Current Date

Search
Close this search box.
Search
Close this search box.

‘കുസൃതി നിര്‍ത്തിയില്ലെങ്കില്‍ ഭക്ഷണം തരില്ലെന്നു പറയുന്നതില്‍’ പുതിയ മാതാവ് സത്യസന്ധയാണ്

എട്ടുവയസ്സു തികയുംമുമ്പേ കുട്ടിയുടെ മാതാവ് മരണപ്പെട്ടു. പിതാവ് രണ്ടാം വിവാഹം ചെയ്തു. ഒരുദിവസം പിതാവ് മകനോടായി ചോദിച്ചു: പഴയ ഉമ്മയും പുതിയ ഉമ്മയും തമ്മിലുള്ള വ്യത്യാസമെന്താണ്? നിഷ്‌കളങ്കനായി കുട്ടി മറുപടി പറഞ്ഞു: ആദ്യ മാതാവ് എന്നോടു കളവു പറയാറുണ്ടായിരുന്നു. പുതിയ മാതാവാണെങ്കില്‍ സത്യസന്ധയാണ്! മകന്റെ  മറുപടി കേട്ട് അത്ഭുതം വിട്ടുമാറാതെ കാര്യമെന്താണെന്നു ചോദിച്ചു. മകന്റെ മറുപടി ഇതായിരുന്നു: ഞാന്‍ കുസൃതി കളിക്കുകയും മാതാവിനെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യുമ്പോള്‍ കുസൃതി നിര്‍ത്തിയില്ലെങ്കില്‍ ഭക്ഷണം പോലും തരില്ലെന്ന് ഉമ്മ പറയുമായിരുന്നു. പക്ഷെ, ഉമ്മയുടെ വാക്കിന് ഞാനല്‍പം പോലും വിലകല്‍പിച്ചില്ല. കാരണം, കളിച്ചുനടക്കുന്ന എന്നെയും പിടിച്ച് വീട്ടിലെത്തിച്ച് ഉമ്മ ഭക്ഷണം നല്‍കുമെന്ന് എനിക്കറിയാമായിരുന്നു! പക്ഷെ, ഇന്നെന്റെ പുതിയ മാതാവ് ‘കുസൃതി നിര്‍ത്തിയില്ലെങ്കില്‍ ഭക്ഷണം തരില്ലെന്നു പറയുന്നതില്‍’ അവര്‍ സത്യസന്ധയാണ്. ഞാനിതാ രണ്ടു ദിവസമായി പട്ടിണിയിലാണ്!

ഗുണപാഠം 1

ദുനിയാവെന്നാല്‍ ഉമ്മയാണ്! ആദ്യമായി ഗര്‍ഭത്തിന്റെ വേദന നാം ഉമ്മാക്ക് നല്‍കുന്നു. ഉമ്മ നമുക്ക് ജീവിതം നല്‍കുമ്പോള്‍ നാം തിരിച്ച് പ്രസവവേദന നല്‍കുന്നു. ഉമ്മ നമുക്ക് വേണ്ടി ഉറക്കമിളക്കുമ്പോള്‍ നാം തിരിച്ച് മുലകുടിയുടെ വേദന നല്‍കുന്നു. ഉമ്മ നമ്മെ പടിപടിയായി വളര്‍ത്തിവലുതാക്കുമ്പോള്‍ പരിപാലനത്തിന്റെ വേദന നാം തിരിച്ചുനല്‍കുന്നു. പഠിക്കാന്‍ വേണ്ടി നാം ഒരുങ്ങുമ്പോള്‍ അതേക്കുറിച്ചു ആശങ്കകള്‍ നാം നല്‍കുന്നു. ജോലിയന്വേഷിക്കുമ്പോള്‍ ആലോചനകളുടെ വേദനകള്‍ നല്‍കുന്നു. വിവാഹം ചെയ്ത് നാം ദൂരത്താവുമ്പോള്‍ വേര്‍പാടിന്റെ വേദന മാത്രം നാം തിരിച്ചുനല്‍കുന്നു. ഗര്‍ഭപാത്രത്തിലാവുമ്പോള്‍ നമ്മുടെ ഓരോ തൊഴികളും മാതാവ് ആസ്വദിക്കുന്നു. ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ തന്നെ മരണത്തിന്റെ രുചി നാം മാതാവിനു നല്‍കുന്നു. ഉറങ്ങുന്ന മാതാവിനെ രാത്രി പലപ്പോഴും ഉണര്‍ത്തുന്നു. നമ്മുടെ വിവാഹവേളയില്‍ സന്തോഷിക്കുകയും നമുക്ക് സന്താനങ്ങളുണ്ടാവുമ്പോള്‍ അത്യാഹ്ലാദിക്കുകയും ചെയ്യുന്നു. അകലുമ്പോള്‍ കൊതിക്കുകയും അടുക്കുമ്പോള്‍ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്കു വെളിച്ചമേകാന്‍ ഉരുകിയൊലിക്കുന്ന മെഴുകുതിരിപോലെ പകരമൊന്നും പ്രതീക്ഷിക്കാതെ എല്ലാം നല്‍കുന്നു.

ഗുണപാഠം 2

മൂസാ നബിയോട് അദ്ദേഹത്തിന്റെ ചെറുപ്പകാലം ഓര്‍മിപ്പിച്ച് അല്ലാഹു പറഞ്ഞത് ‘അവരുടെ കണ്‍കുളിര്‍ക്കാനും ദുഃഖിക്കാതിരിക്കാനുംവേണ്ടി നിങ്ങളെ നിങ്ങളുടെ മാതാവിന്റെ അടുക്കലേക്ക് നാം മടക്കി’ എന്നായിരുന്നു. ഉമ്മമാരെക്കുറിച്ച് ഈയൊരു ഖുര്‍ആനിക സൂക്തം മാത്രമേ അവതരിച്ചുള്ളൂ എങ്കിലും ഇതുതന്നെ എത്ര ധാരാളം! കൂടെ ഭര്‍ത്താവും മറ്റു മക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും പൈതലായ മൂസാ നബിയെ നെഞ്ചോടു ചേര്‍ത്തുവെച്ചാല്‍ മാത്രം മാറുന്നൊരു കുടുക്ക് ആ ഹൃദയത്തിലുണ്ടായിരുന്നു. എല്ലാ ഉമ്മമാരും മൂസാ നബിയുടെ ഉമ്മതന്നെ! ആശുപത്രികളില്‍ പ്രസവസമയത്ത് ഡോക്ടര്‍മാര്‍ മുറിച്ചുകളയുന്നൊരു രഹസ്യനാടയുണ്ടല്ലോ, അത് വെറുമൊരു കയറുമാത്രമാണ്. അതിലേറെ ശക്തമായൊരു കയറുണ്ട്, ഹൃദയത്തിന്റേത്. ആര്‍ക്കും മുറിച്ചുമാറ്റാന്‍ സാധിക്കാത്തത്! ഉമ്മയുടെ ഹൃദയം മിടിക്കുന്ന കാലത്തോളം സ്‌നേഹത്തിന്റെ ആ പാശം അതിശക്തമായിരിക്കും!

മാതാവെന്നാല്‍, ഹൃദയത്തില്‍ സ്‌നേഹത്തിന്റെ കെടാത്ത ചിരാതു സൂക്ഷിക്കുന്നൊരു വാത്സല്യത്തിന്റെ കൂമ്പാരമാണ്. മക്കള്‍ നന്ദികേടിന്റെ പാരമ്യത്തിലെത്തിനിന്നാലും അവര്‍ വാത്സല്യത്തിന്റെ കൊടുമുടിയിലാവും! ഉമ്മമാരുടെ ഹൃദയങ്ങള്‍ രക്തപമ്പുകളല്ല, നമസ്‌കാരത്തിന്റെ പോര്‍ക്കളങ്ങളാണ്. അതിന്റെ അവസാനത്തില്‍ ഉയരുന്ന ദുആകളുടെ മാധുര്യമാണ് നമ്മുടെ ഇന്ധനം!

ഗുണപാഠം 3

ഒരു അഅ്‌റാബി വനിതയോട് ആരോ ചോദിച്ചത്രെ: ‘നിങ്ങളുടെ മക്കളില്‍ ആരെയാണ് ഏറ്റവുമിഷ്ടമെന്ന്’. മറുപടി ഇതായിരുന്നു: വലുതാകുന്നതുവരെ കൂട്ടത്തില്‍ ചെറുതിനെയും ആരോഗ്യം തിരിച്ചുവരുന്നതുവരെ കൂട്ടത്തില്‍ രോഗിയെയും തിരിച്ചുവരുന്നതു വരെ കൂട്ടത്തില്‍ ദൂരത്തുള്ളവരെയുമാണിഷ്ടം. ഇങ്ങനെയാണ് ഓരോ ഉമ്മയും. ചെറിയ മക്കള്‍ക്ക് ഭക്ഷണമായും വെള്ളമായും, രോഗിയായ മക്കള്‍ക്ക് മരുന്നും വാത്സല്യവുമായും, അകലെയുള്ളവര്‍ക്ക് പ്രാര്‍ഥനയും ആശയുമായും അവരങ്ങനെ സ്‌നേഹം വിതറിക്കൊണ്ടേയിരിക്കും. സ്‌നേഹം എത്രമറച്ചുവെക്കാന്‍  ശ്രമിച്ചാലും അവര്‍ സ്‌നേഹിക്കുക തന്നെയാവും. ദേഷ്യത്തോടെ ഒരു മാതാവ് മകനെ അടിക്കുമ്പോള്‍, ഹൃദയം കൊണ്ടാണ്, കൈകള്‍ കൊണ്ടല്ല അടിക്കുന്നത്. മക്കളെ ശപിച്ചുകൊണ്ട് പ്രാര്‍ഥനാ വാക്യങ്ങള്‍ പറയുമ്പോഴും ആ ഹൃദയം പറയുക, പടച്ചവനേ, ഈ പ്രാര്‍ഥന നീ കേള്‍ക്കല്ലേ എന്നാണ്!

ഗുണപാഠം 4

മറ്റൊരു പുരുഷനില്‍ മക്കളുള്ള ഒരു സ്ത്രീയെയാണ് നിങ്ങള്‍ വിവാഹം ചെയ്യുന്നതെങ്കില്‍ നീ അവര്‍ക്ക് പിതാവു തന്നെയായി മാറുക, അവരുടെ ആരാച്ചാറാവരുത്. മറ്റൊരു സ്ത്രീയില്‍ മക്കളുള്ള ഒരു പുരുഷനെയാണ് നിങ്ങള്‍ വിവാഹം ചെയ്യുന്നതെങ്കില്‍ നിയവര്‍ക്ക് മാതാവു തന്നെയാവുക, യജമാനത്തിയാവരുത്. മറ്റൊരു പുരുഷന്റെയോ സ്ത്രീയുടെയോ മക്കളായി പിറന്നുപോയി എന്നതില്‍ കുട്ടികളുടെ തെറ്റെന്താണ്!? നമ്മളെന്തു ചെയ്യുന്നുവെന്നു പരീക്ഷിക്കാനായി നമ്മുടെ കൈവശം ദൈവംതമ്പുരാന്‍ ഏല്‍പിച്ചു തന്നെ വിശ്വസ്ത സ്വത്താണ് മക്കള്‍. മറ്റൊരു കാര്യം, ചെറിയ കുട്ടി എന്നും ചെറുതു തന്നെയായിരിക്കില്ല. അവര്‍ വളര്‍ന്നു വലുതാകും. ഓരോ മനുഷ്യനും വിതച്ചതു മാത്രമാണല്ലോ കൊയ്യുക. മക്കളെ മക്കളായാണ് വളര്‍ത്തിയതെങ്കില്‍ അതിന്റെ ഫലം ഭാവിയില്‍ രക്ഷിതാക്കള്‍ അനുഭവിക്കും. ഇനി ആരാച്ചാറുപോലെയാണ് അവരെ വളര്‍ത്തിയതെങ്കില്‍ ഭാവിയില്‍ അവരുടെ ചാട്ടവാറുകളുടെ പ്രഹരത്തിന്റെ ഇരയാവേണ്ടിയും വരും. കാരണം, എന്നെങ്കിലും തിരിച്ചുകിട്ടുന്നൊരു കടമാണ് അക്രമം!

വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles