Current Date

Search
Close this search box.
Search
Close this search box.

‘ഈ മരം തൊട്ടശേഷം ബസ്സിലേക്ക് മടങ്ങുക, മരണം വിധിക്കപ്പെട്ട മനുഷ്യന്‍ അതോടെ മരിക്കും’

നിറയെ യാത്രക്കാരുള്ളൊരു ബസ് രണ്ടു വലിയ നഗരങ്ങള്‍ക്കിടയിലുള്ള അതിന്റെ ദീര്‍ഘയാത്രക്കിടയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പെട്ടെന്നാണ് അന്തരീക്ഷം ആകെ മാറിയത്. ആകാശം കോരിച്ചൊരിയാന്‍ തുടങ്ങി. ശക്തമായ ഇടിയും മിന്നലും. മിന്നല്‍ ബസ്സിനു നേരെ വരുന്നു, പിന്നെ മറ്റൊരിടത്തേക്കു പോവുന്നു. ബസ്സ് മാത്രമാണ് അതിന്റെ ലക്ഷ്യമെന്ന് യാത്രക്കാര്‍ക്കു തോന്നി. പരിഹാരമെന്നോണം ബസ് ഡ്രൈവര്‍ ബസ്സില്‍ നിന്നല്‍പം അകലെയായി ഒരു മരച്ചുവട്ടില്‍ നിന്ന് യാത്രക്കാരോടായി പറഞ്ഞു: ഇന്ന് മരണം വിധിക്കപ്പെട്ടിട്ടുള്ളൊരു മനുഷ്യന്‍ നമ്മുടെ കൂടെ ബസ്സിലുണ്ട്. അയാള്‍ കാരണം നാമെല്ലാവരും മരണത്തിന് കീഴടങ്ങേണ്ടി വരും. അതുകൊണ്ട്, ഒരു പരിഹാരമെന്നോണം ബസ്സില്‍ നിന്ന് ഓരോരുത്തരായി ഇറങ്ങി വന്ന് ഈ മരം തൊട്ടശേഷം ബസ്സിലേക്ക് മടങ്ങുക. മരണം വിധിക്കപ്പെട്ട മനുഷ്യന്‍ അതോടെ മരിക്കുകയും ബാക്കിയുള്ളവര്‍ രക്ഷപ്പെടുകയും ചെയ്യും!

ആദ്യംതന്നെ ഡ്രൈവര്‍ ചെന്നു മരംതൊട്ടുവന്നു. ശേഷം യാത്രക്കാര്‍ ഓരോരുത്തരായി ചെന്ന് മരംതൊട്ടു. ചിലര്‍ തിരിച്ച് ബസ്സിലേക്കെത്തുമ്പോള്‍ അത്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ട ആഹ്ലാദത്തില്‍ ചാടിക്കളിക്കുന്നുണ്ടായിരുന്നു. അങ്ങനെ, അവസാന യാത്രക്കാരന്റെ ഊഴമെത്തിയപ്പോള്‍ അവന്‍ തന്നെ മരിക്കാനുള്ളവനെന്ന് എല്ലാവരും ഉറപ്പിച്ചു. ബസ്സിലുള്ള എല്ലാവരും അവനെ തുറിച്ചുനോക്കി. അവന്‍ നന്നായി പേടിച്ചിരുന്നു. മരത്തിനു നേരെ മന്ദംമന്ദം അവന്‍ നടന്നടുത്തു. മരം തൊട്ടതോടെ ഞെട്ടിക്കുന്നൊരു ശബ്ദം കേട്ടു. ശബ്ദം വന്നയിടത്തേക്കവന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ വലിയൊരു മിന്നലേറ്റ് ബസ്സിലെ മുഴുവന്‍ യാത്രക്കാരും മരണം വരിച്ചിരുന്നു!

ഗുണപാഠം 1

ജനങ്ങളെ ഏറ്റവുമധികം നിദ്രാവിഹീനരാക്കുന്ന കാര്യം തങ്ങളുടെ ആയുസ്സും ജീവിതമാര്‍ഗങ്ങളു(റിസ്ഖ്)മാണ്. അവയാണെങ്കില്‍ നാം ജീവിതം ആരംഭിക്കുന്നതിനു മുന്നേതന്നെ നിശ്ചയിക്കപ്പെട്ടതുമാണ്! നമ്മില്‍ ഓരോരുത്തരുടെയും ആദ്യത്തെയും അവസാനത്തെയും നിലവിളിയും കരച്ചിലും കൃത്യമായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്തുതന്നെയാണ് നടക്കുക. നമുക്ക് നിശ്ചയിക്കപ്പെട്ട വായുപോലും ആര്‍ക്കും തടുത്തുനിര്‍ത്താനാവില്ല. ഒളിച്ചുനടന്നതുകൊണ്ട് ആയുസ്സില്‍ ഒരു നിമിഷം പോലും കൂടിക്കിട്ടുകയോ ആവേശപൂര്‍വം മുന്നോട്ടുനടന്നതുകൊണ്ട് ആയുസ്സില്‍ ഒരു നിമിഷംപോലും കുറയുകയോ ഇല്ല. ഉമ്മമാരുടെ മടിത്തട്ടില്‍, ഏറ്റവും സുരക്ഷിതവും വാത്സല്യവും സ്‌നേഹവുമുള്ള ആ ഇടത്തില്‍, അമ്മിഞ്ഞപ്പാലിന്റെ മധുനുകര്‍ന്നു തുടങ്ങുംമുമ്പേ, മരണപ്പെടുന്ന എത്ര പിഞ്ചുമക്കളാണ്! അവര്‍ക്ക് ആയുസ്സ് നല്‍കിയ റബ്ബ് അത്രയേ നല്‍കിയിട്ടുള്ളൂ. അതേസമയം, ശരീരം വളഞ്ഞുതുടങ്ങുകയും എല്ലുകള്‍ തേഞ്ഞുമായുകയും ചെയ്ത്, ചിലപ്പോള്‍ മരണത്തെ ആഗ്രഹിക്കുകപോലും ചെയ്തിട്ടും മരണപ്പെടാതെ കിടക്കുന്ന എത്ര വൃദ്ധരാണ് നമുക്കു മുന്നിലുള്ളത്! ആയുസ്സ് നല്‍കിയ റബ്ബ് അവര്‍ക്ക് അത്രയും നല്‍കിയിട്ടുണ്ട്. ആദ്യത്തെ നമ്മുടെ കരച്ചിലിനും അവസാനത്തെ നിലവിളിക്കുമിടയില്‍, നമ്മള്‍ വരുന്നതിനു മുമ്പുതന്നെ നമുക്കുവേണ്ടി എഴുതപ്പെട്ട റിസ്ഖിന്റെ ഗ്രന്ഥം വായിക്കുകയാണ് നാം. നിനക്കുള്ളതൊക്കെയും നീ അശക്തനാണെങ്കിലും നിന്റെയടുക്കല്‍ വന്നുചേരും. നിനക്കര്‍ഹമല്ലാത്തത് ശക്തിപ്രയോഗിച്ചും നിനക്കു നേടിയെടുക്കാനുമാവില്ല.

മരുഭൂവില്‍ ഏതോ ഒരു മനുഷ്യന്‍ ഈന്തപ്പന നടുന്നു, അതിനു മറ്റുചിലര്‍ വെള്ളമൊഴിക്കുന്നു, മറ്റുചിലര്‍ ഈന്തപ്പന പറിച്ചെടുക്കുന്നു, മറ്റു ചിലരത് വാങ്ങുന്നു, മറ്റുചിലര്‍ അതിനെ പട്ടണങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്ക് കൊണ്ടുപോവുന്നു. എല്ലാം കഴിഞ്ഞ് ഈന്തപ്പഴം നിന്റെ പക്കലെത്തുന്നു! കാരണം, അല്ലാഹു തുടക്കംമുതല്‍ക്കേ നിശ്ചയിച്ചിട്ടുള്ളതാണ് അത് നിനക്കുള്ളതാണെന്ന്. നിനക്കു വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭക്ഷണം നിന്നിലേക്കെത്തിക്കാന്‍ ആയിരങ്ങളാണ് കഠിനാധ്വാനം ചെയ്യുന്നത്. നീയും നിന്നെപ്പോലെ അനേകം ആയിരങ്ങളും നിങ്ങളറിയാതെ തന്നെ മറ്റുള്ളവരുടെ ജീവിതമാര്‍ഗത്തിനായി അധ്വാനിക്കുന്നു.

ഗുണപാഠം 2

നിലനില്‍ക്കാനുള്ള ആഗ്രഹം മാനുഷികമാണത്രെ. അതില്‍ വിശ്വാസിയും തെമ്മാടിയും പുരുഷനും സ്ത്രീയും വലിയവനും ചെറിയവനുമെല്ലാം തുല്യരാണ്. നമ്മളെല്ലാവരും കൂടുതല്‍ ജീവിക്കാനാഗ്രഹിക്കുന്നു; ഒന്നുകൂടെ തെളിച്ചുപറഞ്ഞാല്‍, നമ്മളാരുംതന്നെ മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്! പക്ഷേ, ചുരുങ്ങിയ കാലത്തിനോ ദീര്‍ഘ കാലത്തിനോ ഇടയിലായി എല്ലാ മനുഷ്യരും രുചിച്ചുനോക്കാനുള്ള പാനപാത്രമായാണ് അല്ലാഹു മരണത്തെ സജ്ജീകരിച്ചിട്ടുള്ളത്. ആയതിനാല്‍, ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നതിലും നല്ലത് നിശ്ചയിക്കപ്പെട്ട ആയുസ്സ് എങ്ങനെ ജീവിച്ചുതീര്‍ക്കാമെന്ന ചിന്തയാണ്. അല്ലാഹുവിന്റെ മുന്നില്‍ നാളെ വായിക്കാനുള്ള കിതാബില്‍ എന്താണെഴുതുകയെന്നുള്ള ആലോചന. നാം ജീവിച്ച ചുരുങ്ങിയ നാളുകളെച്ചൊല്ലി അവന്‍ നമ്മെ ചോദ്യം ചെയ്യില്ല. പക്ഷേ, ജീവിച്ച ദീര്‍ഘമായ നാളുകളോട് അവന്‍ പകരം ചോദിക്കും. ദീര്‍ഘമോ ചെറുതോ ആവട്ടെ, നാം ജീവിച്ചുതീര്‍ത്ത ആയുസ്സില്‍ എന്തു ചെയ്തുവെന്നതിനെക്കുറിച്ച് അവന്‍ ചോദിക്കും.

ഗുണപാഠം 3

മരണത്തിന്റെ മാലാഖ പ്രവാചകന്‍ സുലൈമാന്റെ(അ) സുഹൃത്തായിരുന്നു. ഇടക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി വരും. മനുഷ്യരൂപത്തിലായിരുന്നു സന്ദര്‍ശനം. ഒരിക്കല്‍ സുലൈമാന്‍ നബിയുടെ മജ്‌ലിസിലായിരിക്കെ, നബിയുടെ മന്ത്രിമാരുടെ കൂട്ടത്തില്‍ ഒരാളെ അസ്‌റാഈല്‍(അ) ശ്രദ്ധിച്ചു. അല്‍പം വെപ്രാളത്തോടെ അയാളെ അല്‍പനേരം നോക്കി നില്‍ക്കുകയും ശേഷം മജ്‌ലിസ് വിട്ടുപോവുകയും ചെയ്തു. ശേഷം ആഗതന്‍ ആരായിരുന്നുവെന്ന് മന്ത്രി നബിയോടായി ചോദിച്ചു. മരണത്തിന്റെ മാലാഖയാണെന്നു മറുപടി! ആ മനുഷ്യന്‍ അത്യധികം വെപ്രാളപ്പെട്ടു. നബിയോടു കെഞ്ചി: നബിയേ, അല്ലാഹുവിന്റെ സഹായത്താലെ ഞാന്‍ ചോദിക്കട്ടെ. മരണത്തിന്റെ മാലാഖ എന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടില്‍ എനിക്കല്‍പം പോലും നില്‍ക്കാനാവില്ല. താങ്കള്‍ കാറ്റിനോടു പറഞ്ഞ് എന്നെ ഇന്ത്യാ രാജ്യത്തെത്തിക്കാമോ! ആയുസൊക്കെ അല്ലാഹുവിന്റെ കയ്യിലാണെന്നും എല്ലാവര്‍ക്കും നിര്‍ണിത ദിവസങ്ങള്‍ മാത്രമേ ഉള്ളൂവെന്നും സുലൈമാൻ നബി അയാളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എങ്കിലും മന്ത്രി തന്റെ താല്‍പര്യത്തില്‍ ഉറച്ചുനിന്നു. കാറ്റിനോട് അയാളെ ഇന്ത്യയിലെത്തിക്കാന്‍ കല്‍പിക്കുകയും ചെയ്തു. അല്‍പനേരം കഴിഞ്ഞ് അസ്‌റാഈല്‍ വീണ്ടും സുലൈമാൻ നബിയുടെ അടുക്കലെത്തി. എന്തിനാണാ മനുഷ്യനെ നിങ്ങള്‍ തുറിച്ചു നോക്കിയിരുന്നതെന്ന് നബി ചോദിച്ചു. അസ്‌റാഈല്‍(അ) പറഞ്ഞു: ആ മനുഷ്യനെ റൂഹ് ഇന്ത്യയില്‍വച്ച് പിടിക്കാനായിരുന്നു അല്ലാഹുവിന്റെ കല്‍പന. എങ്ങനെയാണാ മനുഷ്യന്‍ ഇന്ത്യയിലെത്തുകയെന്നു കരുതിയാണ് ഞാന്‍ അന്ധാളിച്ചത്. അദ്ദേഹത്തിന് അല്‍പനേരം മാത്രമേ ബാക്കിയുമുണ്ടായിരുന്നുള്ളൂ. അല്ലാഹുവിന്റെ തീരുമാനത്തില്‍ അല്‍പംപോലും മാറ്റമുണ്ടാവില്ലെന്നും എനിക്കറിയാമായിരുന്നു. ഞാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ എന്നെ ആ മനുഷ്യന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു!

ഗുണപാഠം 4
ജനങ്ങളുടെ ജീവിതത്തില്‍ വലിയ ഗുണപാഠങ്ങളുണ്ട്. ഖാലിദ് ബിനു വലീദ്(റ) നൂറിലേറെ യുദ്ധങ്ങളില്‍ പങ്കെടുത്തയാളാണ്. കുന്തത്തിന്റെ കുത്തോ വാളിന്റെ പാടോ ഇല്ലാത്ത ഒരിടവും അദ്ദേഹത്തിന്റെ ശരീരത്തിലില്ലതന്നെ! പക്ഷേ, അവസാനം അദ്ദേഹം മരണം പുല്‍കിയതോ, തന്റെ കിടക്കവിരിയിലും! ഖാലിദ് ബിനു വലീദ് യുദ്ധക്കളത്തില്‍ മരണപ്പെടേണ്ട എന്നു തീരുമാനിച്ച റബ്ബ് തന്നെയാണ് ഒരുപാട് ജനങ്ങള്‍ ഐ.സി.യുകളില്‍ കിടന്ന് മരണപ്പെടണമെന്ന് നിശ്ചയിച്ചതും!

ദുനിയാവ് കാരണങ്ങളുടെ ഗേഹമാണ്. ജനങ്ങളെയാണവ ഭരിക്കുന്നത്, അല്ലാഹുവിനെയല്ല. വലിയ തിമിംഗലത്തിന്റെ വയറായിരുന്നു യൂനുസ് നബിക്ക് ഒളിച്ചിരിക്കാനുള്ള ഇടം. അഗ്നികുണ്ഠാരമായിരുന്നു ഇബ്‌റാഹിം നബിക്ക് ഒളിച്ചിരിക്കാനുള്ള ഇടം. വേട്ടക്കാരനായ തിമിംഗലത്തോട് വേട്ടയാടാതിരിക്കാന്‍ റബ്ബ് പറയുമ്പോള്‍ അത് അനുസരണയുള്ളതാകുന്നു. അതേസമയം ഒരിറക്ക് വെള്ളം മരണത്തിനുള്ള വഴിയായും ചിലപ്പോള്‍ മാറുന്നു! ആയതിനാല്‍, അവന്റെ വിധി നാം മാനിക്കുകതന്നെ ചെയ്യുക. നമ്മുടെ പ്രിയപ്പെട്ടവനെ അവന്‍ തിരിച്ചുവിളിക്കുമ്പോള്‍ അതവന്റെ നീതിയാണ്. അവരെ ജീവിപ്പിക്കുകയാണെങ്കില്‍ അതവന്റെ കാരുണ്യമാണ്. അവന്‍ നീതിപൂര്‍വം പെരുമാറുമ്പോള്‍ നാം ക്ഷമിക്കുകയും കരുണകൊണ്ട് പെരുമാറുമ്പോള്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യണം.

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles