Current Date

Search
Close this search box.
Search
Close this search box.

Vazhivilakk

വിജയിച്ച തവള കാതുപൊട്ടനായിരുന്നു!

ഒരു കൂട്ടം തവളകള്‍ തങ്ങള്‍ക്കിടയില്‍ ഒരു മത്സരം നടത്താന്‍ തീരുമാനിക്കുന്നു. ഉയരത്തിലുള്ളൊരു ടവര്‍ കയറിക്കടക്കുന്നവനെ വിജയിയായി തീരുമാനിക്കുന്നതായിരുന്നു മത്സരം. അടുത്തദിവസം തന്നെ തവളകളൊക്കെ ഒരുമിച്ചുകൂടി. ഇതാര്‍ക്കും ചാടിക്കടക്കാനാവില്ലെന്ന് അവര്‍ തന്നെ പരസ്പരം പറഞ്ഞു. ചാടിക്കടക്കാന്‍ ശ്രമിക്കുന്നവര്‍ പലരും വീണുതുടങ്ങി. ചിലര്‍ ക്ഷീണിച്ചും മറ്റു ചിലര്‍ മറ്റു തവളകളുടെ ശബ്ദവും വര്‍ത്തമാനങ്ങളും കേട്ടുമായിരുന്നു വീണത്. എല്ലാവരും വീണപ്പോഴും ഒരു തവള മാത്രം കഠിനപരിശ്രമത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള നീക്കത്തിലായിരുന്നു. താഴെയുള്ള മറ്റു തവളകളൊക്കെയും പിന്തിരിപ്പന്‍ വര്‍ത്തമാനങ്ങള്‍ പലതും പറഞ്ഞുനോക്കിയെങ്കിലും ഒറ്റയാനായി ആ തവള ലക്ഷ്യസ്ഥാനത്തെത്തുക തന്നെ ചെയ്തു. തിരിച്ചിറങ്ങിയപ്പോള്‍ എല്ലാവരുംകൂടെ വിജയിയോട് ഇതെങ്ങനെ സാധിച്ചുവെന്നു ചോദിച്ചു. അല്‍പനേരം കഴിഞ്ഞപ്പോഴായിരുന്നു അവരൊക്കെയും അത്ഭുതകരമായ ആ സത്യം മനസ്സിലാക്കിയത്, വിജയിച്ച തവള കാതുപൊട്ടനായിരുന്നു!

ഗുണപാഠം 1
ദുനിയാവെന്നത് പിന്തിരിപ്പന്‍ ശബ്ദങ്ങളാല്‍ മുഖരിതമാണ്, അവയിലേക്കൊന്നും കാതുകൊടുക്കരുത്. ചിലര്‍ തവളകളെപ്പോലെയാണ്, അവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നതിന്റെ തെളിവ് അതിന്റെ ശബ്ദം മാത്രമാണ്. ഉയര്‍ന്ന ശബ്ദമുള്ള എന്തിന്റെയും പ്രതിഫലനം താരതമ്യേനെ കുറവായിരിക്കുമെന്ന കാര്യം എന്നും ഓര്‍മയിലുണ്ടാവുക. കോഴി ഒരു മുട്ടയിടുമ്പോള്‍ തന്നെ അതുണ്ടാക്കുന്ന ശബ്ദം കാരണം എല്ലാവരും അക്കാര്യമറിയുന്നു. ഉറുമ്പുകള്‍ ശൈത്യകാലത്തേക്ക് മുഴുവനുള്ള ഭക്ഷണം സൂക്ഷിച്ചു വെക്കുന്നത് ആരുമറിയുന്നുമില്ല! തബലയാണല്ലോ മ്യൂസിക് ഉപകരണങ്ങളില്‍ ഏറ്റവും ശബ്ദമുള്ളത്, കാരണം അതിന്റെ ഉള്ളം പൊള്ളയാണ്! ഇത്തരത്തിലാണ് ജനങ്ങളും, വലിയ ഒച്ചപ്പാടു മാത്രമുള്ളവരുടെയൊക്കെ ഉള്ളുപൊള്ളയാകും.

ഗുണപാഠം 2
ഫലമുള്ള വൃക്ഷത്തിനു മാത്രമേ കല്ലേറു പേടിക്കേണ്ടതുള്ളൂ. ഫലമില്ലാത്തതിലേക്ക് ആരും തിരിഞ്ഞുനോക്കില്ല. വിവേകമില്ലാത്തവര്‍ നിന്നെ നിരൂപിക്കുന്നതു കണ്ടാല്‍ നീ ഫലമുള്ളവനാണെന്നു മനസ്സിലാക്കിക്കോളൂ. പരാജയപ്പെട്ടവന്‍ ആഗ്രഹിക്കുക എല്ലാവരും തന്നെപ്പോലെ പരാജയപ്പെടണം എന്നാണ്. കീഴടങ്ങിയവന്‍ ആഗ്രഹിക്കുക എല്ലാവരും കവിളത്ത് കൈവച്ച് സങ്കടപ്പെട്ടിരിക്കണമെന്നാണ്. വിമര്‍ശനസ്വരങ്ങളുടെ ശബ്ദം ഉയരുന്തോറും ശരിയായ മാര്‍ഗത്തില്‍ തന്നെയാണെന്നു നീ ഉറച്ചുവിശ്വസിക്കുക. ചരിത്രപുരുഷന്മാരൊക്കെയും ഓളത്തിനെതിരെ നീന്തിവന്നവരാണ്. കാരണം, എല്ലാവരും കടക്കുന്ന വഴിയൊരിക്കലും ശരിയായ വഴിയാവണമെന്നില്ല. അവകാശങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കരുത്. ചിലപ്പോള്‍ നീ വിജയിക്കുമ്പോള്‍ ചിലര്‍ പരാജയപ്പെടേണ്ടി തന്നെ വരും. എല്ലാവരെയും പൊരുത്തപ്പെടുത്തി നില്‍ക്കണണമെന്നു കരുതരുത്, ചിലര്‍ വഴിയിലെ വെറും തടസ്സങ്ങള്‍ മാത്രമാണ്!

ഗുണപാഠം 3
സ്‌നേഹിതന്മാരുടെ കണ്ണുകളിലൂടെ മാത്രം സ്വന്തത്തിലേക്കു നോക്കരുത്. സ്‌നേഹിതര്‍ ചിലപ്പോള്‍ മറ്റുള്ളവരാലും സ്‌നേഹിക്കപ്പെടുന്നവരാണ്. നിന്റെ ശത്രുക്കളെ സമ്പൂര്‍ണമായി വിട്ടൊഴിയുകയും ചെയ്യരുത്. നിന്റെ ന്യൂനതകള്‍ കാട്ടിത്തരാന്‍ ഏറ്റവുമധികം കെല്‍പുള്ളവരാണവര്‍. സ്‌നേഹിതര്‍ തേനീച്ച പോലെയാണ്, പൂവുകളുടെ മുകളിലാണ് തേനേച്ചയിരിക്കൂ. ശത്രുക്കള്‍ ഈച്ച പോലെയും, വേസ്റ്റുകളില്‍ ഇരിക്കാനാണ് ഈച്ചക്ക് താൽപര്യം. ആയതിനാല്‍, സ്‌നേഹിതരുടെ സ്‌നേഹത്തില്‍ പുളകം കൊള്ളുന്നതുപോലെത്തന്നെ ശത്രുക്കളുടെ ദേഷ്യത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളുക. നിന്നില്‍ നിന്നും ഒന്നും എടുക്കാന്‍ അവരെ സമ്മതിക്കരുത്. നിനക്കെതിരെ അവരെറിയുന്ന കല്ലുകളാല്‍ അവരെ മുറിച്ചുകടക്കാനുള്ള പാലംപണിയുക. അവര്‍ നിന്റെ വഴിയില്‍ എറിയുന്ന മുള്ളുകള്‍ കൊണ്ട് നിനക്കു വിശ്രമിക്കാനുള്ള ഇടം പണിയുക. ഭൂമിയില്‍ മുള്ളുകള്‍ മാത്രം നല്‍കുന്ന മരങ്ങളുമുണ്ടെന്നു നീ തിരിച്ചറിയുമ്പോള്‍ നീ നന്നായി വിശ്രമിക്കുക.

ഗുണപാഠം 4
ഭൂമി കറങ്ങുന്നതാണെന്ന് ഗലീലിയോ ഗലീലി പറഞ്ഞപ്പോള്‍ പുരോഹിതന്മാര്‍ അദ്ദേഹത്തെ റോമിലെ ചര്‍ച്ച് കോടതി ഹാളിൽ ഹാജരാക്കി. പരുക്കന്‍ വസ്ത്രം ധരിപ്പിച്ച് അദ്ദേഹത്തെ മുട്ട്കുത്തി നിറുത്തിച്ചു. തന്റെ മതവിരുദ്ധവാദം പിന്‍വലിക്കാനും അല്ലെങ്കില്‍ കത്തിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തി. അപ്രകാരം പറഞ്ഞശേഷം കോടതിയില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ കാലുകൊണ്ട് നിലത്തടിച്ചു കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു: ‘പക്ഷെ ഭൂമി കറങ്ങുന്നതു തന്നെയാണ്!’ സമൂഹം മുഴുവന്‍ രോഗികളാവാനും ഒരാളും ശമനം ആഗ്രഹിക്കാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ചരിത്രം നമ്മോടു പറയുന്നത്. അതുകൊണ്ടാണ് ഇബ്‌റാഹിം നബി തീകുണ്ഡത്തിലിടപ്പെട്ടതും മുഹമ്മദ് നബി (സ) മക്കയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതും. എന്നിട്ട് അവരാരെങ്കിലും പിന്തിരിഞ്ഞോ?! തീ ഇബ്‌റാഹിം നബിയുടെ മനോവീര്യം തകര്‍ത്തോ?! ആട്ടിയോടിച്ച ശേഷം തന്റെ ദൗത്യം കൈവിടാന്‍ മുഹമ്മദ് നബി (സ) തയ്യാറായോ?! വലിയ വലിയ ചിന്തകളൊക്കെയും ഒരുപാട് ത്യാഗങ്ങള്‍ ചെയ്ത ശേഷമാണ് ഉണ്ടായിട്ടുള്ളത്.

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles