Current Date

Search
Close this search box.
Search
Close this search box.

ആ സ്വപ്‌നം  കുഞ്ഞിപ്പരുന്ത് ഉപേക്ഷിക്കുകയും കോഴിയായിത്തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്തു! 

പറഞ്ഞുകേട്ടിട്ടുള്ളൊരു കഥയാണ്. മലമുകളില്‍ ജീവിക്കുന്നൊരു പരുന്തുണ്ടായിരുന്നു. അതിന്റെ മുകളിലായൊരു ഉയര്‍ന്ന മരത്തിലത് കൂടുണ്ടാക്കി. സമയമായപ്പോള്‍ നാല് മുട്ടകളിടുകയും ചെയ്തു. പിന്നീടൊരു ഭൂമികുലുക്കമുണ്ടായപ്പോള്‍ മുട്ടകളിലൊന്ന് കൂട്ടില്‍ നിന്നു വീണ് ഉരുണ്ടുരുണ്ട് ഒരു കോഴിക്കൂട്ടിലെത്തി. കോഴികളില്‍ മുതിര്‍ന്ന ഒന്ന് അതിനെ ചേര്‍ത്തുനിര്‍ത്തുകയും സ്‌നേഹപൂര്‍വം അതിന്മേല്‍ അടയിരിക്കുകയും ചെയ്തു. കാലക്രമേണ സമയമായപ്പോള്‍ മുട്ടവിരിഞ്ഞ് ചെറിയൊരു പരുന്തിന്‍ കുഞ്ഞ് പുറത്തുവന്നു. കോഴികള്‍ക്കൊപ്പം നടന്നു വളര്‍ന്ന പരുന്ത് സ്വാഭാവികമായി കോഴികളുടെ സ്വഭാവക്കാരനാവുകയും അവയെപ്പോലെ നടക്കാനും ധാന്യങ്ങള്‍ കഴിക്കാനും തുടങ്ങി. ആകാശം അതിന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. കോഴികള്‍ പറക്കില്ല എന്നാണല്ലോ അത് പഠിച്ചുവച്ചിട്ടുള്ളത്. ഒരുദിവസം, മറ്റു കോഴികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ഒരു കൂട്ടം പരുന്തുകള്‍ ആകാശത്തില്‍ വട്ടമിട്ടു പറക്കുന്നത് കുഞ്ഞിപ്പരുന്ത് ശ്രദ്ധിച്ചത്. അവയെപ്പോലെ പറക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ കോഴികളുടെ പരിഹാസച്ചിരികളായിരുന്നു അതേറ്റു വാങ്ങിയത്. ‘കോഴി പറക്കില്ലെന്ന്’ അവരെല്ലാം ഒരുവട്ടം കൂടി പറഞ്ഞുവച്ചു. അതോടെ ആകാശത്തില്‍ വട്ടമിട്ടു പറക്കണമെന്ന സ്വപ്‌നം ആ കുഞ്ഞിപ്പരുന്ത് ഉപേക്ഷിക്കുകയും കോഴിയായിത്തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്തു!

ഗുണപാഠം 1

യഥാര്‍ഥ ബന്ധനം കൈകളില്‍ അണിയിക്കപ്പെടുന്നതല്ല, ആത്മാവിനെയും ദൃഢവിശ്വാസത്തെയും വിലങ്ങിടുന്നതാണ്. യഥാര്‍ഥ വളര്‍ച്ച ശരീരത്തിന്റേതുമല്ല, വിശ്വാസത്തിന്റെതും ചിന്തകളുടേതുമാണ്. ജയില്‍ക്കമ്പികള്‍ക്കകത്തു കഴിയുന്ന ഒത്തിരി സ്വതന്ത്രരും ജയിലിനു പുറത്തായിട്ടും അടിമകളായി കഴിയുന്നവരും നമുക്കിടയിലുണ്ടല്ലോ. ഈയൊരു യാഥാര്‍ഥ്യത്തെ ഇസ്‌ലാം അതിന്റെ പ്രാരംഭദശയില്‍ തന്നെ തിരിച്ചറിയുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ അടിമകളെ ആദ്യമായി ആന്തരികമായി സ്വതന്ത്ര്യരാക്കി. അവരെ ജീവിതത്തിലേക്ക് സ്വതന്ത്രരാക്കും മുമ്പേ അവര്‍ക്ക് വിലങ്ങായിരുന്ന മാനസികമായ ബന്ധനങ്ങളെ ഇസ്‌ലാം തകര്‍ത്തുകളഞ്ഞു. ഇസ്‌ലാമിനു മുമ്പ് അടിമകള്‍ വെറും ചരക്കുകള്‍ മാത്രമായിരുന്നു, വ്യക്തികളല്ല.

ഉല്‍പാദനത്തിനുള്ള വെറും ഉപകരണങ്ങള്‍ മാത്രം! അക്കൂട്ടത്തില്‍ പാടത്ത് ജോലി ചെയ്യുന്ന മനുഷ്യരുണ്ടാവും. യജമാനന്റെയടുക്കല്‍ അവരുടെ വില വെറുമൊരു കലപ്പയുടേതു മാത്രമാവും. അക്കൂട്ടത്തില്‍ വലിയ കെട്ടിടങ്ങളും ആരാധനാലയങ്ങളും നിര്‍മിക്കുന്നവരുണ്ടാവും. അവരുടെ വിലയാണെങ്കില്‍ കയറിന്റേതോ ലീവറിന്റേതോ മാത്രമാവും. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമുള്ള ഭക്ഷണം മാത്രമേ അവര്‍ക്ക് ലഭിച്ചുള്ളൂ. അതിനു മാത്രമുള്ള വിശ്രമവും. ജോലിക്കിടെ പലപ്പോഴും ചാട്ടവാറു വര്‍ഷമുണ്ടാവും. കുതിരക്കാരന്‍ വേഗത കൂട്ടാന്‍ കുതിരയെ അടിക്കുന്നതുപോലെ! നൂറ്റാണ്ടുകളോളം അടിമകളുടെ അവസ്ഥ ഇതായിരുന്നു, ഇസ്‌ലാമിന്റെ അരുണോദയം വരെ. അങ്ങനെ ഇസ്‌ലാമാണ് അവരെ ചരക്കുകളുടെ ഗണത്തില്‍ നിന്ന് വ്യക്തികളുടെ ഗണത്തിലേക്ക് മാറ്റിവച്ചത്. അവര്‍ക്കും ആര്‍ക്കും അപഹരിക്കാന്‍ അര്‍ഹതയില്ലാത്ത മാന്യമായ ജീവിതാവകാശങ്ങളുണ്ടെന്നു പ്രഖ്യാപിച്ചത്.

മുമ്പവര്‍ പരസ്പരം കൊന്നു നടന്നവരായിരുന്നു. ഒരു ഖുറൈശി പ്രമുഖന്‍ പട്ടാപ്പകല്‍ ഒരടിമയെ അറുത്തുകളഞ്ഞാല്‍ പോലും അയാളെ തടുക്കാനോ ഒച്ചവെക്കാനോ ഒരാള്‍ പോലും മുന്നോട്ടു വരില്ല. എല്ലാനിലക്കും അടിമ യജമാനന്റേതാണ്, അയാള്‍ക്കിഷ്ടമുള്ളത് ചെയ്യാം എന്നായിരുന്നു നടപ്പ്. കൊല്ലുകയോ ജീവിക്കാന്‍ സമ്മതിക്കുകയോ എന്തും! ആടിന്റെ മുതലാളി അതുമായി എന്തൊക്കെ ചെയ്യുമോ അതൊക്കെയും അടിമകളുമായി അവരും ചെയ്തു. തോന്നിയാല്‍ വില്‍ക്കുകയും തോന്നിയാല്‍ അറുക്കുകയും തോന്നിയാല്‍ ജോലിയെടുപ്പിക്കുകയും ചെയ്തു! പക്ഷേ ഇസ്‌ലാമിന്റെ നിലപാട് അതായിരുന്നില്ല. ആദ്യമായി അവരുടെ ആത്മാക്കളെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു ഇസ്‌ലാം ചെയ്തത്.

അതിനു ശേഷം മാത്രമാണ് അവരോട്, സൃഷ്ടിപ്പില്‍ തന്നെ നിങ്ങള്‍ സ്വതന്ത്രരെപ്പോലെയാണെന്നും എല്ലാവരും ആദം നബിയുടെ സന്താനങ്ങളാണെന്നും ആദം നബിയാണെങ്കില്‍ മണ്ണില്‍ നിന്നാണെന്നും പറഞ്ഞുപഠിപ്പിച്ചത്. ശേഷം അവരില്‍ മനുഷ്യത്വം നട്ടുവളര്‍ത്തുകയും അവരെല്ലാം സ്വതന്ത്രരുടെ ഒരേ മണ്ണില്‍ നിന്നു പിറന്നവരാണെന്ന ബോധം പകരുകയും ചെയ്തു. സ്വന്തം അടിമത്വത്തിന്റെ ചങ്ങലകള്‍ തകര്‍ത്തുകളഞ്ഞതോടെ മറ്റൊരു വശത്ത് സ്വതന്ത്രരുടെ മേല്‍ക്കോയ്മയെക്കൂടിയായിരുന്നു അത് തകര്‍ത്തത്. മാനുഷിക ചരിത്രത്തില്‍ ആദ്യമായി അടിമ സ്വതന്ത്രനു തുല്യനാണെന്ന പ്രഖ്യാപനങ്ങള്‍ വരുന്നത് നബി തങ്ങളുടെ വാക്കുകളിലാണ്. നബി തങ്ങള്‍ പറയുന്നു:’ആരെങ്കിലും ഒരടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. ആരെങ്കിലും തന്റെ അടിമയെ ദ്രോഹിച്ചാല്‍ നമ്മളും അവനെ ദ്രോഹിക്കും.

ആരെങ്കിലും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നമ്മളും അവനെ അപ്രകാരം ചെയ്യും!’ അടിമയുടെയും സ്വതന്ത്രന്റെയും ജീവിതത്തെയും ശരീരത്തെയും തുല്യമായിക്കാണുന്ന മഹത്തായ സങ്കല്‍പം! അതോടെ വസ്തു എന്നതില്‍ നിന്ന് ഒരു വ്യക്തിയെന്ന നിലയിലേക്ക് അടിമയുടെ നില ഉയരുകയും അടിമക്കും യജമാനനുമിടയിലുള്ള ബന്ധം എന്നതിലുപരി സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബന്ധമായി അതുയരുകയും ചെയ്തു!. സ്വഹീഹുല്‍ ബുഖാരിയില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുള്ള നബി തങ്ങളുടെ ഈ പ്രഖ്യാപനത്തെക്കാള്‍ വ്യക്തവും സ്പഷ്ടവുമായ മറ്റൊരു പ്രഖ്യാപനം എവിടെയാണുള്ളത്?! നബി തങ്ങള്‍ പറയുന്നു:’നിങ്ങളുടെ അടിമകള്‍ നിങ്ങളുടെ സഹോദരന്മാരാണ്. ആര്‍ക്കെങ്കിലും അടിമയുണ്ടെങ്കില്‍ അയാള്‍ സ്വന്തമായി കഴിക്കുന്നതും ധരിക്കുന്നതും അവര്‍ക്കും നല്‍കണം. അവര്‍ക്ക് സാധിക്കാത്ത ജോലി നിശ്ചയിച്ചു കൊടുക്കുകയുമരുത്. ഇനിയങ്ങനെ ചെയ്താല്‍ തന്നെ അവരെ സഹായിക്കുകയും വേണം!’ അടിമകളെ സ്വതന്ത്രരുടെ സ്ഥാനത്തു വെക്കാന്‍ തന്നെ പഠിപ്പിക്കുകയാണിസ്ലാം.

അപ്പോഴും പലരും ചോദിക്കുന്നൊരു ചോദ്യമാണ്, സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ വര്‍ത്തമാനം പറയുന്ന ഇസ്ലാം എങ്ങനെയാണ് അടിമത്തത്തെ അനുവദിച്ചത് എന്നത്. ഇവിടെ നമുക്ക് ചോദിക്കാനുള്ളത് ഇസ്ലാമാണോ അടിമത്തം കൊണ്ടുവന്നത് അല്ല ഇസ്ലാമിനും മുമ്പേ അടിമത്തം ഉണ്ടോ എന്നുള്ള ചോദ്യമാണ്! ഇസ്ലാം വന്നപ്പോള്‍ അന്നത്തെ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കി, എന്നാല്‍ അതിന് സമ്പൂര്‍ണമായി വിധേയപ്പെടാതെ പരിവര്‍ത്തനങ്ങള്‍ നടത്താനും പതിയെ അതിയെ ഉഛാടനം ചെയ്യാനും വേണ്ടതു ചെയ്യുകയായിരുന്നു.

ജനങ്ങളെല്ലാം ഒരുകാലത്ത് സ്വതന്ത്രായിരുന്നു എന്നിരിക്കെ പിന്നെയെങ്ങനെയാണ് ലോകത്ത് അടിമകളുണ്ടായത്!? ചരിത്രമന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്നൊരു കാര്യം, ഇസ്ലാമിനു മുമ്പുണ്ടായിരുന്ന സാമ്രാജ്യത്വ ശക്തികളുടെ ആര്‍ത്തിയാണ് അടിമകളെ രൂപപ്പെടുത്തിയത് എന്ന വസ്തുതയാണ്. റോമക്കാര്‍ എന്നും മറ്റു സമൂഹങ്ങളുമായി യുദ്ധത്തിലേര്‍പ്പെടുന്നവരായിരുന്നു. അങ്ങനെയവര്‍ പരാജയപ്പെടുന്ന ജനവിഭാഗത്തെ ചങ്ങലയില്‍ ബന്ധിക്കാനും അവരെ അടിമകളാക്കാനും തുടങ്ങി. യുദ്ധത്തില്‍ ജീവന്‍ ബാക്കിയായവരും ചങ്ങലയില്‍ ബന്ധിതരായി അടിമകളായി മാറി. പതിയെ അവരെ കീഴിലൊതുക്കി മൃഗങ്ങളോടെന്ന പോലെ പെരുമാറി അവര്‍. ചരിത്രം പറയുന്നതു പ്രകാരം സമൂഹത്തിലെ പ്രമുഖരുടെ കുതിരകളോടു പെരുമാറുന്നതിലും മോശമായായിരുന്നു അടിമകളോടവരന്ന് പെരുമാറിയത്! റോമക്കാരുടെ ഈ പാത തുടര്‍ന്നു തന്നെയാണ് പിന്നീടുവന്ന ഫറോവമാരും അസീറിയക്കാരും കല്‍ദായക്കാരും പേര്‍ഷ്യക്കാരും സഞ്ചരിച്ചത്.

അക്രമകാരികളായ എല്ലാ സമൂഹങ്ങളുടെയും നിലപാടും നടപ്പുരീതിയും അതുതന്നെയായിരുന്നു! പക്ഷേ അതേസമയം, ഇസ്ലാം ഒരു നാട് കീഴടക്കുകയും അവിടെ അടിമകളുണ്ടാവുകയും ചെയ്യുമ്പോള്‍ നേരെ തിരിച്ച് അവിടത്തുകാരെ അക്ഷരാര്‍ഥത്തില്‍ സ്വതന്ത്രരാക്കുകയായിരുന്നു. അക്രമകാരികളായ ഭരണാധികാരികള്‍ക്കു കീഴില്‍ അവര്‍ക്കു ലഭിക്കാതിരുന്ന അവകാശങ്ങളെല്ലാം ലഭ്യമാക്കുകയായിരുന്നു ഇസ്ലാം. ഇസ്ലാമൊരിക്കലും ഭൂമിക്കു വേണ്ടി യുദ്ധം ചെയ്യുകയായിരുന്നില്ല, മറിച്ച് എല്ലാവിധ ബന്ധനങ്ങളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും അവിടുത്തെ ജനങ്ങളെ മോചിപ്പിക്കുകയായിരുന്നു ഇസ്ലാം മുന്നോട്ടുവച്ച സന്ദേശം. ജനങ്ങളെ ആരാധിക്കുന്നതില്‍ നിന്നുമാറി അല്ലാഹുവിനെ ആരാധിക്കുക എന്ന സന്ദേശം. അല്ലാഹുവിലുള്ള ഈ അടിമത്തം മാത്രമാണ് ഇസ്ലാം അനുശാസിക്കുന്നതും ഇസ്ലാമിന് നിര്‍ബന്ധവുമായ അടിമത്തം. അതല്ലാത്ത എല്ലാ അടിമത്തവും തകര്‍ത്തെറിയുകയായിരുന്നു ഇസ്ലാം.

അതേസമയം നൂറ്റാണ്ടുകളായി ശീലിച്ചുപോന്നിരുന്ന അടിമത്ത വ്യവസ്ഥ അടിമകളുടെ മാനസിക സ്ഥിതിയിലും കാര്യമായ മാറ്റം കൊണ്ടുവന്നു എന്നതാണ് വസ്തുത. മനുഷ്യരല്ലാത്ത മറ്റൊരു വിഭാഗക്കാരനാണ് എന്നതുകൊണ്ടോ മറ്റോ ഒന്നുമല്ല, മറിച്ച് അടിമത്തം അവരിലെ സ്വന്തമായ ബോധ്യങ്ങളെയും താത്പര്യങ്ങളെയും ഇല്ലായ്മ ചെയ്യുകയും അന്ധമായ വിധേയത്വവും ധൃതിയും ഉത്തരവാദിത്വബോധവും അവരില്‍ കൂടുതലായി വളര്‍ത്തുകയും ചെയ്തിരുന്നു. എന്നും സ്വന്തം താത്പര്യങ്ങളും ലക്ഷ്യങ്ങളും എന്നതിനപ്പുറം യജമാനന്റെ താത്പര്യങ്ങളായിരുന്നു അവരുടെ ദൗത്യവും മുന്‍ഗണനയും. ഈ അന്ധമായ അനുകരണമാണ് ബന്ധനം ഒരനിവാര്യതയാണെന്നും അതില്ലാതെ ജീവിതം സാധ്യമല്ലെന്നും അവരെ തോന്നിപ്പിച്ചത്. ഇക്കാര്യത്തില്‍ ഇസ്ലാം വന്നപ്പോഴും മാറ്റമുണ്ടായിരുന്നില്ല. അവരുടെ ആത്മാക്കള്‍ ബന്ധനത്തിന്റെയും വിധേയത്വത്തിന്റെ ചങ്ങലകളില്‍ ബന്ധിതമായിരിക്കെ വെറും ശാരീരികം മാത്രമായ മോചനത്തിന് ഇസ്ലാം ധൃതികൂട്ടിയില്ല. പടിപടിയായി അവരെ സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്നം കാണാന്‍ ഇസ്ലാം പഠിപ്പിച്ചു. സ്വതന്ത്രരാവാനുള്ള ഒത്തിരി മാര്‍ഗങ്ങള്‍ ഇസ്ലാം അവര്‍ക്കുമുമ്പില്‍ തുറന്നുവച്ചു.

തങ്ങള്‍ക്കു സ്വതന്ത്രരാവാമെന്നവര്‍ക്കു തോന്നിയപ്പോള്‍ അതിലേക്കു നയിക്കുന്ന വഴിയിലേക്കവര്‍ കടക്കുകയും ചെയ്തു. അടിമകളെ സ്വതന്ത്രരാക്കാനുള്ള മാര്‍ഗത്തിലാണ് ഇസ്ലാം ഒരുപാട് പാപങ്ങള്‍ക്കുള്ള മോചനദ്രവ്യമായി അടിമ മോചനം നിശ്ചയിച്ചത്! അടിമമോചനം പവിത്രമായ ആരാധനയാണെന്ന് ഇസ്ലാം പ്രഖ്യാപിച്ചു. അടിമകള്‍ സ്വന്തം മോചനം പണം കൊടുത്തോ മറ്റോ വാങ്ങാനുദ്ദേശിച്ചാല്‍ അതിന് വിലങ്ങുനില്‍ക്കാന്‍ യജമാനന് അധികാരമില്ലെന്ന് ഇസ്ലാം പ്രഖ്യാപിച്ചു. പിന്നെയെന്തു കൊണ്ട് ഇസ്ലാം അടിമത്തവ്യവസ്ഥയെ ഒറ്റയടിക്ക് നിരോധിച്ചില്ല എന്നതാണ് ചോദ്യം. ഇസ്ലാം യുക്തിയോടെയും ചിന്തിച്ചും ഘട്ടംഘട്ടമായും മാത്രമേ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളൂ എന്നതാണുത്തരം! ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇസ്ലാം ചെയ്തിട്ടുള്ളതതാണ്. അടിമത്തവ്യവസ്ഥയുടെ വിഷയത്തില്‍ മാത്രമല്ല ഇത്.

ഉദാഹരണത്തിന് മദ്യത്തിന്റെ വിഷയത്തില്‍ ആദ്യം മദ്യത്തെ ആക്ഷേപിക്കുകയും പിന്നീട് അത് കുടിക്കുന്ന സമയത്തിന്റെ കാര്യത്തില്‍ ചില നിബന്ധനകള്‍ വെക്കുകയും ഏറ്റവുമൊടുവില്‍ നിഷിദ്ധമാക്കുകയുമായിരുന്നു! ഇതുതന്നെയാണ് അടിമ വിഷയത്തിലും ചെയ്തത്. മറ്റൊരു കാര്യം അടിമകള്‍ അക്കാലത്ത് വില്‍ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യപ്പെട്ടിരുന്നു എന്നതാണ്. അഥവാ, യജമാനന്റെ ഒരു കച്ചവടച്ചരക്കു പോലെയായിരുന്നെര്‍ഥം. ആയൊരവസ്ഥയില്‍ ഇസ്ലാം അടിമകളെ നിര്‍ബന്ധപൂര്‍വം യജമാനന്മാരില്‍ നിന്നു മോചിപ്പിച്ചാല്‍ ജനങ്ങളുടെ സ്വത്തപഹരിക്കുന്നതിനു തുല്യമാവുമായിരുന്നു. ഇസ്ലാം ഉദ്ദേശിച്ച, അടിമകളെ ആന്തരികമായി സ്വതന്ത്രരാക്കുകയെന്ന ലക്ഷ്യമാണെങ്കില്‍ അതിലൂടെ സാധ്യമാവുകയുമില്ല. സ്വന്തം ആത്മാക്കളെ സ്വതന്ത്രരാക്കുന്നതിനു മുമ്പേ ശാരീരികമായി മാത്രം അവരെ സ്വതന്ത്രരാക്കിയെങ്കില്‍ തന്നെ അവര്‍ അടുത്തൊരു യജമാനനെ തേടിപ്പോവുക എന്ന ഫലം മാത്രമേ അവിടെയുണ്ടാകൂ. ഇസ്ലാം ഒരിക്കലും ലക്ഷീകരിച്ചത് അതുമായിരുന്നില്ല!

ഗുണപാഠം 2

സ്വന്തം വാസസ്ഥലമായിരുന്ന മലമുകളില്‍ നിന്ന് ഒരു ഭൂമികുലുക്കത്തില്‍ താഴെ വീണ കോഴിയുടെ ജീവിതം ജീവിക്കുന്ന പരുന്തുകൂട്ടങ്ങളാണ് നാമൊക്കെയും! കണ്‍തുറന്നു നോക്കുമ്പോള്‍ കോഴിക്കൂട്ടിലാണ്. അതോടെ നമ്മളും കോഴികളാണെന്ന് നിര്‍വൃതിയടഞ്ഞവര്‍! ആകാശത്തിലെ വട്ടമിട്ടു പറക്കല്‍ നമ്മെ ഒരിക്കലും മോഹിപ്പിച്ചില്ല. കാരണം, കോഴിക്കള്‍ പറക്കില്ലെന്നാണോ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. നമ്മുടെ ബലിഷ്ഠമായ ചിറകുകള്‍ക്കാണെങ്കില്‍ യാതൊരു കുഴപ്പവുമില്ല. പക്ഷേ, മനക്കരുത്ത് അല്‍പം പോലുമില്ലാതായിരിക്കുന്നു. അതോടെ ചിറകില്ലെന്നുപോലും സ്വയംതന്നെ തോന്നിത്തുടങ്ങി. നമ്മെ ഭൂമിയിലേക്ക് ചുരുക്കിക്കെട്ടുന്നത് ചിറകുകളുടെ ബലക്കുറവല്ല, മനക്കരുത്തിന്റെ കുറവാണ്.

നമ്മുടെ ചുറ്റുപാട് നമ്മെക്കള്‍ ശക്തമാണെന്ന് തോന്നുകയും അത് കീഴ്പ്പെടുത്തുകയും ചെയ്തിരിക്കുന്നു നാം. ഭക്ഷണത്തിനായി ഇവിടെയുമവിടെയുമായി ആശ്രയിക്കേണ്ട അവസ്ഥ. ‘മുസ്ലിംകളുടെ നാട്ടില്‍ ഒരു പക്ഷി വിശന്നുവലഞ്ഞുവെന്ന്’ ആരും പറയാതിരിക്കാന്‍ മലമുകളില്‍പോലും ധാന്യമണികള്‍ വിതറിയിരുന്നൊരു ഉത്തമസമൂഹമായിരുന്നു നാമെന്നോര്‍ക്കുക! ആകാശത്തിലെ മേഘക്കൂട്ടങ്ങളെ നോക്കി വേണ്ടപോലെ വേണ്ടയിടത്ത് പെയ്തുകൊള്ളൂ, നിനക്ക് പകരം ലഭിക്കുമെന്ന് പറഞ്ഞിരുന്ന ഖലീഫ നമുക്കുണ്ടായിരുന്നുവെന്നോര്‍ക്കുക! എവിടെ മഴ പെയ്താലും ഫലം കായ്ച്ചാലും ധാന്യങ്ങളുണ്ടായാലും അതില്‍ നിന്നൊക്കെയൊരു വിഹിതം നമുക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് നാം കോഴികളുടെ ജീവിതം കൊണ്ട് തൃപ്തിയടഞ്ഞിരിക്കുന്നു. മറ്റുള്ളവര്‍ നമുക്ക് തരാന്‍ കരുതിയത് മാത്രമേ ഇന്ന് നമുക്കുള്ളൂ!

ഒരു മുസ്ലിം സ്ത്രീയുടെ അഭിമാനം പിച്ഛിച്ചീന്തപ്പെട്ടാല്‍ അല്‍പമൊന്ന് ആശ്ചര്യം പ്രകടിപ്പിച്ച് ഒന്നും സംഭവിക്കാത്തപോലെ ജീവിതം പഴയപടി തുടരുന്ന തരത്തിലേക്ക് നാം അധഃപതിച്ചിരിക്കുന്നു. കൂടിപ്പോയാല്‍ കോപത്തോടെ പ്രൊഫൈല്‍ ഫോട്ടോകള്‍ മാറ്റി ഹാഷ്ടാഗുകള്‍ ആഡ് ചെയ്യും! ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്നപോലെ കോഴിക്കൂട്ടിലേക്ക് നാം തിരിച്ചുനടക്കും. നിന്ദിക്കപ്പെട്ട ഒരു സ്ത്രീക്ക് വേണ്ടി വലിയൊരു സൈനികവ്യൂഹം തയ്യാറാക്കിയിരുന്നൊരു സമുദായമായിരുന്നു നാമെന്ന കാര്യം നാം മറക്കുന്നു! ഇസ്ലാമിന്റെയും ഖലീഫ മുഅ്തസിമിന്റെയും പേരുപറഞ്ഞ് ആര്‍ത്തുവിളിച്ചൊരു സ്ത്രീയോട് ‘ഞാനിതാ ഹാജരായിരിക്കുന്നു, എന്നില്‍ നിന്ന് തുടങ്ങി നിന്നിലവസാനിക്കും വിധത്തിലുള്ളൊരു സൈന്യത്തെ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അയക്കു’മെന്ന് പറഞ്ഞത് ഖലീഫ മുഅ്തസിമായിരുന്നു. ബനൂ ഖൈനുഖാഅ് കോട്ടയില്‍ പ്രവേശിച്ച മുസ്ലിം സ്ത്രീയുടെ തട്ടം നീക്കി മുടി പറത്തു കാണിച്ച ജൂതന്മാരെ മദീനയില്‍ നിന്ന് നാടുകടത്തിയത് നബി തങ്ങളായിരുന്നു! നമ്മുടെ മുന്നില്‍ ഒരു മനുഷ്യന്‍ അപമാനിക്കപ്പെട്ടാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന തരത്തിലേക്ക് നാം മാറിയിരിക്കുന്നു.

തന്റെ ഗവര്‍ണറുടെ മകന്‍ ഒരു കൃസ്ത്യാനിയായ മനുഷ്യനെ പരിഹസിക്കുന്നതുപോലും ഖലീഫ ഉമര്‍(റ) തൃപ്തിപ്പെട്ടിരുന്നില്ല എന്ന കാര്യം നാം മറക്കുന്നു. അംറുബ്നുല്‍ ആസി(റ)ന്റെ മകനും ഒരു നസ്രാണി കുട്ടിയും മത്സരം നടത്തിയതായിരുന്നു. മത്സരത്തില്‍ നസ്രാണി കുട്ടി വിജയിക്കുകയും ചെയ്തു. ‘ഞാന്‍ വലിയൊരു മനുഷ്യന്റെ മകനായിരിക്കെ നീയെങ്ങനെ എന്നെ പരാജയപ്പെടുത്തി’ എന്നു ചോദിച്ച് അദ്ദേഹത്തിന്റെ മകന്‍ വിജയിച്ച കുട്ടിയെ അടിക്കുന്നു. പരാതി ഖലീഫ ഉമറി(റ)ന്റെ പക്കലെത്തുന്നു. അംറുബ്നുല്‍ ആസി(റ)നെയും മകനെയും വിളിപ്പിച്ച ഖലീഫ നസ്രാണി കുട്ടിയോടായി ‘അവന്‍ നിന്നെ അടിച്ചതു പോലെ തിരിച്ചടിക്കൂ’ എന്നു പറയുന്നു. അന്നാണ് ഖലീഫ ഉമര്‍(റ) തന്റെ പ്രസിദ്ധമായ ‘ഉമ്മമാരൊക്കെ മക്കളെ പ്രസവിക്കുന്നത് സ്വതന്ത്രരായിട്ടാണെന്നിരിക്കെ നിങ്ങളെന്നു മുതലാണ് ജനങ്ങളെ അടിമകളാക്കിത്തുടങ്ങിയത്?!’ എന്ന വാചകം പറഞ്ഞത്. സ്വന്തം നാട്ടില്‍ നാം സ്വസ്ഥരും സുരക്ഷിതരുമാണെങ്കില്‍ മറ്റു നാടുകളിലുള്ള നമ്മുടെ സഹോദരങ്ങള്‍ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാവുന്നതു കാണുമ്പോള്‍ ‘നമ്മളും അവരും തമ്മിലെന്ത്’ എന്നു ചിന്തിക്കുന്ന തരത്തിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു. മദീനയിലായിരിക്കെ ഇറാഖിലെവിടെയെങ്ങാനും ഒരു മൃഗം വഴിതടഞ്ഞു വീണാല്‍ ‘ഉമറേ, എന്താണതിനു വഴി നന്നാക്കിക്കൊടുക്കാതിരുന്നത്’ എന്ന ചോദ്യം വരുമെന്ന് പേടിച്ചിരുന്ന ഖലീഫ ഭരിച്ചൊരു സമുദായമായിരുന്നു നാമെന്ന കാര്യം നാം മറക്കുന്നു!

ഗുണപാഠം 3

സ്വന്തത്തെക്കുറിച്ചുള്ള നിന്റെ വീക്ഷണമാണ് നിന്റെ മുന്നോട്ടുള്ള വഴിതെളിക്കുന്നത്. നീ സ്വന്തം ഒരു കോഴി മാത്രമായേ കാണുന്നുള്ളുവെങ്കില്‍ ഒരു കോഴിക്ക് ചെയ്യാനാവുന്നതിലധികമൊന്നും നിന്നെക്കൊണ്ടും സാധിക്കില്ല. ഇനി നീ പരുന്താണെന്ന് സ്വന്തത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ആരുതന്നെ എന്തൊക്കെ ശ്രമിച്ചാലും നിന്റെ ചിറകുകള്‍ കെട്ടിയിടുക സാധ്യമല്ല! ഇണങ്ങാന്‍ സ്വയം തയ്യാറാവാത്തൊരു മനുഷ്യനെ ഇണക്കാന്‍ ലോകം മുഴുവനും മനസ്സുവച്ചിട്ടും കാര്യമില്ല! അതേസമയം ഇണങ്ങാന്‍ കരുതിയിരിക്കുന്നൊരു മനുഷ്യനെ സ്വതന്ത്രനാക്കാനും ലോകം മുഴുവന്‍ കരുതിയതുകൊണ്ടും ഫലമില്ല! ലോകത്തിലെ സകല അഴിമതിക്കാരും മനസ്സുവച്ചാലും ഒരു വിശ്വസ്തനെ, അയാള്‍ മനസ്സുവക്കാത്ത കാലത്തോളം അഴിമതിക്കാരനാക്കുക സാധ്യമല്ല. വ്യഭിചാരികള്‍ ചാരിത്രശുദ്ധിയുള്ളൊരു സ്ത്രീയെ വ്യഭിചരിക്കാന്‍ പ്രലോഭിപ്പിക്കുന്നതും ഹിജാബ് ധാരിണിയായ ഒരുവളെ മറ്റൊരുവള്‍ അതഴിച്ചിടാന്‍ പ്രലോഭിപ്പിക്കലും എല്ലാം ഇപ്രകാരം തന്നെ. സ്വന്തം കരുത്തും ഉദ്ദേശ്യവുമാണ് പ്രധാനം! ദുഷിച്ച മനുഷ്യരെല്ലാം സ്വയം തീരുമാനിച്ച് ദുഷിച്ചതു തന്നെയാവും! നന്നായവരും അപ്രകാരംതന്നെ! സാഹചര്യവും ചുറ്റുപാടും പ്രധാനം തന്നെയാണ്.

ചിലപ്പോള്‍ ആ ചുറ്റുപാടു തന്നെയാവും ദുഷിക്കാനും നന്നാവാനുമുള്ള പ്രധാന സഹായി. പക്ഷേ, ആദിമ നാള്‍ മുതല്‍ക്കേ ദുനിയാവിന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്. എന്നാണ് കള്ളന്മാരില്ലാത്തൊരു സമൂഹം ഇവിടെയുണ്ടായിട്ടുള്ളത്?! ഇസ്ലാം സമ്പൂര്‍ണമായിരിക്കുന്ന സമയത്തും ചില കൈകള്‍ വെട്ടേണ്ടി വന്നിട്ടില്ലേ. എന്നാണ് വ്യഭിചാരിണികളില്ലാത്തൊരു സമൂഹം ഇവിടെയുണ്ടായിട്ടുള്ളത്?! മാഇസിനെയും ഗാമിദിയ്യയെയും എറിഞ്ഞുകൊന്നത് ഇസ്ലാമല്ലേ. എന്നാണ് കപടന്മാരില്ലാത്തൊരു സമൂഹം ഇവിടെയുണ്ടായിട്ടുള്ളത്?! പള്ളിയില്‍ സുബ്ഹ് നിസ്‌കരിച്ചിരുന്ന വ്യക്തിയായിരുന്നല്ലോ ഇബ്നു സലൂല്‍. ഇന്നാണെങ്കില്‍ നരകത്തിന്റെ ഏറ്റവും അടിത്തട്ടിലും. ഫിര്‍ഔന്റെ സാഹിറുകള്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ കൈകാലുകള്‍ വെട്ടിമുറിക്കപ്പെടുകയും ഈന്തപ്പന മടലുകളിലേറ്റപ്പെടുകയും ചെയ്തു. എന്നിട്ടും സമൂഹത്തിന് അവരെ അവരുടെ വിശ്വാസത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചോ?! അതാണ് മനക്കരുത്ത്! പര്‍വതങ്ങളെപ്പോലും അതിന്റെ സ്ഥലത്തുനിന്ന് ശക്തിയുപയോഗിച്ച് മാറ്റിവക്കാം.

പക്ഷേ, ഉദ്ദേശ്യങ്ങളെ, ബോധ്യങ്ങളെ അങ്ങനെ ചെയ്യാനൊക്കില്ല! തെറ്റുകള്‍ ചെയ്തിട്ട് പ്രബോധനത്തിന്റെ കുറവാണിവിടെ എന്ന ന്യായീകരണം നീ പറയരുത്. ഇതേ അവസ്ഥയില്‍ നന്നായി ജീവിക്കുന്ന ഒത്തിരി പേരെ നിനക്കു തന്നെ അറിയാമല്ലോ. തട്ടമഴിച്ചിട്ടു നടക്കുന്നതിന് ഫാഷന്റെ അതിപ്രസരമാണെന്ന ന്യായീകരണവും നീ പറയരുത്. നിന്നെക്കാള്‍ ഫാഷനറിയുന്ന, എന്നാല്‍ ഹിജാബ് ധരിച്ച് മാന്യമായി നടക്കുന്ന ഒത്തിരി പേരെ നീയറിയാം! അറിവില്ലായ്മയോ അജ്ഞതയോ അല്ല കാര്യം, ഉദ്ദേശ്യം തന്നെയാണ് കാര്യം! ജീവിതത്തിലെ നമ്മുടെ വഴി തെരഞ്ഞെടുക്കുന്നത് നാം തന്നെയാണ്. ശരിയാണ്, തിന്മയുടെ വഴി സുഖകരവും എളുപ്പവുമാണ്. സത്യത്തിന്റെ വഴി നേരെ തിരിച്ചും. പക്ഷേ, ഒത്തിരി പേര്‍ എളുപ്പമുള്ള ഈ വഴി ത്യജിച്ച് പ്രയാസങ്ങള്‍ ഒത്തിരി സഹിച്ച് കല്ലുംമുള്ളും നിറഞ്ഞ വഴിയിലൂടെ കടന്നുവന്നവരാണ്. അതുകൊണ്ടുതന്നെയാണ് നരകം ആഗ്രഹങ്ങള്‍ കൊണ്ടും സ്വര്‍ഗം ഇഷ്ടക്കേടുകള്‍ കൊണ്ടും പൊതിയപ്പെട്ടിരിക്കുകയാണെന്ന് പറയുന്നത്!

വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles