Current Date

Search
Close this search box.
Search
Close this search box.

ആ കഴുതകൾ അനുകരണത്തിനുള്ള പാഠമാണ്

രണ്ടു കഴുതകളുള്ള ഒരു കര്‍ഷകനുണ്ടായിരുന്നു. ഒരു കഴുതപ്പുറത്ത് ഉപ്പും മറ്റൊന്നിനു പുറത്ത് കുടങ്ങളും പാത്രങ്ങളും വഹിച്ച് അടുത്ത ഗ്രാമത്തിലെ അങ്ങാടിയിലേക്ക് കച്ചവടത്തിനായി പുറപ്പെടാന്‍ അയാള്‍ തീരുമാനിച്ചു. വഴിയില്‍, ഉപ്പുചാക്കുകള്‍ നല്ല ഭാരമുള്ളതുകൊണ്ടുതന്നെ അതു ചുമന്ന കഴുത ക്ഷീണമനുഭവപ്പെട്ടപ്പോള്‍ ക്ഷീണമകറ്റാന്‍ അടുത്തുള്ള കുളത്തില്‍ ഒന്നു മുങ്ങിയെഴുന്നേല്‍ക്കാമെന്നു കരുതി. അതേസമയം, പാത്രം ചുമക്കുന്ന കഴുത സുഖകരമായി നടക്കുന്നുണ്ടായിരുന്നു. ആദ്യത്തെ കഴുത അല്‍പനേരം വെള്ളത്തില്‍ മുങ്ങിയെഴുന്നേറ്റതോടെ പുതിയ ജീവന്‍ കിട്ടിയ പ്രതീതിയായിരുന്നു അതിന്. ഉപ്പുരുകി ഭാരം പാടെ കുറഞ്ഞു. നല്ല ഉന്മേഷവും കിട്ടി. ഇതുകണ്ട രണ്ടാം കഴുതയും കേട്ടപാതി വെള്ളത്തിലിറങ്ങി. തിരിച്ചുകയറിയപ്പോള്‍ നല്ല ഭാരം. വെള്ളം നിറഞ്ഞ പാത്രങ്ങളും കുടങ്ങളും ഏറ്റി നടക്കാനായി അതിന്റെ വിധി.

ഗുണപാഠം 1

കഴുതപ്പുറത്തുള്ള ഉപ്പും പാത്രങ്ങളുമെല്ലാം മനുഷ്യന്‍ വഹിക്കുന്ന ആശങ്കകള്‍ പോലെയാണ്. അറബികളുടെ പഴമൊഴികളില്‍ വിശാലമായ അര്‍ഥതലങ്ങള്‍ കാണാം. വെറുമൊരു സംഭവത്തില്‍ മാത്രമൊതുങ്ങുന്ന അര്‍ഥമാവില്ല അതിന്. എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ തങ്ങളുടേതായ ആശങ്കകളും ടെന്‍ഷനുകളുമുണ്ടാവും. ചിലരുടെ പ്രയാസങ്ങള്‍ അവരെത്തന്നെ തളര്‍ത്തിക്കളയുന്നതാവും. മറ്റു ചിലരുടേത് അവര്‍ സ്വന്തംപോലും അറിഞ്ഞുകാണില്ല. ഒരു മനുഷ്യന്റെ സ്വപ്‌നം മറ്റൊരാളുടെ യാഥാര്‍ഥ്യമാവാം. ചെരുപ്പില്ലാത്ത ഒരു പാവം കുട്ടിക്ക് ആകെ വേണ്ടത് ഒരു ചെരുപ്പു മാത്രമായിരിക്കും. രണ്ടുകാലും നഷ്ടപ്പെട്ട ഒരു മനുഷ്യന്‍ ആഗ്രഹിക്കുക ചെരുപ്പില്ലെങ്കിലും കാലുകള്‍ ഉണ്ടായിരുന്നെങ്കിലെന്നാണ്. ആകാശത്തിനുകീഴെ എവിടെയും അന്തിയുറങ്ങുന്ന മനുഷ്യരുടെ ആകെ ആഗ്രഹം ചെറിയൊരു കൂര മാത്രമാവും. വലിയ വീടുള്ള മനുഷ്യന്റെ ആശങ്ക കൊട്ടാരത്തിലുള്ളവരുടെ സ്വത്തിനെക്കുറിച്ചാവും. കൊട്ടാരത്തിലുള്ളവന്റെ നോട്ടം കൂരയില്‍ വസിക്കുന്നവന്റെ ആരോഗ്യത്തിലേക്കാവും! ഈ ജീവിതം ഒരിക്കലും സമ്പൂര്‍ണമല്ല! ഒന്നു കിട്ടിയവന് മറ്റൊന്ന് കിട്ടാതിരിക്കുക സ്വാഭാവികം മാത്രം! മറ്റുള്ളവര്‍ക്കു ലഭിച്ചിട്ടുള്ള സുഖങ്ങള്‍ മാത്രം നോക്കിയിരുന്ന് നമ്മുടെ കയ്യിലുള്ളതു കൊണ്ട് ജീവിതം ആസ്വദിക്കാതിരിക്കരുത്. കീഴടങ്ങണമെന്നും പ്രശ്‌നപരിഹാരങ്ങള്‍ തേടാതിരിക്കണം എന്നുമല്ല ഇതിനര്‍ഥം.

ഗുണപാഠം 2

അന്ധമായ അനുകരണം ഒരിക്കലുമരുത്! എല്ലാ രോഗികളെയും ഒരേ മരുന്നുകൊണ്ടാണ് ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതെങ്കില്‍ അവരൊക്കെയും എന്നോ മരിച്ചുവീണേനെ. ഒരാള്‍ക്കുള്ള മരുന്ന് മറ്റു ചിലര്‍ക്ക് വിഷമായിരിക്കാം. ചിലരുടെ വിശപ്പകറ്റുന്ന ഭക്ഷണം മറ്റു ചിലരുടെ മരണത്തിനുവരെ കാരണമാകാം. ആരെങ്കിലും തന്റെ പ്രശ്‌നം പണം കൊണ്ടു പരിഹരിച്ചാല്‍, പണം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നു വെക്കരുത്. ആരെങ്കിലും അക്രമത്തിലൂടെ തന്റെ പ്രശ്‌നം പരിഹരിച്ചാല്‍, അക്രമം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും വെക്കരുത്. ഇനി വല്ലവരും ത്വലാഖിലൂടെ തന്റെ പ്രശ്‌നപരിഹാരം സാധ്യമാക്കിയാല്‍, ത്വലാഖ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണെന്നും വെക്കരുത്. എല്ലാ കാര്യങ്ങള്‍ക്കും ഒരേ പരിഹാരമാര്‍ഗമാവില്ല. മറ്റുള്ളവരുടെ പരിഹാരങ്ങളെക്കുറിച്ച് നോക്കുന്നതിനുമുമ്പ്, അതേ പ്രശ്‌നം തന്നെയാണോ നിന്റേതെന്ന് ഉറപ്പുവരുത്തുക!

ഗുണപാഠം 3

ഒരു പ്രശ്‌നപരിഹാരത്തിനുള്ള തീരുമാനമെടുക്കുമ്പോള്‍ ആ തീരുമാനം പുതിയൊരു പ്രശ്‌നം തുറന്നുവെക്കില്ലെന്ന് ആദ്യംതന്നെ ഉറപ്പിക്കണം. രണ്ടാം വിവാഹം ചിലപ്പോള്‍ ആദ്യത്തെ ഒരു പ്രശ്‌നത്തിനുള്ള പരിഹാരമാവാം, ഒപ്പം പുതിയൊരു പ്രശ്‌നത്തിന്റെ തുടക്കവും. ആദ്യത്തെ അതേ ചിന്താഗതിയോടെ രണ്ടാം വിവാഹം ചെയ്യുന്നവന്റെ രണ്ടാം വിവാഹത്തിന്റെ പരിണിതിയും ആദ്യത്തേതിനു തുല്യം തന്നെയേ ആവൂ. ത്വലാഖ് ഏതെങ്കിലും ഒരു പ്രശ്‌നത്തിനുള്ള പരിഹാരമാവാം. പക്ഷേ, അത് മറ്റു പല പ്രശ്നങ്ങളുടെയും കവാടമായിത്തീരുന്നതാണ്. നിന്റെ പ്രശ്‌നപരിഹാരങ്ങളുടെ വിഷയത്തില്‍ നീയൊരിക്കലും സ്വാര്‍ഥനാവരുത്. നിന്റെ സുഖത്തിനു വേണ്ടി ജനങ്ങളുടെ സുഖംകെടുത്തുന്ന രീതിയരുത്. സഹവര്‍ത്തിത്വം എന്നു പേരുള്ളൊരു ഘടകമുണ്ട് മനുഷ്യജീവിതത്തില്‍. ചിലപ്പോള്‍ ഒരു പ്രശ്‌നത്തെ ഉള്‍ക്കൊള്ളലും അതിനെ അതേപടി നിര്‍ത്തലുമാവും അതിനുള്ള ഏറ്റവും മാതൃകാപരമായ പരിഹാരം. കാരണം, പലപ്പോഴും പരിഹാരങ്ങള്‍ പലതും വലിയ വിലവരുന്നതാണ്. ആയതിനാല്‍, പരസ്പരം മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാന്‍ പഠിക്കുക.

ഗുണപാഠം 4

പരിഹാരം പ്രതീക്ഷിക്കുന്ന ആളോടു മാത്രം പരാതി പറയുക. പരിഭവം പറച്ചിലും പരാതികളുമൊക്കെ നമ്മെ മടിയന്മാരാക്കി മാറ്റുന്ന ഘടകങ്ങളാണ്. വീടകമെന്നാല്‍ രഹസ്യങ്ങളാണ്, അതിനെ പരസ്യമാക്കരുത്. ജനങ്ങള്‍ എല്ലാവര്‍ക്കും പ്രയാസങ്ങളുണ്ട്. ചിലര്‍ പരിഭവം പറയുന്നില്ലെന്നുകണ്ട് അതിനര്‍ഥം അവര്‍ക്ക് പ്രയാസങ്ങളൊന്നുമില്ല എന്നല്ല. ബാഹ്യക്കാഴ്ചകളില്‍ നീ വിശ്വസിക്കയുമരുത്. ജീവിക്കാന്‍ വേണ്ടി മുറിവുകളില്‍ കടിച്ചുപിടിക്കുന്നവരും ജനങ്ങളുടെ കൂട്ടത്തിലുണ്ട്!

ഒരു രോഗി ഡോക്ടറെ കാണാന്‍ ചെല്ലുന്നു. ദീര്‍ഘനേരത്തെ പല പരിശോധനകള്‍ക്കും ശേഷം നിങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്നും മിക്കവാറും താങ്കളുടെ പ്രശ്‌നം മാനസികമാണെന്നും പുതിയ കാര്യങ്ങള്‍ ചെയ്യാനും സന്തോഷിക്കാനും ശീലിക്കണമെന്നും ഡോക്ടര്‍ പറയുന്നു. ഡോക്ടര്‍ തുടര്‍ന്നു: ‘അങ്ങാടിയില്‍ ജനങ്ങളെയെല്ലാം അത്യാഹ്ലാദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നൊരു ജോക്കറുണ്ടെന്നു കേട്ടിട്ടുണ്ട്. അയാളുടെ പരിപാടികള്‍ കണ്ടാല്‍ താങ്കളുടെ പ്രശ്‌നം ഒരുവക തീരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്’. കണ്ണീര്‍ വാര്‍ത്തുകൊണ്ടയാള്‍ ഡോക്ടറോടായി പറഞ്ഞു:’ഡോക്ടറെ, ഞാനാണാ ജോക്കര്‍!’. ജീവിതത്തില്‍ പലരും ഈ ജോക്കറെ പോലെയാണ്. പ്രശ്‌നങ്ങളെയെല്ലാം അവഗണിച്ച് തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്ന പോലെ ജീവിതത്തിലേക്ക് കടന്നുവരുന്നവര്‍. അല്ലെങ്കിലും, എന്തിന് മറ്റുള്ളവരും നമ്മുടെ പ്രയാസങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് നാം നിര്‍ബന്ധം പിടിക്കണം! എല്ലാവരും ജോക്കറിനെപ്പോലെ ആകണമെന്നല്ല, പക്ഷേ, എന്നും ദുഃഖങ്ങളും പരിഭവങ്ങളും മാത്രം പറഞ്ഞിരിക്കണമെന്ന് ആരാണു പറഞ്ഞത്?!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles