Current Date

Search
Close this search box.
Search
Close this search box.

അന്ന് മാറിയത് ലോകത്തിൻ്റെ നേതൃത്വമാണ്!

അദ്ദേഹത്തിൻ്റെ കണ്ണുകൾ ആകാശത്തേക്ക് ആവർത്തിച്ച് ഉയർന്നു കൊണ്ടിരുന്നു. ഒരു വെള്ളിനക്ഷത്രത്തിൻ്റെ ഉദയമാണവ ഉറ്റുനോക്കുന്നത്. അത്രമേലുണ്ട് താൻ കണ്ട സ്വപ്നം. ലോകത്തിൻ്റെ നേതൃത്വത്തിലേക്ക് ഒരു ആദർശ സമൂഹം കയറി നിൽക്കുന്നത് കാണാനുള്ള കൊതിയായിരുന്നു ആ കണ്ണുകളിൽ! സ്വപ്നം കാണേണ്ടത് അങ്ങനെയാണ്, ആകാശത്തോളം ഉയരത്തിൽ! എങ്കിലേ ഭൂമിയോളം വലുപ്പത്തിൽ അത് സഫലമാകൂ. അത്തരമൊരു സ്വപ്ന സാഫല്യത്തിൻ്റെ സുദിനമായിരുന്നു അന്ന്. ആകാശം ഭൂമിയെ തൊട്ട വേദാവതരണത്തിൻ്റെ തുടക്കം മുതൽ, വാന ലോകത്തേക്കുള്ള യാത്ര ഉൾപ്പെടുന്ന ചരിത്രമോർക്കുക. ദൈവദൂതൻ്റെ ജീവിതം ഭൂമിയിലായിരുന്നു, നിയന്ത്രണം ആകാശത്തും.  അതുകൊണ്ടാണ് അദ്ദേഹം അന്നും ആകാശത്തേക്ക് കണ്ണയച്ചുകൊണ്ടിരുന്നത്. ആ മനസ്സിൻ്റെ ദാഹത്തിന്, വെളിപാടിലൂടെ ശമനമേകി വേദവചനങ്ങളെത്തി;

‘പ്രവാചകാ, നിന്റെ മുഖം മാനത്തേക്ക് ആവര്‍ത്തിച്ച് ഉയരുന്നത് നാം കാണുന്നു. ശരി, നാം നിന്നെ നീ തൃപ്തിപ്പെടുന്ന ദിശയിലേക്ക് തിരിക്കുകയാണ്. അതിനാല്‍, പവിത്രമായ ദൈവമന്ദിരത്തിന്റെ വശത്തേക്ക് മുഖം തിരിക്കുക. ഇനി നിങ്ങള്‍ എവിടെയായിരുന്നാലും ആ ഭാഗത്തേക്ക് മുഖം തിരിച്ച് നമസ്കരിക്കുക.’ രണ്ടാം അധ്യായത്തിലെ നൂറ്റിനാൽപ്പത്തിനാലാം വചനമാണിത്. തൊട്ടടുത്ത എട്ടു വചനങ്ങളിലും ഇതേ വിഷയമാണ് വിശകലന വിധേയമാക്കുന്നത്. ഒരു വാക്കും അനാവശ്യമായി ഉപയോഗിക്കാത്ത വേദഗ്രന്ഥത്തിൽ, ഈ ദിശാമാറ്റം വിശകലനം ചെയ്യാൻ ഒൻപത് വചനങ്ങൾ! മർമ്മത്തിൽ തൊടുന്ന വർത്തമാനങ്ങൾ! എങ്കിൽ, വിഷയമേറെ ഗൗരവമുള്ളതാണല്ലോ! എന്തൊക്കെയാണ് ആ മർമ്മങ്ങൾ? പലതുണ്ട്, ഒന്ന് മാത്രം ഇന്ന് പറയാം. ബാക്കി നാളെ.

Also read: വീടകം ഈദ് ഗാഹാക്കാം

ലോകനേതൃത്വത്തിൽ വരുത്തിയ ചരിത്രപരമായ പൊളിച്ചെഴുത്തായിരുന്നു ദിശാ മാറ്റം. ആരാധനയിലെ ശാരീരികമായ മുഖം തിരിക്കലിനെക്കാൾ പ്രധാനമാണത്. ദൈവ വിശ്വാസവും ധാർമ്മിക വിശുദ്ധിയുമുള്ള ഒരു ജനത. മൂല്യബോധവും നീതിനിഷ്ഠയും ഐകരൂപവുമുള്ള ഒരു സാമൂഹികക്രമം. അവരാണ് ലോക നേതൃത്വം കൈയ്യാളേണ്ടത്. എങ്കിലേ, നീതീലോകം പുലരൂ. അത്തരമൊരു ആദർശ സമൂഹം രൂപം കൊണ്ടിരിക്കുന്നു, അന്ത്യദൂതൻ്റെ നേതൃത്വത്തിൽ. കപട വിശ്വാസവും അധാർമ്മികതയും അടിസ്ഥാനമാക്കിയ മറ്റൊരു ജനത. അനീതിയും ചൂഷണവും നിറഞ്ഞ അവരുടെ സാമൂഹിക ക്രമം. വംശീയ അഹന്തകളും പാരമ്പര്യത്തിൻ്റെ പേരിലുള്ള പൊള്ളയായ അവകാശവാദങ്ങളും. കാലങ്ങളായി മേധാവിത്തം അവർക്കായിരുന്നു! അതങ്ങനെത്തന്നെ തുടർന്നാൽ ലോകം ഇരുട്ടിലായിപ്പോകും. ആ തമസ്സകറ്റാനാണല്ലോ, ഹിറാ ഗുഹയിൽ ആകാശദീപം തെളിഞ്ഞു തുടങ്ങിയത്.

ഓർമ്മയില്ലേ പഴയ കഥ! ഇബ്റാഹീം പ്രവാചകൻ പരീക്ഷണങ്ങളിൽ വിജയിച്ച് യോഗ്യത തെളിയിച്ചു. ലോകത്തിൻ്റെ നേതൃത്വമായിരുന്നു ദൈവത്തിൻ്റെ ഉപഹാരം. ധിക്കാരികളായ സന്തതിപരമ്പരകൾക്ക് ഈ നേതൃപദവി നൽകില്ലെന്ന് അന്നേ ദൈവം വ്യക്തമാക്കിയതാണ്; ‘ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില വചനങ്ങളാല്‍ പരീക്ഷിച്ചതോര്‍ക്കുക. അദ്ദേഹം അവയിലെല്ലാം പൂര്‍ണമായി വിജയിച്ചു. അപ്പോള്‍ ദൈവം പ്രഖ്യാപിച്ചു: ‘നാം നിന്നെ സകല ജനത്തിനും നേതാവായി നിശ്ചയിക്കുന്നു.’ ഇബ്‌റാഹീം ഉണര്‍ത്തിച്ചു: ‘എന്റെ സന്തതികളോടും ഇതേ വാഗ്ദാനമുണ്ടോ?’ അവന്‍ പറഞ്ഞു: ‘എന്റെ വാഗ്ദാനം അധര്‍മികള്‍ക്കു ബാധകമല്ല.’ രണ്ടാം അധ്യായം നൂറ്റി ഇരുപത്തിനാലാം വചനം. ഈ പ്രഖ്യാപനത്തിൻ്റെ പുലർച്ചക്ക് സമയമായത് ഇപ്പോഴാണ്. ധിക്കാരികൾ കൊടുമുടി കയറിയാലും യോഗ്യതയുള്ള അവകാശികൾ വരുന്നതുവരെ, കാലം കാത്തു കിടക്കും!

Also read: വധശിക്ഷവിധിച്ച് ഹജ്ജാജ് ; ചിരിതൂകി സഈദുബ്നു ജുബൈര്‍

ഇപ്പോൾ മാറ്റത്തിന് സമയമായിരിക്കുന്നു. ചരിത്രം അവിടെ പുതിയ വഴികൾ തുറന്നു. ധിക്കാരികളിൽ നിന്ന് ധർമ്മബോധമുള്ളവരിലേക്ക് ലോക നേതൃത്വം ദൈവം തന്നെ കൈമാറി. പലസ്ഥീനിലെ വിശുദ്ധമന്ദിരത്തിൽ നിന്ന്, മക്കയിലെ പവിത്ര ഗേഹത്തിലേക്ക് ദിശ മാറ്റി നിശ്ചയിച്ചു. ഇസ്രായേൽ സന്തതികളിൽ നിന്ന്, ഇസ്മാഈൽ സന്തതികളിലേക്ക് ലോക നേതൃത്വം കൈമാറ്റം ചെയ്യപ്പെട്ടു. അതാണ് ആ ദിശ മാറ്റത്തിൻ്റെ മർമ്മം. ലോക നേതൃത്വത്തിലേക്ക് ഉയരാൻ അവകാശവാദങ്ങൾ പോരാ, അർഹതയും യോഗ്യതയും വേണം. യോഗ്യത നഷ്ടപ്പെട്ടാൽ നേതൃത്വം നഷ്ടപ്പെടും. ഇത് ചരിത്രത്തിൻ്റെ നടപടിക്രമം! അന്ന് നേതൃത്വത്തിൽ അവരോധിക്കപ്പെട്ട ജനതക്ക് പിന്നീട് എങ്ങനെ അത് കൈമോശം വന്നുവെന്ന് ആലോചിച്ചു നോക്കൂ. ചരിത്രം കാലങ്ങളിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും എന്നർത്ഥം. ഇപ്പോഴിതാ മറ്റൊരു കാലസന്ധി മുന്നിൽ നിൽക്കുന്നു. ലോകത്തിൻ്റെ ധിക്കാരം ആവോളമുണ്ട്, പുതിയ നേതൃത്വത്തിലേക്ക് ഉയരാനുള്ള യോഗ്യതയുണ്ടോ?

Related Articles