Current Date

Search
Close this search box.
Search
Close this search box.

തേള്‍ മറുപടി പറഞ്ഞു:’ഇതെന്റെ സ്വഭാവമാണ്, എനിക്കത് മാറ്റാനാവില്ല!’

തന്റെ മാളത്തില്‍ നിന്നിറങ്ങിയപ്പോഴാണ് പുഴക്കപ്പുറത്തായി മനോഹരമായൊരു സ്ഥലം തേള്‍ കണ്ടത്. പക്ഷേ, പുഴ മുറിച്ചു കടക്കണമെങ്കില്‍ തനിക്ക് നീന്താനറിയില്ലെന്ന ബോധ്യം അതിനുണ്ടായിരുന്നു. എങ്ങനെ അക്കരെയെത്തുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഒരു തവള പുഴയില്‍ ചാടാനിരിക്കുന്നത് തേള്‍ കണ്ടത്. ഉടനെ അടുത്ത് ചെന്ന് നിന്റെ പുറത്തു കയറി എന്നെ പുഴ മുറിച്ചു കടക്കാന്‍ സഹായിക്കുമോ എന്ന് തവളയോടായി ചോദിച്ചു. എനിക്കെന്താണ് പകരം കിട്ടുകയെന്നു ചോദിച്ചപ്പോള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നിനക്കെന്റെ സഹായം ആവശ്യമായി വന്നാല്‍ അവിടെ ഞാനുണ്ടാകുമെന്ന് തേള്‍ വാക്കുകൊടുത്തു.

പക്ഷേ പുഴമധ്യേ എന്നെ നീ കടിക്കുമോയെന്ന പേടിയെനിക്കുണ്ടെന്ന് തവള പറഞ്ഞപ്പോള്‍ ഞാനൊരിക്കലുമത് ചെയ്യില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം നിന്നോടൊപ്പം ഞാനും വെള്ളത്തില്‍ മുങ്ങുമെന്ന ബോധമെനിക്കുണ്ടെന്നും തേള്‍ തവളയെ പറഞ്ഞു ബോധിപ്പിച്ചു. അല്‍പനേരം ചിന്തിച്ചശേഷം തവള സമ്മതം മൂളുകയും തേളിനെ പുറത്തുകയറ്റി വെള്ളത്തിലിറങ്ങുകയും ചെയ്തു. പോകെപ്പോകെ പെട്ടെന്ന് തേളിന്റെ കടിയുടെ വേദന തന്റെ ശരീരത്തില്‍ പതിയെ ആഴ്ന്നിറങ്ങുന്നത് തവളക്ക് അനുഭവപ്പെട്ടു. വേദന കൊണ്ടത് പുളയുന്ന അവസാന നിമിഷത്തില്‍ തേളിനോടായി തവള ചോദിച്ചു:’എന്നാലും എങ്ങനെയാണ് നീയിതു ചെയ്തത്!’. വികാരങ്ങളേതുമില്ലാതെ തേള്‍ മറുപടി പറഞ്ഞു:’ഇതെന്റെ സ്വഭാവമാണ്. എനിക്കത് മാറ്റാനുമാവില്ല!’

ഗുണപാഠം 1

എല്ലാ സൃഷ്ടികള്‍ക്കും അതിന്റേതായ പ്രത്യേക പ്രകൃതങ്ങളുണ്ടാവും. അതുതന്നെ വിചാരിച്ചാലും മാറ്റാന്‍ പറ്റാത്ത ചിലത്. പക്ഷേ, അവയെ മെരുക്കിയും ദിശ നിര്‍ണയിച്ചും നിനക്കനുകൂലമാക്കി മാറ്റാം. ഉദാഹരണത്തിന് തേളിന്റെ കടിക്കുകയെന്ന പ്രകൃതി തന്നെ ശത്രുവിനെതിരെ അതിശക്തമായി പ്രയോഗിക്കാനും സുഹൃത്തിനെ സംരക്ഷിക്കാനും അതിനുപയോഗിക്കാം. പക്ഷേ, അസ്ഥാനത്ത് അതിനെ പ്രയോഗിച്ചപ്പോള്‍ ഫലം പ്രതികൂലമാവുകയും ചെയ്തു. അപ്രകാരം തന്നെയാണ് എല്ലാ നല്ല കാര്യങ്ങളുടെയും അവസ്ഥ, വേണ്ടയിടത്ത് വേണ്ടപോലെ പ്രയോഗിക്കാന്‍ സാധിക്കണം.

ഗുണപാഠം 2

പുതിയൊരു വഴിയിലേക്ക് കടന്നുചെല്ലുമ്പോള്‍ അവിടെ നിനക്ക് സഹായമാവുന്നയാളെ കൂടെക്കൂട്ടുക, ഭാരമാവുന്നവരെയല്ല. വീഴ്ചകളില്‍ ഒരുമിച്ച് മുന്നോട്ടു പോകാന്‍ പറ്റുന്നവരെ സഹസഞ്ചാരിയാക്കുക, വലിയ ദുരന്തമായിത്തീരാവുന്ന ആളെയല്ല. ജീവിതത്തിലെ നല്ലൊരു സഹയാത്രികന്‍ ആ യാത്രയെത്ര ദീര്‍ഘമായാലും അതിനെ മനോഹരമാക്കും, എത്ര പ്രയാസകരമാണെങ്കിലും അതിനെ മധുരതരമാക്കും. നേരെ തിരിച്ചാണെങ്കില്‍ അവനൊപ്പമുള്ള ഓരോ ചവിട്ടടികളും ആയിരം മൈലുകള്‍ക്ക് തുല്യമാവും. കല്ലുകള്‍ നിറഞ്ഞൊരു പാദരക്ഷ ധരിക്കുന്നതിലും ഭേദം നഗ്നപാദനായി നടക്കലാണല്ലോ. ജീവിതത്തിന്റെ വഴിയാണ് ഏറ്റവും ദുര്‍ഘടവും അപകടകരവുമെന്നോര്‍ക്കുക!

ഗുണപാഠം 3

വിശ്വസ്ത അപകടകാരിയായൊരു ആയുധമാണ്, നിനക്കറിയാത്തവരുടെ കയ്യിലത് വെച്ചുകൊടുക്കുകയുമരുത്. ഒറ്റത്തവണയായി കൊടുക്കാന്‍ കഴിയുന്ന ഒന്നുമല്ലത്, ഘട്ടംഘട്ടമായി, പല തവണകളായി, പല സാഹചര്യങ്ങളും അനുഭവങ്ങളും കടന്നുവേണം അതുണ്ടാവാന്‍. അത്യാവശ്യം പ്രതിസന്ധിഘട്ടങ്ങളില്‍ ഒരുമിച്ചുണ്ടായ വളരെ കുറച്ചുപേരോട് മാത്രം വളരെ അപൂര്‍വമായി മാത്രം ഉണ്ടാവുന്നൊരു സാഹചര്യമാണ് അമിതവിശ്വസ്തത. നിന്റെയടുക്കല്‍ ആര്‍ക്കെങ്കിലും സ്ഥാനമുറപ്പിച്ചു നല്‍കുന്നതിനുമുമ്പായി അവരുടെ സമ്പൂര്‍ണരൂപം മനസ്സിലാക്കാന്‍ എപ്പോഴും സുരക്ഷിതമായൊരു അകലം പാലിക്കുക. കൂടുതല്‍ അടുക്കുന്നതിലും കൂടുതല്‍ അകലുന്നതിലും പ്രധാനപ്പെട്ട പല വിവരങ്ങളും നഷ്ടമാകാനിടയുണ്ട്. അതിനിഷ്‌കളങ്കമായി വിശ്വസിക്കുകയോ അതിശക്തമായി തെറ്റിദ്ധരിക്കുകയോ അരുത്!

ഗുണപാഠം 4

ജനങ്ങളില്‍ ആരെയൊക്കെ എങ്ങനെയൊക്കെ കാണണമെന്നും പ്രവൃത്തികള്‍വച്ച് അവര്‍ക്കെങ്ങനെ മാര്‍ക്കിടണമെന്നും കൃത്യമായി പഠിക്കുക, നിന്റെ ധാരണകള്‍ വച്ചാവരുത്. നല്ല മനസ്സൊരു നല്ല ഗുണമാണ്. പക്ഷേ, വിഡ്ഢിത്തത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള നിഷ്‌കളങ്ക മനസ്സ് സ്വഭാവദൂഷ്യവുമാണ്. ബുദ്ധിയെ പ്രവര്‍ത്തനരഹിതമാക്കാതെതന്നെ ഹൃദയത്തെ എങ്ങനെ ശുദ്ധമാക്കാമെന്ന് പഠിക്കുക. ചില ജീവിതപാഠങ്ങളുടെ മൂല്യം വളരെ വലുതാണെന്നോര്‍ക്കുക. നിനക്കറിയാത്തൊരാള്‍ക്ക് കഠാര കൊടുത്ത് നീ പുറംതിരിയുമ്പോള്‍ മറ്റുള്ളവന്റെ കൈകൊണ്ടുതന്നെ നീ സ്വന്തത്തെ കുത്തിയിരിക്കുന്നുവെന്നോര്‍ക്കുക.

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles