ്(റ) ഖവാരിജുകളോട് സംവാദം നടത്തിയപ്പോള്‍ മൂവായിരം പേരായിരുന്നു അതേനിമിഷം സത്യദീനിലേക്ക് തിരിച്ചുവന്നത്! വാക്കുകളെ ചെറുതായിക്കാണരുത്. ഒരു സൈന്യത്തിന്റെ സഞ്ചാരപഥം മാറ്റാനും ഒരുപാട് കാലുകളെ നേര്‍മാര്‍ഗത്തില്‍ നിര്‍ത്താനും വാക്കുകള്‍ക്ക് സാധിക്കും. നമ്മുടെ നബിയുടെ അമാനുഷികത മൂസാ നബിയുടെ വടി പോലെയോ കൈയില്‍ നിന്നുവരുന്ന പ്രകാശം പോലെയോ ആയിരുന്നില്ല, അതുവെറും വാക്കുകളായിരുന്നു! ഒത്തിരി ഹൃദയങ്ങള്‍ തുറക്കുകയും ഒത്തിരി വാളുകള്‍ സംസ്‌കരിക്കുകയും പുല്ലിലും വെള്ളത്തിലും തര്‍ക്കിച്ചുകൊണ്ടിരിക്കുന്നൊരു സമുദായത്തെ മനുഷ്യത്വത്തിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരികയും ചെയ്ത വാക്കുകള്‍!

‘നിങ്ങളുടെ കയ്യെഴുത്ത് ഹദീസ് പണ്ഡിതരുടെ കയ്യെഴുത്ത് പോലിരിക്കുന്നു’വെന്ന് ഇമാം ബര്‍സാലിയായിരുന്നു ഇമാം ദഹബിയോട് പറഞ്ഞത്. പിന്നീട് ഇമാം ദഹബി പറയുന്നു: അതോടെ അല്ലാഹു ഹദീസ് എനിക്ക് ഏറ്റവും പ്രിയപ്പെടതാക്കി മാറ്റിത്തന്നു!

ചിലപ്പോള്‍ നീ പറഞ്ഞ ചില വാക്കുകള്‍ നീ മറന്നേക്കാം, മറ്റുള്ളവരത് മറക്കില്ല. നല്ല വാക്ക് വെള്ളം പോലെയാണ്, നല്ല ഭൂമിയിലാണത് പതിച്ചതെങ്കില്‍ അവിടെ ചെടികള്‍ മുളക്കും! ആരാണ് എഴുതുകയെന്ന് ആരോ ചോദിച്ചപ്പോഴാണ് ഒട്ടനവധി ഗ്രന്ഥങ്ങള്‍ പിറന്നത്! ആരാണ് കൃഷി ചെയ്യുകയെന്ന ചോദ്യത്തിലാണ് ഇത്രയധികം മരങ്ങള്‍ നടപ്പെട്ടത്! ആരാണ് കിണറുണ്ടാക്കുകയെന്ന ചോദ്യത്തിലാണ് ഇത്രയധികം കിണറുകള്‍ കുഴിക്കപ്പെട്ടത്! ആരാണ് വഴിയുണ്ടാക്കുകയെന്ന ചോദ്യത്തിലാണ് ഒത്തിരി വഴികള്‍ വെട്ടപ്പെട്ടത്!

വിശുദ്ധ ഖുര്‍ആന്‍ അവിടെയുമിവിടെയുമായി കിടക്കുകയായിരുന്നല്ലോ. ചിലത് കല്ലുകളിലും ചിലത് ഈന്തപ്പനയോലകളിലും ചിലത് തകിടുകളിലും. അവ എല്ലാം ചേര്‍ന്നുണ്ടായിരുന്നത് ചിലരുടെ ഹൃദയങ്ങളില്‍ മാത്രമായിരുന്നു! അങ്ങനെയാണ് ഉമറും(റ) അബൂബക്‌റും(റ) ചേര്‍ന്ന് അവയെല്ലാം ഒരുമിച്ചുകൂട്ടുന്നത്. അസര്‍ബൈജാനില്‍ നിന്ന് ഹുദൈഫത്ത് ബിന്‍ യമാന്‍(റ) വന്ന് ഖലീഫ ഉസ്മാനോ(റ)ട് ‘ജൂതന്മാരും നസ്രാണികളും തൗറാത്തിലും ഇഞ്ചീലിലും ഭിന്നതയുള്ളപോലെ മുസ്‌ലിംകള്‍ക്ക് ഖുര്‍ആനില്‍ ഭിന്നതയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്’ എന്നു പറഞ്ഞപ്പോഴായിരുന്നു ഗ്രന്ഥരൂപത്തിലാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നതും ഇന്ന് നമ്മുടെ കയ്യിലുള്ള മുസ്ഹഫ് രൂപപ്പെടുന്നതും!

നന്മ അഭിപ്രായപ്പെടുന്നവരും ചെയ്യുന്നവരുമുണ്ടാകും. ഒരു നല്ല കാര്യം നിനക്ക് അഭിപ്രായമുണ്ടായിരിക്കെ ചെയ്യാന്‍ സൗകര്യമില്ലാതെ വന്നാല്‍ സൗകര്യമുള്ളവരോട് അതു പങ്കുവെക്കുക. ഇമാം അഹ്‌മദ് ബിന്‍ ഹമ്പല്‍ മിക്കപ്പോഴും ‘അല്ലാഹുവേ, നീ അബുല്‍ ഹൈസമിന് കരുണ ചെയ്യണേ. അബുല്‍ ഹൈസമിന് മാപ്പുനല്‍കണേ’ എന്നിങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നത്രെ. ഒരു ദിവസം മകന്‍ അബ്ദുല്ല ചോദിച്ചു: ആരാണുപ്പാ ഈ അബുല്‍ ഹൈസം?! അദ്ദേഹം പ്രതിവചിച്ചു:’ഞാനറിയാത്തൊരു മനുഷ്യന്‍! പക്ഷേ, എന്നെയവര്‍ ചാട്ടവാറു കൊണ്ടടിച്ച് ജയിലിലടച്ച ദിവസം. അന്ന് മുറിയാകെ ഇരുട്ടായിരുന്നു. എനിക്കെന്റെ കൈവിരലുകള്‍ പോലും കാണാന്‍ സാധിച്ചില്ല. പെട്ടെന്നൊരു മനുഷ്യന്‍ എന്നെ തട്ടിയുണര്‍ത്തി ചോദിച്ചു: നീയാണോ അഹ്‌മദ് ബിന്‍ ഹമ്പല്‍. ഞാന്‍ അതെയെന്ന് മറുപടി കൊടുത്തു. നിനക്കെന്നെ അറിയാമോ എന്നായി അടുത്ത ചോദ്യം. ഇല്ലെന്നു ഞാന്‍ പറഞ്ഞു. അയാള്‍ പറഞ്ഞു തുടങ്ങി: ഞാന്‍ അബുല്‍ ഹൈസം. കള്ളനും മദ്യപാനിയും കൊള്ളക്കാരനുമായ അബുല്‍ ഹൈസം. എന്നെ പതിനെട്ടായിരം തവണ ചാട്ടവാറടിച്ചിട്ടുണ്ടെന്ന് അമീറുല്‍ മുഅ്മിനീന്റെ ദീവാനില്‍ കാണാം. പിശാചിന്റെ മാര്‍ഗത്തില്‍ ഞാനിതൊക്കെ സഹിച്ചിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീയും സഹിക്കൂ അഹ്‌മദ്! രണ്ടാം ദിവസം എനിക്കു ചാട്ടവാറടി കിട്ടിയപ്പോള്‍ അയാളുടെ വാക്കുകള്‍ ഞാനോര്‍ക്കുകയും ക്ഷമിക്കുകയും ചെയ്തു!’

വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles